Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിക്കും ഇന്ധനത്തിനും പാചകവാതകത്തിനും പൊള്ളുന്ന വില; ദിവസേന പ്രതിസന്ധി കടുത്ത് ശ്രീലങ്ക; പ്രതിഷേധക്കാരെ ഒതുക്കാൻ പട്ടാളത്തെയും ഇറക്കി; ജീവിതത്തിന്റെ പ്രതീക്ഷകളുമായി പലായനത്തിന് ഒരുങ്ങി ശ്രീലങ്കൻ ജനത; തമിഴ്‌നാട്ടിലെത്തിയത് ആറ് അഭയാർത്ഥികൾ

അരിക്കും ഇന്ധനത്തിനും പാചകവാതകത്തിനും പൊള്ളുന്ന വില; ദിവസേന പ്രതിസന്ധി കടുത്ത് ശ്രീലങ്ക; പ്രതിഷേധക്കാരെ ഒതുക്കാൻ പട്ടാളത്തെയും ഇറക്കി; ജീവിതത്തിന്റെ പ്രതീക്ഷകളുമായി പലായനത്തിന് ഒരുങ്ങി ശ്രീലങ്കൻ ജനത; തമിഴ്‌നാട്ടിലെത്തിയത് ആറ് അഭയാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊളമ്പൊ: യുക്രൈനിൽ നിന്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനത മറ്റുരാജ്യങ്ങളിലേക്ക് കടക്കുമ്പോൾ ശ്രീലങ്കൻ ജനതയും ജീവനും കയ്യിൽ പിടിച്ച് പലായനത്തിന്റെ പാതയിലാണ്. യുക്രൈനിൽ യുദ്ധമാണ് ജനതയെ ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിക്കുമ്പോൾ ശ്രീലങ്കയിൽ അനുദിനം വർധിക്കുന്ന കടുത്ത പട്ടിണിയാണ് ജീവനും കൊണ്ട് നാടുവിടാൻ അ ജനതയെ പ്രേരിപ്പിക്കുന്നത്.ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ദിവസേന സമാനതകളില്ലാതെ പെരുകുകയാണ്.ഈ സാഹചര്യത്തിലാണ് ജനങ്ങൾ അഭയാർത്ഥികളായി മറ്റു ഭൂമിക തേടുന്നത്.

ഇന്ത്യയുടെ തെക്കേയറ്റത്തു കിടക്കുന്ന ദ്വീപു രാഷ്ട്രം ശ്രീലങ്ക ഇന്ന് ആഭ്യന്തര തകർച്ചയുടെ നടുവിലാണ്. ലോകത്തെ ഏറ്റവും ഭീകരമായിരുന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ പോരാട്ട കേന്ദ്രവും ദശകങ്ങളായി നിലനിന്നിരുന്ന ആഭ്യന്തര യുദ്ധവും ശ്രീലങ്കൻ തമിഴരുടെ കൂട്ടക്കൊലയുമൊക്ക കണ്ട മണ്ണ്. ടൂറിസവും അരി, തേയില കൃഷിയും പ്രവാസികളയയ്ക്കുന്ന പണവും മുഖ്യ വരുമാന മാർഗങ്ങളായിരുന്ന, വെറും 2.2 കോടി ജനങ്ങൾ മാത്രമുള്ള ഈ രാജ്യം അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്തത്ര വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ്.

സ്ഥിതി വഷളായിക്കൊണ്ടിരിക്കെ ശ്രീലങ്കയിൽനിന്ന് പലായനംചെയ്ത ആറ് അഭയാർഥികൾ തമിഴ്‌നാട്ടിലെത്തി. രാമേശ്വരത്തിനു സമീപം ദ്വീപിൽ കുടുങ്ങിയ മൂന്നു കുട്ടികളടക്കം ആറ് ശ്രീലങ്കൻ പൗരന്മാരെയാണ് ഇന്ത്യൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി രാമേശ്വരത്തെത്തിച്ചത്.ഭർത്താവും ഭാര്യയും നാലുമാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുമാണ് അഭയാർഥികളായുള്ളത്. ശ്രീലങ്കയിൽനിന്ന് ബോട്ടിൽ രക്ഷപ്പെട്ടതായിരുന്നു ഇവർ. ഇന്ത്യൻ തീരസംരക്ഷണസേനയുടെ നിയന്ത്രണത്തിലുള്ള അരിചാൽമുന്നയിലെ ദ്വീപിൽ ബോട്ടുകാരനാണ് ഇവരെ ഇറക്കിയത്.

ശ്രീലങ്കയിൽ ഭക്ഷണത്തിനുവരെ ക്ഷാമം നേരിടുന്നുണ്ടെന്നും പട്ടിണിയുടെ വക്കിലെത്തിയപ്പോഴാണ് പലായനം ചെയ്തതെന്നും ഇവർ അറിയിച്ചതായി തീരസംരക്ഷണസേനാ വൃത്തങ്ങൾ പറഞ്ഞു. യാത്രക്കൂലിയായി 50,000 രൂപ നൽകിയതായി അഭയാർഥികൾ പറഞ്ഞു.ശ്രീലങ്കയിൽ നിന്ന് ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ഒട്ടേറെപ്പേർ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. തീരസംരക്ഷണസേനയുടെ ബോട്ട് ഉപയോഗിച്ചാണ് അഭയാർഥികളെ രക്ഷിച്ചത്. ക്യാമ്പിലെത്തിച്ച് ഭക്ഷണം നൽകിയശേഷം പൊലീസിനു കൈമാറി. തുടർന്ന് ഇവരെ മണ്ഡപം ശ്രീലങ്കൻ അഭയാർഥിക്യാമ്പിലേക്കു മാറ്റി.

സാമ്പത്തികപ്രതിസന്ധിയിൽ കൂപ്പുകുത്തി ശ്രീലങ്കയിലെ ജനജീവിതം താറുമാറായിരിക്കുകയാണ്. അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്.ഗത്യന്തരമില്ലാത്ത അവസ്ഥയിൽ പല അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതരായതാണ് ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചത്.പാചകവാതകം സിലിൻഡറിന് 1,359 രൂപയാണിപ്പോൾ (ഇന്ത്യൻ രൂപ) വില. വൈദ്യുതനിലയങ്ങൾ അടച്ചു. ഇന്ധനമില്ലാത്തതിനാൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.

പെട്രോൾ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ് വില. ഒരു ലിറ്റർ പാലിന് 263 രൂപയും ഒരു കിലോ അരിക്ക് 448 രൂപയുമായി.അസംസ്‌കൃത എണ്ണയുടെ ശേഖരം തീർന്നതോടെ ഏക സംസ്‌കരണശാല പൂട്ടി. ചോദ്യം അച്ചടിക്കാനുള്ള കടലാസിന്റെയും മഷിയുടെയും ക്ഷാമംമൂലം സ്‌കൂൾ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റി.വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണം ഏർപ്പെടുത്തി. പമ്പുകൾക്കുമുന്നിലെത്തിയ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ പട്ടാളത്തെ ഇറക്കി.

വിദേശനാണ്യശേഖരത്തിലെ പ്രതിസന്ധിയാണ് രാജ്യത്തിന് വലിയ തിരിച്ചടിയായത്. കരയേറാൻ ചൈനയും ഇന്ത്യയുമുൾപ്പെടെയുള്ള രാജ്യങ്ങളോട് സഹായം തേടിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധകാലത്തുപോലും കാണാത്ത പ്രതിസന്ധിയാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങി.സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെയാണ് രാജ്യത്ത് പണപ്പെരുപ്പം വർധിച്ചത്. ഇതോടെ അവശ്യസാധനവില കുതിച്ചുയർന്നു.

ഏതാനും വർഷമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും സംതുലിതാവസ്ഥയിലല്ല. കയറ്റുമതി കുറയുകയും ഇറക്കുമതി വർധിക്കുകയും ചെയ്തത് വിദേശനാണ്യശേഖരത്തെ ബാധിച്ചു. കോവിഡ് പ്രതിസന്ധിയിൽ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. വിദേശനാണ്യശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണ് രാജ്യം. 700 കോടി ഡോളറോളമാണ് കടം. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി നവംബറോടെയാണ് രൂക്ഷമായത്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായ വിനോദസഞ്ചാരവ്യവസായം കോവിഡിൽ തകർന്നത് വീഴ്ചയ്ക്ക് ആക്കംകൂട്ടി.

അതേസമയം ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരെ കണ്ട് രാജ്യത്തിന്റെ അവസ്ഥ വിശദമാക്കിയിരുന്നു. ശ്രീലങ്കൻ ധനമന്ത്രി ഡിസംബർ മുതൽ രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. അതായത്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മോശമായിരുന്ന ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരു രാജ്യങ്ങളും തുടങ്ങിയിട്ടുണ്ട്, ഒപ്പം ശ്രീലങ്കയെ ചൈനീസ് പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമവും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP