Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെസിയും അലങ്കാറും പറയുന്നത് മാത്രം കേൾക്കുന്ന രാഹുൽ; ഡ്രൈവറുടെ ഉപദേശം തേടുന്ന നേതാവ് വീണ്ടും അധ്യക്ഷനാകും; ജി 23യുടെ സമ്മർദ്ദത്തിൽ ജനറൽ സെക്രട്ടറി സ്ഥാനം പോയാലും താക്കോൽ സ്ഥാനത്ത് വേണുഗോപാൽ തുടരും; കോൺഗ്രസിനെ 'ചിലർ' നശിപ്പിക്കുന്ന കഥ

കെസിയും അലങ്കാറും പറയുന്നത് മാത്രം കേൾക്കുന്ന രാഹുൽ; ഡ്രൈവറുടെ ഉപദേശം തേടുന്ന നേതാവ് വീണ്ടും അധ്യക്ഷനാകും; ജി 23യുടെ സമ്മർദ്ദത്തിൽ ജനറൽ സെക്രട്ടറി സ്ഥാനം പോയാലും താക്കോൽ സ്ഥാനത്ത് വേണുഗോപാൽ തുടരും; കോൺഗ്രസിനെ 'ചിലർ' നശിപ്പിക്കുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി എറ്റുവാങ്ങിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കോൺഗ്രസ്. ദീർഘകാലം ഇന്ത്യയെ ഭരിച്ച പാർട്ടിയാണ്. പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷേ നിലവിൽ പാർട്ടിക്കുള്ളിലെ സംഘടനാ സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന വീഴ്ചകളാണ് പാർട്ടിയെ ശിഥിലമാക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകുമെന്ന വിലയിരുത്തലും സജീവം. അങ്ങനെ വന്നാൽ കോൺഗ്രസ് വീണ്ടും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകും. ഇപ്പോൾ പാർട്ടിയെ നയിക്കുന്ന കോക്കസുകൾ വീണ്ടും പിടിമുറുക്കും.

കോൺഗ്രസിനെ നയിക്കാനുള്ള നേതൃഗുണം ഇല്ലെന്ന് പലതവണ ബോധ്യമായിട്ടും രാഹുൽ ഗാന്ധിയെ നേതൃത്വത്തിൽ നിലനിർത്താനാണ് എന്നാൽ ഇപ്പോഴും ഒരു പ്രബല വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിക്കുന്നവരുടെ നേതാവാണ് കെ സി വേണുഗോപാലാണ്. കെ സി വേണുഗോപാൽ എന്ന നേതാവിനെ പോലെ രാഹുൽ ഗാന്ധിക്ക് ഒരു ഡ്രൈവറുണ്ട് അലങ്കാർ എന്ന പേരിൽ. ഈ രണ്ട് പേർ പറയുന്നതല്ലാതെ മറ്റൊന്നും രാഹുൽ ഗാന്ധി കേൾക്കുകയില്ല. വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന വാദവും സജീവമാണ്. കെസിയെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റണമെന്നതാണ് ജി 23 കൂട്ടായ്മയുടെ ആവശ്യം. മൂന്ന് മാസം കഴിഞ്ഞ് അത് സംഭവിക്കും. എന്നാൽ രാഹുൽ അധ്യക്ഷനായാൽ കെസിയാകും പൊളിട്ടിക്കൽ സെക്രട്ടറി. ഇതോടെ ചരട് വീണ്ടും കെസിയുടെ കൈയിൽ തന്നെ നിൽക്കും.

രാഹുൽ എന്തു ചെയ്യണമെങ്കിലും കെ സി വേണുഗോപാൽ പറയണം. അല്ലെങ്കിൽ രാഹുൽ വിശ്വസിക്കണമെങ്കിൽ അലങ്കാർ എന്ന ഡ്രൈവർ പറയണം. ഈ സാഹചര്യത്തിൽ കോൺഗ്രസ് രക്ഷപ്പെടുത്തി എടുക്കാൻ വലിയ പ്രയാസമാണ്. കാരണം കോൺഗ്രസിന്റെ യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ രാഹുലിന് ഒപ്പം നിൽക്കുന്നവർ ശ്രമിക്കില്ല. അവർക്ക് അതിനുള്ള താൽപര്യമോ കഴിവോ ഇല്ല. കെ സി വേണുഗോപാലിന് കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി തുടരണമെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്ത് തുടരണം. രാഹുൽ ഗാന്ധിയോട് മാറി നിൽക്കാൻ പറയാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. ജി 23 നേതാക്കൾ കോൺഗ്രസിനെ രക്ഷിക്കാൻ രംഗത്ത് വന്നതാണ്. പക്ഷെ പാർട്ടിയിൽ മാറ്റത്തിന് വഴിയൊരുക്കാൻ തടസ്സമായി കെ സി വേണുഗോപാലിനെപ്പോലുള്ള നേതാക്കൾ തുടരുകയാണ്. കെ സി വേണുഗോപാൽ പിടിമുറുക്കിയിരിക്കുന്നിടത്തോളം കാലം കോൺഗ്രസിനെ ശരിയാക്കിയെടുക്കാൻ പ്രയാസമാണെന്ന് ഈ കൂട്ടായ്മയും വിലയിരുത്തുന്നു.

ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഏകകക്ഷി ഭരണം നല്ലതല്ല. ഏകാധിപത്യ ഭരണം നല്ലതല്ല. ബിജെപി അധികാരം നിലനിർത്തി മുന്നോട്ട് പോകുമ്പോഴും സംഘപരിവാർ പ്രവർത്തകർ അടക്കം കോൺഗ്രസ് തകരരുത് എന്നാണ് ആഗ്രഹിക്കുന്നത്. ഒരു ബദൽ രാഷ്ട്രീയ പാർട്ടി സജീവമായി ഉള്ളതാണ് ജനാധിപത്യ സംവിധാനത്തിൽ നല്ലത് എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാൽ മാത്രമെ തെറ്റുവരുത്താതെ, അഴിമതി കൂടാതെ, ജനകീയ നടപടികളിലൂടെ, സദ് ഭരണത്തിലൂടെ സർക്കാർ സംവിധാനം മുന്നോട്ട് പോകു എന്ന് സംഘപരിവാർ പ്രവർത്തകർ അടക്കം രാജ്യത്തെ എല്ലാ ജനങ്ങൾക്കും അറിയാം. അതുകൊണ്ട് കോൺഗ്രസ് തകർന്നടിയുന്നതിൽ രാജ്യതാൽപര്യം മുൻനിർത്തി വിഷയങ്ങളെ പരിശോധിക്കുന്ന എല്ലാവർക്കും വിഷമകരമായ കാര്യമാണ്.

എതിർ ചേരിയിൽപ്പെട്ടവർ പോലും കോൺഗ്രസ് നിർജീവമായി മാറുന്നതിന് ഏറെ വേദനയോടെയാണ് നോക്കിക്കാണുന്നത്. അപ്പോൾ പിന്നെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം പറയേണ്ടതില്ലെല്ലോ, കോൺഗ്രസിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുകയും ആദർശത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് നിലവിലെ സാഹചര്യം ഏറെ വേദനാജനകമാണ്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണം എന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ ആ വിശ്വാസം ഒന്നും അവരെ രക്ഷിക്കുകയില്ല എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കോൺഗ്രസിലെ നിലവിലെ സാഹചര്യങ്ങൾ അത്രകണ്ട് ശുഭകരമല്ല എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. സാധാരണ പ്രവർത്തകർ മറ്റ് എന്തെങ്കിലും ബദൽ രാഷ്ട്രീയ സംവിധാനം നോക്കുന്നതാണ് നല്ലത്, കോൺഗ്രസിന് ഇനിയൊരു ഉയർത്തെഴുനേൽപ്പ് സാധ്യമല്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്.

കോൺഗ്രസിന് ഇനി എന്തെങ്കിലും രക്ഷ നേടണമെങ്കിൽ പതിയെ പതിയെ അഞ്ച് വർഷം കൊണ്ട് ജനാധിപത്യ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി നെഹ്റു കുടുംബം പാർട്ടിയുടെ പദവികളിൽ നിന്നും ഒഴിയണം. അതിനായി കോൺഗ്രസിന്റെ ഹൈക്കമാന്റ് എന്ന് പറയുന്ന സംവിനാധം ഇല്ലാതാകണം. സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നൽകി പാർട്ടിയെ കൂടുതൽ ജനാധിപത്യ രീതിയിൽ ശക്തിപ്പെടുത്തേണ്ടതാണ്. കേരളത്തിൽ കോൺഗ്രസിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുവരാൻ ഒരു പ്രയാസവുമില്ല. പക്ഷേ അതിനായി കെ സി വേണുഗോപാലിന്റെ ഇടപെടലുകൾ അവസാനിപ്പിച്ച് സുധാകരൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾ പരിഗണിക്കപ്പെടണം. സുധാകരൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും പ്രതിപക്ഷ നേതാവിനെയും പരിഗണച്ചുകൊണ്ട് നിർണായക തീരുമാനങ്ങൾ പൊതുസമ്മതിയോടെ നടപ്പാക്കട്ടെ. അതിനിടയിൽ ഹൈക്കമാന്റ് എന്ന നിലയിൽ മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടാകാൻ പാടില്ല.

സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടേയും പൊതുജനങ്ങളുടേയും പൾസ് അറിയാവുന്ന കെ സുധാകരനും വി ഡി സതീശനും മുന്നിൽ നിന്ന് പാർട്ടിയുടെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പാക്കട്ടെ. ഹൈക്കമാന്റിന്റെ പിടി ഒഴിവാക്കുകയാണ് വേണ്ടത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറെ കെട്ടിയിറക്കിയത്. വിഷയത്തിൽ തീരുമാനം എടുക്കേണ്ടിയിരുന്നത് സംസ്ഥാനത്തെ നേതൃത്വമായിരുന്നു. കെ സുധാകരനും വി ഡി സതീശനും മുതർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും ഉൾപ്പെടുന്ന നേതൃത്വമായിരുന്നു തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത്. പക്ഷേ തീരുമാനം എടുത്തത്. ഹൈക്കാമാന്റ് എന്ന പേരിൽ കെ സി വേണുഗോപാൽ ആയിരുന്നു. ഇത്തരത്തിൽ ഉള്ള ഇടപെടലുകൾ ഉണ്ടാകുന്ന കാലത്തോളം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ക്ഷയിക്കും. പിന്നാക്കം പോകും.

അഹങ്കാരം, സ്വജനപക്ഷപാദം, അഴിമതി. ഗ്രൂപ്പു വഴക്കും, തമ്മിൽ തല്ലും ഒക്കെ കോൺഗ്രസിന്റെ നിലവിലെ തകർച്ചയ്ക്ക് കാരണമെങ്കിൽ പാർട്ടിയുടെ മുന്നോട്ടുള്ള ഭാവിയെ പ്രതിസന്ധിയിലാക്കുന്നത് സംഘടനാ സംവിധാനത്തിലെ പാകപ്പിഴകളാണ്. ഈ അവസരം കൃത്യമായി മുതലെടുക്കാൻ ബിജെപി സംഘപരിവാർ സംഘടനകൾക്ക് മുതലെടുക്കാൻ സാധിച്ചത് വെറും ഭാഗ്യം കൊണ്ടല്ല. നേരെ മറിച്ച് അവരുടെ കഠിന പ്രവർത്തനങ്ങൾ കൊണ്ടാണ്. കോൺഗ്രസിന്റെ അപചയവും കുഴപ്പങ്ങളും ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു. അതോടൊപ്പം ബിജെപി അവരുടെ അജണ്ട മുന്നോട്ട് വയ്ക്കുന്നു. അതിനായി അവർ കഠിന പ്രവർത്തനം ചെയ്യുന്നു.

കഴിഞ്ഞ പത്ത് വർഷമായി ഈ കഠിന പ്രയത്നം അവർ തുടരുകയാണ്. തുടർ ഭരണം ഉണ്ടായിട്ടും അഹങ്കാരം കാണിക്കാതെ, കഠിനാധ്വാനം ഇപ്പോഴും തുടരുകയാണ്. അവർക്ക് ഉയർത്തിക്കാട്ടാൻ മോദി എന്ന് പറയുന്ന ഒരു ബ്രാൻഡുണ്ട്, അമിത് ഷാ എന്ന് പറയുന്ന ചാണക്യനുണ്ട്. യുപി തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിലൂടെ യോഗി ആധിത്യനാഥ് കൂടി ഈ ഗണത്തിലേക്ക് വരുന്നു. ഇവർക്ക് അപ്പുറത്തേക്ക് വിപുലമായ ഒരു സംഘടനാ സംവിധാനവും നേതൃനിരയും അവർ രൂപപ്പെടുത്തിയിരിക്കുന്നു. കഠിന പ്രയത്നം ചെയ്യുന്നു മുന്നോട്ട് പോകുന്നു.

കോൺഗ്രസ് ഇത്രയേറെ പ്രതിസന്ധികൾ നേരിട്ടിട്ടും അടിമുടി തകർന്നടിഞ്ഞിട്ടും ഒരു തിരുത്തലിനും തയ്യറാകുന്നില്ല. സംഘടനാ സംവിധാനം വിപുലപ്പെടുത്തുന്നില്ല. കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയോടൊപ്പം ഒരുമിപ്പിച്ച് നിർത്താൻ ഒന്നും ചെയ്യുന്നില്ല. എന്താണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. കോൺഗ്രസ് വലിയൊരു ആൾക്കൂട്ടം മാത്രമാണ്. കോൺഗ്രസിന് ഒരു സംഘടനാ സംവിധാനമില്ല. നേതൃത്വമില്ലായ്മയാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പാർട്ടിയുടെ പേരിൽ ആൾക്കൂട്ടമുണ്ട്. എന്നാൽ കൃത്യമായ സംഘടനാ സംവിധാനമില്ല. നേതാവില്ല. ബിജെപിക്ക് മോദിയും അമിത് ഷായും യോഗിയും അടക്കം നൂറു കണക്കിന് നേതാക്കൾ മുന്നിൽ നിൽക്കാൻ ഉള്ളപ്പോൾ ഒരു നേതാവ് പോലും ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് അധപതിച്ചിരിക്കുന്നു.

കോൺഗ്രസ് എപ്പോഴും ആശ്രയിച്ചിരുന്നതും ഏകോപ്പിച്ച് നിർത്തിയിരുന്നതും നെഹ്റു കുടുംബമാണ്. കോൺഗ്രസിന്റെ തുടക്കം മുതൽ ആ കുടുംബാധിപത്യം തുടർന്നു പോരുകയായിരുന്നു. ആ കുടുംബത്തിൽ പാർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാൾക്ക് കഴിവും പ്രാപ്തിയും ഉണ്ടായാൽ മുന്നോട്ട് പോകും. സോണിയഗാന്ധി എന്ന ഇറ്റലിക്കാരിക്ക് പോലും ഈ മിടുക്ക് ഉണ്ടായിരുന്നു. അത് തന്റെ ഭർത്താവായ രാജീവ് ഗാന്ധിയിൽ നിന്ന് പഠിച്ചതാവാം. എന്നാൽ രാഹുൽ ഗാന്ധി എന്ന നേതാവിലേക്ക് പാർട്ടിയുടെ നേതൃത്വം എത്തിയപ്പോൾ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കാരണം അദ്ദേഹത്തിന് യാതൊരു വിധത്തിലുമുള്ള നേതൃഗുണവുമില്ല. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം രാഹുൽ ഗാന്ധിക്ക് നേതൃഗുണം ഇല്ലാത്തതാണ്.

രാഹുലിന് നേതൃഗുണം ഉണ്ടാക്കി എടുക്കാനോ കാര്യങ്ങൾ ബോധ്യപ്പെടുത്തി എടുക്കാനോ, പ്രതിപക്ഷത്തിനെ ഒരുമിപ്പിച്ച് നിർത്താനോ ബിജെപിക്ക് ബദൽ ആകാനോ സാധ്യമല്ല. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശിൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. പക്ഷേ ആ പരീക്ഷണം സമ്പൂർണമായി പരാജയപ്പെട്ടു. അതായത് സോണിയ ഗാന്ധിയിൽ അവസാനിക്കുകയാണ് നെഹ്റു കുടുംബത്തിന്റെ അഥവാ ഗാന്ധി കുടുംബത്തിന്റെ പാർട്ടിയിലെ ആധിപത്യം.

ഇനി രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി മുന്നോട്ട് പോയാൽ കോൺഗ്രസ് തകർന്നടിയും. രക്ഷപ്പെടാൻ കഴിയില്ല. അപ്പോൾ ജനാധിപത്യ രീതിയിലേക്ക് മാറ്റുക ഗാന്ധികുടുംബത്തെ മാറ്റി നിർത്തുക എന്ന പരീക്ഷണത്തിന് ഇറങ്ങിയാലും പ്രയാസമാണ്. കാരണം ഏകോപിപ്പിച്ചുകൊണ്ടിരുന്ന ഈ ഘടകം ഇല്ലാതാകുമ്പോൾ സ്വാഭാവികമായും ഈ നെഹ്റു കുടുംബമില്ലാത്ത കോൺഗ്രസ് വലിയ ഭിന്നിപ്പിലേക്ക് മാറും. നെഹ്റു കുടുംബം തുടർന്നാൽ രാഹുൽ ഗാന്ധിയുടെ പിടിപ്പുകേട് കൊണ്ട് രക്ഷപ്പെടാതെ പോകും. നെഹ്റു കുടുംബം മാറി നിന്നാൽ കോൺഗ്രസിലെ തമ്മിൽ തല്ലൽ സംവിധാനം കൊണ്ട് മുമ്പോട്ട് പോകാൻ സാധിക്കാതെ വരും. പ്രതിസന്ധി വരും. ആകെയുള്ള പരിഹാരം നെഹ്റു കുടുംബം പിടിവിടാതെ എന്നാൽ നേതൃത്വത്തെ ജനാധിപത്യ രീതിയിലേക്ക് മാറ്റുക എന്നതാണ്.

അതായത് അധികാരത്തിൽ നിന്നും നെഹ്റു കുടുംബം മാറി നിൽക്കുക, എന്നാൽ കോൺഗ്രസിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെട്ട് മുന്നോട്ട് കൊണ്ടുപോകുക. വ്യക്തി താൽപര്യമെന്ന നിലയ്ക്കല്ലാതെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ശൈലിയിലേക്ക് മാറ്റുക എന്നതാണ്. അധികാരം ജനാധിപത്യ പ്രകൃയയിലേക്ക് മാറ്റുക അതേ സമയം നെഹ്റു കുടുംബത്തിന്റെ പിന്തുടർച്ച പാർട്ടിയിൽ ഉണ്ടായിരിക്കുകയും ചെയ്യുക. അഞ്ച് വർഷം കൊണ്ട് അവർ പൂർണമായും പിന്മാറുക. അപ്പോഴേക്കും കോൺഗ്രസിന്റെ സംഘടനാ സംവിധാനം കൂടുതൽ രൂപപ്പെടും. പൊടുന്നനെ ഞങ്ങൾ ഇല്ലാ എന്ന് പറഞ്ഞ് നെഹ്റു കുടുംബം ഇട്ടെറിഞ്ഞ് പോയാൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലാകും. ഞങ്ങൾ തന്നെ നയിക്കും എന്ന് പറഞ്ഞ് നെഹ്റു കുടുംബം തുടർന്നാലും കോൺഗ്രസ് നശിച്ചു പോകും.

ഇതിന് പരിഹാരം കാണണമെങ്കിൽ കെ സി വേണുഗോപാൽ ഉൾപ്പെടുന്ന നേതൃനിര മാറേണ്ടതുണ്ട്. അല്ലാത്ത പക്ഷം കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഒന്നൊന്നായി പാർട്ടി വിട്ട് പോകുന്നത് സമീപ ഭാവിയിൽ കാണേണ്ടി വരും. ആദ്യം പോകുന്നത് ഒരു പക്ഷെ ഗുലാം നബി ആസാദായിരിക്കും. പിന്നാലെ കബിൽ സിബലും പാർട്ടി വിട്ടു പോയേക്കാം. ശശി തരൂർ പോലും മനസ്സില്ലാ മനസ്സോടെ കോൺഗ്രസ് വിടുന്നത് കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP