Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുടിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ റഷ്യൻ സേനയൊരുങ്ങുമോ? വിഷം കൊടുത്തു പുടിനെ കൊല്ലാൻ റഷ്യൻ പട്ടാളത്തിന്റെ പദ്ധതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; റഷ്യയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു; പിടിക്കപ്പെട്ട പട്ടാളക്കാരുടെ കരച്ചിൽ വൈറൽ

പുടിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ റഷ്യൻ സേനയൊരുങ്ങുമോ? വിഷം കൊടുത്തു പുടിനെ കൊല്ലാൻ റഷ്യൻ പട്ടാളത്തിന്റെ പദ്ധതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; റഷ്യയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു; പിടിക്കപ്പെട്ട പട്ടാളക്കാരുടെ കരച്ചിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ പ്രമാണിമാരും ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ചേർന്ന് പുടിനെ വിഷം കൊടുത്തുകൊന്ന് മറ്റൊരു പാവ സർക്കാരിനെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. റഷ്യയിലെ വളരെയേറെ സ്വാധീനമുള്ള ചില വ്യക്തികളാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസി പറയുന്നത്. ഉപരോധങ്ങളെല്ലാം നീക്കി പാശ്ചാത്യ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പഴയപടി തുടരുക എന്നതാണ് അവരുടെ ഉദ്ദേശ്യമെന്നും പറയുന്നു.

അത്തരമൊരു നടപടി ഉണ്ടായാൽ, റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ് എസ് ബിയുടെ തലവൻ ഒലേക്സാൻഡർ ബോർട്നിക്കോവ് ആയിരിക്കും പുടിന് പകരമെത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രസിഡണ്ട് ആകുന്നതിനു മുൻപ് പുടിനും രഹസ്യാന്വേഷണ ഏജൻസിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മാത്രമല്ല ബോർട്നിക്കോവും പുടിനും ഒരുമിച്ച് ലെനിൻഗ്രാഡിൽ കെ ജി ബിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുമുണ്ട്.

യുക്രെയിൻ അധിനിവേശത്തേ തുടർന്നുണ്ടായ ഉപരോധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയാണ് ഇവരെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിഷം നൽകുകയോ, അല്ലെങ്കിൽ പെട്ടെന്ന് ഒരു മാരകരോഗം പിടിപെടുകയോ ഒക്കെയാകും ചെയ്യുക എന്നും യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റേതെങ്കിലും തരത്തിലുള്ള ഒരു ആകസ്മിക മരണവും ആകാം അത്.

എളുപ്പത്തിൽ ജയിച്ചു മടങ്ങാം എന്നുള്ള പ്രതീക്ഷയിൽ ആരംഭിച്ച യുദ്ധം എങ്ങുമെങ്ങും എത്താതെ പോകുന്നതിൽ അരിശം പൂണ്ട് പുടിൻ ബോർട്നികോവ് ഉൾപ്പടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ടാണ് ഇത്തരമൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നയിച്ചത് എന്നാണ് പുടിന്റെ വക്താക്കൾ പറയുന്നത്. യുക്രെയിൻ ജനതയുടെ വികാരങ്ങളും യുക്രെയിൻസൈന്യത്തിന്റെ ശക്തിയും മനസ്സിലാക്കുന്നതിൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഈ വാർത്തകളും കിംവദന്തികളുമൊക്കെ സൂചിപ്പിക്കുന്നത് റഷ്യൻ നേതൃത്വത്തിന്റെ കഴിവിൽ റഷ്യക്കാർക്ക് തന്നെ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണെന്ന് ചില പശ്ചാത്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. റഷ്യൻ നവ സമ്പന്നർക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. തികഞ്ഞ ആഡംബര ജീവിതം നയിച്ചിരുന്ന പലരും തെരുവിലിറങ്ങുന്ന അവസ്ഥ വന്നിരിക്കുന്നു. അവരുടെ അടുത്ത തലമുറ സമൂഹമാധ്യമങ്ങളിൽ കൂടി പുടിനെതിരെ രംഗത്ത് വന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

എണ്ണത്തിൽ കുറവാണെങ്കിലും റഷ്യൻ സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വിഭാഗം തീർച്ചയായും ഗൂഢാലോചനയുമായി ഇറങ്ങിയിരിക്കാം എന്നു തന്നെയാണ് പല പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. യുദ്ധക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നത് യുക്രെയിൻ ആണെങ്കിലും, ഉപരോധം മൂലം ഏതാണ്ട് തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് റഷ്യയും. ഇത് സാധാരണക്കാരിലും സർക്കാർ വിരുദ്ധ മനോഭാവം ഉണ്ടാക്കിയിട്ടുണ്ട്.

റഷ്യയ്ക്ക് നാണക്കേടായി മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെടുന്നു

നഷ്ടങ്ങളുടെ കണക്കുകൾ മാത്രം രേഖപ്പെടുത്താനുള്ളതാണ് ഇതുവരെയുള്ള പുടിന്റെ യുദ്ധപുസ്തകത്തിലെ താളുകൾ. അതിലൊരു ഏടുകൂടി യുക്രെയിൻ കഴിഞ്ഞദിവസം എഴുതിച്ചേർത്തു. റഷ്യയുടെ കരിങ്കടൽ നാവികപ്പടയുടെ ഡെപ്യുട്ടീ കമാൻഡർ ആൻഡ്രി പാലിയ് വധിക്കപ്പെട്ടതായി യുക്രെയിൻ അവകാശപ്പെട്ടു. ആയിരക്കണക്കിന് സാധാരണ സൈനികരുടെ ജീവൻ നസ്സ്ടപ്പെടുന്നതിനു പുറമെയാണ് ഇപ്പോൾ റഷ്യയ്ക്ക് ഉന്നത സൈനിക ഉദ്യോഗസ്ഥരെ നഷ്ടപ്പെടുന്നതും.

331 പാരച്ചൂട്ട് റെജിമെന്റിന്റെ തലവൻ കേണൽ സെർജീ സുഖറേവ് മാർച്ച് 18 ന് കൊല്ലപ്പെട്ടിരുന്നു. അതിനു മുൻപേ മാർച്ച് 3 ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 150 മോട്ടോറൈസെഡ് റൈഫിൾ വിഭാഗം തലവർൻ മേജർ ജനറൽ ലേഗ് മിറ്റ്യെവ്, മേജർ ജനന്രൽ വിറ്റല്യ് ജെരസിമോവ് തുടങ്ങി മറ്റു പല ഉന്നത ഉദ്യോഗസ്ഥരും ഈ യുദ്ധത്തിൽ ജീവൻ വെടിഞ്ഞു. യുക്രെയിന് വേണ്ടി പോരാടാൻ എത്തിയ വിദേശികളുടെ ഒരു കൂട്ടത്തെ ആക്രമിക്കുന്നതിനിടയിലായിരുന്നു ഇപ്പോൾ പാലിയേയ്ക്ക് ജീവൻ നഷ്ടമായ്ത്. അദ്ദേഹത്തിന്റെ റഷ്യൻ സുഹൃത്ത് ഈ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റഷ്യൻ സൈന്യം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

പുടിനെ മാറ്റൂ ഞങ്ങളെ രക്ഷിക്കൂ.....കരഞ്ഞുവിളിച്ച് തടവുകാരാക്കപ്പെട്ട റഷ്യൻ പട്ടാളക്കാർ

യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട റഷ്യൻ പട്ടാളക്കാർ നാട്ടിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുന്നത് പുടിനെതിരെ ശബ്ദമുയർത്താനാണ്. തങ്ങളുടെ കൂട്ടുകാരിൽ പലരേയും കൂട്ടത്തോടെ ശവമടക്കുകയാണിവിടെ എന്നും അവർ പറയുന്നു. ഇന്റർഫാക്സ്-യുക്രെയിൻ എന്ന ന്യുസ് ഏജൻസി നടത്തിയ പത്രസമ്മേളനത്തിലാണ് ഒരു കൂട്ടം റഷ്യൻ പട്ടാളക്കാർ തങ്ങളുടെ സർക്കാരിനെതിരെ തിരിഞ്ഞത്. പൊട്ടിക്കരച്ചിലിന്റെ വക്ക് വരെ എത്തിയാണ് അവരിൽ പലരും തങ്ങളുടെ സർക്കാരിനോടുള്ള അതൃപ്തിയും എതിർപ്പും പ്രകടിപ്പിച്ചത്.

പുടിൻ ഒരു നുണയനാണ്, ഞങ്ങളെ ചതിച്ചവനാണ്... അതിലൊരു പട്ടാളക്കാരൻ രോഷത്തോടെ പ്രതികരിച്ചു. ഔദ്യോഗികമായി ഒരു യുദ്ധം പ്രഖ്യാപിക്കാതെയാണ് പുടിൻ നഗരങ്ങളും ആവാസകേന്ദ്രങ്ങും ആക്രമിച്ച് നിരവധി സാധാരണക്കാരെ കൊല്ലുന്നത് എന്നും അയാൾ പറഞ്ഞു. റഷ്യ ഇനിയെത്രെ സൈന്യത്തെ അയച്ചാലും യുക്രെയിനിനെ കീഴടക്കാൻ ആകില്ല എന്ന് ഈ പിടിക്കപ്പെട്ട പട്ടാളക്കാർ ഉറപ്പിച്ചു പറയുന്നു. യുദ്ധത്തിനനുകൂലമയി റഷ്യൻ സർക്കാർ നടത്തുന്ന പ്രചാരണങ്ങളെ അവഗണിക്കാനും അവർ നാട്ടുകാരോട് ആവശ്യപ്പെടുന്നു.

റഷ്യൻ സൈന്യത്തിന്റെ ഈ അധിനിവേശം നൂറ്റാണ്ടുകളോളം ഒരു കറുത്ത പാടായി റഷ്യയ്ക്ക് മേൽ ഉണ്ടാകുമെന്ന് പറഞ്ഞ അവരിലൊരാൾ ദുരന്തം വിതച്ച റഷ്യൻ പട്ടാളത്തിന്റെ പ്രതിനിധി എന്ന നിലയിൽ യുക്രെയിൻ ജനതയോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഏകദേശം 15,000 റഷ്യൻ സൈനികർ മരിച്ചതായും ഇവർ പറയുന്നുണ്ട്. ഈ പത്രസമ്മേളനത്തിന്റെ വീഡീയോ ദൃശ്യങ്ങൾ വൈറലാകുമ്പോഴും റഷ്യ ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP