Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ല; പത്ത് മാസമായി പ്രവർത്തനം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലയിൽ; അടിമുടി നിയമലംഘനങ്ങളോടെ മണ്ണാർക്കാട്ടെ സി.വി.ആർ ആശുപത്രിയുടെ പ്രവർത്തനം; വിവാദ ആശുപത്രിയെ സംരക്ഷിച്ചു നിർത്തുന്ന ശക്തിയേത്?

ആരോഗ്യ വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ല; പത്ത് മാസമായി പ്രവർത്തനം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലയിൽ; അടിമുടി നിയമലംഘനങ്ങളോടെ മണ്ണാർക്കാട്ടെ സി.വി.ആർ ആശുപത്രിയുടെ പ്രവർത്തനം; വിവാദ ആശുപത്രിയെ സംരക്ഷിച്ചു നിർത്തുന്ന ശക്തിയേത്?

കെ എം വിനോദ് കുമാർ

തിരുവനന്തപുരം: കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാതെ ഉടമയായ പ്രവാസി സാജന് ആത്മഹത്യ ചെയ്യേണ്ടിവന്ന ഈ കേരളത്തിൽ തന്നെ കഴിഞ്ഞ പത്തുമാസമായി നഗരസഭയുടേയോ ആരോഗ്യവകുപ്പിന്റേയോ യാതൊരു അനുമതിയും ലഭിക്കാതെ സുഗമസുന്ദരമായി പ്രവർത്തിച്ച് ഒരു സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലാണ് നഗരമധ്യത്തിൽ തന്നെ സി.വി.ആർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ബഹുനില കെട്ടിടത്തിൽ ഇത്തരത്തിൽ ആശുപത്രി നടത്തുന്നതിന് വേണ്ട യാതൊരു അനുമതിയും കൂടാതെ മാസങ്ങളായി പ്രവർത്തിച്ചുവരുന്നത്. ഒരു മുറുക്കാൻ കട ആരംഭിക്കണമെങ്കിൽ പോലും ആ പ്രദേശത്തെ പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടേയോ അനുവാദം വേണമെന്നാണ് സംസ്ഥാനത്തെ ചട്ടം.

അല്ലാതെ തുടങ്ങിയാൽ ഉടമസ്ഥൻ വിവരമറിയും. പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിച്ച ആന്തൂർ നഗരസഭയുടെ കടുംപിടിത്തം കേരളം കണ്ടതാണ്. പക്ഷേ, നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കെട്ടിടം നിർമ്മിക്കുകയും പിന്നീട് പാരാമെഡിക്കൽ ലൈസൻസോ, ആശുപത്രി തുടങ്ങാനുള്ള തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയോ ഇല്ലാതെ കഴിഞ്ഞ പത്തുമാസമായി ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടും അതിന് സ്റ്റോപ്പ് മെമോ നൽകാനോ തുടർ നടപടിയെടുക്കാനോ മുതിരാതെ ഉരുണ്ടുകളിക്കുകയാണ് മുസ്ലിംലീഗിന്റെ ഭരണത്തിലുള്ള മണ്ണാർക്കാട് നഗരസഭയും സംസ്ഥാന ആരോഗ്യവകുപ്പും എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി നിന്ന കാലത്താണ് ആശുപത്രിയുടെ നിർമ്മാണവും മറ്റും നടന്നത്. അതിന് പിന്നാലെ കഴിഞ്ഞ വർഷം ജനുവരിയിൽ അന്ന് മന്ത്രിയായിരുന്ന എ.കെ ബാലൻ തറക്കല്ലിട്ട് നിർമ്മാണം തുടങ്ങിയ കെട്ടിടത്തിൽ സിവിആർ ആശുപത്രിയുടെ ആദ്യഘട്ടം 2021 മെയ് പതിനേഴിനാണ് പ്രവർത്തനം ആരംഭിച്ചത്. 100 ബെഡുകളുടെ ആശുപത്രിയാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. എന്നാൽ കെട്ടിട നിർമ്മാണ ചട്ടം പാലിക്കാതെയാണ് ആശുപത്രി കുന്തിപ്പുഴയുടെ തീരത്ത് പ്രവർത്തനം തുടങ്ങിയതെന്ന് സൂചനകൾ ലഭിച്ചതോടെ തൃശൂർ ചേലക്കര സ്വദേശി ജിജോ എബ്രഹാം, തൃശൂർ ഇരിങ്ങാലക്കുടയിലെ വിവരാവകാശ പ്രവർത്തകൻ വി.കെ സജിത് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി യാതൊരു അനുമതിയും കൂടാതെയാണ് അടിമുടി നിയമലംഘനം നടത്തി പ്രവർത്തിക്കുകയാണെന്ന വിവരം മനസ്സിലാവുന്നത്.

തുടർന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം ജൂലായിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ജിജോ എബ്രഹാം മണ്ണാർക്കാട് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. സാധാരണ ഒരു കടയോ മറ്റോ ലൈസൻസില്ലാതെ നടത്തുന്നതുപോലെ അല്ല ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു ആശുപത്രി അനധികൃതമായി പ്രവർത്തിക്കുന്നത് എന്നുൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അതിൽ ഇതുവരെ നോട്ടീസ് അയച്ചു കളിക്കുന്നതല്ലാതെ മണ്ണാർക്കാട് നഗരസഭ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇത്തരം നിയമലംഘനം കണ്ണിൽപ്പെട്ടാൽ ഉടനടി നടപടിയെടുക്കുകയും സ്ഥാപനം അടിയന്തിരമായി അടച്ചുപൂട്ടുകയും വേണമെന്നാണ് നിയമം. എന്നാൽ ഒരു സ്റ്റോപ്പ് മെമോ പോലും നൽകാതെ, എന്തുകൊണ്ട് ലൈസൻസ് വാങ്ങിയില്ലെന്നും ഉടൻ ലൈസൻസ് വാങ്ങണമെന്നും കാട്ടി രണ്ടാഴ്ചത്തേയും പത്തുദിവസത്തേയുമെല്ലാം നോട്ടീസ് ആശുപത്രി ഉടമയക്ക് അയച്ചുകൊണ്ട് ഉരുണ്ടുകളിക്കുകയാണ് മണ്ണാർക്കാട് നഗരസഭ.

പ്രവാസിയായിരുന്ന മുഹമ്മദ് റിഷാദിന്റെ ഉടമസ്ഥതയിലാണ് സിവിആർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി. ഇദ്ദേഹം മുമ്പ് മണ്ണാർക്കാട്ട് തന്നെ സിവിആർ ഹെൽത്ത് കെയർ എന്ന സ്ഥാപനം നടത്തിയിരുന്നു. പിന്നീടാണ് കുന്തിപ്പുഴയുടെ തീരത്ത് ബഹുനില മന്ദിരം ഒരുക്കി വമ്പൻ ആശുപത്രി ഒരുക്കുന്നത്. പൂർണസജ്ജമായ ഇഎൻടി, ഹെഡ് ആൻഡ് നെക്ക് സർജറി എന്നിവയടക്കം എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് ആശുപത്രിയുടെ ആദ്യഘട്ടം തുടങ്ങിയത്. 24 മണിക്കൂർ സേവനമുണ്ടെന്ന് വ്യക്തമാക്കി ആരംഭിച്ച ആശുപത്രിയിൽ ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിൽ സർക്കാരിന്റേതുൾപ്പെടെ ഇൻഷുറൻസ് സേവനങ്ങൾ എങ്ങനെയാണ് നൽകുന്നതെന്നത് ദുരൂഹമായി തുടരുന്നു.

പൊലൂഷൻ ബോർഡിനും കോർപ്പറേഷനും വ്യത്യസ്ത കണക്കുകൾ

2021 മെയ് 17ന് ആശുപത്രി തുടങ്ങുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോലും പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ലെന്ന് ഇക്കാര്യങ്ങൾ അന്വേഷിച്ച വിവരാവകാശ പ്രവർത്തകൻ വി.കെ.സജിത് മറുനാടനോട് പറഞ്ഞു. മാത്രമല്ല മൂലധന നിക്ഷേപം സംബന്ധിച്ച് കോർപ്പറേഷന് നൽകിയ വിവരമല്ല പൊലൂഷൻ ബോർഡിന് നൽകിയ സത്യവാങ്മൂലത്തിലുള്ളത്. ഒന്നരക്കോടി മൂലധന നിക്ഷേപമെന്ന് നഗരസഭയ്ക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയ അപേക്ഷയിൽ പറയുന്നത് 6.53 കോടി രൂപയെന്നാണ്. ഇത്തരത്തിൽ കെട്ടിടനിർമ്മാണത്തിലും മറ്റുമുള്ള പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ജൂലായ് 22ന് ചേലക്കര സ്വദേശി ജിജോ എബ്രഹാം മണ്ണാർക്കാട് മുനിസിപ്പൽ സെക്രട്ടറിക്ക് ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.

ഒരു രജിസ്ട്രേഷനുമില്ലാതെയാണ് ആശുപത്രി നടക്കുന്നതെന്നും ഫയർ ആൻഡ് സേഫ്റ്റിയുടെ പോലും അനുമതി ലഭിച്ചിട്ടില്ലെന്നുമുൾപ്പെടെ ആശുപത്രിയുടെ കെട്ടിടം നിർമ്മാണം മുതലുള്ള നിരവധി നിയമലംഘനങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ ഒരു സ്ഥാപനം, അതും ആശുപത്രി പോലുള്ള ഒരു സ്ഥാപനം പ്രവർത്തിക്കുന്നു എന്ന് ശ്രദ്ധയിൽ പെട്ടാൽ അതിന് ഉടൻ സ്റ്റോപ്പ് മെമോ നൽകുകയും പൊലീസിന്റെ സഹായം ഉൾപ്പെടെ തേടി അടച്ചുപൂട്ടിക്കുകയും വേണമെന്നതാണ് ചട്ടം. എന്നാൽ അതിന് പകരം പരാതി ലഭിച്ചതിന് പിന്നാലെ ഒരു ഷോകോസ് നോട്ടീസ് ആശുപത്രി ഉടമയ്ക്ക് അയക്കുകയും ലൈസൻസ് എടുക്കാൻ 15 ദിവസത്തെ സാവകാശം നൽകുകയുമാണ് നഗരസഭ ചെയ്തത്. അതും ഇത്തരമൊരു പരാതി വന്നതിന് ശേഷം.

നഗരസഭയെപ്പോലെ തന്നെ ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടും ജില്ലാ മെഡിക്കൽ ഓഫീസറും ആശുപത്രിക്കെതിരെ നീങ്ങാൻ മടിക്കുകയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. നഗരസഭാ സെക്രട്ടറി കഴിഞ്ഞവർഷം സെപ്റ്റംബർ 21ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു : -

സി.വി.ആർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ലൈസൻസോ നിരാക്ഷേപ പത്രമോ (എൻഒസി) ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രിക്കെതിരെ നടപടി വേണമെന്ന് പരാതി ലഭിച്ചിട്ടുണ്ട്. കോർപ്പറേഷന് നടപടി സ്വീകരിക്കാൻ നിർവാഹമില്ല. നിയമലംഘനം നടക്കുകയാണെങ്കിൽ നിയമ നടപടി പൊലീസ് വകുപ്പിൽ നിന്ന് ഉണ്ടാകേണ്ടതാണ്. ലൈസൻസിങ് അധികാരി മുനിസിപ്പൽ സെക്രട്ടറിയുടെ നിരാക്ഷേപം അനുവദിക്കുന്നത് ജില്ലാ മെഡിക്കൽ ഓഫീസറാണ്. ഈ മൂന്ന് വകുപ്പുതല ഉദ്യോഗസ്ഥർ സംയുക്തമായി ചേർന്നാണ് നടപടി എടുക്കേണ്ടത്. വിവരം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട് - ഇതാണ് പരാതി ഉണ്ടായതിന് ശേഷവും മണ്ണാർക്കാട് നഗരസഭ കൈക്കൊണ്ട നിലപാട്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇത്തരമൊരു കത്ത് അയച്ചതിന് ശേഷവും നാളിതുവരെ ആശുപത്രിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. വ്യക്തമായ നിയമലംഘനം ബോധ്യപ്പെട്ടിട്ടും!

ആശുപത്രിക്ക് അനുമതി ഇല്ലെന്ന് സ്ഥിരീകരിച്ച് ഡിഎംഓ

ആശുപത്രിക്ക് മുനിസിപ്പാലിറ്റി ലൈസൻസോ ജില്ലാ മെഡിക്കൽ ഓഫീസറുടെ എൻഓസിയോ ഇല്ലെന്ന് ഡിഎംഓ തന്നെ പാലക്കാട് കളക്ടർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. പക്ഷേ, ഇത്തരം വിഷയത്തിൽ ഇടപെടാൻ തനിക്ക് പരമാധികാരം ഉണ്ടോ എന്ന ആശങ്കയാണ് ഡിഎംഓ ഈ കത്തിൽ പങ്കുവയ്ക്കുന്നത്.

ആ കത്ത് ഇപ്രകാരം: - സിവിആർ ആശുപത്രി ലൈസൻസോ ഈ ഓഫീസിലെ നിരാക്ഷേപ പത്രമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രിക്കെതിരെ പരാതിക്കാരൻ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താനും കാര്യങ്ങളിൽ ഇടപെടാനും പരമാധികാരം ഉണ്ടോ എന്നതുതന്നെ സംശയകരമായ വസ്തുതയാണ്. നിലവിൽ ഇത്തരമൊരു നിയമം നിലനിൽക്കുന്നില്ല. കൂടാതെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറും നിലവിലുണ്ട്. ഇത്തരത്തിൽ നിയമലംഘനം നടക്കുകയാണെങ്കിൽ നിയമനടപടി പൊലീസ് വകുപ്പിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.

ലൈസൻസിങ് അധികാരി മുനിസിപ്പൽ സെക്രട്ടറിയും നിരാക്ഷേപ പത്രം അനുവദിക്കുന്നത് ജില്ലാ മെഡിക്കൽ ഓഫീസറും ആണെന്നിരിക്കെ ഈ മൂന്ന് വകുപ്പുതല ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്നാണ് നടപടി എടുക്കേണ്ടത് - ഇതാണ് ജില്ലാ കളക്ടറെ ജില്ലാ മെഡിക്കൽ ഓഫീസർ കഴിഞ്ഞവർഷം സെപ്റ്റംബർ പത്തിന് രേഖാമൂലം അറിയിച്ചത്. പക്ഷേ, ഇതുകഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലക്കാട് ജില്ലാ കളക്ടറുടെ മുന്നിൽ വരെ എത്തിയ വിഷയത്തിൽ വ്യക്തമായ നിയമലംഘനം തിരിച്ചറിഞ്ഞിട്ടും ആശുപത്രിക്ക് സ്റ്റോപ്പ് മെമോ നൽകാൻപോലും തയ്യാറാകാതിരുന്നത് ദുരൂഹമായി തുടരുകയാണിപ്പോഴും.

 

സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ്. മണ്ണാർക്കാട് നഗരസഭ ഭരിക്കുന്നതാകട്ടെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫും. കുഞ്ഞിന്റെ ജനനംമുതൽ അടിയന്തിര ശസ്ത്രക്രിയകളും അപകട കേസുകളുമെല്ലാം ദിനേന കൈകാര്യം ചെയ്യുന്ന ഒരു മൾട്ടി സെപെഷ്യാലിറ്റി ആശുപത്രി സർവ ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ചിട്ടും ഇതിന് സംരക്ഷണം നൽകുന്നത് ആരുടെ താൽപര്യമാണെന്ന ചോദ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP