Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഊരുവിലക്കുകൾ തുടർക്കഥയായി കരിവെള്ളുർ; പ്രാകൃതനിയമത്തിന് ഇത്തവണ ഇരയായത് തെയ്യം കോലധാരി ഹരിപെരുമലയൻ; പിതാവിനുള്ള വിലക്ക് വഴിവെക്കുന്നത് മക്കളുടെ അപ്രഖ്യാപിത വിലക്കിലേക്ക്; കരിവെള്ളുരിന്റെ നവോത്ഥാന പാരമ്പര്യത്തിന് മങ്ങലേൽപ്പിച്ച് പെരുമലയന്റെയും കുടുംബത്തിന്റെയും കണ്ണീർ കഥ

ഊരുവിലക്കുകൾ തുടർക്കഥയായി കരിവെള്ളുർ; പ്രാകൃതനിയമത്തിന് ഇത്തവണ ഇരയായത് തെയ്യം കോലധാരി ഹരിപെരുമലയൻ; പിതാവിനുള്ള വിലക്ക് വഴിവെക്കുന്നത് മക്കളുടെ അപ്രഖ്യാപിത വിലക്കിലേക്ക്;  കരിവെള്ളുരിന്റെ നവോത്ഥാന പാരമ്പര്യത്തിന് മങ്ങലേൽപ്പിച്ച് പെരുമലയന്റെയും കുടുംബത്തിന്റെയും കണ്ണീർ കഥ

വൈഷ്ണവ് സി

കണ്ണൂർ: നവോത്ഥാന മുന്നേറ്റങ്ങളിലും കർഷകപോരാട്ടങ്ങളിലും കേരളചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഭൂമികയാണ് കരിവെള്ളൂർ.എന്നാൽ ആ മണ്ണിന്റെ പേരിന് ഒരിക്കൽപോലും ചേരാത്ത സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവിടെ നിന്നും പുറത്ത് വരുന്നത്.ഇന്നത്തെ കാലത്ത് കേട്ടുകൾവി പോലുമില്ലാത്ത ഊരുവിലക്കിന്റെ കഥകൾ ഞെട്ടലോടെയാണ് സാംസ്കാരിക കേരളം കേൾക്കുന്നത്.

മകൻ ഇതര മതക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിൽ പൂരക്കളി പണിക്കരെ വിലക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.അതിന്റെ പ്രതിഷേധങ്ങൾ തുടരവെ ഇപ്പോഴിത മറ്റൊരു ഊരുവിലക്കിന്റെ കഥ കൂടി അതേ സ്ഥലത്ത് നിന്ന് പുറത്ത് വരികയാണ്.തെയ്യം കോലധാരിയായ ഹരി പെരുമലയനും കുടുംബവുമാണ് വിലക്കിന്റെ അടുത്ത ഇര.വിലക്ക് ഏർപ്പെടുത്തിയതാകട്ടെ സുരേഷ് പണിക്കരുടെ വിഷയത്തിൽ വിലക്ക് ഏർപ്പെടുത്തിയ അതേ ക്ഷേത്രവും.

കരിവെള്ളൂർ പരിധിയിലെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെയ്യം അനുഷ്ഠാനം നടത്തിവരാനുള്ള അവകാശം ഹരി പെരുമലയനാണ്.എന്നാൽ പെരുമലയൻ ആചാരത്തെച്ചൊല്ലിയുള്ള ഒരു തർക്കത്തെത്തുടർന്നാണ് ഇദ്ദേഹത്തെയും അതുവഴി തെയ്യം കോലധാരികളായ മക്കളെയും വിലക്കിയിട്ടുള്ളത്.മക്കത്തായ സമ്പ്രദായം പ്രകാരമാണ് വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽ തെയ്യം നടത്തിയിരുന്നത്. ഇതുപ്രകാരം ഹരി എന്ന വ്യക്തിക്കാണ് തെയ്യം നടത്തിപ്പുചുമതല. ഇദ്ദേഹമാണ് പെരുംമലയ സ്ഥാനത്തിന് അർഹൻ.എന്നാൽ വീണ്ടും ആ സ്ഥാനം നിർണ്ണയിക്കുവനുള്ള അവസരം വന്നപ്പോൾ അന്നുർ സ്വദേശിയായ മറ്റൊരു തെയ്യം കോലധാരി അതേ ആചാരം കൈക്കൊണ്ടതാണ് പ്രശ്‌നങ്ങളുടെ
തുടക്കം.

ചിറക്കൽ കോവിലകത്ത് നിന്നുമാണ് ഇത്തരത്തിലുള്ള തെയ്യം ആചാരങ്ങൾ നൽകാറ്.അതിനാൽ തന്നെ രണ്ടാമത് വ്യക്തി ചിറക്കൽ കോവിലകത്ത് പോവുകയും കോവിലകം അധികാരിയിൽ നിന്ന് ആചാരം കൈക്കൊള്ളുകയും ചെയ്തു.എന്നാൽ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചകൊണ്ടാണ് ആചാരം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹരിപെരുമലയൻ ചിറക്കൽ കോവിലകത്തിന് മകളിൽ അധികാരമുള്ള പഴശ്ശി കോവിലകത്ത് നിന്ന് ആചാരം സ്വീകരിച്ചു.രണ്ടാമത്തെ വ്യക്തി ആചാരം സ്വീകരിച്ചത് പ്രദേശത്തെ പ്രധാനക്ഷേത്രം കൂടിയായ കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിന്റെ പിന്തുണയോടെയായിരുന്നു.ഇതിന് പിന്നാലെ ഹരിപെരുമലയനും സ്വീകരിച്ചത് പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ഇദ്ദേഹത്തിന് ക്ഷേത്രം വിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു.

വിലക്ക് വന്നതോടെ കാലാകാലങ്ങളായി ഹരിപെരുമലയനും മക്കളും തെയ്യം നിർവഹിച്ച് വന്നിരുന്ന പലക്ഷേത്രങ്ങളിലും അവസരങ്ങൾ ലഭിക്കാതാവുകയും ഒരു ചടങ്ങിനുപോലും ഇവരെ സഹകരിപ്പിക്കാതെയുമായി.ഇത്തവണത്തെ പൂരത്സോവത്തിന് ക്ഷേത്രചടങ്ങുകൾക്ക് എത്തിയപ്പോൾ ഇത്തവണ നിങ്ങളെ പങ്കെടുപ്പിക്കേണ്ട എന്ന് പറഞ്ഞ്് തിരിച്ചയച്ചാതായി പെരുമലയനും കുടുംബവും പറയുന്നു.താൻ പെരുമലയൻ സ്ഥാനം കൈക്കൊണ്ട വിവരം ഹരി സോമേശ്വരി ക്ഷേത്ര കമ്മിറ്റിക്കാരുടെ മുമ്പിൽ സമർപ്പിച്ചുവെങ്കിലും അവർ ഈ സ്ഥാനം ഇദ്ദേഹത്തിന് നൽകാൻ തയ്യാറായില്ല. ഇതിനുപുറമേ ഹരി പെരുമലയനും കുടുംബവും നടത്തുന്ന തെയ്യങ്ങൾക്ക് കലശം വെക്കില്ല എന്നുള്ള തീരുമാനവും വാണിയില്ലം സോമേശ്വരി ക്ഷേത്രകമ്മിറ്റിക്കാറെടുത്തു.

ഇതോടെ ഇവരുടെ തെയ്യം കെട്ടൽ തന്നെ ചോദ്യചിഹ്നമായി. പെരുമലയന് ആണ് വിലക്ക് എങ്കിലും അതിന്റെ പ്രതിഫലനമെന്നോണം മക്കൾക്കും ഇപ്പോൾ അപ്രഖ്യാപിത വിലക്ക് വരുന്നുണ്ട്.ഇവർക്കും പലക്ഷേത്രങ്ങളിലും തെയ്യം കെട്ടാൻ സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.തെയ്യത്തെ മാത്രം ഉപജീവനമാർഗ്ഗമായി കണ്ട് വരുന്ന ഈ കുടുംബം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.കാലങ്ങളായി തുടർന്നുവന്നിരുന്ന ഒരു സാധനമാണ് അദ്ദേഹത്തിന് കമ്മിറ്റിയിൽ ഉള്ള ചില ആളുകളുടെ സ്വാർത്ഥ താല്പര്യം കാരണം നഷ്ടപ്പെട്ടിട്ടുള്ളത്.

പ്രശ്‌നത്തിന് പരിഹാരം കാണാൻ പല തറവാടുകളും മുൻകൈ എടുക്കുന്നുണ്ടെങ്കിലും പ്രദേശത്തെ പ്രബലക്ഷേത്രത്തിന്റെ നിലപാടുകൾക്ക് മുന്നിൽ ശബ്ദം ഉയരാത്തത് പ്രശ്‌നപരിഹാരത്തെ നീട്ടിക്കൊണ്ടുപോവുകയാണ്. ഒരു ജനതയുടെ ആകെ സൗഖ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച തെയ്യം കോലധാരിയും കുടുംബവുമാണ് ഇപ്പോൾ ഒരു വിഭാഗക്കാരുടെ കടുംപിടിത്തത്തിന് മുന്നിൽ ജീവതം വഴിമുട്ടി നിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP