Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് നിയന്ത്രണം ലംഘിച്ച് നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ; മാസ്‌ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ! കോവിഡ് നിയന്ത്രണങ്ങളിലെ നിയമനടപടി എടുത്തുകളയുമ്പോൾ വൻ തിരിച്ചടി സർക്കാർ ഖജനാവിനും

കോവിഡ് നിയന്ത്രണം ലംഘിച്ച് നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ; മാസ്‌ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ! കോവിഡ് നിയന്ത്രണങ്ങളിലെ നിയമനടപടി എടുത്തുകളയുമ്പോൾ വൻ തിരിച്ചടി സർക്കാർ ഖജനാവിനും

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് മാസ്‌ക് എന്ന പ്രാഥമിക സുരക്ഷാ മാർഗ്ഗത്തിലേക്ക് ലോകം തന്നെ തിരിഞ്ഞത്.അത് ആരോഗ്യ സുരക്ഷയുടെ ഭാഗമായിരുന്നെങ്കിലും സർക്കാറിനെ സംബന്ധിച്ച് മാസ്‌ക് ഒരനുഗ്രഹമായി മാറുകയായിരുന്നു.കാരണം കോവിഡ് പ്രോട്ടാക്കോൾ കർശനമാക്കിയതോടെ അത് ലംഘിക്കുന്നവർക്ക് പിഴ ഈടാക്കിത്തുടങ്ങിയതോടെ സർക്കാർ ഖജനാവിലേക്ക് അത് വലിയ വരുമാനത്തിനും കാരണമായി.അതിനാൽ തന്നെ മാസ്‌കിന് കേസ് വേണ്ടന്ന തീരുമാനം കേരളമുൾപ്പടെ സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും.

കോവിഡ് നിയമലംഘനത്തിന് ഇതുവരെ സംസ്ഥാനത്തു നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേരാണ്.ഇത്തരം നിയമ ലംഘനങ്ങളിൽ പിഴയായി ഇതുവരെ ഈടാക്കിയത് മുന്നൂറ്റിയമ്പത് കോടിയോളം രൂപ.ഇത്തരത്തിൽ ഭീമമായ തുകയാണ് കോവിഡ് നിയന്ത്രണങ്ങളിലെ നിയമനടപടികൾ എടുത്തുകളയുന്നതിലുടെ നഷ്ടമാകുന്നത്.

ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്.ലോക്ക്ഡൗൺ, പ്രാദേശിക നിയന്ത്രണം, മാസ്‌ക്ക് ധരിക്കൽ എന്നിവയിൽ ഇതുപ്രകാരം നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കേസുകളും ഉണ്ടായിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴയും ഇടാക്കിയിരുന്നു.മാസ്‌ക്ക് അടക്കം ധരിച്ചില്ലെങ്കിൽ 500 മുതൽ 2000 വരെയായിരുന്നു പിഴ അടക്കേണ്ടി വന്നിരുന്നത്. ഈ രീതിയിൽ വലിയൊരു തുക സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കെത്തിയിട്ടുണ്ട്.

കണക്കുകൾ പ്രകാരം നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 66 ലക്ഷത്തോളം പേരാണ് നടപടി നേരിട്ടത്. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. മാസ്‌ക്ക് ധരിക്കാതിരുന്ന 42,73,735 പേരിൽ നിന്നും ദുരന്ത നിവാരണ നിയമ പ്രകാരം ഇതുവരെ പിഴ ഈടാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസ്‌കില്ലാത്തവരിൽ നിന്ന് മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. പുതിയ നിർദ്ദേശ പ്രകാരം മാസ്‌ക്ക് ഇട്ടില്ലെങ്കിൽ കേസെടുക്കണമെന്നില്ല. എന്നാൽ മാസ്‌ക്ക് മാറ്റാമെന്ന രീതിയിൽ പ്രചാരണം വന്നതോടെ മാസ്‌ക്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം പിന്നീട് വിശദീകരിച്ചു. മാസ്‌ക്കും സാമൂഹ്യ അകലവും തുടരണമെന്നാണ് പുതിയ നിർദ്ദേശം.

ഏതായാലും ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതോടെ താഴേത്തട്ടിലടക്കം ഉള്ള കടുപ്പിച്ച നടപടികൾ ഒഴിവാകും. നിർദേശമനുസരിച്ച് സംസ്ഥാനം ഇനി പുതിയ ഉത്തരവിറക്കും. ദുരന്ത നിവാരണ നിയമത്തിന് പുറമെ, പകർച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേർത്താണ് സംസ്ഥാനത്തെ നിയന്ത്രണങ്ങൾ. ഇതിനാൽ ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിന് സംസ്ഥാനത്തെ ഉത്തരവ് വരെ കാത്തിരിക്കേണ്ടി വരും. മാസ്‌ക് മാറ്റാൻ ആകുമോയെന്ന കാര്യം നേരത്തെ സംസ്ഥാന സർക്കാർ നേരത്തേ വിദഗ്ദരുമായി കൂടിയാലോചിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇപ്പോൾ പൊലീസ് മുൻപത്തേത് പോലെ കേസുകൾ എടുക്കുന്നുമില്ല.

കോവിഡ് കുറഞ്ഞതോടെ മാസ്‌ക് ധരിക്കാത്തതിനു കേസ് എടുക്കുന്നതും കുറച്ചിരുന്നു. കേന്ദ്ര നിർദേശമനുസരിച്ചു സംസ്ഥാനം ഇനി പുതിയ ഉത്തരവിറക്കും. ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിനു വ്യക്തത കിട്ടാൻ സംസ്ഥാനത്തെ ഉത്തരവ് ഇറങ്ങുന്നതു വരെ കാത്തിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP