Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പടച്ചോനെ, പടച്ചോനെ ഒരു അയില മുറിച്ചാൽ എത്ര കഷ്ണമാണ്'; ആ ചോദ്യം പിറന്നിട്ട് ഇന്ന് 12 വർഷം; നിർദോഷമായ ചോദ്യം വിവാദമായതോടെ ഇസ്ലാമിസ്റ്റുകൾ വെട്ടിനുറുക്കിയത് ഒരു അദ്ധ്യാപകനെ; പ്രിയപ്പെട്ട പത്നിയെ നഷ്ടമായതും മാർച്ച് 19ന്; ഇപ്പോൾ ഇടതുകൊണ്ടും വലതുകൈ കൊണ്ടും എഴുതുന്നു, കാർ ഓടിക്കുന്നു; പ്രൊഫ. ടി.ജെ ജോസഫിന്റെ അതിജീവന കഥ!

'പടച്ചോനെ, പടച്ചോനെ ഒരു അയില മുറിച്ചാൽ എത്ര കഷ്ണമാണ്'; ആ ചോദ്യം പിറന്നിട്ട് ഇന്ന് 12 വർഷം; നിർദോഷമായ ചോദ്യം വിവാദമായതോടെ ഇസ്ലാമിസ്റ്റുകൾ വെട്ടിനുറുക്കിയത് ഒരു അദ്ധ്യാപകനെ; പ്രിയപ്പെട്ട പത്നിയെ നഷ്ടമായതും മാർച്ച് 19ന്; ഇപ്പോൾ ഇടതുകൊണ്ടും വലതുകൈ കൊണ്ടും എഴുതുന്നു, കാർ ഓടിക്കുന്നു; പ്രൊഫ. ടി.ജെ ജോസഫിന്റെ അതിജീവന കഥ!

എം റിജു

''മുഹമ്മദ്: പടച്ചോനെ , പടച്ചോനെ

ദൈവം: എന്താടാ? നായിന്റെ മോനേ!

മുഹമ്മദ്: ഒരു അയില; അത് മുറിച്ചാൽ എത്ര കഷണമാണ്?

ദൈവം: മൂന്ന് കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ!''-

12 വർഷം മുമ്പൊരു മാർച്ച് 19ന് ബി.കോം വിദ്യാർത്ഥികളുടെ രണ്ടാം വർഷ മലയാളം ഇന്റേണൽ പരീക്ഷക്ക് ഈ ചോദ്യം ''താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക' എന്ന് പറഞ്ഞ് ഇടുമ്പോൾ, തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫ് അത് തന്റെ ജീവൻ പോലും അപകടത്തിലാക്കുന്ന ഒന്നായി മാറുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഗൈഡുകളിൽനിന്നും മറ്റും കോപ്പിയടിക്കുന്ന അക്കാലത്തെ പതിവ് രീതിവിട്ട്, ചോദ്യങ്ങൾ നൂതനവും, കുട്ടികൾക്ക് സർഗാത്മക പ്രകോപനം ഉണ്ടാക്കണമെന്നും നിർബന്ധബുദ്ധിയുള്ള വ്യക്തിയായിരുന്നു ജോസഫ് മാഷ്. 2010 മാർച്ച് 19 ന് ഡിപ്പാർട്ട്മെന്റ് റൂമിലിരുന്ന് ചോദ്യപ്പേപ്പർ തയ്യാറാക്കുമ്പോൾ, മലയാളവിഭാഗം മേധാവിയായ പ്രൊഫ: ടി.ജെ. ജോസഫിന് അത് കേവലം ജോലസംബന്ധമായ ഒരു ഉത്തരവാദിത്വം മാത്രമായിരുന്നു.

എന്നാൽ കോടീശ്വരൻ പരിപാടിയിൽ സുരേഷ്ഗോപി പറയുന്നപോലെ, 'ഒറ്റചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമാറിക്കാൻ' എന്ന് പറയുന്നത് മാഷിന്റെ കാര്യത്തിൽ അന്വർഥമായി. എല്ലാ അർഥത്തിനും മാർച്ച് 19 എന്നത് ജോസഫ്മാഷ് ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ദിനമാണ്. എട്ടുവർഷം മുമ്പാണ് ഇതുപോലെ ഒരു മാർച്ച് 19ന് അദ്ദേഹത്തിന്റെ ഭാര്യ സലോമി അത്മഹത്യ ചെയ്തത്. അതും ശരിക്കും ഒരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ തന്നെയായിരുന്നു. കൈവട്ടുകാരെക്കാൾ മോശമായി ജോസഫ് മാഷെ സർവീസിൽ എടുക്കാതെ സഭ പീഡിപ്പിച്ചപ്പോൾ, വരുമാനമില്ലാതെയുള്ള ബുദ്ധിമുട്ടുകളും എല്ലാം കൂടി ചേർച്ച് സലോമിയുടെ മാനസികആരോഗ്യം തകരുകയായിരുന്നു.

താൻ സാങ്കൽപ്പികമായി, ചേർത്ത മുഹമ്മദ് എന്ന പേര് പ്രവാചകൻ മുഹമ്മദിനൊപ്പം കൂട്ടിവായിക്കപ്പെടുമെന്നും, ഇസ്ലാമിക മതമൗലികവാദികളിലെ ഒരു വിഭാഗം തനിക്ക് എതിരെ തിരിയുമെന്നും, ജോസഫ് മാഷ് ഒരിക്കലും കരുതിയില്ല. മതസ്പർധ വളർത്തിയതിന് പൊലീസ് കേസ് എടുത്തു. ജോസഫ്മാഷ് ഒളിവിൽപ്പോയതിനെ തുടർന്ന അദ്ദേഹത്തിന്റെ മകനെ പൊലീസ് ക്രൂരമായി മർദിച്ചു. കീഴടങ്ങിയ അദ്ദേഹത്തെ ജയിലിൽ അടച്ചു. വിദ്യാഭ്യാസമന്ത്രി മഠയൻ എന്ന് വിളിച്ചു. എന്നിട്ടും പേരാഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിൻെ കൈവെട്ടിമാറ്റി. ഭാര്യ ജീവനനൊടുക്കി.

ഏതൊരു മനുഷ്യനും തകർന്ന് തരിപ്പിണമാവുന്ന ദിനങ്ങൾ. പക്ഷേ ജോസ്ഫ് മാഷിലെ പോരാളി എല്ലാം അതിജീവിച്ചു. തുന്നിപ്പിടിപ്പിച്ച വലതുകൈക്ക് ഭാഗിക ചലനശേഷി മാത്രമുള്ളതിനാൽ അദ്ദേഹം ഇടതുകൈകൊണ്ട് എഴുതാൻ തുടങ്ങി. അങ്ങനെ അദ്ദേഹം എഴുതിയ അറ്റുപോവാത്ത ഓർമ്മകൾ എന്ന ആത്മകഥ ബെസ്റ്റ് സെല്ലറായി. ഇംഗ്ലീഷിലും തൗസൻഡ് കട്ട്സ് എന്ന പേരിൽ ഇറങ്ങിയ ആ പുസ്തകം ഏറെ ശ്രദ്ധപിടിച്ചു പറ്റി. ഇപ്പോൾ ശ്രമപ്പെട്ട് അദ്ദേഹത്തിന് രണ്ടുകൈകൊണ്ടും എഴുതാൻ കഴിയുന്നുണ്ട്. എന്തിനധികം ഏറെ ശ്രമപ്പെട്ട് സ്വന്തമായ വണ്ടിയോടിക്കാനും മാഷിന് കഴിയും. സ്വന്തം മാരുതികാറിൽ, മുന്നിൽ ഗൺമാനെയും ഇരുത്തി വണ്ടിയോടിച്ചുപോകുന്ന ജോസഫ് മാഷെ എല്ലാവരും അതിശയത്തോടെയാണ് കാണുന്നത്. ശരിക്കും അസാധാണമായ അതിജീവിവന കഥയാണ് അദ്ദേഹത്തിന്റെത്.

ആ ചോദ്യപ്പേപ്പറിൽ ഒരു പിശകുമില്ല

12 വർഷം നീണ്ട യാതനകൾക്ക്ശേഷം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ജോസഫ് മാഷ് പറയുന്നു ആ ചോദ്യത്തിൽ ഒരു തെറ്റും ഉണ്ടായിരുന്നില്ല. ജോസഫ് മാഷ് മറുനാടൻ മലയാളിയോട് ഇങ്ങനെ പ്രതികരിക്കുന്നു. '' ആ ചോദ്യം ഇട്ടപ്പോൾ മുതൽ ഇന്നുവരെ ആ ചോദ്യത്തിൽ ഒരു പിശകുമില്ല എന്ന് ഉറപ്പുള്ള വ്യക്തിയാണ് ഞാൻ. ചോദ്യത്തിൽ പിശക് ഉണ്ട് എന്ന് പറയുന്നവർ ആ ചോദ്യം മനസ്സിലാക്കാൻ ശ്രമിക്കാത്തവർ ആണ്. എം. എ. ബേബി മഠയൻ എന്ന് വിളിച്ചതൊക്കെ ഞാൻ ഒരു തമാശയായേ എടുക്കുന്നുള്ളൂ.

മുഹമ്മദ് എന്ന ഒരു പേര് ചേർത്തുകഴിഞ്ഞാൽ അത് മുഹമ്മ്ദ് നബിയെക്കുറിച്ചായിരിക്കുമെന്ന് ഞാൻ അന്നും വിചാരിക്കുന്നില്ല, ഇന്നും വിചാരിക്കുന്നില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്കുള്ള പേരാണ് മുഹമ്മദ് എന്നത്. വെറും 32 കുട്ടികൾക്ക് വേണ്ടി ഇട്ടുകൊടുത്ത ഒരു ചോദ്യം ഇത്രയും ലോക പ്രസിദ്ധമായത് ഇവർ കാരണമാണ്. ശരിക്കും ഈ സംഭവത്തിൽ ആരുടെയും മത വികാരമൊന്നും വ്രണപ്പെട്ടിട്ടില്ല. ചില മതഭ്രാന്തന്മ്മാർക്ക് മാത്രമായിരുന്നു പ്രശ്‌നം. ഈ ശാസ്ത്രയുഗത്തിലും നൂറ്റാണ്ടുകൾ പിറകിലുള്ള മനസ്സുമായി നടക്കുന്നവർ. എനിക്ക് പലപ്പോഴും അവരോട് ദയയാണ് തോന്നിയത്.''- ജോസഫ് മാഷ് ചൂണ്ടിക്കാട്ടി.

തന്റെ ജീവിതത്തിൽ പതുക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും മാഷ് മറുനാടനോട് പ്രതികരിച്ചു. ''ഇത്തവണ സലോമിയുടെ ഓർമ്മ ദിനമായിട്ടും പള്ളിയിലൊന്നും പോകുന്നില്ല. മത ജീവിതത്തിൽനിന്ന് പതുക്കെ പുറം തിരിഞ്ഞ് നടക്കുകയാണ് ഞാൻ.- ജോസഫ് മാസ്റ്റർ സൂചിപ്പിച്ചു.

വിവാദമാക്കിയ ചോദ്യപേപ്പർ പിറന്നത് ഇങ്ങനെ

ചിലർ ബോധപൂർവം വിവാദമാക്കിയ ആ ചോദ്യപേപ്പർ ഉണ്ടായ കഥ ജോസഫ് മാസ്റ്റർ തന്റെ അത്മകഥയായ അറ്റുപോവാത്ത ഓർമ്മകളിൽ ഇങ്ങനെ വിശദീകരിക്കുന്നു. അടുത്തയാഴ്‌ച്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന അവസാനദിനമായിരുന്നു അന്ന്. ''എഴുത്തോല'' എന്ന പാഠഭാഗത്ത് നിന്നുള്ള ചോദ്യങ്ങളാണ് ജോസഫ് മാഷ് തയ്യാറാക്കിക്കൊണ്ടിരുന്നത്. ഭാഷാപ്രയോഗത്തിൽ സാധാരണ കണ്ടുവരാറുള്ള തെറ്റുകൾ ഒഴിവാക്കി ശുദ്ധമായ ഭാഷാപ്രയോഗത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതിയിൽ ചേർത്ത പാഠപുസ്തകമാണ് ''എഴുത്തോല''. തെറ്റ് തിരുത്തുക എന്ന തലക്കെട്ടിൽ അതിലെ പല അധ്യായങ്ങളിൽ നിന്നും അദ്ദേഹം ചോദ്യം തയ്യാറാക്കി. ''ചിഹ്നനം'' എന്ന അധ്യായത്തിൽ നിന്നാണ് അടുത്ത ചോദ്യം വേണ്ടത്. പൂർണ്ണവിരാമം, അർദ്ധവിരാമം, കോമ, ചോദ്യചിഹ്നം എന്നിങ്ങനെ അതാതിടത്ത് ചേർക്കേണ്ട ചിഹ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായമാണ് ചിഹ്നനം. ഓരോ ചിഹ്നത്തെയും കുറിച്ച് വിവരിച്ച് അതിനുള്ള ഉദാഹരണങ്ങളും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.

ഒരു ചിഹ്നം മാത്രം പ്രയോഗിക്കാൻ വേണ്ട ചോദ്യമിട്ടാൽ പോരല്ലോ. ''താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക'' എന്ന ചോദ്യം എഴുതിയ ശേഷം നല്ലൊരു ഗദ്യഭാഗത്തിനായി ആലോചനയിലാണ്ടു. വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണ് എല്ലാ ചിഹ്നങ്ങളും ചേർത്തെഴുതാൻ നല്ലതെന്ന് തോന്നിയതുകൊണ്ട് അദ്ദേഹത്തിന് മന:പാഠമായിരുന്ന ഒരു സംഭാഷണ ശകലം മനസ്സിൽ തെളിഞ്ഞ് വന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതും ബി.എ മലയാളത്തിനും എം.എ മലയാളത്തിനും റഫറൻസായി നിർദ്ദേശിച്ചിട്ടുള്ളതുമായ ഒരു ഗ്രന്ഥമാണ് ''തിരക്കഥയുടെ രീതിശാസ്ത്രം''. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുടെ ലേഖനങ്ങളടങ്ങിയ ഒരു സമാഹാരമായിരുന്നു അത്. പി.എം. ബിനുകുമാറാണ് സമ്പാദകൻ. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥ ''ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ'' എന്ന ശീർഷകത്തിലുള്ള ഒരു ലേഖനവും അതിൽ ചേർത്തിരുന്നു. അതിലുള്ള ഒരു സംഭാഷണ ഭാഗമാണ് പ്രസ്തുത ചോദ്യത്തിനായി ഉപയോഗിക്കാൻ ജോസഫ് മാഷ് തീരുമാനിച്ചത്.

തിരക്കഥക്കാവശ്യമായ ഊർജ്ജവും സ്വരൂപവും നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ കണ്ടെത്താനാവുമെന്ന് കുഞ്ഞുമുഹമ്മദ് സമർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ ''ഗർഷോം'' എന്ന സിനിമയിൽ നായകൻ ദൈവവുമായി സംവദിക്കുന്ന സീൻ അങ്ങനെ ഉണ്ടായതാണെന്ന് തന്റെ നാട്ടിലെ ഒരു ഭ്രാന്തന്റെ കഥ പറഞ്ഞ് അദ്ദേഹം ഉദ്ധരിക്കുന്നു.

ഭ്രാന്തൻ തന്നെയാണ് ദൈവമായിട്ടും സംസാരിക്കുന്നത്. മൂവാറ്റുപുഴ നിർമ്മല കോളജിൽ എം.എ. മലയാളത്തിൽ ''നാടകവും സിനിമയും'' എന്ന പേപ്പർ പഠിപ്പിച്ചിരുന്നതും ജോസഫ് മാഷാണ്. തിരക്കഥയെ കുറിച്ചുള്ള ക്ലാസിൽ പി.ടി. കുഞ്ഞുമുഹമ്മദും, ഭ്രാന്തന്റെ കഥയും ചർച്ചാ വിഷയമായിരുന്നു. ആധുനിക സാഹിത്യത്തിൽ കറുത്ത സാഹിത്യത്തിനുള്ള മികച്ച ഉദാഹരണമായതിനാൽ അന്നുമുതലേ ആ കഥാസന്ദർഭം മാഷിന്റെ മനസ്സിൽ കയറിക്കൂടി. വീട്ടിൽ അയല മേടിക്കുന്ന സന്ദർഭത്തിൽ പലപ്പോഴും ഈ സംഭാഷണ ഭാഗം ഉറക്കെ പറഞ്ഞ് അദ്ദേഹം അത് ആസ്വദിച്ചിരുന്നു.

ദൈവം നായിന്റെ മോനേ എന്ന് വിളിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചിന്തിക്കാതിരുന്നില്ല. പക്ഷെ സാഹിത്യത്തിൽ, പ്രയോഗങ്ങൾ സന്ദർഭത്തിനനുസരിച്ചാണ്. മാസ്റ്റർപീസായ പല കൃതികളിലും അത്തരം പ്രയോഗങ്ങളുള്ളതാണല്ലോ.ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം അതേപടി ചോദ്യത്തിൽ ചേർക്കാൻ അദ്ദേഹം തീരുമാനിച്ചു. മാത്രവുമല്ല നല്ല മെറിറ്റുള്ള കുട്ടികളാണ് ബി.കോം. ക്ലാസിൽ പഠിക്കുന്നവർ. മതപഠന ക്ലാസിലേക്കുള്ള ചോദ്യമല്ലല്ലോ ഇത്. ദൈവവും, പിശാചും, അസുരനുമെല്ലാം സാഹിത്യക്ലാസിൽ കഥാപാത്രങ്ങളാണ്.

ഭ്രാന്തന്റെ കഥ നേരേ ചോദ്യമാക്കുമ്പോൾ മറ്റൊരു പ്രശ്നമുണ്ടായിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽ അദ്ദേഹം കഥാസന്ദർഭമൊക്കെ വിവരിച്ചാണ് ഭ്രാന്തന്റെ സംഭാഷണമൊക്കെ കൊടുത്തിരിക്കുന്നത്. അതൊന്നുമില്ലാതെ സംഭാഷണം മാത്രമാകുമ്പോൾ ഭ്രാന്തൻ എന്നതിന് പകരം ഒരു പേര് കൊടുക്കുകയെന്നതാണ് ഉചിതമെന്ന് അദ്ദേഹത്തിന് തോന്നി. പടച്ചോനെ എന്ന് വിളിക്കുന്നത് സാധാരണ ഇസ്ലാംമതക്കാരായതിനാൽ അങ്ങനെയൊരു പേരാണ് വേണ്ടത്. ഭ്രാന്തന്റെ കഥ പറഞ്ഞ പി.ടി. കുഞ്ഞു മുഹമ്മദ് മുസ്ലിം നാമമുള്ള ആളാണല്ലോ. അങ്ങനെ ഇനിഷ്യൽ മാറ്റി കുഞ്ഞുമുഹമ്മദ് എന്നാക്കി - അത്രയും വേണ്ട.. മുഹമ്മദ്.. അത് മതി.

പരീക്ഷക്ക് ശേഷം മൂല്യനിർണ്ണയം നടത്തി പേപ്പർ തന്റെ വിദ്യാർത്ഥികൾക്ക് കൊടുക്കുമ്പോൾ ഈ ചോദ്യഭാഗത്തിന് പിന്നിലുള്ള കഥ ക്ലാസിൽ വിവരിക്കണമെന്ന് ആ അദ്ധ്യാപകൻ കരുതി. പക്ഷെ, അതിന് ഇടയുണ്ടായില്ല. അദ്ദേഹത്തിന് അത് വിവരിക്കേണ്ടി വന്നത് കോളേജ് മാനേജ്‌മെന്റിനോടും പൊലീസിനോടും കോടതിയോടുമായിരുന്നു.

വളരെ സ്വാഭാവികമായി യാതൊരു ദുരുദ്ദേശ്യമോ വക്രതയോ കൂടാതെ ഒരു മലയാളം അദ്ധ്യാപകൻ നിർമ്മിച്ച ഈ ചോദ്യമാണ് അദ്ദേഹത്തിന്റെ ശിഷ്ടജീവിതത്തെ ക്ലേശകരമാക്കിയത്. വർഷങ്ങളുടെ സർവ്വീസുള്ള ജോസഫ് മാഷ് ധാരാളം വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ പോലും മതവിദ്വേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തുടക്കത്തിൽ മിണ്ടാതിരുന്ന പലരും പിന്നീട് മാഷിനോട് മാപ്പു പറഞ്ഞിട്ടുണ്ട്. അതിൽ ഒരാളാണ് പി.ടി കുഞ്ഞുമുഹമ്മദ്. തന്റെ പുസ്തകത്തിൽനിന്നാണ് ഇത് എടുത്തതെന്ന് ആദ്യം അംഗീകരിക്കാൻ പി.ടിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് പിടി ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്.

അങ്ങനെ അവർഎന്റെ കൈവെട്ടിമാറ്റി

്ജോസഫ് മാഷിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകളിലെ പരശുരാമന്റെ മഴു എന്ന 25ാം അധ്യായം നടുക്കുന്നതാണ്്്. പള്ളികഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുന്ന തന്നെയും കുടുംബത്തെും ഇസ്ലാമിക മതമൗലിക വാദികൾ ആക്രമിച്ചതിന്റെ വിവരങ്ങൾ ഈ അധ്യായത്തിലാണ് ജോസ്ഫ് മാസ്റ്റർ വിവരിക്കുന്നത്.

'അടുത്ത നിമിഷം മഴുകൊണ്ടുള്ള വെട്ടേറ്റ് എന്റെ വലതുവശത്തുള്ള ഡോറിന്റെ ഗ്ലാസ് തകർന്നുവീണു. അക്ഷണത്തിൽതന്നെ വാക്കത്തികൊണ്ടുള്ള വെട്ടിൽ, ചേച്ചിയുടെ വശത്തെ ചില്ലും തകർന്നു. രണ്ടാം വാക്കത്തിക്കാരൻ കാറിന്റെ മുൻവശത്തെ ചില്ല് വെട്ടിപ്പൊളിച്ചെങ്കിലും അത് അടർന്നുവീണില്ല.

ചില്ലില്ലാത്ത ഡോറിലൂടെ മഴു അകത്തേക്കിട്ട് ഒന്നാമൻ എന്നെ തുരുതുരാ വെട്ടാൻ തുടങ്ങി. അതോടെ ചേച്ചിയും അമ്മയും ആവുന്നത്ര ശബ്ദത്തിൽ രക്ഷിക്കണേ, ഓടിവായോ, എന്ന് നിലവിളി തുടങ്ങി. ഞാനാകട്ടെ ശരീരം ആവുന്നത്ര, ഉള്ളിലേക്ക ഒതുക്കിക്കൊണ്ട്, മഴുവിന്റെ പിടിയിൽ കടന്നുപിടിക്കാനുള്ള ശ്രമം നടത്തി. ഒന്നു രണ്ടുതവണ എനിക്ക് പിടി കിട്ടിയെങ്കിലും എന്റെ കൈകൾ വിട്ടുപോയി. ഇരുകൈകളിലും വെട്ടേറ്റ് മാംസവും ഞരമ്പുകളും മുറിഞ്ഞു മറിഞ്ഞപ്പോൾ എന്റെ കൈകൾ പൊങ്ങാതായി. പിൻ സീറ്റിൽ ഇരുന്ന എന്റെ അമ്മ ഒരു മടക്കുകുട കൊണ്ട് എന്നെ വെട്ടുന്ന കൈയിൽ അടിച്ചുകൊണ്ട് അലറിക്കരഞ്ഞെങ്കിലും ഒരു ദീനശബ്ദമേ പറുത്തുവന്നുള്ളൂ.

എന്റെ കൈൾ പൊങ്ങാതായതോടെ, മഴു പിടിച്ചയാൾ കൈ ഉള്ളിലേക്കിട്ട് കാറിന്റെ ഡോർ തുറന്നു. അപ്പോഴേക്കും ചേച്ചിയുടെ വശത്തുനിന്ന വാക്കത്തിപിടിച്ച രണ്ടാളുകളും അങ്ങോട്ട് വന്നു. നാലുപേർ കൂടി എന്നെ വലിച്ചെടുത്ത് കാറിന്റെ പിന്നിലേക്ക് കൊണ്ടുപോയി. എന്റെ അടുത്തേക്ക് വരാനായി ഡോർ തുറന്ന് പുറത്തെത്തിയ ചേച്ചിയെ അവിടെ നിന്നിരുന്ന കഠാരക്കാരൻ ഇടം കൈയാൽ കഴുത്തിന് കുത്തിപ്പിടിച്ച് വലം കൈയിലെ കഠാര നീട്ടിപ്പിടിച്ച് റോഡിന്റെ ഇടതുവശത്തുള്ള കൈയാലയിലേക്ക് തള്ളി നിർത്തി.

കാറിന്റെ പിന്നിലേക്ക് എന്നെ അൽപ്പദൂരം വലിച്ചിഴച്ചിട്ട് ആ ഒരു വാക്കത്തിക്കാരൻ, എന്റെ ഇടതുകാലിന്റെ കുതികാൽ ഭാഗത്ത് ആഞ്ഞൊരു വെട്ട്. അതിനുശേഷം കാലിൽ പിടിച്ച് തിരിച്ചിട്ട് അതിനോട് ചേർന്ന് പാദത്തിന് മുകളിലായി ഒരു വെട്ടും തന്നു. തുടർന്ന് മഴു പിടിച്ച ആൾ എന്റെ ഇടതുചന്തിയോട് ചേർന്ന തുടഭാഗത്ത് മഴുകൊണ്ട് ആഞ്ഞുവെട്ടി. കൂടാതെ ഇടതുകാലിൽ തന്നെ കണ്ണയുടെ മുകൾഭാഗത്തും പാദത്തിലും ആഞ്ഞു വെട്ടി. മഴു പതിച്ച ഭാഗങ്ങൾ അസ്ഥി ഉൾപ്പടെ മുറിഞ്ഞു. മുറിവുകളിൽനിന്ന് ചീറ്റിയൊലിക്കുന്ന രക്തത്തോടൊപ്പം, ജീവനും വാർന്നുപോകുന്നതായി എനിക്കപ്പോൾ തോന്നി. എന്നിൽ പതിക്കാൻവേണ്ടി അയാളുടെ കൈയിലിരുന്ന് വെമ്പുന്ന മഴുവിൽ ദൃഷ്ടിയൂന്നി ജന്തുസഹമായ മരണഭയത്തോടെ, 'കൊല്ലല്ലോ, കൊല്ലല്ലേ' എന്ന് ഞാൻ വിലപിച്ചു.

പിന്നീട് അവർ എന്നെതൂക്കിയെടുത്ത് കുറച്ചുകൂടി പിന്നിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ അവർ എന്നെ മലർത്തിയിട്ടു. മഴുപിടിച്ച ആൾ, മുറിവേറ്റ് തളർന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്നുമാതിരി ആഞ്ഞൊരു വെട്ട്. കൈക്കുഴയോടെ ചേർന്ന് കൈപ്പത്തിയിൽ ചെരിഞ്ഞു പതിച്ച മഴു, ചെറുവിരൽ ഭാഗത്തെ മൂന്നുവരലുകൾ കടയറ്റു തുങ്ങത്തക്കവിധം കൈപ്പത്തിയുടെ മുക്കാൽ ഭാഗത്തോളം എത്തിനിന്നു. ഉദ്ദേശിച്ച കൈമാറിപ്പോയെന്ന് വാക്കത്തിക്കാരൻ സൂചന കൊടുത്തതിനാൽ, എന്റെ ഇടതുകൈ അയാൾ പൊടുന്നനെ താഴേക്കിട്ടു.

ആ സമയം വലുതായൊരു സ്‌ഫോടന ശബ്ദം എന്റെ കാതിൽ വന്നലച്ചു. പുകപടലങ്ങൾക്കിടയിൽ കൈയിൽ ഒരു വാക്കത്തിയുമായി മകൻ മിഥുൻ അവിടേക്ക് പാഞ്ഞടുക്കുന്നത് ഒരു മിന്നായംപോലെ എന്റെ ദൃഷ്ടിയിൽപ്പെട്ടു. അൽപ്പം സമയം കഴിഞ്ഞ് വാക്കത്തിക്കാരിലെ അപരൻ മുറിവുകളാൽ വിവൃതമായ എന്റെ വലതുകൈ മുട്ടുഭാഗത്ത് പിടിച്ച് ടാർ റോഡിൽ ചേർത്തുവെച്ചു. മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി. രണ്ടിടത്തും അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു. പിന്നീട് കൈക്കുഴയാട് ചേർന്ന് പലതവണ വെട്ടി. അവർ എന്റെ വലതുകൈപ്പത്തി മുറുച്ചുമാറ്റി.'- ജോസഫ് മാസ്റ്റർ എഴുതുന്നു.

വെട്ടേറ്റ് അർധ അബോധവസ്ഥയിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ തന്റെ കൈപ്പത്തി കൂടി എടുത്തോളാൻ താൻ പറഞ്ഞ കാര്യവും ജോസഫ് മാസ്റ്റർ എഴുതുന്നുണ്ട്. 'പക്ഷേ എവിടെ തിരഞ്ഞിട്ടും ആറ്റുപോയ കൈപ്പത്തി കണ്ടുകിട്ടിയില്ല. അയൽക്കാരൻ ജോസഫ് സാർ സംഭവം നടന്ന സ്ഥലത്തെ കുറ്റിച്ചെടികൾക്കിടയിൽ പരതുകയായിരുന്നു. അപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് കൈപ്പത്തി വീണുകിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്.അദ്ദേഹം ചെന്നുനോക്കിയപ്പോൾ ശരിയാണ്. മുറ്റത്തുവിരിച്ച ചരലിൽ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണൽത്തരികൾ കുടഞ്ഞുകളഞ്ഞ്, ഒരു പ്ലാസ്റ്റിക്ക് കൂടിൽ ഐസ് കട്ടയും വെച്ച് പാക്ക് ചെയ്തതോടെ പൊലീസ് ജീപ്പെത്തി.'-ജോസഫ് മാസ്റ്റർ എഴുതുന്നു.

ഈ കൈപ്പത്തിയാണ് പിന്നീട് അദ്ദേഹത്തിന് തുന്നിപ്പിടിപ്പിച്ചത്. തുടർന്നണ്ടായ ദുരിത ജീവിതവും അദ്ദേഹം വിവരിക്കുന്നുണ്ട്.

''എന്നെ വെട്ടിക്കൊല്ലാൻ സഭ കാത്തിരുന്നു''

അറ്റുപോകാത്ത ഓർമ്മകളിലെ, 'വിവേകമില്ലാത്ത തലകൾ' എന്ന അധ്യായത്തിൽ പ്രൊഫസർ ടി.ജെ ജോസഫ് ഇങ്ങനെ എഴുതുന്നു.'' 2010 മാർച്ച് 26ന് തൊടുപുഴയിൽ വർഗീയവാദികൾ കലാപമുണ്ടാക്കുമ്പോഴാണ് എന്നെ തള്ളിപ്പറയാൻ സഭാധികാരികളും കോളജ് അധികൃതരും തീരുമാനം എടുത്തത്്. അന്നുതൊട്ട് എന്നെ കുറ്റപ്പെടുത്തിക്കൊണ്ടല്ലാതെ അവരിൽ ആരും സംസാരിച്ചിട്ടില്ല. എന്നെ ആക്രമിച്ചിരുന്നവർ അതിനുള്ള ഗൂഢാലോചന 2010 മാർച്ച് 28ന് ആരംഭിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരുക്കങ്ങൾ, പുരോഗമിച്ചുകൊണ്ടിരിക്കെ അവർ കോതമംഗലം അരമനയിലേക്ക് ഇടക്കിടെ വിളിച്ചുകൊണ്ടിരിക്കുന്നു. സഭാധികാരികൾക്ക് എന്നോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കുകയായിരുന്നു, അവരുടെ ലക്ഷ്യം. നിങ്ങൾ എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി മാത്രമല്ല, ഞങ്ങൾ എന്തെങ്കിലും ചെയ്താൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിനും അവർ ഉത്തരം തേടി. അത്തരം ഫോൺ സംഭാഷണങ്ങളെക്കുറിച്ച് 5-5-2010ൽ മെമോയുടെ മറുപടിയുമായി അരമനയിൽ ചെന്ന എന്നോട് മാനേജർ മോൺ. തോമസ് മേലെക്കുടി പറഞ്ഞിട്ടുള്ളതാണ്.

മതാന്ധർ ആണെങ്കിലും തീവ്രാവാദക്കാർക്കും ബുദ്ധിയുണ്ടല്ലോ. അവർ സൂത്രത്തിൽ സഭയുടെയും മാനേജ്മെന്റിന്റെയും എന്നോടുള്ള നിഷേധ നിലപാട് മനസ്സിലാക്കി. എന്നെ തള്ളിപ്പറയാതെ സഭാംഗമെന്ന നിലയിൽ സംരക്ഷിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നുവെങ്കിൽ, എന്നെ ആക്രമിക്കാൻ ഒരിക്കലും അവർ ധൈര്യപ്പെടുകയില്ലായിരുന്നു. എന്നെ ആക്രമിക്കുന്നതിനുള്ള മൗനാനുവാദം സഭാധികാരികളിൽനിന്ന് കിട്ടിയ ശേഷമാണ്, ആക്രമണകാരികൾ തങ്ങളുടെ പദ്ധതി ഊർജസ്വലമാക്കിയത്.'- ജോസഫ് മാസ്റ്റർ എഴുതി

ആക്രമണം വൈകി മാനേജറും മറ്റും അക്ഷമരായിട്ട് ഇരിക്കുമ്പോഴാണ്, ജൂലൈ നാലിന് ആ 'സദ്വാർത്ത' അവരുടെ കാതിൽ എത്തുന്നത്. അവർ പണി പറ്റിച്ചു എന്ന് വിചാരിച്ച് ഉടൻ തന്നെ മാനേജർ മോൺ. തോമസ് മലേക്കുടി, മോൺ. ഫ്രാൻസിസ് ആലപ്പാട്ട്, ഫാദർ ജോസഫ് കോയിത്താനത്ത്, ഫാദർ കുര്യാക്കേസ് കൊടക്കല്ലിൽ എന്നിവർ സംഭവ സ്ഥലത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പൊലീസ് മേധാവികളുമായി ചർച്ച നടത്തി. വീട്ടിലെത്തി എന്റെ അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. അധികം വൈകാതെ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഭവന സന്ദർശനം നടത്തുമെന്ന് ഇടവക വികാരി ഫാദർ ജോർജ് പൊട്ടക്കൽ എന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ഞാൻ മരിച്ചിട്ടില്ലെന്ന് സൂചന കിട്ടിയതിനാൽ ആവാം ബിഷപ്പ് തന്റെ ഉദ്യമം പിന്നീട് വേണ്ടെന്ന് വെച്ചു.

ആക്രമണത്തെ മുസ്ലിം സംഘടനകൾ പോലും അപലപിച്ചു. എന്നാൽ സഭാ അധികാരികൾ മൗനം ഭജിച്ചു. തൊട്ടടുത്ത ദിവസം മൂവാറ്റുപുഴ നിർമ്മലകോളജിൽ നടന്ന പൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹികളുടെ കമ്മറ്റി യോഗത്തിൽ, ആക്രമണത്തിൽ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്നു മാനേജർ മോൺ. തോമസ് മലേക്കുടി വളരെ ഉദാസീനമായിട്ടാണ് അതിനോട് പ്രതികരിച്ചത്. ''മരിച്ചുപോയെങ്കിൽ കൂഴപ്പമില്ലായിരുന്നു'' എന്ന് അദ്ദേഹം തന്റെ മനോഗതം അപ്പോൾ വെളിപ്പെടുത്തുകയും ചെയ്തു. ''- ഇങ്ങനെയാണ് സഭയിൽനിന്ന് നേരിട്ട ആ ക്രൂരതകൾ ജോസഫ് മാഷ് വിശദീകരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ് ജീവഛവമായി കിടക്കുന്ന ജോസഫ് മാഷിനെ കാണാനായി ധാരാളം പേർ മൂവാറ്റുപുഴയിലെ വീട്ടിൽ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ചിലർ ഒരു കുപ്പി പാൽ, രണ്ടു കുപ്പി കോഴിമുട്ട എന്നിങ്ങനെ തങ്ങളെകൊണ്ട് ആവുന്ന ചെറിയ സഹായങ്ങൾവരെ ചെയ്തു. വേട്ടയാടപ്പെട്ട ഒരു മനുഷ്യനോടുള്ള അനുതാപം സമൂഹത്തിൽ അത്രയേറെ ശക്തമായിരുന്നു.എന്നാൽ ഇത് സഭാധികാരികൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ പ്രൊഫസർ ടി.ജെ ജോസഫിനെതിരെ ഇടയലേഖനം ഇറക്കുകയാണ് ചെയ്തത്. ഈ അനുഭവങ്ങളം അദ്ദേഹം പുസ്‌കത്തിൽ വിവരിക്കുന്നുണ്ട്. എറ്റവും വേദനാജനകമായത് കന്യാസ്ത്രീകളുടെ വീട് കയറിയിറങ്ങിയുള്ള കുപ്രചാരണം ആയിരുന്നുവെന്നും ജോസഫ് മാസ്റ്റർ ചൂണ്ടിക്കാട്ടുന്നു.

ഡ്രാഫ്റ്റ് കീറിയെറിഞ്ഞ സുകുമാർ അഴീക്കോട്

അതേസമയം സാംസ്കാരിക നായകർ അടക്കമുള്ള നിരവധിപേരുടെ പിന്തുണയും ജോസഫ് മാസ്റ്റർക്ക് കിട്ടിയിരുന്നു. ഒഎൻവി, എം.കെ സാനു, കെ.ജി ശങ്കരപ്പിള്ള ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ, ജസ്റ്റിസ് കെ.ടി തോമസ്, ആനന്ദ് സക്കറിയ, ഡോ ഗീത, സുഗതകുമാരി, വൈശാഖൻ, ജോർജ് ഓണക്കൂർ, പി വത്സല, യു.എ ഖാദർ, നൈനാൻ കോശി, ഫാ. എ അടപ്പൂർ, പഴവിള രമേശൻ, ഡോ കെ.എസ് രാധാകൃഷ്ണൻ, സ്വാമി അഗ്നിവേശ്, ജോസഫ് പുലിക്കുന്നേൽ എന്നിവരൊക്കെ പിരിച്ചുവിടൽ നടപടിയെ അപലപിച്ച സാംസ്കാരിക നേതാക്കളാണ്.

ചില വേദനാജനകമായ അനുഭവങ്ങളും ജോസഫ് മാഷ് പുസ്തകത്തിൽ എഴുതുന്നുണ്ട്. മലയാളത്തിന്റെ മനസാക്ഷിയെന്നും സാഗരഗർജ്ജനമെന്നുമൊക്കെ നാം വിശേഷിപ്പിക്കുന്ന സാക്ഷാൽ സുകുമാർ അഴീക്കോടിനെ കുറിച്ചാണ് ആ ഭാഗം. അറ്റുപോകാത്ത ഓർമ്മകളിലെ 'ഡോണ്ട് എവർ ഗിവ് അപ്പ്' എന്ന അധ്യായത്തിൽ മാഷ് ആ ദുരനുഭവം ഇങ്ങനെ എഴുതുന്നു.

''എന്നാൽ മറ്റൊരു മനുഷ്യസ്നേഹിയുടെ നടപടി തികച്ചും വൈരുദ്ധ്യാത്മകമായിരുന്നു. മുംബൈയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന സി ആന്റണി ലൂയിസ് എന്ന മലയാളി, ഇന്ത്യൻ എക്പ്രസ് ദിനപ്പത്രത്തിൽവന്ന ഇ.പി ഉണ്ണിയുടെ ലേഖനം വായിച്ച്, എന്നോട അനുഭാവം തോന്നിയിട്ട്, മഹാരാഷ്ട്രാ ലിറ്റിജൻസ് അസോസിയേഷൻ എന്ന അവരുടെ സംഘടന എനിക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാമെന്ന് അറിയിച്ചുകൊണ്ട് ഒരു കത്തെഴുതി. കത്തിനൊപ്പം എനിക്ക് സാമ്പത്തിക ആശ്വാസമായി അയ്യായിരം രൂപയുടെ ഡ്രാഫ്റ്റ് ഉണ്ടായിരുന്നു. എന്റെ കൃത്യമായ അഡ്രസ്സ് അറിയാത്തതുകൊണ്ട് ആ കത്തും ഡ്രാഫ്റ്റും, സുകുമാർ അഴീക്കോടിന് അയച്ചിട്ട്, എന്റെ അഡ്രസ്സിൽ അയച്ചുകൊടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ സുകുമാർ അഴീക്കോട് തനിക്ക് അത് തരപ്പെടില്ലെന്ന് പറഞ്ഞ്, അവർക്ക് മറുപടി എഴുതി. അതിൽ എനിക്ക് അയച്ച കത്തും ഡ്രാഫ്റ്റും കീറിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു. ചെക്കുപോലെ ഉള്ളതാണ് ഡ്രാഫ്റ്റുമെന്ന് ആ മഹാപണ്ഡിതൻ വിചാരിച്ചു കാണും.

ഇക്കഥയെല്ലാം വിവരിച്ചുകൊണ്ടുള്ള ആന്റണി ലൂയിസിന്റെ കത്തും, സാമാന്യമനുഷ്യന്റെ മാന്യത പുലർത്താത്തതിൽ പരിഭവം അറിയിച്ച് ആന്റണി ലൂയിസ്, സുകുമാർ അഴീക്കോടിന് അയച്ച കത്തിന്റെ കോപ്പിയും പിന്നീട് എനിക്ക് കിട്ടി.''- ഇങ്ങനെയാണ് ജോസഫ് മാസ്റ്റർ സുകുമാർ അഴീക്കോടിൽനിന്നുണ്ടായ ദുരനുഭവം വിവരിക്കുന്നത്.

ഞെട്ടലായി സലോമിയുടെ മരണം

ജോസഫിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടതോടെ ഭാര്യ സലോമി മാനസിക രോഗിയായി മാറി. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കാൻ തുടങ്ങി. മനോരോഗത്തിന് തുടക്കമാണെന്നും ഇത്തരം രോഗികൾ ആത്മഹത്യപ്രവണത പ്രകടിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നതോടെ വീട്ടിലുണ്ടായിരുന്ന കീടനാശിനികൾ നശിപ്പിച്ചു കളയുകയും, മൂർച്ചയേറിയ കത്തികളും മറ്റും അവരിൽ നിന്ന് ഒളിപ്പിച്ചു വെക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം കുളിമുറിയിൽ കയറി തൂങ്ങിമരിച്ചു. അതും പുണ്യവാനായ സെന്റ് ജോസഫിന്റെ തിരുനാൾ ദിവസത്തിലാണ് അത് സംഭവിച്ചത്. വീണ്ടും ഒരിക്കൽ കൂടി താൻ തോൽപ്പിക്കപ്പെട്ടുവെന്നാണ് ഭാര്യയുടെ വിയോഗത്തെക്കുറിച്ച് ജോസഫ് എഴുതിയിരിക്കുന്നത്.

സലോമിയുടെ മരണം വാർത്താമാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. എന്നിട്ടും സഭയുടെ മനസ്സലിഞ്ഞില്ല. വീണ്ടും വീണ്ടും ജോസഫിനെയും കുടുംബത്തെയും വൈദികരും സഭാനേതൃത്വവും സംഘടിതമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. 2014 മാർച്ച് 31-ന് വിരമിക്കാനിരിക്കെ ഔദാര്യമെന്നോണം അദ്ദേഹത്തെ 28-ന് ജോയിന്റ് ചെയ്യാനായി നിയമന ഉത്തരവ് നൽകി. താൻ ജോയിന്റ് ചെയ്യാൻ ചെല്ലുമ്പോൾ തന്റെ കുട്ടികൾ അവിടെ ഉണ്ടാവാതിരിക്കാൻ കോളജിന് അന്ന് അവധി നൽകി. തന്നെ സ്വീകരിക്കുന്നതിൽ നിന്ന് അദ്ധ്യാപകരെയും പലവിധ ജോലികളിലേക്ക് നിയമിച്ച് ആനന്ദം കണ്ടെത്തി. അദ്ദേഹം ഓഫീസിൽ പ്രവേശിക്കുന്നതും ഹാജർ ബുക്കിൽ വീണ്ടും ഒപ്പു വെക്കുന്നതും മാധ്യമങ്ങൾ പകർത്താതിരിക്കാൻ കോളജിന്റെ പ്രധാന കവാടം അടച്ചിട്ടു. തനിക്ക് പെൻഷൻ പോലും കിട്ടാതിരിക്കാൻ സഭയും, വൈദികരും, മാനേജ്‌മെന്റും ചേർന്ന് എല്ലാ കള്ളകളികളും കളിച്ചു. എന്നിട്ടും സഭ വീണ്ടും ജോസഫിനെ വേട്ടയാടി. അദ്ദേഹത്തിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളികളിൽ ജോസഫിനെതിരായി ഇടയലേഖനം വായിച്ചു.

മതപഠനത്തിന് സർക്കാർ ഫണ്ട് അനുവദിക്കരുത്

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ജോസഫ് മാഷ് ഏറെയും സംസാരിക്കാറുള്ളത് മതേതരത്വത്തെക്കുറിച്ചാണ്. -'നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്. അതായത് രാഷ്ട്രം ഒരു മതത്തെയും പ്രോൽസാഹിപ്പിക്കുന്നില്ല. എന്നാൽ മതവിശ്വാസികൾക്ക് അവരുടെ മതം പ്രചരിപ്പിക്കുന്നതിൽ തടസ്സമില്ല. അവർക്ക് അങ്ങനെ ഒരു സ്വാതന്ത്ര്യം കൽപ്പിച്ചുകൊടുത്തു എന്നേയുള്ളൂ. ആത്യന്തികമായിട്ട് ഒരു മതമില്ലാത്ത രാജ്യമാണ് നമ്മുടേത്. നമ്മുടെ ഭരണഘടന അങ്ങനെയാണ് എഴുതിവെച്ചിട്ടുള്ളത്. എന്നാൽ ഈ മതങ്ങളെല്ലാം കൂടി മതത്തിന് പ്രധാന്യമുള്ള രാജ്യമായി ഈ സ്വതന്ത്രഭാരതത്തെ മാറ്റുകയാണ് ഉണ്ടായത്.

ഇക്കാലത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത എന്റെ ആഗ്രഹം പറയാം. ഈ മതേതര രാജ്യത്ത് അദ്ധ്യാപകർ മതചിഹ്നങ്ങൾ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണമായി പുരോഹിത വേഷം, കന്യാസ്ത്രീ വേഷം. അതൊക്കെ ഇട്ടുകൊണ്ട്, സർക്കാറിന്റെ ശമ്പളം പറ്റിക്കൊണ്ട്, മതേതര രാജ്യമായ ഭാരതത്തില ഒരു വിദ്യാലയത്തിലും, ആളുകൾ അദ്ധ്യാപകരായി വർത്തിക്കരുത്. എന്നാലെ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു മതേതരരാജ്യമായി നമുക്ക് തുടരാൻ കഴിയുകയുള്ളൂ. അതുപോലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളും മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് പ്രവേശിക്കാൻ പാടില്ല. ഇത്തരത്തിലുള്ള നിയമം നിർബന്ധമായി ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. അതുപോലെ തന്നെ മതവിദ്യാഭ്യാസം. അച്ഛനമ്മാർ വീടുകളിൽനിന്ന് പാരമ്പര്യമായി പകർന്നുകിട്ടിയ കാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചോട്ടെ. പക്ഷേ പബ്ലിക്കായുള്ള ഇൻസ്റ്റിറ്റിയൂഷനുകൾ വഴിയുള്ള മതപഠനത്തെ പ്രോൽസാഹിപ്പിച്ച് കൊടുക്കാൻ സർക്കാറുകൾ തുനിയരുത്.

നിർഭാഗ്യവശാൽ കൊച്ചുകുട്ടികളെ മതം പഠിപ്പിക്കുന്നതിന്, നമ്മൾ കൊടുക്കുന്ന നികുതിയിൽനിന്നുപോലും, പണം ചെലവാക്കുന്ന ഒരു സംസ്ഥാനത്തും രാജ്യത്തുമാണ് നാം ജീവിക്കുന്നത്. ശരിക്കും പറഞ്ഞാൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ, പാരമ്പര്യമായി കിട്ടുന്ന കൾച്ചറിന്റെ ഭാഗമായി എന്തെങ്കിലും പഠിപ്പിച്ച് കൊടുക്കാനുണ്ടെങ്കിൽ അത് വീട്ടിൽനിന്ന് പഠിപ്പിച്ച് കൊടുക്കാം എന്നല്ലാതെ, സർക്കാർ അറിയാതെ, സർക്കാറിന്റെ നിയന്ത്രണമില്ലാതെ ഒരിക്കലും, മതപഠനം നടത്താൻ പാടില്ല. അതോക്കെ പാടേ നിഷേധിക്കണം. ഇപ്പോൾ മതപഠനത്തിനുവേണ്ടി സർക്കാർ കൊടുക്കുന്ന പെൻഷനും സാമ്പത്തിക സഹായങ്ങളും, മുഴുവനും എത്രയും വേഗം നിർത്തലാക്കണമെന്നാണ് ഒരു മതേതര വാദി എന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്ന, അതിന്റെ അന്തസത്ത മനസ്സിലാക്കിയ ഒരു പൗരൻ എന്ന നിലയിൽ, എനിക്ക് പറയാനുള്ളത്.'- ജോസഫ് മാഷ് ചൂണ്ടിക്കാട്ടി.

രണ്ടുകൈകൊണ്ടും എഴുതും വണ്ടിയോടിക്കും

തന്റെ പുതിയ ജീവിത അവസ്ഥകളെക്കുറിച്ച് ജോസഫ് മാസ്റ്റർ ഇങ്ങനെ പറയുന്നു.'കൈവെട്ട് കേസ് എന്ന് കേൾക്കുമ്പോൾ പലർക്കും തോന്നുക കൈയ്ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നാണ്. പക്ഷേ ശരീരം ആസകലം മുറിവേറ്റ ആക്രമണമാണ് ഉണ്ടായത്. വലതുകൈ പൂർണ്ണമായും നിശ്ചലമാണ്. ഇടതുകൈയിലെ വിരലുകൾ ഒടിഞ്ഞ് തൂങ്ങത്തക്ക രീതിയിൽ ഒരു വെട്ട് കിട്ടി. ഇടതുകാലിനും അതി ഗുരുതരമായി പരിക്കേറ്റു. കണങ്കാലും പാദവും കൈത്തണ്ടയും അടക്കഭാഗങ്ങളിൽ നിരവധി വെട്ടേറ്റു. ഇടതുകൈയിലെ മൂന്ന് വിരലുകൾക്ക് മാത്രമാണ് ഇപ്പോൾ സ്വാധീനമുള്ളത്. ഇതുവെച്ച് ഏറെ ക്ലേശിച്ചാണ് പുസ്തകം എഴുതിയത്. എന്റെ കൈവെട്ടിയവർ ഇനി ഇവൻ എഴുതരുത് എന്ന ഉദ്ദേശം വെച്ചുകൊണ്ടാണല്ലോ, അത് ചെയ്തത്. എന്തു ഉദ്ദേശത്തോടെയാണ് അവർ എന്റെ കൈവെട്ടിയത് ആ ഉദ്ദേശം നടന്നിട്ടില്ല. അതുവരെ എഴുത്തുകാരനല്ലാത്ത ഞാൻ, എഴുത്തുകാരൻ ആവുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്. വലതുകൊണ്ട് എഴുതിയതിനേക്കാൾ കൂടുതൽ ഞാൻ ഇടതുകൊണ്ട് എഴുതി. ഇപ്പോൾ വലതുകൈകൊണ്ട് മെസേ്ജ് അയക്കാനും കമ്പ്യൂട്ടറിലെഴുതാനുമൊക്കെ കഴിയുന്നുണ്ട്. ഫലത്തിൽ ഇപ്പോൾ ഇടതുകൈകൊണ്ടും വലതുകൈ കൊണ്ടും എഴുതാം'- ജോസഫ് മാഷ് പറഞ്ഞു.

ആക്രമിക്കപ്പെട്ടതിനുശേഷം താൻപോലും പ്രതീക്ഷിക്കാത്ത രീതിയിൽ പലരിൽനിന്നും സഹായം കിട്ടിയെന്നും ജോസഫ് മാഷ് പറയുന്നു. 'ഞാൻ എന്റെ പുസ്തകത്തിൽ എന്നെ സഹായിച്ചവരുടെ പേര് പറയാത്തത് അത്രയും പേരുടെ സഹായം കിട്ടിയതുകൊണ്ടാണ്. എല്ലാജാതിമതസ്ഥരുടെയും സഹായം എനിക്ക് കിട്ടി. രണ്ടും മുട്ടയും പാലും പോലും തന്ന് സഹായിച്ച സാധാരക്കാരുണ്ട്. അവരോടൊക്കെ ഞാൻ വല്ലാതെ കടപ്പെട്ടിരിക്കുന്നു'- ജോസഫ് മാസ്റ്റർ പറഞ്ഞു.

വാൽക്കഷ്ണം: സമാനമായ വിഷയം ഫ്രാൻസിലും ഉണ്ടായിരുന്നു. ഷാർലി ഹെബ്ദോയുടെ വിവാദ കാർട്ടൂൺ കാണിച്ചുവെന്നതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ അവിടെ സാമുവൽ പാറ്റി എന്ന അദ്ധ്യാപകനെ വെട്ടിക്കൊന്നു. പക്ഷേ നമ്മുടെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയെപ്പോലെ അദ്ധ്യാപകനെ മഠയൻ എന്ന് വിളിക്കയല്ല, മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് പ്രഖ്യാപിക്കയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാൺ ചെയ്തത്. ബേബിയിൽനിന്ന് മാക്രോണിലേക്കുള്ള ദൂരം പ്രകാശവർഷങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP