Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പിതാവ് ചുട്ടെരിച്ചത് ആസൂത്രിതമായി; കുറ്റം സമ്മതിച്ച് പ്രതി ഹമീദ്; ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്ന് ഡിഐജി നീരജ്കുമാർ ഗുപ്ത; മരണം, പുക ശ്വസിച്ച് ശ്വാസം മുട്ടിയെന്ന് പ്രാഥമിക നിഗമനം

ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പിതാവ് ചുട്ടെരിച്ചത് ആസൂത്രിതമായി; കുറ്റം സമ്മതിച്ച് പ്രതി ഹമീദ്; ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്ന് ഡിഐജി നീരജ്കുമാർ ഗുപ്ത; മരണം, പുക ശ്വസിച്ച് ശ്വാസം മുട്ടിയെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പിതാവ് തീയിട്ട് കൊലപ്പെടുത്തി സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമെന്ന് ഡിഐജി നീരജ്കുമാർ ഗുപ്ത വ്യക്തമാക്കി. ആസൂത്രിത കൊലപാതകം, തീവയ്പ് വകുപ്പുകളാണ് ഹമീദിനെതിരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെയാണ് ഹമീദ് (79), മകനെയും കുടുംബത്തെയും വീടിന് തീവച്ച് കൊലപ്പെടുത്തിയത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്‌ന എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചത്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച്, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.

പുകശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം ബന്ധുവീട്ടിലേക്ക് പോയ ഹമീദിനെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. ഭാര്യ മരിച്ച ശേഷം കുടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാൾ മുൻപാണ് തിരിച്ചെത്തിയത്. അന്നുമുതൽ വസ്തുവിനെചൊല്ലി വീട്ടിൽ വഴക്കായിരുന്നു.

കേസിൽ ചീനിക്കുഴി സ്വദേശി ഹമീദി(79)ന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് ആംബുലൻസുകളിലായാണ് തൊടുപുഴയിൽനിന്ന് മൃതദേഹം കൊണ്ടുപോയത്.

സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നൽകുന്നവിവരം. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാൻ വീട്ടിലെ വാട്ടർടാങ്കിൽനിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.

ഭാര്യ മരിച്ചതിന് ശേഷം ഹമീദ് തൊടുപുഴയിലെ വീട്ടിൽനിന്ന് മണിയൻകുടിയിലേക്ക് താമസം മാറിയിരുന്നു. അടുത്തിടെയാണ് വീണ്ടും ഫൈസൽ താമസിക്കുന്ന വീട്ടിലെത്തിയത്. ഇതിനുപിന്നാലെയാണ് ഫൈസലിന് നൽകിയ വസ്തുവിനെച്ചൊല്ലി തർക്കമുണ്ടായത്. കടമുറികളടക്കമുള്ള വസ്തുവാണ് ഹമീദ് തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

ഇതേച്ചൊല്ലി തർക്കം പതിവായതോടെ നേരത്തെ പല മധ്യസ്ഥ ശ്രമങ്ങളും നടന്നിരുന്നു. സ്വത്ത് നൽകിയില്ലെങ്കിൽ മകനെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് തർക്കമായതിനാൽ ആളുകളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമുള്ള ഭീഷണിയായാണ് എല്ലാവരും ഇതെല്ലാം നോക്കികണ്ടത്. പക്ഷേ, കഴിഞ്ഞദിവസം രാത്രി ഹമീദ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ വിവരമറിഞ്ഞ് നാട്ടുകാർക്കും ആദ്യം വിശ്വസിക്കാനായില്ല.

കൊലപാതകം നടന്ന വീട്ടിൽ തന്നെയാണ് ഹമീദും താമസിച്ചുവന്നിരുന്നത്. സംഭവദിവസം പുലർച്ചെ ഒരുമണിയോടെ ഹമീദ് എഴുന്നേറ്റു. തുടർന്ന് മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി. പിന്നാലെ വീട്ടിലേക്ക് കടക്കാനുള്ള മറ്റുവാതിലുകളും പൂട്ടി പുറത്തിറങ്ങി. തുടർന്നാണ് മകന്റെ മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടത്.

ഉൾപ്രദേശമായതിനാൽ ചീനിക്കുഴിയിൽ പെട്രോളും ഡീസലും കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നത് പതിവാണ്. കൊല്ലപ്പെട്ട ഫൈസലും ഇത്തരത്തിൽ പെട്രോൾ വിൽപ്പന നടത്തിയിരുന്നു. ഇതിനുവേണ്ടി കരുതിയിരുന്ന പെട്രോളാണ് പിതാവ് ഹമീദ് മകന്റെയും കുടുംബത്തിന്റെയും ജീവനെടുക്കാൻ ഉപയോഗിച്ചത്.

മുറിയിൽ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോൾ കുപ്പികൾ തുടർച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ തീ ആളിക്കത്തുകയും ചെയ്തു. പ്രാണരക്ഷാർഥം ഫൈസലും കുടുംബവും ശൗചാലയത്തിൽ ഒളിച്ചിരുന്നതായാണ് നിഗമനം. നാലുപേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാര്യമായി പൊള്ളലേൽക്കാത്തതിനാൽ തീപിടിത്തം കാരണമുണ്ടായ പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നും പൊലീസ് കരുതുന്നു.

കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഹമീദ് ബന്ധുവീട്ടിലേക്കാണ് പോയത്. തുടർന്ന് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ വിവരം ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. വൈകാതെ തന്നെ ഹമീദ് പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.

ഫൈസലിന്റെയും ഹമീദിന്റെയും അയൽവാസിയായ രാഹുലാണ് സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത്. വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ ഫൈസലിന്റെ മക്കൾ രാഹുലിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ വാതിലുകൾ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴേക്കും മുറിയിൽ തീ ആളിപ്പടർന്നതായും രാഹുൽ പറഞ്ഞു.

അയൽവാസി രാഹുലിന്റെ വാക്കുകൾ

'ഞാൻ അവിടെ എത്തിയപ്പോൾ ഹമീദിക്ക പെട്രോൾ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. അയാളെ ഞാൻ തടഞ്ഞു പിറകോട്ടിട്ടു. എന്നാൽ പുള്ളി വീണ്ടും പെട്രോൾ കുപ്പികൾ എറിയാൻ തുടങ്ങി. എന്റെ ദേഹത്തേക്കും എറിയുമെന്ന് തോന്നിയതോടെ പുള്ളിയെ തള്ളിമാറ്റി താഴെയിട്ടു. പിന്നാലെ വീടിന് അകത്തേക്ക് കയറി.

മുറിയുടെ വാതിൽ തുറന്നപ്പോഴേക്കും കട്ടിലിന് തീപിടിച്ച് ആളിക്കത്തുകയായിരുന്നു. കട്ടിലിന്റെ പിറകിലായിട്ടായിരുന്നു ശൗചാലയം. കട്ടിലിന് തീപിടിച്ചത് കാരണം അവർക്ക് ആ ഭാഗത്തുനിന്ന് വരാനായില്ല. ഒരുപക്ഷേ, ശ്രമിച്ചാൽ അവർക്ക് ഓടിവരാമായിരുന്നു. മക്കളെ ഇറങ്ങി വാ എന്ന് ഞാൻ വിളിച്ചുപറയുകയും ചെയ്തു. തീ അണയ്ക്കാനായി പൈപ്പ് ഓണാക്കിയപ്പോൾ വെള്ളമുണ്ടായിരുന്നില്ല. ഫ്രിഡ്ജ് വരെ തുറന്നു നോക്കി അതിലും വെള്ളമുണ്ടായിരുന്നില്ല' -രാഹുൽ പറഞ്ഞു.

കസ്റ്റഡിയിലും കൂസലില്ലാതെ പ്രതി

മകനെയും കുടുംബത്തെയും ചുട്ടെരിച്ച പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ലാതെയാണ് പെരുമാറിയത്. തനിക്ക് ജീവിക്കണമെന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് പ്രതികരിച്ചത്. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ പ്രധാന ആവശ്യം.

ഇഷ്ടഭക്ഷണം തരണമെന്ന് ചീനിക്കുഴി കൂട്ടക്കൊല കേസിലെ പ്രതി ഹമീദ് ആവശ്യം ഉന്നയിച്ചു. എന്നും കഴിക്കാൻ മീനും മാംസാഹാരവും നൽകണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്.

സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്താൻ ഹമീദ് തീരുമാനിച്ചതിന് പിന്നിൽ ഇഷ്ടമുള്ള ഭക്ഷണം നൽകാത്തതിന്റെ ദേഷ്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ കാണിച്ച് മുൻപ് ഹമീദ് പൊലീസിൽ പരാതി നൽകിയിരുന്നു.

സ്വത്ത് വീതം വെച്ച് നൽകിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്.

വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുള്ള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലയ്ക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP