Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറേകാൽ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്; സംഭവ സമയം മറ്റൊരിടത്തെന്ന പ്രതികളുടെ വാദം തെളിയിക്കുന്ന വീഡിയോ വീണ്ടും പരിഗണിക്കണം; വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം

ആറേകാൽ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്; സംഭവ സമയം മറ്റൊരിടത്തെന്ന പ്രതികളുടെ വാദം തെളിയിക്കുന്ന വീഡിയോ വീണ്ടും പരിഗണിക്കണം; വിചാരണ കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: ആറേകാൽ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നർക്കോട്ടിക് കേസിൽ അലിബി (സംഭവ സമയം മറ്റൊരിടത്തായിരുന്നെന്ന പ്രതികളുടെ വാദം) തെളിയിക്കുന്ന വീഡിയോ തെളിവ് തലസ്ഥാനത്തെ വിചാരണ കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തൊണ്ടി മുതലുകളുമായി എക്‌സൈസ് തങ്ങളെ സ്‌പോട്ട് അറസ്റ്റ് ചെയ്തതായി ആരോപിക്കുന്ന കൃത്യ സമയം രണ്ടും മൂന്നും പ്രതികളായ തങ്ങൾ ഇടുക്കിയിലായിരുന്നെന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ച് വിചാരണക്കോടതി വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. തുടർന്ന് വിചാരണ തടവുകാരായ കടത്തുകാരെയും ഹാഷിഷ് വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ടയച്ചത്. മാർച്ച് 30 ന് പ്രതികളെ ഹാജരാക്കാനും ജയിൽ സൂപ്രണ്ടിനോട് സെഷൻസ് ജഡ്ജി കെ.എൽ. ജയവന്ത് ഉത്തരവിട്ടു.

ഹാഷിഷ് കടത്തു കേസിൽ ജയിലിൽ കഴിയുന്ന 1 മുതൽ 3 വരെ പ്രതികളായ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ആന്റണി റൊസാരി ഫെർണാണ്ടോ (39), ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയി തോമസ് (44), റ്റി. എൻ. ഗോപി (68) എന്നിവരെയാണ് ഹാജരാക്കേണ്ടത്. രണ്ടും മൂന്നും പ്രതികളുടെ അലിബി ഡിഫൻസ് വീഡിയോ തെളിവ് തള്ളിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റിഷൻ ( പ്രത്യേകാനുമതി ഹർജി ) ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി വിചാരണകോടതിയിൽ അഡീ.പബ്ലിക് പ്രോസിക്യൂഷൻ കെ.എൽ.ഹരീഷ് കുമാർ ഹാജരായി.

നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 20 ബി (2) (സി), 29 എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികൾക്കെതിരെ സെഷൻസ് കേസെടുത്ത് കുറ്റം ചുമത്തി വിചാരണ ചെയ്തത്. 2018 സെപ്റ്റംബർ 2 മുതൽ പ്രതികൾ ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്റിൽ കഴിയുകയാണ്. തിരുവനന്തപുരം എയർപോർട്ട് വഴി മാലിയിലേക്ക് കടത്താൻ ശ്രമിക്കവേ അട്ടക്കുളങ്ങര- ചാക്ക ബൈപാസിൽ ടെക്സ്റ്റയിൽ ഷോപ്പിന് സമീപം വച്ച് പ്രതികൾ തൊണ്ടി മുതലുമായി എക്‌സൈസ് പിടിയിലായെന്നാണ് പ്രോസിക്യൂഷൻ കേസ്.

കുറേ കാലങ്ങളായി മാലിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ഹബ്ബ് ആയി തലസ്ഥാനം മാറിയിരിക്കുന്നതിന്റെ തെളിവാണ് തലസ്ഥാന ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ കാത്ത് കിടക്കുന്ന അനവധി ഹാഷിഷ് കടത്ത് കേസുകൾ സൂചിപ്പിക്കുന്നത്. തൊണ്ടി സഹിതം അറസ്റ്റിലാകുന്ന ഇടനിലക്കാരും കൂലിക്കടത്തുകാരായ കാര്യർമാരും മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അന്വേഷണം ലഹരി മാഫിയാ രാജാക്കന്മാരായ ഉന്നതങ്ങളിൽ എത്തുമ്പോഴേക്കും എക്‌സൈസ് - പൊലീസ് അന്വേഷണം നിലക്കുകയാണ് പതിവ്. അവരെ കോടതിക്കു മുന്നിൽ കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതിനാൽ ലഹരി കടത്തിന്റെ ലാഭവിഹിതം ലഭിക്കാത്ത താഴേത്തട്ടിലുള്ള വെറും ഇടനിലക്കാരും കൂലിക്കടത്തുകാരായ പാവങ്ങളും മാത്രമാണ് കേസിൽ ശിക്ഷിക്കപ്പെടുന്നത്.

അതേ സമയം വൻ ബിസിനസ് ലാഭം കൊയ്യുന്ന ലഹരി മാഫിയ രാജാക്കന്മാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് തൊടാൻ സാധിക്കാതെ തഴച്ചുവളരുകയും ചെയ്യുന്നു. ഉറവിടം കണ്ടെത്താനും മാഫിയ രാജാക്കന്മാരെ അറസ്റ്റ് ചെയ്യുന്നതിനും കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെങ്കിലും അന്വേഷണ ഉദ്യോസ്ഥർ തുടക്കത്തിലെ ആവേശം പിന്നീട് കാട്ടാതെ നിഷ്‌ക്രിയത്വം പാലിക്കുന്നതിനാൽ പ്രതിപ്പട്ടിക വിപുലമാകാറില്ല.

അതിനാൽ തന്നെ പുലിവാല് പിടിക്കാതെ ആദ്യം കിട്ടിയ പ്രതികളെ വച്ച് കുറ്റപത്രം സമർപ്പിച്ച് തടിയൂരുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികളെ സ്പിരിറ്റ് കടത്തു കേസിൽ കേരളത്തിൽ നിന്ന് പോയ ക്രിമിനൽ അപ്പീലിൽ സുപ്രീം കോടതി നിശിതമായി വിമർശിച്ചിട്ടുണ്ട്. കൂലിക്കടത്തു കാര്യറായ സ്പിരിറ്റ് ലോറി ഡ്രൈവറുടെ ശിക്ഷ 10 വർഷമാക്കിക്കൊണ്ടുള്ള വിധിന്യായത്തിലായിരുന്നു വിമർശനം.

2018 സെപ്റ്റംബർ 2 ന് ഉച്ചക്ക് 1.28 മണിക്കാണ് രണ്ട് ആഡംബര കാറുകളിലായെത്തിയ പ്രതികൾ വലയിലായത്. മാൽഡിവിയൻ ബോസിന് വേണ്ടി അഡ്വാൻസ് തുകയായ 6.70 ലക്ഷം രൂപയുമായി ഹാഷിഷ് വാങ്ങാനെത്തിയ ആന്റണിയും ഹാഷിഷ് കടത്തിക്കൊണ്ട് വന്ന ഇടുക്കിക്കാരായ ബിനോയി തോമസും ഗോപിയും ഹാഷിഷ് കൈമാറവേയാണ് പിടിയിലായത്. ഇവർ കേരള - മാൽഡിവിയൻ ഡ്രഗ് മാഫിയയിലെ കണ്ണികളാണ്. അഡ്വാൻസായാണ് 6.7 ലക്ഷം രൂപ ആന്റണി കൊണ്ടുവന്നത്.

ഹാഷിഷ് ഗുണനിലവാരം പരിശോധിച്ച ശേഷം ബാക്കി തുക നൽകാനായിരുന്നു പദ്ധതി. എയർപോർട്ട് വഴി മാലി ദ്വീപിലേയ്ക്ക് ഹാഷിഷ് കടത്താനുള്ള പദ്ധതി പരാജയപ്പെടുന്ന പക്ഷം കടൽ മാർഗ്ഗം കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ലഹരി മാഫിയ തലവൻ മാൽഡിവിയൻ അബ്ദുള്ള തമിഴ് നാട്ടിലുണ്ടെന്ന് സംശയിക്കുന്നതായി എക്‌സൈസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും അബ്ദുള്ളയടക്കമുള്ള ലഹരി മാഫിയ രാജാക്കന്മാരെ ഒഴിവാക്കി 3 പേരിൽ മാത്രം കേസൊതുക്കി എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചതായി ആരോപണമുണ്ട്. തിരുവനന്തപുരം എക്‌സൈസ് റെയിഞ്ചാണ് കേസ് അന്വേഷിച്ചത്. 2019 ഫെബ്രുവരി 27നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2018 ൽ ഈ സംഭവത്തിന് മുമ്പ് 10 കോടി രൂപയുടെ 10.2 കിലോഗ്രാം ഹാഷിഷുമായി 4 മാലി സ്വദേശികൾ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും പിടിയിലായിരുന്നു. 2018 ആഗസ്റ്റിലും 700 ഗ്രാം ഹാഷിഷ് കഴക്കൂട്ടത്ത് നിന്നും പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP