Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് തവണ തോറ്റ ശേഷമായിരുന്നു എന്റെ ജയം; തച്ചടിക്ക് ജയിക്കാനായത് ഇടതുപക്ഷത്തേക്ക് മാറിയപ്പോൾ; ഇടതു കോട്ടകളിലെ തോൽവിക്ക് അർത്ഥം ജനങ്ങൾ നിരാകരിച്ചെന്നല്ലെന്ന് സുധാകരൻ; രാജ്യസഭയിലേക്ക് ഷമയോ ലിജുവോ? കോൺഗ്രസിൽ അടിമൂക്കുമ്പോൾ

മൂന്ന് തവണ തോറ്റ ശേഷമായിരുന്നു എന്റെ ജയം; തച്ചടിക്ക് ജയിക്കാനായത് ഇടതുപക്ഷത്തേക്ക് മാറിയപ്പോൾ; ഇടതു കോട്ടകളിലെ തോൽവിക്ക് അർത്ഥം ജനങ്ങൾ നിരാകരിച്ചെന്നല്ലെന്ന് സുധാകരൻ; രാജ്യസഭയിലേക്ക് ഷമയോ ലിജുവോ? കോൺഗ്രസിൽ അടിമൂക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള നേതാക്കളെ തന്നെ രാജ്യസഭയിലേക്ക് അയക്കണമെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതിൽ എം ലിജുവിന് മുൻതൂക്കം നൽകണമെന്നും ആവശ്യപ്പെട്ടു. തോറ്റ നേതാക്കളെയാണ് കെപിസിസി മുന്നോട്ട് വയ്ക്കുന്നതെന്ന വാദങ്ങളേയും സുധാകരൻ അംഗീകരിക്കില്ല. സിപിഎം കോട്ടകളിൽ സ്ഥിരമായി തോൽക്കുന്നത് നേതാക്കളുടെ ജനപിന്തുണയില്ലായ്മയുടെ അളവു കോൽ അല്ലെന്ന് സുധാകരൻ വാദിക്കുന്നു. ലിജുവിന് വേണ്ടി അതിശക്തമായ വാദമാണ് സുധാകരൻ ഉയർത്തുന്നത്. സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ ഇതെല്ലാം സുധാകരൻ ഉന്നയിച്ചിട്ടുണ്ട്.

മൂന്ന് തവണ തോറ്റ ശേഷമായിരുന്നു എന്റെ ജയമെന്ന വാദമാണ് സുധാകരൻ ഉയർത്തുന്നത്. കായംകുളത്തും അമ്പലപ്പുഴയിലുമായിരുന്നു ലിജുവിന്റെ തോൽവികൾ. ആലപ്പുഴയിലെ തലയെടുപ്പുള്ള നേതാവായിരുന്നു തച്ചടി പ്രഭാകരൻ. അദ്ദേഹം പോലും മുന്ന് തവണ തോറ്റു. ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് തച്ചടിക്ക് ജയിക്കാനായത്. അതുകൊണ്ട് തന്നെ തോൽവികൾ നേതാവിന്റെ ജനസമ്മതിക്കുള്ള തെളിവല്ലെന്ന് സുധാകരൻ പറയുന്നു. അതുകൊണ്ട് തന്നെ ലിജുവിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് സുധാകരൻ. എന്നാൽ എഐസിസി വക്താവും മലയാളിയുമായ ഷമാ മുഹമ്മദിന് അനുകൂലമാണ് ഹൈക്കമാണ്ട് മനസ്സ്. അതുകൊണ്ട് അന്തിമ തീരുമാനം ചർച്ചകളിലൂടെ മാത്രമേ ഉണ്ടാകൂ.

സ്ഥാനാർത്ഥി പട്ടിക നാളെ കേരളത്തിൽ തയ്യാറാക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. യുവാക്കൾക്കാകും മുൻതൂക്കമെന്നും സുധാകരൻ അറിയിച്ചു. ലിജുവിനൊപ്പം മറ്റ് പേരുകളും പരിഗണിക്കുമെന്നും സുധാകരൻ പറഞ്ഞു. സതീശൻ പാച്ചേനിയും രംഗത്തുണ്ടെന്ന് സുധാകരൻ വിശദീകരിച്ചു. നാളെ തിരുവനന്തപുരത്ത് നിർണ്ണായക ചർച്ചകൾ നടക്കും. അതിന് ശേഷം സ്ഥാനാർത്ഥി പട്ടിക ഹൈക്കമാണ്ടിന് നൽകും. ഇതിൽ നിന്ന് ഹൈക്കമാണ്ടാകും അന്തിമ തീരുമാനം എടു്ക്കുക.

ലിജുവിന്റെ തോൽവികൾ ഉയർത്തി ചില കെപിസിസി ഭാരവാഹികൾ ഹൈക്കമാണ്ടിന് കത്തയച്ചിരുന്നു. ഇതോടെയാണ് ഇടതു കോട്ടകളിലെ തോൽവിക്ക് അർത്ഥം ജനങ്ങൾ നിരാകരിച്ചെന്നല്ലെന്ന് വാദവുമായി സുധാകരൻ എത്തുന്നത്. എം ലിജുവിനെ വെട്ടാനിറക്കിയ ന്യായങ്ങൾ പൊളിച്ചടുക്കാൻ തന്റ തോൽവികൾ ചർച്ചയാക്കുകയാണ് കെപിസിസി അധ്യക്ഷൻ. ദേശീയ തലത്തിലെ തോൽവികളിലൂടെ കോൺഗ്രസിന് കരുത്തു പോയി. അതുകൊണ്ട് തന്നെ സുധാകരനെ മറികടന്ന് തീരുമാനം സോണിയാ ഗാന്ധി എടുക്കുമോ എന്നതാണ് നിർണ്ണായകം. ലിജുവിന് പകരം സമവായ സ്ഥാനാർത്ഥിയായി ഷമയെ അവതരിപ്പിക്കാനാണ് താൽപ്പര്യം.

അതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരൻ. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുരളീധരൻ കത്തയച്ചു. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറയുന്നത്. കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചിട്ടുണ്ട്.

കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ഡൽഹിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ചയും നടത്തി. എം ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. ഇതിനിടയിലാണ് ലിജുവിനെ ലക്ഷ്യം വച്ചുള്ള നീക്കം.

കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മർദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി ടി ബൽറാമിന്റെ പേരും യുവനേതാവെന്ന നിലയിൽ സജീവ ചർച്ചയിലുണ്ട്. ഇതിനിടയിലാണ് ഹൈക്കമാൻഡിനുള്ള മുരളീധരന്റെ കത്തും, കെ സി വേണുഗോപാൽ അനുകൂലികളുടെ എഐസിസിക്കുള്ള കത്തും. ഇതോടെ ഷമാ മുഹമ്മദിനെ സമവായ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനാണ് നീക്കം. ഇത് സുധാകരൻ അംഗീകരിക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ കേരളത്തിലെ കോൺഗ്രസിൽ അതിശക്തമായ പൊട്ടിത്തെറിയായി അത് മാറും.

തെരഞ്ഞെടുപ്പിൽ തോറ്റവർ പരിഗണിക്കപ്പെടരുതെന്നാണ് തീരുമാനമെങ്കിൽ അത് ലിജുവിനും ബലറാമിനും പ്രതികൂലമാകും. നിയമസഭ തെരഞ്ഞെടുപ്പിൽ ലിജു അമ്പലപ്പുഴയിലും, വി ടി ബൽറാം തൃത്താലയിലും പരാജയപ്പെട്ടിരുന്നു. ഇനിയെ വനിതയെ ആണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെങ്കിൽ മുൻപന്തിയിലുള്ള ഷാനിമോൾ ഉസ്മാനും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ്. സാധ്യതാ പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേര് കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദ്ദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസന്റെ പേര്കൂടി നിർദ്ദേശിക്കാനാണ് നിർദ്ദേശം. ഇത് അംഗീകരിക്കില്ലെന്ന് സുധാകൻ വ്യക്തമാക്കിയിട്ടുണ്ട്.

എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും. കേരളത്തിൽ അണികൾക്ക് ശ്രീനിവാസനെ അറിയില്ലെന്നാണ് സുധാകരന്റെ നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP