Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണ്ഡഹാർ വിമാന റാഞ്ചലിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരനും കൊല്ലപ്പെട്ടോ? ഇന്ത്യൻ യാത്രക്കാരനെ വെടിവച്ച സഫറുള്ള ജമാലിയെ ആണ് അജ്ഞാതർ വകവരുത്തിയത് എന്ന് സോഷ്യൽ മീഡിയ; റിപ്പോർട്ട് സഹൂർ മിസ്ത്രി എന്ന ഭീകരൻ മാർച്ച് ആദ്യം കൊല്ലപ്പെട്ടതിന് പിന്നാലെ; യഥാർത്ഥത്തിൽ സംഭവിച്ചത്

കാണ്ഡഹാർ വിമാന റാഞ്ചലിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരനും കൊല്ലപ്പെട്ടോ? ഇന്ത്യൻ യാത്രക്കാരനെ വെടിവച്ച സഫറുള്ള ജമാലിയെ ആണ് അജ്ഞാതർ വകവരുത്തിയത് എന്ന് സോഷ്യൽ മീഡിയ; റിപ്പോർട്ട് സഹൂർ മിസ്ത്രി എന്ന ഭീകരൻ മാർച്ച് ആദ്യം കൊല്ലപ്പെട്ടതിന് പിന്നാലെ; യഥാർത്ഥത്തിൽ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കാണ്ഡഹാർ വിമാന റാഞ്ചലിൽ ഉൾപ്പെട്ട രണ്ടാമത്തെ തീവ്രവാദിയെയും കറാച്ചിയിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിലാണ് ഈ വാർത്ത പരന്നത്. 1999 ഡിസംബർ 24 ന് ഐസി 814 വിമാനം ഹൈജാക്ക് ചെയ്ത സഫറുള്ള ജമാലിയാണ് കൊല്ലപ്പെട്ടതെന്നാണ് വാർത്ത.

മോട്ടോർ സൈക്കിളിൽ വന്ന ചിലർ ഹർക്കത്തുൾ മുജാഹിദീൻ ഭീകരവാദിയായ സഫറുള്ള ജമാലിയെ കഴിഞ്ഞാഴ്ച കൊലപ്പെടുത്തി എന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത. മാർച്ച് ഒന്നിന് കറാച്ചിയിലെ അക്തർ കോളനിയിൽവച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികൾ വിമാന റാഞ്ചലിൽ ഉൾപ്പെട്ട സഹൂർ മിസ്ത്രിയെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

സഫറുള്ള ജമാലി വിമാന റാഞ്ചലിനിടെ ഒരു ഇന്ത്യൻ യാത്രക്കാരനെ(റുപിൻ കട്യാൽ) ദുബായിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെ സഫറുള്ള ജമാലി എന്നൊരാൾ കൊല്ലപ്പെട്ടിട്ടില്ല എന്ന് 'ഓപ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. കാണ്ഡഹാർ റാഞ്ചലിൽ ജമാലി എന്ന പേരിലൊരു ഭീകരൻ ഉണ്ടായിരുന്നില്ല. അതേസമയം, സഹൂർ മിസ്ത്രി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സഹൂർ മിസ്ത്രിയുടെ മറ്റൊരു പേരാണ് ജമാലി എന്നും ഇയാൾ കൊല്ലപ്പെട്ടിട്ട് കുറച്ച് നാളായെന്നും സ്ഥിരീകരിച്ചത് മാർച്ച് 7 നാണെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. വിമാന റാഞ്ചൽ നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ, സഫറുള്ള ജമാലി എന്ന പേരിൽ ഭീകരൻ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരണമില്ല. റാഞ്ചലിൽ ഉൾപ്പെട്ട അഞ്ച്് ജയ്‌ഷെ മുഹമ്മദ് ഭീകരർ, സംഘടനയുടെ തലവനായ മസൂദ് അസ്ഹറിന്റെ സഹോദരൻ, ഇബ്രാഹിം അസ്ഹർ, റൗഫ് അസ്ഗർ, സഹൂർ മിസ്ത്രി, ഷാഹിദ് അക്തർ സെയ്ദ്, 2001ലെ പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദി എന്നിവരാണ്.

ഭീകര വിരുദ്ധ വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ഇബ്രാഹിം അസറും, ഷാഹിദ് അക്തർ സായിദും മാത്രമേ പാക്കിസ്ഥാനിൽ ജീവിച്ചിരിപ്പുള്ളു. ഇതിൽ ഷാഹിദ് കറാച്ചിയിൽ നിന്ന് ഖൈബർ പക്തൂൺഖ്വ മേഖലയിലേക്ക് മാറി സ്ഥിരതാമസമാക്കി. റൗഫ് അസ്ഗർ സ്വാഭാവിക കാരണങ്ങളാൽ മരിച്ചു. മറ്റൊരു ഹർക്കത്തുൾ മുജാഹിദ്ദീൻ ഭീകരനെ 2001 ഡിസംബർ 13 ന് ഇന്ത്യൻ സുരക്ഷാ സേന വെടിവച്ചുകൊല്ലുകയും ചെയ്തു. അഞ്ചാമത്തെ ഭീകരൻ സഹൂർ മിസ്ത്രി ആയിരുന്നു. ഇയാളാണ് മാർച്ച് ആദ്യം കറാച്ചിയിൽ കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ സഫറുള്ള ജമാലി എന്ന ആളെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ഒന്നുമില്ല.

സഹൂർ മിസ്ത്രിയെ വെടിവച്ചതാര്?

പാക്കിസ്ഥാനിലെ ജിയോ ടിവിയാണ് സഹുർ മിസ്ത്രിയുടെ കൊലപാതകം സ്ഥിരീകരിച്ചത്. കറാച്ചിയിലെ ഒരു 'വ്യവസായി' കൊല്ലപ്പെട്ടുവെന്ന തരത്തിലാണു വാർത്ത പുറത്തുവന്നത്. മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത നേതാക്കൾ മിസ്ത്രിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതായി പാക്കിസ്ഥാൻ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. സഹൂർ മിസ്ത്രിയുടെ നേതൃത്വത്തിൽ 1999ൽ ഐസി 814 വിമാനം റാഞ്ചിയതിനെത്തുടർന്നു നടന്ന സന്ധിസംഭാഷണത്തിലെ തീരുമാന പ്രകാരം ഇന്ത്യ വിട്ടയച്ച മൂന്ന് ഭീകരരിൽ മസൂദ് അസ്ഹറും ഉൾപ്പെട്ടിരുന്നു.

പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമായി പ്രവർത്തിച്ച ഇന്ത്യാ വിരുദ്ധ ഭീകര സംഘടനയായ ഹർക്കത്ത്-ഉൽ-മുജാഹിദീന്റെ പ്രവർത്തകനായിരുന്നു മിസ്ത്രി. ഐസി 814 വിമാനം 1999 ഡിസംബർ 24-ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ചുപേരിൽ മിസ്ത്രിയെക്കൂടാതെ അസ്ഹറിന്റെ സഹോദരന്മാരായ റൗഫ് അസ്ഹറും ഇബ്രാഹിം അസ്ഹറും ഉൾപ്പെട്ടിരുന്നു.

1999 ലാണ് കഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്. കാണ്ഡഹാറിലേക്ക് കൊണ്ടുപോയ വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി.ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ റാഞ്ചികൾക്കു മുന്നിൽ ഒടുവിൽ സർക്കാർ കീഴടങ്ങി. രാജ്യാന്തര ഭീകരരായ മസൂദ് അസ്ഹറും ഒമർ ഷെയ്ഖും ഉൾപ്പെടെ മൂന്നു പേരെ അന്ന് കൈമാറേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP