Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ വനിതയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

വിദേശ വനിതയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായിരുന്ന യമൻ സ്വദേശിയായ ഫാത്തിമ അബ്ദുൾകരീം സയ്യിദ് അൽ നഹ്ദി (30 വയസ്സ്) കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് നടന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നു. ഉത്തര കേരളത്തിലാദ്യമായാണ് ഒരു വിദേശിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർവ്വഹിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. കരൾ രോഗം അധികരിച്ച് കരൾ മാറ്റിവെക്കൽ മാത്രം പ്രതിവിധിയായി നിർദ്ദേശിക്കപ്പെട്ട ഫാത്തിമ അബ്ദുൾ കരീം നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചികിത്സ തേടിയിരുന്നു.

മൾട്ടിപ്പിൾ ചിയാരി സിൻഡ്രോം എന്ന അവസ്ഥയായിരുന്നു ഫാത്തിമ അബ്ദുൾകരീമിനെ ബാധിച്ചത്. അസുഖം അധികമായതിനെ തുടർന്ന് അനുബന്ധമായ മറ്റ് അനേകം രോഗാവസ്ഥകൾ കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. കരളിലേക്കുള്ള പ്രധാന രക്തക്കുഴലുകൾ അടഞ്ഞ് പോയതിനെ തുടർന്ന് രണ്ട് വർഷം മുൻപ് സൗദി അറേബ്യയിൽ വെച്ച് സ്റ്റെന്റ് സ്ഥാപിക്കുന്ന ശസ്ത്രക്രിയയ്ക്കും ഇവർ വിധേയയായിരുന്നു. കരൾ മാറ്റിവെക്കൽ വിജയകരമായി പൂർത്തീകരിച്ചതോടെ ശാരീരികമായ ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്ക് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ എത്താൻ ഫാത്തിമയ്ക്ക് സാധിച്ചു.

ഫാത്തിമയുടെ സഹോദരൻ സലേഹ് അൽ നഹ്ദിയുടെ മലയാളിയായ സുഹൃത്ത് വഴിയാണ് കേരളത്തിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ വിജയനിരക്കിനെ കുറിച്ചും താരതമ്യേന കുറഞ്ഞ ചെലവിനെ കുറിച്ചും ഇവർ അറിഞ്ഞത്. തുടർന്ന് ആസ്റ്റർ മിംസിലെ ഡോ. നൗഷിഫുമായി ബന്ധപ്പെടുകയും ശസ്ത്രക്രിയയ്ക്കാവശ്യമായ കാര്യങ്ങൾ മുന്നിലേക്ക് നീക്കാൻ തീരുമാനിക്കുകയുമായിരുന്നു. രണ്ട് വലിയ പ്രതിസന്ധികൾ അപ്പോഴേക്കും ഇവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒന്നാമതായി കോവിഡിന്റെ വ്യാപനം മൂലമുള്ള യാത്രാവിലക്കുകളായിരുന്നു. രണ്ടാമത്തെ വിഷയം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നമ്മുടെ നാട്ടിലുള്ള സ്വാഭാവികമായ നടപടിക്രമങ്ങളും. വിദേശ വനിതയായതുകൊണ്ട് തന്നെ ഈ നടപടിക്രമങ്ങൾ കൂടുതൽ ദുഷ്‌കരമായിരുന്നു. എങ്കിലും ആസ്റ്റർ മിംസിലെ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റ് ടീമിന്റെയും, മെഡിക്കൽ വാല്യൂ ട്രാവലിങ് ടീമിന്റെയും അശ്രാന്ത പരിശ്രമത്തിൽ ഈ രണ്ട് ദുഷ്‌കര സന്ധികളും വിജയകരമായി തരണം ചെയ്യാൻ സാധിച്ചു. ഫാത്തിമയുടെ സഹോദരൻ സലേഹ് അൽ നഹ്ദി തന്നെ കരൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതിനാൽ അത്തരം കാര്യങ്ങൾ കുറച്ച് കൂടി എളുപ്പത്തിൽ പൂർത്തീകരിച്ചു.

പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയും ദുഷ്‌കരമായ ഒന്നായിരുന്നു എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. നൗഷിഫ് പറഞ്ഞു. നേരത്തെ സ്ഥാപിച്ച സ്റ്റെന്റ് നീക്കം ചെയ്യേണ്ടി വന്നതും, തകരാറിലായ രക്തക്കുഴലുകൾ പുനഃസ്ഥാപിച്ചെടുക്കേണ്ടി വന്നതും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. എങ്കിലും ഡോ. സജീഷ് സഹദേവൻ (ഡിപ്പാർട്ട്മെന്റ് മേധാവി), ഡോ. അഭിഷേക് രാജൻ, ഡോ. സീതലക്ഷ്മി എന്നിവരുടേയും ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ. അനിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും, ഇന്റൻസിവിസ്റ്റുമാരായ ഡോ. കിഷോർ, ഡോ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെയും പൂർണ്ണമായ പിന്തുണയോടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് ഡോ. നൗഷിഫ് പറഞ്ഞു.

' ഞങ്ങളുടെ തീരുമാനം പൂർണ്ണമായും ശരിവെക്കുന്ന അനുഭവമായിരുന്നു ആസ്റ്റർ മിംസിലേത്. ഡോക്ടർമാരെ ഞങ്ങൾ പൂർണ്ണമായും വിശ്വസിച്ചു. ആ വിശ്വാസത്തെ അവർ ഒട്ടും തള്ളിക്കളഞ്ഞതുമില്ല. എനിക്ക് പുനർജന്മം നൽകിയ ആസ്റ്റർ മിംസിലെ ഡോക്ടർമാരോടും, നഴ്സുമാരോടും മറ്റ് എല്ലാവരോടുമുള്ള നന്ദി വാക്കുകൾക്കതീതമാണ്. എത്രയും പെട്ടെന്ന് റിയാദിലെത്തി കുടുംബത്തെ കാണാനുള്ള തിടുക്കമാണ് ഇപ്പോൾ മനസ്സിലുള്ളത്' ശസ്ത്രക്രിയയ്ക്ക് ശേഷം ഫാത്തിമ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP