Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൽജെഡി -ആർജെഡി ലയനം ഇന്ന്; ശരദ് യാദവിന്റെ ഡൽഹിയിലെ വസതിയിലെ ലയന ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കും; വേർപിരിഞ്ഞ് 25 വർഷങ്ങൾക്ക് ശേഷം ജനതാദൾ പാർട്ടികൾ ഒരുമിപ്പിന്റെ പാതയിൽ; വിട്ടുനിൽക്കാൻ എൽജെഡി കേരള ഘടകം

എൽജെഡി -ആർജെഡി ലയനം ഇന്ന്; ശരദ് യാദവിന്റെ ഡൽഹിയിലെ വസതിയിലെ ലയന ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കും; വേർപിരിഞ്ഞ് 25 വർഷങ്ങൾക്ക് ശേഷം ജനതാദൾ പാർട്ടികൾ ഒരുമിപ്പിന്റെ പാതയിൽ; വിട്ടുനിൽക്കാൻ എൽജെഡി കേരള ഘടകം

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തികളായിരുന്നു ജനതാദൾ പാർട്ടികൾ. സാക്ഷാൽ ഇന്ദിര ഗാന്ധിയെ പോലും വിറപ്പിച്ചവർ. പിന്നീട്, പിളർപ്പിന്റെ വഴിയെ പോയ ഈ പാർട്ടിക്ക് വീണ്ടും ഒരുമിപ്പിന്റെ വഴിയിലേക്ക് തിരിച്ചു വരികയാണ്. ഇതിന്റെ തുടക്കമെന്നോണം ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ന്യൂഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച രാവിലെ 11നാണ് ഔപചാരിക ലയന ചടങ്ങ്. ആർജെഡി നേതാവ് തേജസ്വി യാദവും പങ്കെടുക്കും.

ആർജെഡി എൽജെഡി ലയനത്തിൽ നിന്ന് എൽജെഡി കേരള ഘടകം വിട്ടുനിൽക്കുമെന്നു എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ അറിയിച്ചു. പാർട്ടി ദേശീയ നിർവാഹക സമിതിയിൽ ചർച്ച ചെയ്യാതെ ശരദ് യാദവ് ഏകപക്ഷീയമായാണു ലയനം പ്രഖ്യാപിച്ചതെന്നു സലിം മടവൂർ കുറ്റപ്പെടുത്തി. ശരദ് യാദവ് നിലവിൽ എൽജെഡിയിൽ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നില്ല. പാർട്ടി ദേശീയ സെക്രട്ടറി ജനറൽ സുശീല മൊറാലേയും ജനറൽ സെക്രട്ടറി ജാവേദ് റാസയും ലയന വിരുദ്ധ നിലപാടിലാണെന്നു സലിം മടവൂർ അവകാശപ്പെട്ടു. എൽെജഡി കേരള ഘടകത്തിന്റെ ഭാവി പരിപാടികൾ ആലോചിക്കാനായി സംസ്ഥാന കമ്മിറ്റി വൈകാതെ വിളിച്ചു ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശരദ് യാദവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനതാദൾ (യു) വിട്ടു എൽജെഡി രൂപീകരിച്ചപ്പോൾ ജെഡിയു രാജ്യസഭാംഗത്വവുമായി ബന്ധപ്പെട്ട കേസ് കാരണം ശരദ് യാദവ് എൽജെഡി ഭാരവാഹിത്വമേറ്റില്ല. പാർട്ടി അധ്യക്ഷ സ്ഥാനമേറ്റ ഭത്തേ സിങ് ശരദ് യാദവിനൊപ്പം ആർജെഡി ലയനത്തിന് അനുകൂല നിലപാടിലാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരദ് യാദവ് ആർജെഡി ടിക്കറ്റിൽ മത്സരിച്ചപ്പോൾ ആർജെഡിയിൽ ലയിക്കാമെന്ന ധാരണയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം ശരദ് യാദവ് ലയനക്കാര്യം നീട്ടിക്കൊണ്ടു പോയി. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളായിരുന്നു കാരണം. ലയനത്തിനു ശേഷം ശരദ് യാദവിനു ആർജെഡി രാജ്യസഭാംഗത്വം നൽകിയേക്കുമെന്നാണു സൂചന.

2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ശരദിന്റെ മകൾ സുഹാസിനി യാദവ് ബിഹാരിഗഞ്ച് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിളർന്ന് പല വഴി പിരിഞ്ഞ ജനതാദൾ പാർട്ടികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശരദ് യാദവ് പറഞ്ഞു- 'രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പഴയ ജനതാദളിൽ നിന്നും പിരിഞ്ഞുപോയ പാർട്ടികളെയും സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞാൻ വളരെക്കാലമായി പ്രവർത്തിക്കുന്നു. അതിനാൽ, എന്റെ പാർട്ടിയായ എൽജെഡിയെ ആർജെഡിയിൽ ലയിപ്പിക്കാൻ ഞാൻ തീരുമാനിച്ചു'- ശരദ് യാദവ് വ്യക്തമാക്കി.

ശരദ് യാദവ് സോഷ്യലിസ്റ്റ് ഐക്കണും പിതൃതുല്യനുമാണെന്ന് തേജസ്വി യാദവ് പറഞ്ഞു- 'ഇന്ത്യൻ രാഷ്ട്രീയത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. അദ്ദേഹം പിതൃതുല്യനാണ്. ഞങ്ങളെ നയിക്കും'. എൽജെഡി - ആർജെഡി ലയനം പ്രതീകാത്മകം മാത്രമല്ലെന്ന് ആർജെഡി ദേശീയ വക്താവ് സുബോധ് മേത്ത പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യപടിയാകും ലയനം. ശരദ് യാദവ് രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ആദരവ് നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആർജെഡിക്ക് മുതൽക്കൂട്ടാവുമെന്നും സുബോധ് മേത്ത പറഞ്ഞു.

എൽജെഡിയുടെ സ്ഥാപക നേതാക്കളായ ശരദ് യാദവിനും മുൻ എംപി അലി അൻവറിനും കുറേ വർഷങ്ങളായി ബിഹാറിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 2017ൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ (യു) എൻഡിഎയുടെ ഭാഗമാവാൻ തീരുമാനിച്ചപ്പോൾ ശരദ് യാദവ് എതിർത്തിരുന്നു. ഇതോടെ ശരദ് യാദവിന് രാജ്യസഭാ സീറ്റ് പാതിവഴിയിൽ നഷ്ടപ്പെട്ടു. എൽജെഡി-ആർജെഡി ലയനത്തോടെ രാജ്യസഭയിലേക്ക് ശരദ് യാദവിനെ ആർജെഡി മത്സരിപ്പിച്ചേക്കും. ഇത് സംബന്ധിച്ച് ഇരു പാർട്ടികളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

1997ലാണ് ലാലു പ്രസാദ് യാദവ് ആർജെഡി രൂപീകരിച്ചത്. തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ശരദും ലാലുവും ഇടയ്ക്കിടെ പരസ്പരം തോൽപ്പിച്ചു. എൽജെഡി - ആർജെഡി ലയനം പഴയ എതിരാളികളെ വീണ്ടും ഒരുമിപ്പിക്കുകയാണ്. കോടതി വ്യവഹാരങ്ങളും ആരോഗ്യപ്രശ്‌നങ്ങളും കാരണം ലാലു പ്രസാദ് യാദവ് ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ല. ലയനത്തോടെ തന്റെ രാഷ്ട്രീയ സാന്നിധ്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ശരദ് യാദവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP