Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; വിഐപി ശരത് തന്നെ; കാവ്യയെയും ചോദ്യം ചെയ്യും

ചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; വിഐപി ശരത് തന്നെ; കാവ്യയെയും ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തിൽ ഏറെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായർ ആണ് വിഐപി എന്നായിരുന്നു വാർത്തകൾ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് എത്തിച്ചു നൽകിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിച്ചതോടെ സംവിധായകൻ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തിൽ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണസംഘം നൽകുന്ന വിവരങ്ങൾ. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞിരുന്നു.

കേസിൽ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെയും ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദിലീപിന്റെ വീട്ടിൽ എത്തിയപ്പോൾ കാവ്യയും ശരത്തും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്തതിൽ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നു. പോയ കാര്യം എന്തായി, നടന്നോ എന്ന സംഭാഷണത്തിന് കാവ്യ ഉത്തരം നൽകേണ്ടിവരും. നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്കാളിത്തമായിരിക്കും അന്വേഷണസംഘം ചോദിച്ച് അറിയുക. ദിലീപിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.

വിഐപിയെ താൻ തിരിച്ചറിഞ്ഞെന്ന് കഴിഞ്ഞദിവസം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. 'ദൃശ്യം കൊണ്ടുവന്ന വിഐപി ആരാണെന്നത് ഞാൻ വ്യക്തമായി തിരിച്ചറിഞ്ഞിട്ട് അഞ്ച് ദിവസമെ ആയിട്ടുള്ളൂ. അത് അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. വിഐപിയെ ശബ്ദം കൊണ്ട് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പൊലീസ് നേരത്തെ തന്നെ വിഐപിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരു കൈ അകലത്തിലാണ് വിഐപി ഇപ്പോൾ ഉള്ളത്. വിഐപിയുടെ പേരും താമസസ്ഥലവും എല്ലാം പൊലീസിന് അറിയാം. വരും ദിവസങ്ങളിൽ വിഐപിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം', എന്നാണ് കഴിഞ്ഞദിവസം ബാലചന്ദ്രകുമാർ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസിൽ 28ന് ചോദ്യം ചെയ്യലിനായി ദിലീപ് ക്രെംബ്രാഞ്ചിന്റെ മുന്നിൽ ഹാജരാവും. നാളെ ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാൽ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നൽകണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് 28 ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

ശരതിന്റെ കയറ്റം ദിലീപിനെ പരിചയപ്പെട്ടതോടെ

മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെപെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു ചെറുകിട ഹോട്ടലിൽനിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയൻ ആലുവയിലെ 'നാന' ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമാറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്.

ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.

ദിലീപിന്റെ 'ദേ പുട്ട്'പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

 ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വി.ഐ.പി ശരത് ആണെന്നും, ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ആലുവപ്പുഴയോരത്തെ വീട് ഇയാൾ സന്ദർശിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉറപ്പായിട്ടുണ്ട്. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബിൽ റെക്കോഡ് ചെയ്യപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെയും കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്. ബാലചന്ദ്രകുമാർ വീട്ടിലെത്തിയ ദിവസം തോമസ് ചാണ്ടി രാജിവെച്ച വാർത്തയാണ് ടെലിവിഷനിൽ ഉണ്ടായിരുന്നത്. അതിന്റെ വാർത്ത ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, 100 കോടിയുടെ രാഷ്ട്രീയക്കോഴ സംബന്ധിച്ച ചില പരാമർശങ്ങൾ ദിലീപും കൂട്ടാളികളും നടത്തിയത്.

ഒന്നാം പിണറായി സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടികളുടെ ഭാഗമായാണ്, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമർശം നടത്തിയതു ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും, വി.ഐ.പിയും, ദിലീപിന്റെ അനിയൻ അനൂപും, അളിയൻ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണിത്. തോമസ് ചാണ്ടി പിണറായിക്കും കോടിയേരിക്കും പാർട്ടിക്കും കോടികൾ കൊടുത്താണ് മന്ത്രിയായതെന്നും കണക്കുകൾ തോമസ് ചാണ്ടിയുടെ കൈയിലുണ്ടെന്നും ദിലീപ് പറയുന്നു. പിണറായി സർക്കാറിന്റെ എല്ലാ കളികളും പുറത്തുവന്ന് തുടങ്ങിയെന്നാണ് ദിലീപ് പറയുന്നത്.

നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്‌പി ബൈജു പൗലോസിനെ വാഹനം ഇടിച്ച് അപായപ്പെടുത്തിയാൽ ഒന്നരക്കോടി രൂപ ചെലവാക്കേണ്ടിവരില്ലേയെന്ന ശബ്ദരേഖയിലെ പരാമർശം നടത്തിയതു ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജാണെന്ന മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു ദിലീപിനു വേണ്ടി സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തുന്നതു സഹോദരൻ അനൂപും അളിയൻ സുരാജുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP