Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറിനടിയിൽ രഹസ്യ അറക്കുള്ളിൽ വെച്ച് ബംഗ്‌ളുരുവിൽ നിന്ന് കള്ളക്കടത്ത്; 2019 ജൂണിൽ പിടികൂടിയത് 20 കോടി വിലയുള്ള മയക്കു മരുന്നുകൾ; അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനെ കുറ്റം ചുമത്തലിന് ഹാജരാക്കണമെന്ന് കോടതി

കാറിനടിയിൽ രഹസ്യ അറക്കുള്ളിൽ വെച്ച് ബംഗ്‌ളുരുവിൽ നിന്ന് കള്ളക്കടത്ത്; 2019 ജൂണിൽ പിടികൂടിയത് 20 കോടി വിലയുള്ള മയക്കു മരുന്നുകൾ; അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനെ കുറ്റം ചുമത്തലിന് ഹാജരാക്കണമെന്ന് കോടതി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: ബംഗ്‌ളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് കോടികൾ വിലമതയ്ക്കുന്ന മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജോർജുകുട്ടിയെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതിയുടെ നിർദ്ദേശം.

20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയിലെ രഹസ്യ അറയിൽ വെച്ച് കള്ളക്കടത്ത് നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യ പ്രതിയായ ജി.കെ എന്ന ജോർജുകുട്ടിക്കാണ് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റം ചുമത്തലിന് ജോർജുകുട്ടിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചത്.

വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതിയെ ഏപ്രിൽ 6 ന് ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചത്. തെളിവെടുപ്പിനിടെ ബാംഗ്‌ളൂരിൽ വച്ച് ജോർജ്കുട്ടിയെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാനും ഒളിത്താവളങ്ങൾ ഒരുക്കുന്നതിനും സഹായിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ , മുഹമ്മദ് ഷാഹിർ എന്നിവരും ഏപ്രിൽ 6 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.



2019 ജൂൺ 22നാണ് കേസിനാസ്പദമായ ലഹരി കള്ളക്കടത്ത് നടന്നത്. അന്തർ സംസ്ഥാന ലഹരി കടത്തുകാരൻ കോട്ടയം ഓണം തുരുത്ത് ചക്കുപുരയ്ക്കൽ വീട്ടിൽ നിന്നും നിലവിൽ ബംഗ്‌ളുരു ബെല്ലാരിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജി.കെ.എന്ന ജോർജു കുട്ടി ( 34 ) യാണ് പിടിയിലായത്. ലഹരിക്കടത്തുകാർക്കിടയിലാണ് ഇയാൾ ജി.കെ. എന്ന അപര നാമത്തിൽ അറിയപ്പെടുന്നത്.

ബംഗ്‌ളുരുവിൽ നിന്ന് തലസ്ഥാനത്തേക്ക് വൻതോതിൽ നർകോട്ടിക് ഡ്രഗ്‌സ് ഇയാൾ കാറിൽ കടത്തവേ എക്‌സൈസ് പിടിയിലാവുകയായിരുന്നു. കോവളം - കാരോട് ബൈപ്പാസിൽ വാഴമുട്ടം ദേശീയ പാതയിൽ വച്ചാണ് ഇയാൾ സഞ്ചരിച്ച കാർ എക്‌സൈസ് സംഘം പിൻ തുടർന്ന് തടഞ്ഞത്.

20 കോടി രൂപ വിലയുള്ള 20 കിലോഗ്രാം ഹാഷിഷും 2.5 കിലോഗ്രാം കഞ്ചാവും 240 ഗ്രാം ചരസും കാറിനടിയിൽ നിർമ്മിച്ച രഹസ്യ അറക്കുള്ളിൽ വച്ച് ഇയാൾ കടത്തിക്കൊണ്ടു വരുകയായിരുന്നു. കാറിന്റെ അടിയിൽ കയറി നടത്തിയ പരിശോധനയിലാണ് ഡിക്കിക്ക് താഴെ സ്റ്റെപ്പിനി ടയറിന് സമീപം നിർമ്മിച്ച രഹസ്യ അറ കണ്ടെത്തിയത്. മൂവാറ്റുപുഴയിൽ നിന്ന് വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്.

കാപ്പ നിയമപ്രകാരം തടവിൽ കഴിഞ്ഞിട്ടുള്ള ജോർജുകുട്ടിക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. തൃപ്പൂണിത്തുറ എസ് ഐയെ കുത്തിയ കേസിലും കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഭവന ഭേദനം , ഏറ്റുമാനൂർ സ്റ്റേഷനതിർത്തിയിൽ പിടിച്ചുപറി , തൃപ്പൂണിപ്പുറ ഹിൽ പാലസ് സ്റ്റേഷനതിർത്തിയിൽ ഒരു കിലോ ഹാഷിഷ് കടത്തിയ കേസ് , കൊച്ചിയിൽ 13.5 ലക്ഷത്തിന്റെ കുഴൽപ്പണം , കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.



ബംഗളുരുവിലെക്ക് ഭാര്യയുമായി താമസം മാറ്റിയ ഇയാൾ ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ആന്ധ്രയിൽ നിന്നും ബംഗ്‌ളുരുവിൽ വൻതോതിൽ ഹാഷിഷും കഞ്ചാവും ചരസും എത്തിച്ച ശേഷം ഒന്നിലധികം പേരുമായി ഇടപാട് ഉറപ്പിച്ച ശേഷം കൂട്ടാളികൾ മുഖാന്തിരം കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജി.കെ. യുടെ രീതി. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് പ്രത്യേക സംഘം ഇയാളെ പിന്തുടർന്ന് പിടികൂടിയത്. സംസ്ഥാന തല എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കേസ് കണ്ടു പിടിച്ചത്.

ഇടപാടുകാരെ കുറിച്ചന്വേഷിച്ചതിൽ മയക്കുമരുന്ന് വാങ്ങാനായി പണം നൽകിയ എറണാകുളം സ്വദേശി അനസിനെ തിരിച്ചറിഞ്ഞു. എക്‌സൈസ് പിടികൂടിയ ജി.കെ യുടെ ഫോണിലേക്ക് ഇയാൾ വിളിച്ചിരുന്നു. അനസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബംഗ്‌ളുരുവിൽ ഉള്ളതായി കണ്ടെത്തി.

2019 ജൂൺ 23 ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ എക്‌സൈസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനും കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും ബംഗ്‌ളുരുവിൽ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി കോടതി എക്‌സൈസ് കസ്റ്റഡിയിൽ ജി.കെയെ വിട്ടു നൽകി. ആന്ധ്ര , കമ്പം എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ നേരത്തെ വാങ്ങിയ ഹാഷിഷ് ഇയാളുടെ ബംഗ്‌ളുരുവിലെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെടുക്കാനാണ് ബെംഗളുരു മജെസ്റ്റിക്കിലെത്തിയത്. ബാംഗ്‌ളൂരിൽ ഒട്ടേറെ ബന്ധങ്ങളുള്ളയാളാണ് ജി.കെ. ചേരിപ്രദേശങ്ങളിലും ഇയാൾക്ക് താവളങ്ങളുണ്ട്.

അതേ സമയം തെളിവെടുപ്പിനിടെ ജൂലൈ 4 രാവിലെ 8 മണിക്ക് മജെസ്റ്റിക്കിൽ വച്ച് എക്‌സൈസിനെ ആക്രമിച്ച് ഇയാൾ കടന്നു കളഞ്ഞു. മൂത്രമൊഴിക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ പ്രതിയുടെ വിലങ്ങ് ഒരു കൈയിലേക്ക് മാത്രമായി മാറ്റിക്കൊടുത്തു. ഈ വിലങ്ങു കൊണ്ട് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഞൊടിയിടയിൽ തിരക്കിലേക്ക് ഓടി മറഞ്ഞു. എക്‌സൈസ് സംഘം പിന്തുടർന്നെങ്കിലും മജെസ്റ്റിക്കിലെ തിരക്കു മുതലെടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ഇയാൾക്കായി എക്‌സൈസ് വ്യാപക തിരച്ചിൽ നടത്തി വരവേ കോട്ടയം ഏറ്റുമാനൂർ നീണ്ടൂർ സ്വദേശിയായ ഇയാൾ മലപ്പുറം വണ്ടൂർ വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് വല വിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ എക്‌സൈസ് സംഘവും നിലമ്പൂർ എക്‌സൈസും സംയുക്തമായാണ് ഇയാളെ 2019 ജൂലൈ 30 ന് പിടികൂടിയത്.

വാണിയമ്പലത്തെ വീടുവളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയ ഇയാൾ കൈവശം കരുതിയിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. അടുക്കള വാതിൽ വളഞ്ഞു നിൽക്കുകയായിരുന്നു നിലമ്പൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ മനോജ്. മനോജിന് വലതു കാൽമുട്ടിൽ വെടിയേറ്റു. കാൽമുട്ട് തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി. ഒപ്പമുണ്ടായിരുന്നവർക്ക് നേരെയും ഇയാൾ തിരയുതിർത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ പിന്മാറാൻ കൂട്ടാക്കാതെ എക്‌സൈസ് സംഘം റിവോൾവർ ചൂണ്ടിയും ലാത്തി ഉപയോഗിച്ചും ഇയാളെ നേരിട്ടു. എക്‌സൈസിന്റെ പ്രത്യാക്രമണത്തിൽ പകച്ചുപോയ ഇയാളെ ബല പ്രയോഗത്താൽ കീഴ്പ്പെടുത്തി. ഏറ്റുമുട്ടലിൽ ഇയാൾക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇൻസ്‌പെക്ടർ മനോജിനെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ബംഗ്‌ളുരുവിൽ വെച്ച് എക്‌സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. ആന്ധ്രയിലും കർണ്ണാടകയിലുമായി തെരച്ചിൽ തുടരുന്നതിനിടെ ജൂലൈ 27 ന് രാത്രി ബംഗ്‌ളുരുവിൽ എത്തിയതായി വിവരം ലഭിച്ചു. ഉടൻ തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളുരുവിൽ എത്തി.

ബംഗ്‌ളരുവിലെ ഒളിത്താവളം മനസ്സിലാക്കിയ സംഘം അവിടെയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ട് വീണ്ടും ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ പ്രതിക്ക് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കുന്നതിനും സഹായിച്ച കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ , മുഹമ്മദ് ഷാഹിർ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് കേസിൽ ഇവരെ യഥാക്രമം രണ്ടും മൂന്നും പ്രതിസ്ഥാനത്ത് ചേർത്തു. ഇവരിൽ നിന്നാണ് ജി.കെ. മലപ്പുറം വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

എക്‌സൈസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിന് ബംഗ്‌ളുരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും എക്‌സൈസ് ഉദ്യോഗസ്ഥനെ വെടിവച്ച സംഭവത്തിൽ വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ജി. കെ. പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP