Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേശവമേനോൻ വീട്ടിലെത്തി കുട തൂക്കിയിടാൻ ഒരുങ്ങുമ്പോൾ മിന്നൽ പോലെ കടന്നുവന്ന പേര്: മാതൃഭൂമി; വൈക്കത്ത് വഴി നടക്കുന്നത് മുതൽ പ്ലാച്ചിമടയും എൻഡോൾഫാനും വരെ അസംഖ്യം ഇടപെടലുകൾ; മുന്നണി രാഷ്ട്രീയത്തെ ഞെട്ടിച്ച ബ്രേക്കിങ് സ്‌റ്റോറികൾ; മാതൃഭൂമി നൂറാം പിറന്നാൾ ആഘോഷിക്കുമ്പോൾ

കേശവമേനോൻ വീട്ടിലെത്തി കുട തൂക്കിയിടാൻ ഒരുങ്ങുമ്പോൾ മിന്നൽ പോലെ കടന്നുവന്ന പേര്: മാതൃഭൂമി; വൈക്കത്ത് വഴി നടക്കുന്നത് മുതൽ പ്ലാച്ചിമടയും എൻഡോൾഫാനും വരെ അസംഖ്യം ഇടപെടലുകൾ; മുന്നണി രാഷ്ട്രീയത്തെ ഞെട്ടിച്ച ബ്രേക്കിങ് സ്‌റ്റോറികൾ; മാതൃഭൂമി നൂറാം പിറന്നാൾ ആഘോഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: 'മാതൃഭൂമി എന്നാൽ ചിലർക്ക് പത്രമാണ്, ചിലർക്ക് ആഴ്ചപ്പതിപ്പും. മാധവിക്കുട്ടി ഒരിക്കൽ എന്നോട് പറഞ്ഞു, അവരുടെ വീട്ടിൽ നിന്ന് ആഴ്ചപ്പതിപ്പ് വാങ്ങാൻ, സ്ത്രീകളാണ് കൂടുതലും വന്നിരുന്നത്.' മാതൃഭൂമി ദിനപത്രം ഈ മാർച്ച് 18 ന് നൂറാം വയസിലേക്ക് കടക്കുമ്പോൾ കെ.സി.നാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരുസംഭാഷണത്തിൽ പറയുന്നത് ഇങ്ങനെയാണ്. ജന്മവൃക്ഷത്തിന്റെ തായ്്തടിയെ അതിലെ ഒരു ചില്ല നോക്കി കാണുന്നത് പോലെ മമതയോടും അഭിമാനത്തോടും ദിനപത്രത്തിന്റെ നൂറാം പിറന്നാളിന് ആശംസകൾ നേരുന്നു എന്നാണ് ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തിലെ പത്രാധിപ കുറിപ്പ്. ശതാബ്ദിയിൽ എത്തിയ മാതൃഭൂമിക്ക് ഇന്ന് പതിമൂന്ന് അനുബന്ധ പ്രസിദ്ധീകരണങ്ങളുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതി വർഷം കൂടിയാണിത്. 1923-2023 വരെ: നാളേക്കായി ചിന്തിച്ച നൂറ്റാണ്ട് എന്നാണ് മാതൃഭൂമി ഈ ചരിത്രത്തെ വിശേഷിപ്പിക്കുന്നത്.

ചരിത്രഘട്ടങ്ങളിൽ എല്ലാം സാക്ഷി

ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം 100 വർഷം ഒരു ചെറിയ കാലയളവല്ല. വിശേഷിച്ചും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ, സ്വതന്ത്ര ഭാരതം സ്വപ്‌നം കണ്ട് 1923 മാർച്ച് 18 ന് പിറവി കൊണ്ട പത്രം. എം.എൻ.കാരശേരി പറയുന്നു: 'പ്രധാനമായും ഗാന്ധിമാർഗ്ഗത്തിലൂടെ സഞ്ചരിച്ച ഒരുപത്രമായിരുന്നു മാതൃഭൂമി. ഗാന്ധിജിക്ക് ശേഷം മാതൃഭൂമി കൊണ്ടാടിയ ഒരാൾ നെഹ്‌റുവാണ്. നവഭാരത ശില്പി എന്നാണ് സ്ഥാപക പത്രാധിപർ കെ പി കേശവമേനോൻ നെഹ്‌റുവിനെ വിശേഷിപ്പിച്ചത്'.

കേരളത്തെ രൂപപ്പെടുത്തിയ ചരിത്രഘട്ടങ്ങളിൽ എല്ലാം സാക്ഷി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെല്ലാം പടയാളി, നാടിന്റെ സാമൂഹിക-സംസ്‌കാരിക പരിവർത്തന പ്രവാഹങ്ങളുടെ അഗ്രഗാമി -ഇതാണ് മാതൃഭൂമി പൈതൃകമായി കണ്ട് അഭിമാനിക്കുന്നത്. 1934 ജനുവരി 13 ന് ഗാന്ധിജി മാതൃഭൂമി സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ പത്ര സാരഥികൾ അഭിമാനത്തോടെ ഓർത്തെടുക്കുന്നു. ' പത്രത്തിന്റെ നയത്തെയും, അതു ജനങ്ങൾക്കു ചെയ്യുന്ന ഗുണത്തെയുമാണ് ഞാൻ അധികം ശ്രദ്ധിക്കുന്നത്'-മാതൃഭൂമിക്ക് മാത്രം ലഭിച്ച മൂല്യവത്തായ സാക്ഷ്യപത്രം.

വൈക്കത്ത് വഴിനടക്കാനും, ഗുരുവായൂരിൽ എല്ലാവർക്കും ക്ഷേത്രദർശനത്തിനായും, മാതൃഭൂമി മുന്നിട്ടിറങ്ങിയിരുന്നു. പയ്യന്നൂരിൽ ഉപ്പുകുറുക്കലിൽ പത്രാധിപർ തന്നെ പങ്കെടുത്തു. വിധവാവിവാഹത്തിനും ഐക്യകേരളത്തിനും, ഭാഷയ്ക്കും വേണ്ടി പോരാടി.

മാനേജിങ് എഡിറ്റർക്കെതിരെ ചീഫ് എഡിറ്റർ മുഖപ്രസംഗം എഴുതി

എം.എൻ.കാരശേരി പറയുന്ന രണ്ടു സംഭവകഥകൾ പ്രസക്തമാണ്, മാതൃഭൂമിയുടെ ഗുരുത്വത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ' മാധാവൻ നായർ എംഡിയായിരുന്ന കാലമാണ്. ചീഫ് എഡിറ്റർ പെരുമ്പിലാവിൽ രാവുണ്ണി മേനോൻ അക്കാലത്ത് പത്രത്തിൽ എഴുതിയ മുഖപ്രസംഗത്തെ കുറിച്ചാണ് പറയുന്നത്. കോടതിയിലെ പ്ലീഡർഷിപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മാധവൻ നായർ സ്വീകരിച്ച നിലപാടാണ് രാവുണ്ണി മേനോനെ മുഖപ്രസംഗം എഴുതുന്നതിലേക്ക് നയിച്ചത്. ബ്രിട്ടീഷ് സർക്കാരിനോട് നിസ്സഹകരണ സമീപനം പുലർത്താതെ, സഹകരിക്കുന്ന രീതിയാണ് മാധവൻ നായർ സ്വീകരിച്ചത്, തുടങ്ങിയ പ്രസ്താവനകളാണ് രാവുണ്ണി മേനോൻ മുഖപ്രസംഗത്തിൽ ഉയർത്തിയത്. എന്നാൽ, അതിനെ സഹിഷ്ണുതയോടെ കാണാൻ എംഡിക്ക് കഴിഞ്ഞു എന്നതാണ് പ്രധാനം'.

കെ.പി.കേശവ മേനോന്റെ കാലത്തെ ഒരുസംഭവം കൂടി. ' നെഹ്രു മന്ത്രിസഭയുടെ കാലത്താണ്. പാലാ ബാങ്ക് ഒരുഘട്ടത്തിൽ പൊളിയുമെന്ന സ്ഥിതിയിലായി. കേരളത്തിൽ നിന്ന് കുറച്ചാളുകൾ കേന്ദ്ര ധനകാര്യമന്ത്രി മൊറാർജി ദേശായിയെ കണ്ട് ഇക്കാര്യം ബോധിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇല്ലാതാക്കാൻ കേന്ദ്രം ഇടപെട്ടേ തീരു എന്ന സ്ഥിതിയാണ്. മാതൃഭൂമി ഇതേപറ്റി ഒരു എഡിറ്റോറിയൽ എഴുതിയാൽ കേന്ദ്രം ബാങ്ക് ഏറ്റെടുക്കാമെന്നാണ് മൊറാർജി പറഞ്ഞത്. എന്നാൽ, മാതൃഭൂമി എഡിറ്റോറിയൽ നൽകില്ലെന്ന നിലപാടാണ് കേശവ മേനോൻ എടുത്തത്. കേന്ദ്ര സർക്കാരിന്റെ ഒരു പ്രവർത്തനത്തിന് ജനസമ്മതി കിട്ടാൻ ഒരു പത്രം കൂട്ടുനിൽക്കേണ്ടതില്ല-ഇതായിരുന്നു കേശവ മേനോൻ അവതരിപ്പിച്ച കാരണം. മാതൃഭൂമി മുഖപ്രസംഗം എഴുതിയില്ല, പാലാ ബാങ്ക് പൊളിയുകയും ചെയ്തു. ജനാധിപത്യത്തിന്റെയും നീതി ബോധത്തിന്റെയും ഒരന്തരീക്ഷം മാതൃഭൂമി സൃഷ്ടിച്ചെടുത്തിരുന്നു എന്നാണ് കാരശേരി മാഷ് പറയുന്നത്.

അടിയന്തരാവസ്ഥ കാലത്തെ ധീരത

കടുത്ത സെൻസറിങ്ങായിരുന്നല്ലോ അടിയന്തരാവസ്ഥ കാലത്ത്. രാജ്യത്തെങ്ങും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കാലത്ത്, മാതൃഭൂമിയിലെ ഒരു ലേഖകൻ അടിയന്തരാവസ്ഥയ്ക്ക് എതിരെ ' ഇന്ത്യയുടെ അടിയന്തരം' എന്ന പേരിൽ ഒരുലഘുലേഖ എഴുതാൻ ധൈര്യപ്പെട്ടു. പി.രാജൻ. മുഖ്യമന്ത്രി കെ.കരുണാകരന്റെ പൊലീസ് ലഘുലേഖ കണ്ടുകെട്ടുകയും, പി.രാജനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 15 മാസം അദ്ദേഹം ജയിലിൽ കിടന്നു. സ്വാതന്ത്ര്യത്തിന് ശേഷം രാഷ്ട്രീയ കാരണങ്ങളാൽ ജയിലിൽ അടയ്ക്കപ്പെട്ട ഒരു പത്രപ്രവർത്തകൻ മാതൃഭൂമിക്ക് ഉണ്ടായിരുന്നു എന്നത് അധികമാർക്കും അറിയാത്ത കാര്യമാണെന്ന് കെ.സി.നാരായണൻ ഓർത്തെടുക്കുന്നു, ആഴ്ചപ്പതിപ്പിലെ സംഭാഷണത്തിൽ.

മിന്നൽ പോലൊരു പേര്

ഏറനാട് കലാപ കാലത്ത് കിംവദന്തികളും കള്ളക്കഥകളും ഇല്ലാതാക്കാൻ ഒരു പത്രം തുടങ്ങുന്നത് നന്നായിരിക്കുമെന്ന് കേശവമേനോനും, കെ.മാധവൻ നായർക്കും തോന്നി. നവീന കേരളം എന്നാണ് ആദ്യം ആലോചിച്ച പേര്. ദേശോദ്ധാരിണി, സ്വാതന്ത്ര്യകാഹളം, അരുണോദയം എന്നീ പേരുകളും ആലോചിച്ചെങ്കിലും, തൃപ്തിയായില്ല. ചർച്ചയ്ക്ക് ശേഷം കേശവമേനോൻ വീട്ടിലെത്തി കുട തൂക്കിയിടാൻ തുടങ്ങുമ്പോഴാണ് മാതൃഭൂമി എന്ന പേര് മിന്നൽ പോലെ കടന്നുവന്നത്.

ആദ്യ ലക്കം മാതൃഭൂമി 10 പേജായിരുന്നു. ആദ്യപേജിൽ കമ്പനി വിവരങ്ങൾ, രണ്ടാം പേജിൽ ലേഖനങ്ങൾ, മൂന്നാം പേജിൽ നിയമനിർമ്മാണ സഭാ വിശേഷങ്ങൾ, നാലാം പേജിൽ സ്വന്തം പ്രസ്താവന എന്ന പേരിൽ മുഖപ്രസംഗം, ഗാന്ധി വിജയം എന്ന വേഖനം, മാനേജരുടെ അറിയിപ്പ് എന്നിവ. എഡിറ്റോറിയൽ പേജിൽ സ്വാതന്ത്ര്യം, സത്യം, സമത്വം എന്ന ലോഗോ പ്രത്യക്ഷപ്പെട്ടത് 1924 ഒക്ടോബർ 21 നാണ്. ആദ്യലക്കത്തിൽ തന്നെ ഗാന്ധിജിക്കായി ഏഴാം പേജ് സമർപ്പിച്ചിരുന്നു.

മാതൃഭൂമിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

മുൻ പത്രാധിപരായിരുന്ന കെ.ഗോപാലകൃഷ്ണൻ തന്റെ ലേഖനത്തിൽ ഇങ്ങനെ കുറിക്കുന്നു:' ഒരിക്കൽ ഒരു പരസ്യത്തിൽ ശരീരം മുഴുവൻ ലിപ്സ്റ്റിക് പാടുകളുള്ള അല്പവസ്ത്രധാരിയായ ഒരു പുരുഷന്റെ പടം അച്ചടിച്ചുവന്നു. അന്നേദിവസം ഓഫീസിലെ ടെലിഫോണുകൾക്ക് വിശ്രമമുണ്ടായില്ല. വിളിച്ച ആളുകളൊക്കെ എഡിറ്റർ പത്രത്തിന്റെ മൂല്യം നശിപ്പിക്കുകയാണെന്ന് ദേഷ്യപ്പെട്ടു. അതേ, മാതൃഭൂമിയിലെ പരസ്യങ്ങൾക്കുപോലും നിലവാരമുണ്ടാകണമെന്ന് വായനക്കാർക്ക് നിർബന്ധമാണ്.

ജാതിതിരിച്ച് വധൂവരന്മാരെ തേടുന്ന വിവാഹപ്പരസ്യങ്ങൾ നൽകിയതിനും ആളുകൾ ക്ഷുഭിതരായിട്ടുണ്ട്. എന്തിന് മാതൃഭൂമി ഇത് ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുക. കാരണം, വായനക്കാർക്ക് മാതൃഭൂമി അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്.

എല്ലാ പത്രങ്ങൾക്കും അവരുടേതായ വിശുദ്ധപശുവുണ്ടാകും. മാതൃഭൂമിക്ക് അത് മൂല്യങ്ങളാണ്. കാലത്തിനനുസരിച്ച് ചില വ്യതിചലനങ്ങൾ ഉണ്ടായിട്ടുണ്ടാകും. അടിസ്ഥാനമൂല്യത്തിൽ ഊന്നിയുള്ള അത്തരം മാറ്റങ്ങൾ പ്രതിച്ഛായയിലും വിശ്വാസ്യതയിലും പ്രശസ്തിയിലും സ്വാധീനം ചെലുത്തിയിട്ടുമുണ്ടാകും. കാവൽക്കാരൻ എന്നതിലുപരി മാതൃഭൂമി ധാർമികമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുമെന്നും തിന്മകൾക്കെതിരേ പോരാടുമെന്നും വായനക്കാർ വിശ്വസിക്കുന്നു.'

വഴികാട്ടികളായി സാരഥികൾ

മാതൃഭൂമിയുടെ വളർച്ചയിൽ ഓർക്കേണ്ട പേരുകൾ ഒരുപാടുണ്ട്. കെ പി കേശവ മേനോനും, കേളപ്പനും, മാധവൻ നായരും, വി എം.നായരും, എൻ. കൃഷ്ണൻ നായരും, എം.ജെ.കൃഷ്ണമോഹനും, എംപി.വീരേന്ദ്ര കുമാറും എല്ലാ താന്താങ്ങളുടേതായ പങ്കുവഹിച്ചു. മാതൃഭൂമി മുൻ പത്രാധിപരായ എം.ഡി.നാലപ്പാട്ട് 'വഴികാട്ടികളോട് നീതി പുലർത്തുന്ന മാതൃഭൂമി' എന്ന ലേഖനത്തിൽ ഇങ്ങനെ എഴുതി:

'1975'77-ലെ അടിയന്തരാവസ്ഥക്കാലത്ത് മാനേജിങ് എഡിറ്ററായിരുന്ന വി എം. നായർ അറസ്റ്റ് ഭീഷണി നേരിട്ടിരുന്നവരുമായി സജീവ ബന്ധം പുലർത്തി. അതിൽ സിപിഎമ്മിന്റെ നേതാക്കളുമുണ്ടായിരുന്നു. ഒരുതവണ ഹൃദയാഘാതം ഉണ്ടായിട്ടുപോലും ആരോഗ്യപ്രശ്നങ്ങളെ വകവെക്കാതെ വി എം. നായർ പത്രത്തിനുവേണ്ടി മണിക്കൂറുകൾ ചെലവഴിച്ചു. മുഖ്യപത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ തന്റെ അനുപമമായ വ്യക്തിത്വവും ധിഷണയുംകൊണ്ട് ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ ഇടംനേടി. പതിയെ 'കോൺഗ്രസ് പത്രം' എന്ന പ്രതിച്ഛായയിൽനിന്ന് മാതൃഭൂമി പുറത്തുവന്നു. അതിലൂടെ ലഭിച്ച എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്തിയത് മാനേജിങ് ഡയറക്ടറായിരുന്ന എം.ജെ. കൃഷ്ണമോഹനാണ്. 1977-ലാണ് അദ്ദേഹം കമ്പനി തലപ്പത്ത് എത്തിയത്. കഠിനാധ്വാനവും വ്യാപാരതന്ത്രവും മുതൽക്കൂട്ടാക്കി മാതൃഭൂമിയെ സാമ്പത്തികപ്രശ്നങ്ങളിൽനിന്ന് കരകയറ്റുകയും പത്രത്തെയും അനുബന്ധ പ്രസിദ്ധീകരണങ്ങളെയും ഇന്ത്യയിൽ ഒന്നാംനിരയിൽ എത്തിക്കുകയും ചെയ്തു എന്നതാണ് എം.ജെ. കൃഷ്ണമോഹന്റെ സേവനകാലത്തെ സവിശേഷമാക്കുന്നത്.

എന്റെ മുത്തച്ഛൻ കൂടിയായ വി എം. നായർ 1977-ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മൂത്തമകനും പ്രശസ്ത ശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. മോഹൻദാസ് പകരം സ്ഥാനമേറ്റില്ല. മാതൃഭൂമിയുടെ ദീപശിഖ പുതുതലമുറയ്ക്ക് കൈമാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആ നിയോഗം എനിക്കായിരുന്നു. അധികം വൈകാതെ ഡയറക്ടർ ബോർഡ് എന്നെ എഡിറ്റോറിയൽ ഡയറക്ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1984-ൽ പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പ് എഡിറ്ററായി എന്നെ നിർദ്ദേശിച്ചത് അന്ന് മാനേജിങ് ഡയറക്ടറായിരുന്ന എംപി. വീരേന്ദ്രകുമാർ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പി.വി. ചന്ദ്രനും യോജിച്ചു. വീരന്റെ വൈവിധ്യമാർന്ന അനുഭവങ്ങളും താത്പര്യങ്ങളും പത്രത്തിന് മുതൽക്കൂട്ടായിരുന്നു. അതിമനോഹരമായി മലയാളഭാഷ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും.'

എംപി.വീരേന്ദ്ര കുമാർ നാൽപതുകൊല്ലത്തോളം മാതൃഭൂമിക്ക് നേതൃത്വം കൊടുത്തു. എം.എൻ കാരശേരിയുടെ വാക്കുകൾ ഇങ്ങനെ: 'പത്രത്തിൽ ലേഖനം നൽകി പിന്തുണയ്ക്കുക മാത്രമല്ല സമരങ്ങൾക്ക് മുന്നിട്ടിറങ്ങാനും അദ്ദേഹം ധൈര്യം കാട്ടി. പ്ലാച്ചിമട സമരം, അതിനൊരു ഉദാഹരണമാണ്.

മയിലമ്മ എന്ന ആദിവാസി വനിതയ്ക്ക് മാധ്യമശ്രദ്ധ നേടി കൊടുത്തത് മാതൃഭൂമിയാണ്. കേരള സർവകലാശാലയ്ക്കും, മെഡിക്കൽ കോളേജിനും, വേണ്ടിയുള്ള കാമ്പെയിനുകൾ, പ്ലാച്ചിമടയ്ക്ക് പുറമേ, എൻഡോസൾഫാനെതിരെ ജനമനസാക്ഷി ഉണർത്തിയ പോരാട്ടങ്ങൾ, എല്ലാം, മാതൃഭൂമിയുടെ പേരിലുള്ളതാണ്.

വീരനും രാഷ്ട്രീയവും

സിപിഎമ്മിൽ പിണറായി വി എസ് വിഭാഗീയത രൂക്ഷമായ 2002 മുതൽ 2010 വരെയുള്ള കാലത്ത് വീരേന്ദ്രകുമാർ വി.എസിനൊപ്പം നിന്നു. മൂന്നാർ കയ്യേറ്റം, സാന്റിയാഗോ മാർട്ടിൻ ലോട്ടറി വിവാദം, ലാവ് ലിൻ തുടങ്ങിയ വിഷയങ്ങളിൽ വീരേന്ദ്രകുമാറിന്റെ ഈ രാഷ്ട്രീയ നിലപാട് മാതൃഭൂമിയിലും പ്രകടമായി. ഒടുവിൽ സിപിഎം മുഖപത്രമായ ദേശാഭിമാനി മാതൃഭൂമിക്കും വീരേന്ദ്രകുമാറിനും എതിരെ വാർത്താപരമ്പര തുടങ്ങി.

ഭൂമി വിഴുങ്ങും മാതൃഭൂമിയെന്ന പേരിൽ പരമ്പര ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചു. വീരേന്ദ്രകുമാർ കയ്യേറ്റ വീരനായി. ഒരേ മുന്നണിയിൽ നിൽക്കെയാണ് ദേശാഭിമാനി വീരേന്ദ്രകുമാറിനും മാനേജിങ് ഡയറക്ടറായ മാതൃഭൂമിക്കുമെതിരെ പരമ്പര പ്രസിദ്ധീകരിച്ചതെന്നത് അക്കാലത്ത് ഏറെ രാഷ്ട്രീയ കൗതുകമുയർത്തി. ഇതിന് പിന്നാലെ മാതൃഭൂമി എഡിറ്റർക്കെതിരെ പിണറായി നടത്തിയ 'എടോ ഗോപാലകൃഷ്ണാ' വിളി ഏറെക്കാലം കേരള രാഷ്ട്രീയത്തിൽ പ്രതിധ്വനിച്ചു.

മലയാളത്തിന് വേണ്ടി

മലയാള ഭാഷയ്ക്കും അതിന്റെ ഉന്നമനത്തിനും വേണ്ടി മാതൃഭൂമി ചെയ്ത സംഭാവനകൾ മറക്കാവുന്നതല്ല. അതിപ്പോഴും തുടരുന്നു. ഐക്യകേരളമെന്ന ആശയം പിറവി കൊള്ളും മുമ്പേ മലയാളത്തിനായി ഒരു പോരാട്ടം കോഴിക്കോട്ട് നടന്നത് മാതൃഭൂമി പങ്കുവയ്ക്കുന്നുണ്ട്. 'ബ്രിട്ടീഷ് മലബാർ ഉൾപ്പെടുന്ന മദിരാശിയിലെ ഗവർണർ കോഴിക്കോട് സന്ദർശിക്കുമ്പോൾ യുദ്ധാവശ്യത്തിലേക്കായി ഒരു പണക്കിഴി നൽകാൻ ബ്രിട്ടീഷ് ഭക്തർ തീരുമാനിച്ചു. അതിനായി ഒരു പൊതുയോഗം വിളിക്കാൻ തീരുമാനിച്ചു. 1917-ൽ ടൗൺഹാളിൽ നടന്ന യോഗം വിളിച്ചുകൂട്ടിയത് അന്നത്തെ മുനിസിപ്പൽ ചെയർമാനായ സി.വി. നാരായണമേനോനാണ്. കളക്ടർ ഇവാൻസാണ് യോഗത്തിൽ അധ്യക്ഷതവഹിച്ചത്.

കേശവമേനോൻ പ്‌ളാറ്റ്ഫോറത്തിൽ കയറി മലയാളത്തിൽ പ്രസംഗം ആരംഭിച്ചപ്പോൾ കളക്ടർ വിലക്കി. മലയാളത്തിൽ സംസാരിക്കാൻ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളം സംസാരിക്കുന്നവരാണെന്നായിരുന്നു കേശവമേനോന്റെ മറുപടി. അവരുടെയൊക്കെപേരിൽ പാസാക്കുന്ന പ്രമേയം എന്താണെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ടെന്നും മേനോൻ പറഞ്ഞു. അപ്പോൾ ജനക്കൂട്ടം കൈയടിച്ചു. പങ്കെടുത്ത ഭൂരിഭാഗവും 'മലയാളത്തിൽ മലയാളത്തിൽ' എന്ന് വിളിച്ചുപറയുകയും ചെയ്തു. എന്തുതന്നെയായാലും മലയാളത്തിൽ പ്രസംഗിക്കാൻ അനുവദിക്കുകയില്ലെന്ന് കളക്ടർ വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ സ്വാഭിമാനമുള്ള മലയാളികൾ ഈ യോഗത്തിൽ പങ്കെടുക്കുകയില്ലെന്ന് പ്രഖ്യാപിച്ച് കേശവമേനോൻ, കെ. മാധവൻ നായർ, മഞ്ചേരി രാമയ്യർ എന്നിവർ ഇറങ്ങിപ്പോയി. ഭൂരിഭാഗം പേരും പിന്നാലെ പുറത്തിറങ്ങി.

വീട്ടിലേക്ക് വീണ്ടും എന്ന ലേഖനത്തിൽ എം ടി.വാസുദേവൻ നായർ എഴുതുന്നത് ഇങ്ങനെ: 'മലയാളഭാഷ നന്നാവാൻ മാതൃഭൂമി വായിക്കണം' -എന്റെ ചെറുപ്പത്തിൽ, മാതൃഭൂമി കാണുന്നതിനുമുമ്പുതന്നെ, അതിനെക്കുറിച്ച് മുതിർന്നവർ പറഞ്ഞുകേട്ടിരുന്ന വാക്യമാണിത്. ഇംഗ്ലീഷ് നന്നാവാൻ ഹിന്ദു വായിക്കണമെന്നും പറയും.

മലയാളം ഒന്നാം ഭാഷയാക്കാനും, കേരള പാഠാവലിയിൽ അക്ഷരമാല ചേർക്കാനും ഉള്ള ഇടപടലുകൾ മാതൃഭൂമി ഇന്നും തുടരുന്നത് തന്നെ മാതൃഭൂമി മലയാളത്തിന് വേണ്ടി എന്നതിനെ സാരവത്താക്കുന്നു.

കാലത്തിനൊത്ത് മാതൃഭൂമി

പുതിയ കാലത്ത് അഭിരുചികൾ മാറിയത് അനുസരിച്ച്്, നവമാധ്യമങ്ങളുടെ തിരതള്ളലിന്റെ കാലത്ത് കെട്ടിലും മട്ടിലും മാറ്റങ്ങളുമായി തനതായ വ്യക്തിത്വം കാത്തുകൊണ്ട് മാതൃഭൂമി മുന്നേറുകയാണ്. ശതാബ്ദി ആഘോഷങ്ങൾക്ക് നൂറുവർഷംമുമ്പ് പത്രം പിറന്നുവീണ കോഴിക്കോടിന്റെ മണ്ണിൽ 18-ന് തുടക്കമാവും.

കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തത്സമയ ഓൺലൈൻ ഭാഷണത്തിലൂടെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തും.

വെള്ളിയാഴ്ച 10.30-ന് ആരംഭിക്കുന്ന പരിപാടിയിൽ 11 മണിക്കാണ് പ്രധാനമന്ത്രി തത്സമയം പങ്കുചേരുക. മലയാളഭാഷയെയും സാഹിത്യത്തെയും പോറ്റിവളർത്തിയ മാതൃഭൂമിയുടെ ശതാബ്ദി ആഘോഷാരംഭവേദിയിൽ ദീപംകൊളുത്തി അനുഗ്രഹപ്രകാശം ചൊരിയാൻ മലയാളത്തിലെ 11 സാംസ്‌കാരികനായകരെത്തും. ശതാബ്ദിഫലകം ജ്ഞാനപീഠജേതാവ് എം ടി. വാസുദേവൻ നായർ അനാച്ഛാദനം ചെയ്യും.

കേന്ദ്രമന്ത്രി വി. മുരളീധരൻ, എംപി.യും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ (ഇരുവരും ഓൺലൈൻ), മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എംപി., എളമരം കരീം എംപി., മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ എന്നിവരുടെ വിശിഷ്ടസാന്നിധ്യമുണ്ടാവും.

മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിക്കും. മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ ആമുഖഭാഷണം നിർവഹിക്കും. ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതം പറയും. ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ നന്ദിപറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP