Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിൽവർ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 2000 കോടി നൽകാനില്ല; സർക്കാർ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്; കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശം; ഗതാഗത മന്ത്രിയെ സഭയിൽ പൊളിച്ചടുക്കി വി ഡി സതീശൻ

സിൽവർ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 2000 കോടി നൽകാനില്ല; സർക്കാർ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്; കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശം; ഗതാഗത മന്ത്രിയെ സഭയിൽ പൊളിച്ചടുക്കി വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ നിയമസഭയിൽ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടതു സർക്കാറിന്റെ കാലത്ത് 5000 കോടി കെഎസ്ആർടിസിക്ക് സഹായമായി നൽകിയെന്ന മന്ത്രിയുടെ വാദങ്ങളെയാണ് പ്രതിപക്ഷ നേതാവ് പൊളിച്ചടുക്കിയത്. കേരളത്തിലെ സാധാരണക്കാരന്റെ അഭയമായ പൊതുഗതാഗത സംവിധാനം എത്രത്തോളം മോശമായാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കെ.എസ്.ആർ.ടി.സി പ്രതിസന്ധി പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയിൽ നിന്നും വാക്കൗട്ട് ചെയ്തത്.

പ്രതിപക്ഷ നേതാവിന്റെ സഭാ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രി ചോദ്യോത്തരവേളയിൽ നിയമസഭയെ അറിയിച്ചിരുന്നു. അതേ ഉശിരിലുള്ള ഗതാഗത മന്ത്രിയുടെ വർത്തമാനം കേട്ടാൽ കെ.എം.എം.എല്ലിനേക്കാൾ കൂടുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണോ കെ.എസ്.ആർ.ടി.സിയെന്ന് സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

'യു.ഡി.എഫിന്റെ കാലത്ത് എത്ര കൊടുത്തു? 1500 കോടി കൊടുത്തു. ഞങ്ങൾ 5000 കോടി കൊടുത്തു.' മന്ത്രി പറഞ്ഞ മറുപടിയാണിത്. യു.ഡി.എഫ് കാലത്ത് 1500 കോടി കൊടുത്താൽ തീരാവുന്ന കുഴപ്പങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 5000 കോടി കൊടുത്താൽ പോലും തീരാത്ത പ്രശ്നങ്ങളാണ്. യു.ഡി.എഫ് കാലത്തെ കെ.എസ്.ആർ.ടി.സിയുടെയും ഇപ്പോഴത്തെ കാലത്തെ കെ.എസ്.ആർ.ടി.സിയുടെയും സ്ഥിതി എന്താണ്? ഇപ്പോഴത്തെ നഷ്ടം എന്താണ്? അവിടുത്തെ ബുദ്ധിമൂട്ടുകളും പ്രയാസങ്ങളും എന്താണ്? എന്തായാലും എല്ലാം വ്യക്തമാകുന്ന രീതിയിലാണ് മന്ത്രി കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ഒരോ പത്തു വണ്ടി വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴും ഭരണപക്ഷാംഗങ്ങൾ കൈയടിച്ചു. ഈ ആറു വർഷം കൊണ്ട് വാങ്ങിയ വണ്ടി എത്രയാണ്? 110 വണ്ടി. യു.ഡി.എഫ് കാലത്ത് വാങ്ങിയത് എത്രയാ? 2700 വണ്ടി. എന്നിട്ടും മന്ത്രി പറയുകയാണ് എല്ലാം ഗംഭീരമായി പോകുകയാണെന്ന്. പറയുന്നതിൽ യാതൊരു അടിത്തറയുമില്ല. കഴിഞ്ഞ മാസത്തെ വരുമാനം 127 കോടി, ചെലവ് 171 കോടി, നഷ്ടം 44 കോടി, പെൻഷൻ ബാധ്യത 70 കോടി. 114 കോടിയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനാണ് ഡീസലിന്റെ മൊത്ത വില കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. അതിനെതിരെ സമരം ചെയ്യാൻ പ്രതിപക്ഷവും ഒപ്പമുണ്ട്. ഇന്ധന വില വർധനവിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്. അതിൽ നിന്നൊരു തുകയെടുത്ത് കെ.എസ്.ആർ.ടി.സിക്ക് ഫ്യുവൽ സബ്സിഡി കൊടുക്കണമെന്ന ഒരു നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നിട്ട് അത് സർക്കാർ ചെയ്തില്ലല്ലോ?

മഹാമാരി വന്ന സാഹചര്യത്തിലും പൊതുമേഖലാ സ്ഥാപനത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 85 ശതമാനം ഷെഡ്യൂളുകൾ ഓടുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇവിടെ ഇരിക്കുന്ന ഏതെങ്കിലും എംഎ‍ൽഎയ്ക്ക് പറയാനാകുമോ, അവരുടെ മണ്ഡലത്തിൽ 85 ശതമാനം ഷെഡ്യൂളുകളും ഓടുന്നുണ്ടെന്ന്?

ദേശസാൽക്കരിക്കപ്പെട്ട റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓടുകയുമില്ല പ്രൈവറ്റ് ബസിന് അനുമതിയും നൽകില്ലെന്ന അവസ്ഥയാണ്. സാധാരണക്കാരായ ജനങ്ങളാണ് അതിന്റെ ഇരകളാകുന്നത്. സാധാരണക്കാരന്റെ ബുദ്ധിമൂട്ടാണ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ബസ് ഇല്ലാത്തതു കൊണ്ട് നൂറു കണക്കിന് വിദ്യാർത്ഥികൾ ക്യൂ നിൽക്കുന്ന ചിത്രം എല്ലാ പത്രങ്ങളിലും വന്നില്ലേ? കെ.എസ്.ആർ.ടി.സി ലാഭമുണ്ടാക്കുന്നതിന് പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനോട് പ്രതിപക്ഷത്തിന് എതിർപ്പില്ല. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ പ്രധാന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രതിപക്ഷം സംസാരിക്കുന്നത് സാധാരണക്കാർക്കു വേണ്ടിയാണ്.

നേരത്തെ 48000 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 27000 തൊഴിലാളികൾ മാത്രമാണുള്ളത്. 20000 പേർക്ക് ശമ്പളം കൊടുക്കുന്നതിന്റെ ബാധ്യത കൂടി കുറഞ്ഞു. നേരത്തെ പ്രതിദിനം പതിനേഴ് ലക്ഷം കിലോ മീറ്റർ സർവീസ് നടത്തുമായിരുന്നു. ഇപ്പോൾ പത്തു ലക്ഷം കിലോ മീറ്റർ മാത്രമേയുള്ളൂ. നേരത്തെ പുതിയ വണ്ടികളാണ് ദീർഘദൂര സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 9 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വണ്ടികളാണ് സർവീസ് നടത്തുന്നത്. പെൻഷൻ കൊടുക്കുന്നത് എപ്പോഴെങ്കിലുമാണ്. ഇതൊക്കെ പരിതാപകരമായ സാമ്പത്തിക അവസ്ഥയെയാണ് കാണിക്കുന്നത്. അത്രത്തോളം തകർച്ചയിലേക്ക് ഒരു പൊതുമേഖലാ സ്ഥാപനം പോകുകയാണ്.

ആലുവ, ഇടപ്പാൾ, ഇഞ്ചക്കൽ, തേവര, ചടയമംഗലം, ആറ്റിങ്ങൽ എന്നിവിടങ്ങൾ കെ.എസ്.ആർ.ടി.സി ബസുകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് എല്ലാ വാഹനങ്ങളും റൊട്ടേഷൻ വ്യവസ്ഥയിൽ ഓടിക്കാൻ തീരുമാനിച്ചിരുന്നു. ഡീസൽ വാഹനങ്ങൾ കിടന്നാൽ നശിച്ച് പോകാതിരിക്കാനായിരുന്നു ഇത്. ഇൻഷൂറൻസ് കൊടുക്കണം എന്നായപ്പോൾ റൊട്ടേഷൻ നിർത്തി. ആ വണ്ടുകൾ മുഴുവൻ അവിടെക്കിടന്ന് തകരുകയാണ്. മൂവായിരത്തോളം ബസുകൾ ആക്രിയായി മാറുകയാണ്. 700 കോടി രൂപയുടെ നഷ്ടമാണ് ആ ഇനത്തിൽ മാത്രം കെ.എസ്.ആർ.ടി.സി ഉണ്ടാകാൻ പോകുന്നത്. നാട്ടിലെ ജനങ്ങൾ വഹിക്കുന്ന കുരിശാണിത്. ആ കുരിശുമായാണ് പ്രതിപക്ഷം നിയമസഭയിൽ വന്നിരിക്കുന്നത്.

വിദ്യാർത്ഥികളുടെ കൺസഷൻ വിഷയത്തിൽ അപമാനകരമായ പ്രസ്താവനയാണ് മന്ത്രി നേരത്തെ നടത്തിയത്. ഒരു പൊതി ചോറ് വീട്ടിൽ നിന്നും കൊണ്ടു വരാൻ പറ്റാത്ത അവസ്ഥയിലാണ് പല കുട്ടികളും. ഒരു നിയോജക മണ്ഡലത്തിൽ പോലും ഇരുപതിനായിരത്തോളം പേർ ഉച്ചഭക്ഷണത്തിനു നിവൃത്തി ഇല്ലാത്തവരായുണ്ട്. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന വീട്ടിലെ കുട്ടികൾക്ക് അഞ്ചും പത്തും രൂപ കൊടുത്ത് കെ.എസ്.ആർ.ടി.സിയിൽ പോകാൻ പറ്റുമോ? കൺസഷൻ ഔദാര്യമല്ല. കുട്ടികൾക്ക് ന്യായമായ കൺസഷൻ കൊടുക്കണ്ടേ? അങ്ങനെ ഒരു സമീപനം കുട്ടികളോട് കാട്ടിയാൽ നിങ്ങൾ വലതുപക്ഷ സർക്കാരാണെന്ന് പറയേണ്ടി വരും.

കെ.എസ്.ആർ.ടി.സി ഒരു സർവീസാണ്. ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനം മാത്രമല്ല. സ്വിഫ്റ്റ് എന്ന പുതിയ കമ്പനി ഉണ്ടാക്കി ലാഭകരമായ ദീർഘദൂര സർവീസുകളെ നിങ്ങൾ അതിൽ ഉൾപ്പെടുത്തി. സ്ഥിരം ജീവനക്കാർ ആരുമില്ല. കരാർ തൊഴിലാളികളാണ് ഈ കമ്പനിയിലുള്ളത്. ഇത് ഇടതു പക്ഷ നയമാണോയെന്ന് നിങ്ങൾ പറയണം. സ്വകാര്യ കമ്പനി നടത്തുന്നതു പോലെ ഇത് ലാഭത്തിൽ പോകും. അപ്പോൾ ബാക്കിയുള്ള 85 ശതമാനവും ഉൾപ്പെടുന്ന യഥാർത്ഥ കെ.എസ്.ആർ.ടി.സി വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തും. സ്വാഭാവികമായ ദയാവധമാണ് കെ.എസ്.ആർ.ടി.സിയെ കാത്തിരിക്കുന്നത്.

സിൽവർ ലൈനിനു വേണ്ടി രണ്ടു ലക്ഷം കോടി രൂപ ചെലവാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 2000 കോടി രൂപ ചെലവാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഇടതുപക്ഷമല്ല വലതുപക്ഷ വ്യതിയാനം വന്നിരിക്കുന്ന സർക്കാരാണെന്ന് ഞങ്ങൾ പറയും. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാൻ തയാറാകത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP