Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാർക്കോട്ടിക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഹണിട്രാപ്പ് വഴി പണം തട്ടി; അന്നും മുതലാക്കിയത് സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം; കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും ബൈജു പൗലോസ്; ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സായിയുടെ കൂടുതൽ വിവരങ്ങൾ

നാർക്കോട്ടിക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഹണിട്രാപ്പ് വഴി പണം തട്ടി; അന്നും മുതലാക്കിയത് സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം; കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും ബൈജു പൗലോസ്; ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സായിയുടെ കൂടുതൽ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: വധഗൂഢാലോചനാ കേസിൽ, സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിർബന്ധിച്ചുവെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ആളാണ് സായ് ശങ്കർ. എന്നാൽ, കേസിൽ പ്രതി ദിലീപിന്റെ മൊബൈൽ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം പറയുന്നു.

അതേസമയം, സായി ശങ്കർ പഴയ ഹണിട്രാപ്പ് കേസിലെ പ്രതി ആണെന്നും വ്യക്തമാിയി. 2015 ൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാളാണ് സായി ശങ്കർ. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആണ്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു ഇദ്ദേഹം.

സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. കേസിലെ രണ്ടാംപ്രതി ആയിരുന്നു സായി ശങ്കർ. നർക്കോട്ടിക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഹണിട്രാപ്പ് മുഖേന പണം തട്ടിയ കേസ് ആയിരുന്നു ഇത്. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട് നിയമ സഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേ സമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് സായ് ശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഫോണിലെ വിവരങ്ങൾ മാറ്റിയത് സായ് ശങ്കർ ആണെന്നതിന് ക്രൈം ബ്രാഞ്ചിനു കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സായ് ശങ്കർ ഇന്ന് എത്തിയില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് ഇമെയിൽ മുഖാന്തിരമാണ് സായ് ശങ്കർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.

ഹാജരാകുന്നതിന് 10 ദിവസം വേണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ദിലീപിന്റെ ഫോണിലെ ഡാറ്റകൾ വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. 2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളിൽ സായ് ശങ്കർ പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാൻഡ് ഹയാത്തിലെത്തിയാണ് തെളിവുകൾ നശിപ്പിച്ചത്.

പൊലീസിനെ കബളിപ്പിക്കാൻ വേണ്ടിയാണ് അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുത്തതെന്നാണ് നിഗമനം. ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കർ താമസിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രമായി ഇയാൾ ഹയാത്തിൽ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനിടെ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കർ സന്ദർശനം നടത്തിയിട്ടുണ്ട്. ഡൽഹി സ്വദേശിയായ അഖിൽ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകൾ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

പരിശോധനകൾക്കായി മുംബൈയിലേക്ക് അയച്ച ഫോണുകൾ തിരിച്ചെത്തിയപ്പോൾ അതും സായ് ശങ്കറിന്റെ കൈവശം നൽകിയിരുന്നു. തെളിവുകൾ പൂർണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണിൽ നശിപ്പിക്കപ്പെടാതിരുന്നതിൽ ചിലതുകൊച്ചിയിൽ വച്ച് സായ് ശങ്കർ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകൾ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസിൽ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP