Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ റെയിൽ വിഷയം പ്രധാനമന്ത്രി കേട്ടത് അതീവ താൽപര്യത്തോടെ; റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാം എന്നും എന്താണ് ചെയ്യാൻ പറ്റുക എന്ന് നോക്കാമെന്നും പ്രതികരണം; കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത്; പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷ; വൈകിയാൽ ചെലവേറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കെ റെയിൽ വിഷയം പ്രധാനമന്ത്രി കേട്ടത് അതീവ താൽപര്യത്തോടെ; റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാം എന്നും എന്താണ് ചെയ്യാൻ പറ്റുക എന്ന് നോക്കാമെന്നും പ്രതികരണം; കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത്; പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷ; വൈകിയാൽ ചെലവേറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. ഔദ്യോഗികമായല്ലെങ്കിലും റെയിൽവേ മന്ത്രിയേയും കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു.

പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം പ്രധാനമാണ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൽ യാത്രാ വേഗം കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നവരും അതിവേഗ യാത്രാസൗകര്യം ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ വേഗം മറ്റു സംസ്ഥാനങ്ങളെക്കാൾ 40 ശതമാനം കുറവാണ്. റെയിൽ ഗതാഗതത്തിനു 30 ശതമാനം വേഗക്കുറവുണ്ട്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സംവിധാനം ഭാവിയുടെ ആവശ്യം. 2050 ഓടെ കേരളത്തെ കാർബൺ ബഹിർഗമനം കുറഞ്ഞ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. ദേശീയപാത വികസനം വൈകിയത് പദ്ധതിയുടെ ചെലവ് കൂടാൻ കാരണമായി.

സംസ്ഥാനത്ത് യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയപാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. എന്നാൽ കേന്ദ്ര സർക്കാർ സഹായത്തോടെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് ഭൂമിയേറ്റെടുക്കാൻ പണം നൽകേണ്ടി വന്നത് മറ്റ് സംസ്ഥാനങ്ങൾ ദേശീയപാത വികസിപ്പിച്ച ഘട്ടത്തിൽ ഇതിന് സാധിക്കാതിരുന്നതുകൊണ്ടാണ്. സിൽവർ ലൈൻ യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാൽ ചെലവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ്. അതിനാൽ വലിയ പ്രാധാന്യം സർക്കാർ നൽകുന്നു. പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ട്. വർധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമായ റോഡ് ഗതാഗതത്തിൽ നിന്ന് റയിൽവേയിലേക്ക് മാറുന്നത് അതുകൊണ്ടാണ്. വിദഗ്ദ്ധരോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പദ്ധതി വിജയകരമായി നടപ്പാക്കാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഞങ്ങൾ ഇന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടറിയും ഞാനും കൂടിയാണ് അദ്ദേഹത്തെ സന്ദർശിച്ചത്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അതീവ താൽപര്യത്തോടെ അദ്ദേഹം കേൾക്കുകയുണ്ടായി. പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. പൊതുവെ നല്ല ചർച്ചയാണ് അതുമായി ബന്ധപ്പെട്ട് നടന്നത്. റെയിൽവെ മന്ത്രിയുമായി കാര്യങ്ങൾ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാൻ പറ്റുക എന്നുള്ളത് ആലോചിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഔദ്യോഗികമായി റെയിൽവെ മന്ത്രിയെ കണ്ടില്ലെങ്കിലും അതിനിടക്ക് റെയിൽവെ മന്ത്രിയെയും കാണാൻ കഴിഞ്ഞു. പ്രധാനമന്ത്രിയോട് സംസാരിച്ചതും പ്രധാനമന്ത്രി അദ്ദേഹവുമായി ബന്ധപ്പെടുമെന്നും സംസാരിക്കുമെന്നും അറിയിച്ചതും അദ്ദേഹത്തോട് പറയാൻ കഴിഞ്ഞു. അതിനപ്പുറം ഒരു ചർച്ചക്ക് അദ്ദേഹവുമായി ഇന്ന് പോയിട്ടില്ല. ഏതായാലും ഈ പദ്ധതിയോട് അനുഭാവപൂർവ്വമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത് എന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്. ആക്കാര്യത്തിലുള്ള നന്ദി ഈ രുപത്തിൽ പ്രധാനമന്ത്രിയെ ഈ ഘട്ടത്തിൽ അറിയിക്കുകയും ചെയ്യട്ടെ.

നമ്മുടെ നാട് ഗതാഗത രംഗത്ത് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവും വേഗത കൂടിയതുമായ ഗതാഗത സംവിധാനങ്ങൾ ഉണ്ടാവണമെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. നിലവിലെ സംവിധാനങ്ങൾ ആധുനിക കാലത്തെ സൗകര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ അപര്യാപ്തമാണ്.

ഉയർന്ന വാഹന സാന്ദ്രത, വളവുകളുടെ ആധിക്യം, ഭൂപ്രകൃതി കാരണമുള്ള നിരന്തരമായ കയറ്റിറക്കങ്ങൾ എന്നിവയെല്ലാം റോഡ് ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നു. വാഹനാപകടങ്ങളുടെ നിരക്ക് കേരളത്തിൽ കൂടുതലാണ്. പരിസ്ഥിതി സൗഹാർദ്ദവും ഊർജ്ജക്ഷമതയും കൈമുതലായ സുസ്ഥിരമായ യാത്രാ സംവിധാനവും ഭാവിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.

ഏറ്റവും പ്രധാന പ്രശ്നം യാത്രയ്ക്കു വേണ്ടി വരുന്ന അധിക സമയമാണ്. തൊട്ടുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ ശരാശരി വേഗം 40 ശതമാനവും റെയിൽ ഗതാഗതത്തിന്റെ ശരാശരി വേഗം 30 ശതമാനവും കുറവാണ്.
അതുകൊണ്ടാണ് യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേകമായി സംസ്ഥാന സർക്കാർ ഇടപെടുന്നുത്. അതിന്റെ ഭാഗമായാണ് ദേശീയ പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തീരുമാനിച്ചത്. ഇത് ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യമാണ്.

നടക്കില്ലെന്നു പറഞ്ഞ ദേശീയ പാതാ വികസനം ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. എൻ എച്ച് 66ന്റെ വികസനത്തിനു വേണ്ട 92 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. 45 മീറ്റർ വീതിയുള്ള ദേശീയ പാത വൈകാതെ കേരളത്തിൽ യഥാർത്ഥ്യമാകും. കേന്ദ്ര സർക്കാരിന്റെ പിന്തുണയും സംസ്ഥാന സർക്കാരിന്റെ നിർബന്ധവുമാണ് ഇതിനു വഴിയൊരുക്കുന്നത്.

കൊല്ലം - കോഴിക്കോട് 328 കിലോമീറ്റർ വരുന്ന ദേശീയ ജലപാത കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കി.മീ ദൈർഘ്യം ദേശീയ ജലപാതാ നിലവാരത്തിൽ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ കോവിൽത്തോട്ടത്ത് ഒരു നടപ്പാലവും, ആലപ്പുഴ
ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ഒരു നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജും പുനർ നിർമ്മാണം നടന്നു വരുന്നു. ചവറ കോവിൽത്തോട്ടത്ത് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയ ജലപാതാ അഥോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള 160 കി.മീ, ജലപാതാ നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) ദേശീയ ജലപാതാ അഥോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. കൂടാതെ മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന ജലപാതയുടെ പൊന്നാനി ചേറ്റുവ കനാലിന്റെ തുടക്കഭാഗമായ വെളിയംകോട് ഭാഗത്ത് നബാർഡിന്റെ ധനസഹായത്തോടെ ഒരു നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജ് നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.

കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കോഴിക്കോട് ബേക്കൽ ജലപാതയിൽ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പിലാക്കുന്നതിന് തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്. മാഹി-വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കി.മീ കനാൽ പുതുതായി നിർമ്മിക്കേണ്ടി വരും. ഇതിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. സർവ്വേ നടപടികൾ പൂർത്തിയായി വരുന്നു. നീലേശ്വരം ബേക്കൽ ഭാഗത്തും 6.5 കി.മീ കനാൽ പുതുതായി നിർമ്മിക്കേണ്ടി വരും. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 189 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്.

പാർവ്വതീ പുത്തനാർ ഭാഗത്തെ ഫ്ളാറ്റ് മോഡൽ പുനരധിവാസത്തിനുള്ള ചുമതല കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ ഏൽപ്പിച്ചിട്ടുണ്ട്. എല്ലാ തലത്തിലും പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുണ്ട്. മുൻപ് ജലരേഖ എന്ന് ചിലർ വിശേഷിപ്പിച്ച ഈ പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗ യോഗ്യമായ ജലപാതയായി അടുത്തു തന്നെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതടക്കം ഗതാഗതം സുഗമമാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സംസ്ഥാന സർക്കാർ ആരായുകയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് സിൽവർ ലൈൻ പദ്ധതി.

ഇപ്പോൾ തിരുവനന്തപുരം കാസർകോട് യാത്രയ്ക്ക് 12 മുതൽ 13 മണിക്കൂർ വരെ വേണം. റോഡ് മാർഗമായാലും റെയിൽ മാർഗമായാലും ഇതാണാവസ്ഥ. ആ യാത്രാ സമയം 4 മണിക്കുർ മാത്രമായി കുറയ്ക്കാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയും. ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമെന്ന നിലയ്ക്ക് ഇതിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.

പരിസ്ഥിതി സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 2050 ഓടെ കേരളത്തെ കാർബൺ ബഹിർഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. അത് മുൻനിർത്തിക്കൂടിയാണ് വർധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന റോഡ്ഗതാഗതത്തിൽ നിന്ന് റെയിൽ ഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. അതിന് ഉതകുന്ന പദ്ധതിയായി സിൽവർ ലൈനിനെ തെരഞ്ഞെടുത്തത് റെയിൽവെ മന്ത്രാലയവുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ പണിതുകൊണ്ട് മണിക്കൂറിൽ 200 കിലോമീറ്റർ വേ?ഗത്തിലുള്ള യാത്ര ഒരുക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ.

പദ്ധതിക്കു കണക്കാക്കുന്ന ആകെ ചെലവ് 63,941 കോടി രൂപയാണ്. ജൈക്ക, എ ഡി ബി, എ ഐ ഐ ബി, കെ എഫ് ഡബ്ല്യു എന്നിവയിൽ നിന്ന് ബാഹ്യസഹായമായ 33,700 കോടി രൂപ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പാണ് മുന്നോട്ട് നീക്കുന്നത്. ജൈക്കയുടെ റോളിങ് പ്ലാനിൽ കേന്ദ്ര സർക്കാർ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹരിയായി റെയിൽ വേയിൽ നിന്ന് 3,125 കോടി രൂപയും സംസ്ഥാന സർക്കാരിൽ നിന്ന് 3,253 കോടി രൂപയും പൊതുജനങ്ങളിൽ നിന്ന് 4,252 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 13,362 കോടി രൂപ ഹഡ്കോ, കിഫ്ബി, സംസ്ഥാന സർക്കാർ എന്നിവയാണ് വഹിക്കുക.

വിദേശത്തു നിന്ന് കടമായി ലഭിക്കേണ്ട 33,700 കോടി രൂപയുമായി ബന്ധപ്പെട്ട അപേക്ഷ സാമ്പത്തികകാര്യ വകുപ്പിൽ സമർപ്പിച്ചിരിക്കുകയാണ്. ആ അപേക്ഷയിൻ മേൽ നീതി ആയോഗ്, ധനവ്യയ വകുപ്പ്, റെയിൽവെ മന്ത്രാലയം എന്നിവ ശുപാർശ നടത്തിയിട്ടുണ്ട്. 2018ൽ തന്നെ ഇത് ജൈക്കയുടെ ഒഫീഷ്യൽ ഡെവലപ്മെന്റ് അസിസ്റ്റന്റ്സിൽ (ഒഡിഎ) ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവൻ ചെലവായ 13,700 കോടി രൂപയും വിദേശ കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട ബാധ്യതയുംണ്ടെങ്കിൽ അതും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് അംഗീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ പദ്ധതിയുടെ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ 13.55 ശതമാനമാണ്. അതുകൊണ്ട് തന്നെ റെയിൽവെ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണ പ്രകാരം ഈ പദ്ധതി അതിജീവന ക്ഷമതയുള്ളതും വിജയകരമായി നടപ്പാക്കാനാവുന്നതുമാണ്.

2020 സെപ്റ്റംബർ 22 ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ അയച്ച കത്തിൽ പറയുന്നത് 'പദ്ധതിയുമായി ബന്ധപ്പെട്ട നിക്ഷേപത്തിനു മുന്നോടിയായുള്ള പ്രവൃത്തികൾ ഏറ്റെടുക്കാനുള്ള ഇൻ പ്രിൻസിപ്പിൾ അപ്രൂവൽ (തത്വത്തിലുള്ള അം?ഗീകാരം) 17.12.2019 ൽ കേരളാ റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ അറിയിച്ചിട്ടുണ്ട്. അനുമതിക്കായി കെ ആർ ഡി സി എൽ സമർപ്പിച്ചിട്ടുള്ള ഡി പി ആർ റെയിൽവെ ബോർഡിന്റെ പരിശോധനയിലാണ്.' എന്നാണ്.
ഡി പി ആറുമായി ബന്ധപ്പെട്ട് ബോർഡ് ആവശ്യപ്പെട്ട വ്യക്തതകൾ വരുത്തിയിട്ടുണ്ട്. 2021 ജനുവരി 15ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അയച്ച കത്തിൽ പദ്ധതിക്ക് ധനലഭ്യത ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട പാക്കേജുകൾക്ക് അന്തിമ രൂപം നൽകുന്നതിന് പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഏജൻസിക്കും സംസ്ഥാന സർക്കാരിനും ജൈക്കയുമായി ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്.

എല്ലാ പാരിസ്ഥിതിക ആശങ്കകളെയും കണക്കിലെടുത്തുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ആകെയുള്ള 530.45 കിലോമീറ്ററിൽ 88.4 കിലോമീറ്റർ വയ ഡക്റ്റും (ഭൂതലത്തിൽ നിന്നും ഉയർത്തിയ ദീർഘ പാലങ്ങൾ) 13 കിലോമീറ്റർ പാലവും 11.5 കിലോമീറ്റർ തുരങ്കവും ആണ്. പരിസ്ഥിതി സംരക്ഷിക്കാനാണ് പാത ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കൂടി സിൽവർലൈൻ കടന്നു പോകുന്നില്ല. ഹൈഡ്രോളജിക്കൽ സർവ്വേകളുടെ അടിസ്ഥാനത്തിൽ ജലാശയങ്ങളുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഓവുചാലുകളും പാസേജുകളും ഒരുക്കും. ഡി പി ആർ തയ്യാറാക്കിയ ഘട്ടത്തിൽ തന്നെ ദ്രുത പാരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ശബ്ദം, പ്രകമ്പനം എന്നിവയുൾപ്പെടെ വിശകലനം ചെയ്യുന്ന വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വർഷത്തിനുള്ളിൽ നടത്തുകയും ചെയ്യും.

റോഡ് നിർമ്മാണത്തിന് വേണ്ടി വരുന്നതിൽ കുറവ് സാമഗ്രികൾ മാത്രമെ ഈ പദ്ധതിക്ക് വേണ്ടി വരികയുള്ളു. അടുത്ത 50 വർഷത്തേക്കുള്ള ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കും. റോഡുകളായാൽ അവ അടിക്കടി നവീകരിക്കേണ്ടിയും വിപുലീകരിക്കേണ്ടിയും വരും. ഇതിൽ അത്തരം പ്രശ്നവും ഉണ്ടാകുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. 100 ശതമാനം ഹരിതോർജ്ജം ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സിൽവർലൈൻ. ആരംഭ വർഷത്തിൽ തന്നെ 530 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനും ഇത് സഹായിക്കും.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഇപ്പോഴുള്ള എല്ലാ റോഡുകളിലും ഓവർ ബ്രിഡ്ജുകളോ അണ്ടർ ബ്രിഡ്ജുകളോ സബ് വേകളോ പണിയും. ഇതിനു പുറമേ പ്രദേശ വാസികളുടെ സൗകര്യാർത്ഥം ഓരോ 500 മീറ്ററിലും ഇടനാഴികൾ ഒരുക്കും. സിൽവർലൈനിലെ റോൾ ഓൺ റോൾ ഓഫ് സർവ്വീസ് ഉപയോഗിച്ച് ഓരോ ദിവസവും 480 ട്രക്കുകൾ കൊണ്ടുപോകാൻ സാധിക്കും.

സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിനായി തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള 540 കിലോമീറ്റർ നീളത്തിൽ മൂന്നാമത്തെയും നാലാമത്തെയും ലൈനുകളുടെ നിർമ്മാണം ആരംഭിക്കാൻ തത്വത്തിൽ അംഗീകാരം (ഇൻ പ്രിൻസിപ്പിൾ അപ്രൂവൽ) നൽകി 2019 ഡിസംബർ 17 റെയിൽവേ മന്ത്രാലയം കത്തയച്ചിരുന്നു. എത്രത്തോളം റെയിൽവെ ഭൂമി പദ്ധതിക്കായി വേണ്ടിവരും എന്നത് തിട്ടപ്പെടുത്താനുള്ള ജോയിന്റ് സർവ്വേപുരോഗമിക്കുകയാണ്.

2021 ജനുവരി 15ലെ കേന്ദ്ര ധനമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നടക്കുന്നത്. 9,394 കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. അതിന്റെ ഉടമസ്ഥർക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും വേഗത്തിൽ തന്നെ ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാത പഠനം നടത്താൻ വേണ്ടിയുള്ള സർവ്വേയാണ്. ആരുടെയൊക്കെ ഭൂമിയും വീടും നഷ്ടപ്പെടും എന്ന് കണ്ടെത്താനാണിത്.

ഡിപിആർ തയ്യാറാക്കുന്നതിനു മുന്നോടിയായി നിരവധി സർവേകളും പഠനങ്ങളും നടത്തിയിരുന്നു. ജിയോടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ, ലിഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കിയ ടോപ്പോഗ്രാഫിക് സർവേ, ട്രാഫിക് സർവേ, ദ്രുത പാരിസ്ഥിതികാഘാത പഠനം, കെ.എസ്.ആർ.ഇ.സിയിൽ നിന്നും ഭൂസ്വത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിക്കുന്ന വളരെ വിപുലമായ പഠനങ്ങൾ എന്നിവ നടന്നു.

അലൈന്മെന്റ് കണ്ടെത്താൻ വേണ്ടിയാണ് ലിഡാർ സർവ്വേ. അതുവഴി ഈ അലൈന്മെന്റിലൂടെകടന്നു പോകുന്ന ഭൂമിയും കെട്ടിടങ്ങളും കണ്ടെത്തി. എന്നാൽ ഈ ഭൂമിയും കെട്ടിടങ്ങളും ആരുടേതാണെന്ന് കണ്ടെത്താൻ ലിഡാർ സർവ്വേവഴി കഴിയില്ല. അതിന് സാമൂഹിക ആഘാത പഠനം നടത്തണം. അത് നടത്താൻ വേണ്ടിയുള്ള സർവ്വേയാണ് ഇപ്പോൾ നടത്തുന്നത്. ഇതൊരിക്കലും ഭൂമി ഏറ്റെടുക്കാൻ വേണ്ടിയുള്ള സർവ്വേയല്ല.

ഈ സർവ്വേ കൊണ്ട് ആർക്കും ഒരു നഷ്ടവും സംഭവിക്കില്ല. ഇതിന്റെ ഭാഗമായി തയ്യാറാക്കുന്ന സാമൂഹിക അഘാത പഠനവും കഴിഞ്ഞു മാത്രമേ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുകയുള്ളൂ. അതിലേക്ക് വരുമ്പോൾ എല്ലാവരെയും വിളിച്ച് അവർക്ക് നഷ്ടപ്പെടുന്ന കെട്ടിടങ്ങളും മറ്റും വിലയേക്കാൾ കൂടുതൽ നൽകി സർക്കാർ അവർക്കൊപ്പം നിൽക്കും.

സിൽവർലൈൻ പദ്ധതി നാഷണൽ റെയിൽ പ്ലാനിന്റെ ഭാഗമാണ്. അതിൽ ഉൾപ്പെട്ടിരിക്കുന്ന പദ്ധതികൾ 2030 ഓടെ പൂർത്തീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കിയാൽ പണികൾ താമസം
കൂടാതെ ആരംഭിക്കാൻ കഴിയും.

നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിൽ ഈ റെയിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ഇന്നത്തെ സന്ദർശനത്തിൽ അദ്ദേഹത്തോട് അഭ്യർത്ഥിച്ചത്.

കൂടുതൽ വേഗത്തിൽ യാത്ര സാധ്യമാകണം എന്നത് നാടിന്റെയാകെ ആവശ്യമാണ്. ഹൈ സ്പീഡ് റെയിൽ കോറിഡോറിനായുള്ള
നിർദ്ദേശം ആദ്യം അവതരിപ്പിക്കപ്പെട്ടത് 2009-10 ലെ കേരള ബജറ്റിലായിരുന്നു. ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കാൻ ഡി.എം.ആർ.സിയെ നിയോഗിക്കുകയും 2012ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഡിപിആർ 2016 ജൂണിലാണ് സമർപ്പിച്ചത്. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള സബർബൻ റെയിലിനായുള്ള ഡിപിആർ തയ്യാറാക്കാൻ മുംബൈ റെയിൽ വികാസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും അവർ തയ്യാറാക്കിയ ഡിപിആർ കേരള സർക്കാർ റെയിൽവേ മന്ത്രാലയത്തിന്റേ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തു. റെയിൽവേ മന്ത്രാലയം 2017ൽ ഈ നിർദ്ദേശം തിരസ്‌കരിച്ചു. ഇന്റർസിറ്റി യാത്രക്കായി രണ്ട് ലൈനുകൾ കൂടി നിർമ്മിക്കുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടു. സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ എന്ന ആശയത്തിന്റെ ഉത്ഭവം അവിടെയാണ്.

യു ഡി എഫ് കാലത്ത് മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയിൽ കേരളത്തിൽ പ്രായോഗികമല്ല. തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെട്ട് കാസർകോട്ട് നിർത്തിയാൽ പോരല്ലോ - നമുക്ക് കൂടുതൽ സ്റ്റോപ്പുകൾ വേണം. അതിന് അനുയോജ്യം അർധ അതിവേഗ റെയിലാണ്.

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി ആവശ്യമില്ല. EIA Notification S.O. 1533(E) dated 14th September, 2006 പ്രകാരം ഇന്ത്യയിലെ റെയിൽവേ മേഖലയെ അതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വരുമാനത്തിന്റെ 95 ശതമാനവും ടിക്കറ്റ് വിൽപനയിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. കാറ്ററിങ് ലൈസൻസ് ഫീ, കിയോസ്‌കുകളുടെ വാടക, ടൂറിസ്റ്റ് ട്രെയിനുകളുടെ ലീസ് ചാർജുകൾ, മറ്റു നികുതികളിൽ നിന്നും തീരുവകളിൽ നിന്നും ഈടാക്കുന്ന ലെവികൾ തുടങ്ങിയവയിൽ നിന്നും 3 ശതമാനവും, മറ്റു അനുബന്ധ വികസനത്തിൽ നിന്നും 2 ശതമാനവും വരുമാനം പ്രതീക്ഷിക്കുന്നു.

ട്രാഫിക് സർവേ പ്രകാരം കേരളത്തിൽ ഒരു ദിവസം 150 കിലോമീറ്ററിലും അധികം ദൂരം യാത്ര ചെയ്യുന്നത് 1,58,271 കാർ/ടാക്സി യാത്രികരും, 88,442 ബസ് യാത്രക്കാരും 91,975 റെയിൽ യാത്രികരുമാണ്. സിൽവർലൈൻ പ്രതീക്ഷിച്ചതു പോലെ പൂർത്തിയായാൽ 2025-26 വർഷത്തിൽ ഒരു ദിവസം 79,934 മുതൽ 1,14,764 വരെ യാത്രകൾക്കായി ട്രിപ്പുകൾ അതുപയോഗിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2029-30 വർഷമാകുമ്പോഴേയ്ക്കും അത് 94,672 മുതൽ 1,39,164 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ ഏകദേശം 48000 ആളുകൾ സിൽവർലൈനിലേക്ക് മാറുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

റോഡ് യാത്രികരിൽ ഒരു വലിയ വിഭാഗം സിൽവർലൈൻ ഉപയോഗിക്കുന്നതോടെ വാഹനങ്ങളുടെ ഉപയോഗം കുറയുകയും കാർബൺ ബഹിർഗമനം കുറയുകയും ചെയ്യുന്നു. കാർബൺ ഫൂട്ട്പ്രിന്റിൽ 2025 ആകുമ്പോൾ 2.88 ലക്ഷം ടണ്ണും 2052 ആകുമ്പോഴേക്കും 5.95 ലക്ഷം ടണ്ണും കുറവുണ്ടാക്കാൻ ഈ പദ്ധതി സഹായകമാകും. നാഷണൽ ഹൈവേയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ അളവു ഭൂമിയും പ്രകൃതിവിഭവങ്ങളും മാത്രമാണ് സിൽവർലൈൻ നിർമ്മിക്കാൻ ആവശ്യമായി വരുന്നത്.

നിർമ്മാണ ഘട്ടത്തിൽ 50,000 തൊഴിലവസരങ്ങളും പ്രവർത്തനം ആരംഭിച്ച് ആദ്യഘട്ടത്തിൽ 11000 തൊഴിലവസരങ്ങളും പ്രത്യക്ഷത്തിൽ സൃഷ്ടിക്കാൻ സിൽവർ ലൈൻ പദ്ധതിയിലൂടെ സാധിക്കും. ലക്ഷക്കണക്കിനു തൊഴിലുകൾ പരോക്ഷമായും സൃഷ്ടിക്കപ്പെടും. ടൂറിസം, ഐടി തുടങ്ങിയ മേഖലകളുടെ വികസനത്തിൽ സിൽവർലൈനിനു വലിയ പങ്കു വഹിക്കാൻ സാധിക്കും.

കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമായ ഈ പദ്ധതിയെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. ആവർത്തനം ഉണ്ടെങ്കിൽ പോലും ചിലത് ഊന്നിപ്പറയേണ്ടതുണ്ട്. കേരള റെയിൽ ഡെവലപ്മെന്റ് കമ്പനി എന്ന കെറെയിൽ കമ്പനി രൂപീകരിക്കാൻ കേരള സർക്കാരും റെയിൽവേ മന്ത്രാലയവും തമ്മിലുള്ള എം ഒ യു ഒപ്പിടുന്നത് 2016 ജനുവരി 1 നാണ്. കമ്പനി രജിസ്റ്റർ ചെയ്തത് 2017 ജനുവരി 3 നാണ്.

2017 ഒക്ടോബർ 27 നാണ് അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയും ദക്ഷിണ റെയിൽവേ / ഐ സി എഫ് ജനറൽ മാനേജർ സുധാൻശു മണിയും തിരുവനന്തപുരത്തു വന്ന് കണ്ടത്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ മൂന്നും നാലും റെയിൽവേ പാതകൾ ഇടാനുള്ള തീരുമാനം ഉണ്ടായത് അന്നാണ്.

30.12.2017 ന് ഒരു പ്രീഫീസിബിലിറ്റി റിപ്പോർട്ട് കെ റെയിൽ കമ്പനി റെയിൽവേ മന്ത്രാലയത്തിനു അയച്ചു കൊടുക്കുകയും അതിൽ വിശദമായ പഠനം നടത്തി സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ കേരളത്തോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. അതു പ്രകാരം റിപ്പോർട്ട്/ഡിപിആർ നടത്തുന്നതിനുള്ള ജനറൽ കൺസൾട്ടന്റായി ഗതാഗത മേഖലയിലെ കൺസൾട്ടന്റായ സിസ്ട്രയെ നിയമിച്ചു.

സെമി ഹൈസ്പീഡ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രായോഗിക റിപ്പോർട്ടുകൾ റെയിൽവേ മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയും 17.12.2019 ന് റെയിൽവേ മന്ത്രാലയം നിക്ഷേപ മുന്നൊരുക്കത്തിനുള്ള പ്രവൃത്തികൾ ആരംഭിക്കാൻ തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തതാണ്. 17.06.2020 ന് സിസ്ട്ര തയ്യാറാക്കിയ ഡിപിആർ കേരള സർക്കാർ അംഗീകരിക്കുകയും കേന്ദ്ര റെയിൽ മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു.
ഈ പദ്ധതി ദേശീയ റെയിൽ ആസൂത്രണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2021 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ദേശീയ റെയിൽ ആസൂത്രണത്തിൽ ഉൾപ്പെടുത്തിയെന്നും 2030 ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നും പറഞ്ഞു.

പദ്ധതി പൂർത്തീകരണത്തിന് ആവശ്യമായ തുകയിൽ മുഖ്യ പങ്ക് വിദേശ ബാങ്കുകളിൽ നിന്ന് വായ്പയായി കണ്ടെത്താനാണ് സംസ്ഥാന
സർക്കാർ ശ്രമിക്കുന്നത്. ഇവിടെ കൃത്യമായി പറയാനുള്ള ഒരു കാര്യം, ഒരാളെയും ദ്രോഹിച്ചു കൊണ്ട് ഈ പദ്ധതി നടപ്പാക്കുന്നില്ല എന്നതാണ്.

ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിക്ക് ഏറ്റവും നല്ല നിലയിലുള്ള നഷ്ടപരിഹാരം ലഭ്യമാക്കും. ഈ പദ്ധതി മൂലം ഒരാൾ പോലും കിടപ്പാടമില്ലാത്തവരായി മാറില്ല. സ്വന്തം വീട് വിട്ടു കൊടുക്കേണ്ടിവരുന്നവർക്ക് വീടും ജീവനോപാധിയും സർക്കാർ ഉറപ്പാക്കും. നഷ്ട പരിഹാരത്തിന് അനിശ്ചിതത്വമുണ്ടാകില്ല. അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ബോധപൂർവ്വം നടക്കുന്ന ആളുകളോട് ഒരു കാര്യമേ പറയാനുള്ളു. ജനങ്ങൾ ഇക്കാര്യമെല്ലാം തിരിച്ചറിയുന്നുണ്ട്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിച്ചിട്ടുള്ളത്. ഇതിന് പ്രധാന കാരണം
സർക്കാർ നടത്തിയ ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ്. അതു മനസ്സിലാക്കിയാണ് അത്തരം പ്രവർത്തനങ്ങൾക്ക് തടയിടുക എന്ന നിലപാട് സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നാട്ടിൽ ഒരു വികസനവും നടക്കാൻ പാടില്ലെന്ന ചിന്തയാണവർക്ക്.

ഗെയിൽ പദ്ധതിയെ അട്ടിമറിക്കാൻ ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ആദ്യ ഘട്ടത്തിൽ ഉണ്ടാക്കിയത് ഓർക്കണം. വസ്തുതകൾ ബോധ്യപ്പെട്ടതോടെ പ്രക്ഷോഭം നയിച്ചവർ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിലും ഇതേ അനുഭവമാണ് ഉണ്ടായത്. വൈകാരികമായ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് വികസന വിരുദ്ധ സമരത്തിനിറങ്ങിയവർ പിന്നീട് വസ്തുത മനസ്സിലാക്കിയും യഥാർത്ഥത്തിൽ കാര്യങ്ങൾ അനുഭവിച്ചറിഞ്ഞും നിലപാട് മാറ്റി. അത് നമ്മുടെ നാടിന്റെ ആകെ അനുഭവമാണ്. മനഃപൂർവ്വം വിവാദം ഉണ്ടാക്കുന്നവർക്ക് അറിയാത്ത യാഥാർഥ്യങ്ങൾ നാട്ടിലെ
ജനങ്ങൾക്ക് നല്ലതുപോലെ അറിയാം.

നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതി അട്ടിമറിക്കാൻ ഒരു മറയുമില്ലാതെ പ്രതിപക്ഷം രംഗത്തിറങ്ങുകയാണ്. വ്യാജ പ്രചാരണമാണ് നടത്തുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ചു രംഗത്തിറക്കുകയാണ്. ചിലരെ ശട്ടം കെട്ടി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിനായി ഒരു വിചിത്ര സഖ്യം തന്നെ രൂപം കൊണ്ടിരിക്കുന്നു.

ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ദൗർഭാഗ്യവശാൽ അതിന് നേരായകാര്യങ്ങൾ നാടിനെ അറിയിക്കാൻ ബാധ്യതപ്പെട്ട ഏതാനും മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നു, സമരത്തിന് അതിവൈകാരികതയും അസാധാരണവും അമിതവുമായ പ്രാധാന്യവും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇത്തരം മാധ്യമങ്ങൾ പങ്കു വഹിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പുതുമയല്ല. ഇത്തരം ആക്രമണങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് അവഗണിച്ച് ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു ശരിയായനില സ്വീകരിച്ചിട്ടുണ്ട്. എന്നാലും അഭ്യർത്ഥിക്കുകയാണ്, അർദ്ധ സത്യങ്ങളും അതിശയോക്തി നിറഞ്ഞതുമായ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്മാറണംകേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് നല്ലതിനോ എന്ന് സ്വയം പരിശോധിക്കാൻ അത്തരം മാധ്യമങ്ങൾ തയ്യാറാവണം.

സംസ്ഥാന സർക്കാർ നിലവിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അത് ദീർഘവീക്ഷണത്തോടെയുള്ളതാണ്. ഈ തലമുറയ്ക്ക് മാത്രമുള്ളതല്ല വരുന്ന തലമുറകൾക്കും നാടിന്റെ ഭാവിക്കും ഇതാവശ്യമാണ്. അതിനുള്ള സാഹചര്യം ഒരുക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ ഉത്തരവാദിത്തമാണത്. രാഷ്ട്രീയമായ പേടിയോ സ്വാർത്ഥ-സങ്കുചിത വിചാരങ്ങളോ കൊണ്ട് നാടിന്റെ പുരോഗതിക്ക് തടയിടരുതെന്നു മാത്രമാണ് ഇത്തരം ശക്തികളോട് ഓർമ്മിപ്പിക്കാനുള്ളത്.

വികസനം നടപ്പിലാക്കപ്പെടുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് പ്രധാനകടമയായാണ് സർക്കാർ കാണുന്നത്.അർഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. വികസനവും പുനരധിവാസം ഉറപ്പുവരുത്തിക്കൊണ്ട് സിൽവർലൈൻ പദ്ധതി നടപ്പിലാക്കുകയെന്നതാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടുകൂടി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി മുന്നോട്ടുപോകുന്ന വികസന വിരുദ്ധ-വിദ്രോഹ സഖ്യത്തെ തുറന്നു കാട്ടിത്തന്നെ മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP