Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം; വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന; പോരാടുന്ന എല്ലാ സ്ത്രീകൾക്കും തന്റെ ആശംസയെന്നും ഭാവന

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം; വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന; പോരാടുന്ന എല്ലാ സ്ത്രീകൾക്കും തന്റെ ആശംസയെന്നും ഭാവന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതുവരെ സൃഷ്ടിക്കപ്പെട്ട മനുഷ്യകലകളിൽ ഏറ്റവും ജനകീയമാണ് സിനിമകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പുറങ്ങളും അധ്യായങ്ങളും ഉള്ള പുസ്തകങ്ങളിലെ ഉള്ളടക്കം വരെ ഒന്ന്, രണ്ട് മണിക്കൂറുകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഊട്ടിഉറപ്പിക്കാൻ സിനിമയ്ക്ക് കഴിയും. ആശയങ്ങളെ വളരെ എളുപ്പത്തിൽ മനുഷ്യ മനസ്സുകളിലേക്ക് പകർന്ന് നൽകാനും സിനിമയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുർക്കിയിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായി.

സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി

സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകർക്കു ചലച്ചിത്ര നിർമ്മാണത്തിനു സർക്കാർ നൽകുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സർക്കാർ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ചലച്ചിത്രോല്‌സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ചകളും താഴ്ചകളും മാനവസമൂഹത്തിന്റെ വളർച്ചയും തളർച്ചയും ഒക്കെ പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങൾ ആണ് രാജ്യാന്തര മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമയെന്നും സാമൂഹ്യ പരിവർത്തനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്താവുന്ന സവിശേഷമായ മാധ്യമമാണതെന്നും അദ്ദേഹം പറഞ്ഞു .

തന്റെ സിനിമകളിലൂടെ ഭരണാധികാര ഭീകരതയ്ക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതികരിച്ച ലിസാ ചലാൻ, സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരത്തിന് ഏറ്റവും അർഹയാണവരെന്നും ലിസയെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങൾ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നടി ഭാവന

പോരാടുന്ന എല്ലാ സ്ത്രീകൾക്കും തന്റെ ആശംസയെന്നും ഭാവന വേദിയിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഭാവന പറഞ്ഞത്: ''അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവസരം നൽകിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും അത് ആസ്വദിക്കുന്നവർക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാ വിധ ആശംസകളും. നന്ദി.''

ഭാവന കേരളത്തിന്റെ റോൾ മോഡലാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 'ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാൻ അഭിമാനത്തോടെ പറയുന്നു, നിങ്ങൾ കേരളത്തിന്റെ റോൾ മോഡലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയൽ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താൻ കർശനമായ നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.''-മന്ത്രി പറഞ്ഞു.

മേളയുടെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിതമായാണ് അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്റെ പെൺപ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. പ്രിയപ്പെട്ട ഭാവയ്ക്കൊപ്പമെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടിയും താരത്തിനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചു.

ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിൻ മന്ത്രി ജി ആർ അനിൽ മേയർ ആര്യാ രാജേന്ദ്രന് നൽകി പ്രകാശനം ചെതു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് അഡ്വ വി കെ പ്രശാന്ത് എം എൽ എ കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP