Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊലപാതകിയായ സ്വേഛാധിപതി എന്ന് ബൈഡൻ വിളിച്ചതിൽ കോപിച്ച് പുടിൻ; അമേരിക്കൻ അംബാസിഡറെ വിളിച്ച് താക്കീത് ചെയ്തു; സമാധാന കരാർ അംഗീകരിക്കുന്നത് റഫറണ്ടം നടത്തിയ ശേഷമെന്ന് സെലെൻസ്‌കി; സമാധാന ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല; റഷ്യൻ-യുക്രെയിൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ?

കൊലപാതകിയായ സ്വേഛാധിപതി എന്ന് ബൈഡൻ വിളിച്ചതിൽ കോപിച്ച് പുടിൻ; അമേരിക്കൻ അംബാസിഡറെ വിളിച്ച് താക്കീത് ചെയ്തു; സമാധാന കരാർ അംഗീകരിക്കുന്നത് റഫറണ്ടം നടത്തിയ ശേഷമെന്ന് സെലെൻസ്‌കി; സമാധാന ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല; റഷ്യൻ-യുക്രെയിൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: യുക്രെയിൻ പ്രതിസന്ധി ആരംഭിച്ചതുമുതൽ തന്നെ റഷ്യ-അമേരിക്ക ബന്ധം വഷളാകാൻ തുടങ്ങിയതാണ്. ദിവസം പ്രതി അത് കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയുമാണ്. ഈ എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്ളാഡിമിർ പുടിനെ കുറിച്ച് നടത്തിയ പരാമർശം. കൊലയാളിയായ സ്വേഛാധിപതി എന്നായിരുന്നു ജോ ബൈഡൻ പുടിനെ വിശേഷിപ്പിച്ചത്.

ഇതിന്റെ പ്രതികരണമെന്നോണം റഷ്യയിൽ അമേരിക്കൻ അംബാസിഡറെ നേരിട്ട് വിളിപ്പിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ഇത്തരത്തിലുള്ള പരാമർശങ്ങൾ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ഒഴിവാക്കുന്നതിലേക്ക് പോലും നയിച്ചേക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് ഒട്ടും ചേരാത്ത വിലകുറഞ്ഞ പരമർശങ്ങളാണ് അമേരിക്കൻ പ്രസിഡണ്ടിന്റേതെന്ന് അമേരിക്കൻ അംബാസിഡർ ജോൺ സള്ളിവനെ അറിയില്ല റഷ്യൻ വിദേശകാര്യ വക്താവ്, അമേരിക്കയും റഷ്യയുമായുള്ള ബന്ധം സുഗമമായി പോകുന്നതിന് ഇത്തരത്തിലുള്ള പരാമർശങ്ങൾ വിഘാതം സൃഷ്ടിക്കുമെന്നും പറഞ്ഞു.

പുടിൻ കൊലായളിയായ സ്വേഛാധിപതിയാണെന്നും, യുക്രെയിൻ ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു തെമ്മാടിയാണെന്നും ആയിരുന്നു കഴിഞ്ഞയാഴ്‌ച്ച ബൈഡൻ പുടിനെ പറ്റി പറഞ്ഞത്. നേരത്തേ പുടിൻ ഒരു യുദ്ധ കുറ്റവാളിയാണെന്നും ബൈഡൻ ആരോപിച്ചിരുന്നു. അന്നും റഷ്യ ആ പ്രസ്താവനക്കെതിരെ പ്രതികരിച്ചിരുന്നെങ്കിലും, ഇതുപോലെ നയതന്ത്ര പ്രതിനിധിയെ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞിരുന്നില്ല. അമേരിക്കൻ സ്ഥാനപതിയെ നേരിട്ട് വിളിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു എന്നതിന്റെ സൂചനയായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

ഈ ആഴ്‌ച്ച നാറ്റോയുടെ ഒരു പ്രത്യേക യോഗത്തിൽ പങ്കെടുക്കാനായി ബൈഡൻ ബ്രസ്സൽസിൽ എത്താനിരിക്കെയാണ് ഈ സംഭവവികാസം എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ബ്രസല്സ്സിൽ എത്തുന്ന ബൈഡൻ നാറ്റോ യോഗത്തിനു ശേഷം പോളണ്ടും സന്ദർശിക്കും. പോളിഷ് പ്രസിഡണ്ട് ആൻഡ്രേജ് ഡുഡയുമായി കൂടിക്കാഴ്‌ച്ചയും നടത്തുന്നുണ്ട്. ഉപരോധത്തിൽ ഉറച്ചു നിൽക്കുന്നതിന് സഖ്യകക്ഷികളെ പ്രേരിപ്പിക്കുക കൂടിയാണ് ബൈഡന്റെ ബ്രസല്സ്സ് സന്ദർശനത്തിന്റെ ഉദ്ദേശം. ഇതിലൂടെ റഷ്യയെ പൂർണ്ണമായും തകർക്കാൻ കഴിയും എന്നുതന്നെയാണ് അമേരിക്ക കരുതുന്നത്.

ബ്രസൽസ് സന്ദർശനത്തിനു മുന്നോടിയായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി ബൈഡൻ ടെലിഫോൺ സംഭാഷണം നടത്തി. ഇവരെല്ലാവരും നാറ്റോയുടെ യോഗത്തിലും പങ്കെടുക്കും. യുക്രെയിൻ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നാറ്റോയ്ക്ക് പുറമെ ജി 7 ഉച്ചകോടിയും നടക്കുന്നുണ്ട്. അതിലും ബൈഡൻ പങ്കെടുക്കുന്നുണ്ട്. അതിനൊപ്പം ഇതേകാര്യത്തിനായി വിളിച്ചു ചേർക്കുന്ന യൂറോപ്യൻ യൂണിയൻ യോഗത്തിലും ബൈഡൻ പങ്കെടുത്തേക്കും.

യുക്രെയിനിലേക്ക് ഒരു അന്താരാഷ്ട്ര സമാധാന സേനയെ അയയ്ക്കണമെന്ന് നാറ്റോ യോഗത്തിൽ പോളണ്ട് ആവശ്യപ്പെട്ടേക്കും. ഏറ്റവും അധികം യുക്രെയിൻ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യമാണ് പോളണ്ട്. എന്നാൽ, ഇത്തരമൊരു നിർദ്ദേശത്തോട് ബൈഡൻ യോജിക്കാൻ ഇടയില്ല. യുക്രെയിൻ മണ്ണിൽ നേരിട്ടൊരു പോരാട്ടത്തിന് അമേരിക്കയില്ല എന്ന് നേരത്തേ ബൈഡൻ വ്യക്തമാക്കീയിട്ടുള്ളതാണ്.

അതേസമയം, റഷ്യൻ-യുക്രെയിൻ സമാധാന ചർച്ചകൾ എങ്ങുമെത്താതെ നീളുകയാണ്. ഇതിന് പൂർണ്ണമായും ഉത്തരവാദി റഷ്യയാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. തികച്ചും ഏകപക്ഷീയ മായ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച റഷ്യ കടുംപിടുത്തം ഉപേക്ഷിച്ചാൽ മാത്രമേ ചർച്ചകൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകൂ എന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു.

എന്നാൽ, റഷ്യയുമായി ഏത് കരാർ ഉണ്ടാക്കുമെങ്കിലും അത് റഫറണ്ടം നടത്തി ജനങ്ങളുടെ അംഗീകാരം നേടിയതിനു ശേഷം മാത്രമായിരിക്കുമെന്ന് യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കിയും പ്രസ്താവിച്ചു. ഇപ്പോൾ സമ്മതിക്കുന്ന ഏതൊരു നിബന്ധനയും ഭാവിയെ ബാധിക്കുന്നതായിരിക്കും. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗ രാഷ്ട്രങ്ങൾ നാറ്റോയെ ഭയക്കുന്നതിനാൽ യുക്രെയിനെ നാറ്റോയിൽ അംഗമാക്കുകയില്ല എന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.എന്നാൽ, മറ്റു സുരക്ഷാ ഉറപ്പുകൾ യുക്രെയിന് ആവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP