Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു; എന്റെ പ്രചോദനം; എന്റെ സൂപ്പർഹീറോ'; സുരേഷ് ഗോപിയെ പ്രശംസിച്ച് മകൻ ഗോകുൽ സുരേഷ്

'വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു; എന്റെ പ്രചോദനം; എന്റെ സൂപ്പർഹീറോ'; സുരേഷ് ഗോപിയെ പ്രശംസിച്ച് മകൻ ഗോകുൽ സുരേഷ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതം രാജ്യസഭയിൽ ഉന്നയിച്ച സുരേഷ് ഗോപിയെ പ്രശംസിച്ച് മകൻ ഗോകുൽ സുരേഷ്. അച്ഛൻ ജനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് കാണുന്നത് പ്രചോദനമാണെന്ന് ഗോകുൽ ഫേസ്‌ബുക്കിൽ കുറിക്കുന്നു. സുരേഷ് ഗോപിയുടെ പ്രസംഗം പങ്കുവച്ചു കൊണ്ടായിരുന്നു ഗോകുലിന്റെ പ്രതികരണം.

'വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പർഹീറോ, എന്നാണ് വീഡിയോയ്‌ക്കൊപ്പം ഗോകുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുകയും സുരേഷ് ഗോപിയെ അഭിനന്ദിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ സുരേഷ് ഗോപിയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും സംസ്ഥാനത്തേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണ്.

ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്‌സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാടിനെ കേന്ദ്ര സർക്കാർ പാക്കേജിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേരള ചീഫ് സെക്രട്ടറി നിഷേധാത്മക സമീപനം സ്വീകരിച്ചെന്നും എംപി ആരോപിച്ചിരുന്നു.

വയനാട്ടിലെ ആദിവാസി മേഖല സന്ദർശിച്ച ശേഷമാണ് സുരേഷ് ഗോപി വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുള്ള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തി. ഇത് സംബന്ധിച്ച യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. സുരേഷ്ഗോപി രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ സൈബർ ഇടത്തിലും കൈയടികൾ എത്തി.

തന്റെ സന്ദർശന വിവരങ്ങൾ കൂടി പങ്കുവച്ചാണ് സുരേഷ് ഗോപി രംഗത്തുവന്നത്. വയനാട് പുൽപ്പള്ളിയിലെ കുളത്തൂർ കോളനിയിലും സമീപത്തുള്ള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ 2000 ത്തോളം പേർ താമസിക്കുന്നിടമാണ്. ഇവിടെ എത്തിയപ്പോൾ അവർക്ക് കുടിക്കാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ പറഞ്ഞു.

കോളനിക്കാരുടെ പരാതി കേട്ട താൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി പമ്പും മോട്ടറും ഉൾപ്പെടെ വാങ്ങി നൽകി. ഇവിടുത്തെ കുടിവെള്ള വിതരണ ടാങ്കിലേക്ക് വെള്ളം എത്തിക്കാനുള്ള പമ്പ് വരെ താൻ വാങ്ങി നൽകേണ്ടി വന്നു. ഒടുവിൽ രാത്രി 120 കിലോമീറ്റർ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

സ്വന്തം പോക്കറ്റിൽ നിന്ന് 66,500 രൂപ മുടക്കി 2 എച്ച്.പിയുടെ 2 മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങി സുരേഷ് ഗോപി വൈകുന്നേരത്തോടെ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ആദിവാസി കോളനികളിലെ സത്യാവസ്ഥ രാജ്യസഭയുടെ ശ്രദ്ധയിൽപെടുത്തിയത്. 12 വർഷം മുൻപ് സംസ്ഥാന സർക്കാർ പുനരധിവസിപ്പിച്ചുവെന്ന് അവകാശപ്പെട്ട ആദിവാസികൾ ഇപ്പോഴും കുടിലുകളിലാണ് താമസിക്കുന്നതെന്നും മഴ പെയ്താൽ ഒരു തുള്ളി വെള്ളംപോലും പുറത്തുപോകാത്ത സ്ഥിതിയാണ് ഈ കുടിലുകളിലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെത് ശോചനീയമായ അവസ്ഥയാണെന്നും അങ്ങേയറ്റം സങ്കടകരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് വൈദ്യുതി എത്തിച്ചത്. സമ്പൂർണ വൈദ്യുതീകരണം നടത്തുന്ന രാജ്യത്തെ അവസാന ഗ്രാമമായിരുന്നു ഇടമലക്കുടി. പക്ഷെ അവിടുത്തെ ആദ്യവീട് മുതൽ അവസാന വീട് വരെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പെടുന്നതാണ്. അവർ അത് ചെയ്‌തോ ഇല്ലിയോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞാലും താൻ ഉന്നയിച്ച വസ്തുതകൾ തെറ്റാണെങ്കിൽ തന്റെ സുഹൃത്തും ഇടത് പ്രതിനിധിയുമായ ബ്രിട്ടാസിന് അത് സഭയിൽ സ്ഥാപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടമലക്കുടിക്കായി താൻ 12.5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ചിലവഴിച്ചു. എന്നാൽ ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കളക്ടർ അറിയിച്ചു. തന്റെ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. അതുകൊണ്ടു തന്നെ ആ പണം വെറുതെ പാഴാക്കാനാകില്ല. 5.7 ലക്ഷം രൂപ കൂടി തന്റെ പോക്കറ്റിൽ നിന്ന് നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

2018 ൽ കേന്ദ്രസർക്കാരിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ വയനാട് ജില്ലയെഉൾപ്പെടുത്താൻ നോക്കിയപ്പോൾ അന്നത്തെ ചീഫ് സെക്രട്ടറി എതിർക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആ ഉദ്യോഗസ്ഥന്റെ പേര് പറയാൻ താൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. താനും ഒപ്പമുണ്ടായിരുന്ന പിസി തോമസും സമരത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി ഇത് പിൻവലിക്കാൻ നിർബന്ധിതമായത്. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും അതിൽ വലിയ ചോദ്യങ്ങളാണ് തുടരുന്നതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ആദിവാസി കോളനികളിലെ നവജാത ശിശുമരണം ഇപ്പോഴും ഉയർന്ന് നിൽക്കുകയാണ്. ഗോത്ര ജനതയുടെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിച്ചിരുന്നറാഗി പോലുള്ള സാധനങ്ങൾ കൃഷി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. പകരം റേഷനുകൾ അവരുടെ കുടിലുകളിലേക്ക് കുത്തിനിറയ്ക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പരമ്പരാഗത ആയൂർവ്വേദ വൈദ്യം പ്രാക്ടീസ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇടപെടൽ ഉണ്ടാകണമെന്നും ഇത് സംബന്ധിച്ച് പാർലമെന്റിൽ നിയമഭേദഗതി നടത്തിയിട്ടുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അല്ലെങ്കിൽ ഇവരുടെ പ്രൊഡക്ടുകൾ വിദേശരാജ്യങ്ങളിലെ പേറ്റന്റ് കമ്പനികൾ സ്വന്തമാക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതാണ് വസ്തുത. ഇത് മാത്രമല്ല, സംസ്ഥാനത്തെ ഗോത്രജനതയുടെ ജീവിതം അത്ര സമ്പുഷ്ടമല്ലെന്ന് തെളിയിക്കാൻ തന്റെ കൈയിൽ വേറെയും തെളിവുകൾ ഉണ്ട്. അവരുടെ സന്തോഷത്തിൽ തനിക്കും സന്തോഷമുണ്ട്, പക്ഷെ അത് കേരളത്തിൽ സംഭവിക്കുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസംഗം ഇതിനോടകം സൈബർ ഇടത്തിൽ വൈറലായിട്ടുണ്ട്. വയനാട്ടിലെ ആദിവാസി പ്രശ്നം പറയാൻ സുരേഷ്ഗോപി വേണ്ടി വന്നു എന്നാണ് എല്ലാവരും പൊതുവേ പറയുന്നത്. സുരേഷ് ഗോപിയുടെ രാജ്യസഭാ പ്രസംഗത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കയാണ് ബിജെപി പ്രവർത്തകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP