Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2008ൽ മഞ്ഞപ്പടയ്ക്ക് ഒപ്പം തുടങ്ങിയ പ്രയാണം; നാലു തവണ കിരീടത്തിലേക്ക് നയിച്ച നായകൻ; ആരാധകരെ വീണ്ടും ഞെട്ടിച്ച് എം എസ് ധോണി; സിഎസ്‌കെ നായകസ്ഥാനം ഒഴിഞ്ഞു; രവീന്ദ്ര ജഡേജയെ പുതിയ നായകനായി പ്രഖ്യാപിച്ച് ചെന്നൈ

2008ൽ മഞ്ഞപ്പടയ്ക്ക് ഒപ്പം തുടങ്ങിയ പ്രയാണം; നാലു തവണ കിരീടത്തിലേക്ക് നയിച്ച നായകൻ; ആരാധകരെ വീണ്ടും ഞെട്ടിച്ച് എം എസ് ധോണി; സിഎസ്‌കെ നായകസ്ഥാനം ഒഴിഞ്ഞു; രവീന്ദ്ര ജഡേജയെ പുതിയ നായകനായി പ്രഖ്യാപിച്ച് ചെന്നൈ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ പന്തെറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിത തീരുമാനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക കൈമാറുകയാണെന്ന് പ്രഖ്യാപിച്ചു.

ധോണിക്ക് ശേഷം ചെന്നൈയുടെ നായകനാകുന്ന രണ്ടാമത്തെ കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2008ൽ ഐപിഎല്ലിലെ അരങ്ങേറ്റ സീസൺ മുതൽ ചെന്നൈയുടെ നായകനായിരുന്നു ധോണി.ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശർമക്കുശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ നായകനുമാണ്.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയിൽ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. .

ധോണിക്കു കീഴിൽ 2010, 2011, 2018 സീസണുകളിലും ചെന്നൈ ഐപിഎൽ കിരീടം ചൂടി. 'മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് മാറാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് അദ്ദേഹം. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും' - ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട ക്യാപ്റ്റനാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ധോണി. അദ്ദേഹത്തിനു കീഴിലാണ് ഇന്ത്യ 2007ലെ കന്നി ട്വന്റി20 ലോകകപ്പും പിന്നീട് 2011ൽ ഏകദിന ലോകകപ്പും ജയിച്ചത്. ഐപിഎലിലാകട്ടെ, ചെന്നൈ സൂപ്പർ കിങ്‌സ് എന്നാൽ മഹേന്ദ്രസിങ് ധോണിയെന്നു തന്നെയാണ് അർഥം. 2020ൽ തീർത്തും മോശം പ്രകടനത്തിലൂടെ പ്രാഥമിക ഘട്ടത്തിൽ ഏറ്റവും പിന്നിലായി പുറത്തായെങ്കിലും തൊട്ടടുത്ത സീസണിൽ അതേ ടീമിനെ കിരീടത്തിലെത്തിച്ചാണ് ധോണി മറുപടി നൽകിയത്.

2012ൽ മുതൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ് ജഡേജ. ഇടക്കാലത്ത് ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ചെന്നൈയ്ക്ക് വിലക്ക് ലഭിച്ചപ്പോൾ ജഡേജ ഗുജറാത്ത് ലയൺസിനായി കളിച്ചു. അടുത്തിടെ ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 175 റൺസും ഒൻപതു വിക്കറ്റും നേടി റെക്കോർഡിട്ടിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ ഇതിഹാസം താരം എംഎസ് ധോണി തന്നെ നയിക്കുമെന്നായിരുന്നു ടീം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നത്. കരിയറിന്റെ അസ്തമയ കാലത്തു നിൽക്കുന്ന ധോണിക്കു പകരം സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പുതിയ സീസണിൽ സിഎസ്‌കെയുടെ നായകസ്ഥാനമേൽപ്പിക്കുമോയെന്നു പലരും സംശയമുന്നയിച്ചപ്പോഴായിരുന്നു ടീം അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിത തീരുമാനം ധോണി അറിയിക്കുകയായിരുന്നു.



ഇത്തരത്തലൊരു ചർച്ചയ്ക്ക് തുടക്കമിട്ടതിന്റെ പ്രധാന കാരണം മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ആദ്യം നിലനിർത്തിയത് ജഡേജയെ ആണെന്നതായിരുന്നു. 16 കോടി രൂപയ്ക്കാണ് ജഡ്ഡുവിനെ സിഎസ്‌കെ നിലനിർത്തിയത്. ധോണി രണ്ടാമതായിരുന്നു. അദ്ദേഹത്തിനു ലഭിച്ചതാവട്ടെ 12 കോടിയുമായിരുന്നു. മോയിൻ അലി (8 കോടി), റുതുരാജ് ഗെയ്ക്വാദ് (6 കോടി) എന്നിവരാണ് നിലനിർത്തപ്പെട്ട മറ്റു കളിക്കാർ.

ധോണിയുടെ കരിയറിലെ അവസാനത്തെ ഐപിഎൽ സീസൺ കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് സൂചന. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിടവാങ്ങൽ മൽസരം കളിക്കാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ സീസണിനിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അപ്രതീക്ഷിതമായി നേരത്തേ പല തീരുമാനങ്ങളുമെടുത്ത് ക്രിക്കറ്റ് ലോകത്തെ നേരത്തെയും ഞെട്ടിച്ചിട്ടുള്ള വ്യക്തിയാണ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ അടക്കം ഒട്ടേറെ സന്ധർഭങ്ങളിൽ അപ്രതീക്ഷിത തീരുമാനം ധോണി കൈക്കൊണ്ടിട്ടുണ്ട്.



ബാറ്ററെന്ന നിലയിൽ എംഎസ് ധോണിക്കു കഴിഞ്ഞ രണ്ടു ഐപിഎൽ സീസണുകളിലും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചിരുന്നില്ല. പക്ഷെ വിക്കറ്റ് കീപ്പിങിലും ക്യാറ്റൻസിയിലും അദ്ദേഹത്തിന്റെ മൂർച്ച ഒട്ടും കുറഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ സിഎസ്‌കെയെ നാലാം ഐപിഎൽ കിരീടത്തിലേക്കു നയിക്കാൻ ധോണിക്കായിരുന്നു.

രണ്ടു തവണ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡ്ഴ്സിനെ തകർത്തായിരുന്നു കഴിഞ്ഞ സീസണിൽ സിഎസ്‌കെയുടെ കിരീടവിജയംരണ്ടു തവണ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡ്ഴ്സിനെ തകർത്തായിരുന്നു കഴിഞ്ഞ സീസണിൽ സിഎസ്‌കെയുടെ കിരീടവിജയം.

ഒയ്ൻ മോർഗൻ നയിച്ച കെകെആറിനെ 27 റൺസിനായിരുന്നു സിഎസ്‌കെ കെട്ടുകെട്ടിച്ചത്. 2020ലെ സീസണിൽ പ്ലേഓഫ് പോലും കാണാതെ പുറത്താവേണ്ടി വന്നതിന്റെ ക്ഷീണം സിഎസ്‌കെ കഴിഞ്ഞ തവണ കിരീട വിജയത്തോടെ തീർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP