Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അളിയന്റെ 'ബിനാമിയെ' വേണ്ടെന്ന് രാഹുലിനോട് തുറന്നു പറഞ്ഞ് കെ എസ്; ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥി ആക്കണമെന്ന് സുധാകരന്റെ ശുപാർശ; ശ്രീനിവാസ് കൃഷ്ണനെ നിർദ്ദേശിച്ചാൽ പ്രത്യാഘാതം രൂക്ഷമാകുമെന്നും മുന്നറിയിപ്പ്

അളിയന്റെ 'ബിനാമിയെ' വേണ്ടെന്ന് രാഹുലിനോട് തുറന്നു പറഞ്ഞ് കെ എസ്; ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥി ആക്കണമെന്ന് സുധാകരന്റെ ശുപാർശ; ശ്രീനിവാസ് കൃഷ്ണനെ നിർദ്ദേശിച്ചാൽ പ്രത്യാഘാതം രൂക്ഷമാകുമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എഐസിസി സെക്രട്ടറിയായ ശ്രീനിവാസ് കൃഷ്ണനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന് കെപിസിസി. രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടാണ് ഇക്കാര്യം സുധാകരൻ ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കമാണ്ടിന് ഉചിതമായ തീരുമാനം എടുക്കാമെന്നും സുധാകരൻ അറിയിച്ചു. എം ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കണമെന്നാണ് സൂധാകരന്റെ ആവശ്യം. കേരളത്തിലെ വികാരം മാനിച്ചില്ലെങ്കിൽ പാർട്ടിക്ക് സംസ്ഥാനത്തും തിരിച്ചടിയുണ്ടാകുമെന്നും സുധാകരൻ അറിയിച്ചു. ഇനി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയേയും നിലപാട് അറിയിക്കും. എഐസിസി സെക്രട്ടറി ശ്രീനിവാസ് കൃഷ്ണനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം ശക്തമായിരുന്നു ഇതിനിടെയാണ് സുധാകരൻ നിർണ്ണായക ഇടപെടൽ നടത്തിയത്.

എം ലിജുവിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പുനഃസംഘടനയിലും പൂർണ്ണ അധികാരം വേണമെന്ന് സുധാകരൻ രാഹുലിനെ അറിയിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ പേരെടുത്ത് വിമർശിച്ചില്ലെങ്കിലും ചില ദേശീയ നേതാക്കളുടെ കേരളത്തിലെ ഇടപെടലിൽ സുധാകരൻ അതൃപ്തി അറിയിച്ചതായാണ് സൂചന. ലിജുവുമായാണ് കോൺഗ്രസ് അധ്യക്ഷനെ കാണാൻ സുധാകരൻ എത്തിയത്. ഉറപ്പില്ലാത്ത നിയമസഭാ സീറ്റിൽ മത്സരിച്ച് പരാജിതനായ ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടാണ് സുധാകരനുള്ളത്. നിയമസഭയിലേക്ക് ലിജു തോറ്റതെല്ലാം സിപിഎമ്മിന്റെ ഉറച്ച സീറ്റിലാണെന്നതാണ് സുധാകരന്റെ നിലപാട്. ഇക്കാര്യമെല്ലാം രാഹുലിനെ സുധാകരൻ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴും ഹൈക്കമാണ്ട് രാജ്യസഭയിലേക്ക് പ്രഥമ പരിഗണന നൽകുന്നത് ശ്രീനിവാസ് കൃഷ്ണന്റെ പേരാണ്. ഇത് ഹൈക്കമാണ്ട് അംഗീകരിച്ചാലും സുധാകരൻ പരസ്യ പോരിന് നിൽക്കില്ല. എന്നാൽ ആ തീരുമാനം ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ രാഹുലിനെ അറിയിച്ചു. ഉചിതമായ തീരുമാനം എടുക്കാമെന്നാണ് പറഞ്ഞതും. രമേശ് ചെന്നിത്തലയുടെ വിശ്വസ്തരിൽ ഒരാളാണ് ലിജു. അതുകൊണ്ട് തന്നെ ലിജുവിന് വേണ്ടി സുധാകരൻ എത്തുന്നത് കെസി ഗ്രൂപ്പിന് പിടിക്കില്ല. കെസിക്കൊപ്പമുള്ള പഴകുളം മധു അടക്കമുള്ള നേതാക്കൾക്ക് രാജ്യസഭാ സീറ്റ് നൽകണമെന്ന വാദവും കോൺഗ്രസിൽ ശക്തമാണ്. ഇതെല്ലാം ഹൈക്കമാണ്ടിന് മുമ്പിൽ നിർദ്ദേശമായുണ്ട്.

ജി 23 യോഗത്തിൽ പങ്കെടുക്കുന്ന ആരേയും പരിഗണിക്കില്ല. പിജെ കുര്യനും കെവി തോമസും രാജ്യസഭാ സീറ്റിനായി രംഗത്തുണ്ട്. ഇതിൽ പിജെ കുര്യൻ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കെവി തോമസിനും സാധ്യത കുറവാണ്. വി ടി ബൽറാമും പരിഗണനാ പട്ടികയിലുണ്ട്. എകെ ആന്റണിയുടെ ഒഴിവിലുള്ള രാജ്യസഭാ സീറ്റിലേക്കാണ് മത്സരം. അതുകൊണ്ട് തന്നെ പിൻഗാമിയിൽ ആന്റണിയുടെ നിലപാടും നിർണ്ണായകമാണ്. എന്നാൽ ഇക്കാര്യത്തിൽ നിലപാട് പറയില്ലെന്ന് ഹൈക്കമാണ്ടിനെ ആന്റണി അറിയിച്ചു. ഇതോടെയാണ് ശ്രീനിവാസ് കൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ ഹൈക്കമാണ്ടിൽ ആലോചന തുടങ്ങിയത്. കേരളത്തിലെ ഗ്രൂപ്പ് പോര് കണക്കിലെടുത്താണ് ഈ നിർദ്ദേശം മുമ്പോട്ട് വച്ചത്.

ഒരു ഡസനിൽ അധികം സ്ഥാന മോഹികൾ കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിയെ ഡൽഹിയിൽ നിശ്ചയിക്കാമെന്നതായിരുന്നു രാഹുൽ മനസ്സിൽ കണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അടുത്ത സുഹൃത്താണ് ശ്രീനിവാസ് കൃഷ്ണൻ. ഇക്കാര്യം കെപിസിസിയേയും അനൗദ്യോഗികമായി അറിയിച്ചു. ഇതോടെയാണ് കെ സുധാകരൻ രാഹുലിനെ കണ്ടതും കെപിസിസിയുടെ നിലപാട് വിശദീകരിച്ചതും. രാഹുൽ ഗാന്ധിയുടെ പിന്തുണ യുവ നേതാവിനെന്ന് സുധാകരൻ തുറന്നു പറയുകയും ചെയ്തു. ഇതോടെ ശ്രീനിവാസ് കൃഷ്ണന് വേണ്ടിയുള്ള വാദ്രാ സമ്മർദ്ദം ഫലം കാണുമോ എന്ന ചോദ്യവും സജീവമാണ്.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി മലയാളി ശ്രീനിവാസൻ കൃഷ്ണനെ നിയമിച്ചത് 2018ലാണ്. അന്ന് വി എം സുധീരന് പോലും ഈ നേതാവിനെ കുറിച്ച് അറിയില്ലായിരുന്നു. അന്ന് തന്റെ പ്രതിഷേധം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സുധീരൻ പ്രകടിപ്പിക്കുകയും ചെയ്തു. അന്നാണ് മലയാളി ആദ്യമായി ഇങ്ങനൊരു കോൺഗ്രസ് നേതാവിനെ കുറിച്ച് കേൾക്കുന്നത്. രാജ്യസഭാ സീറ്റിൽ കണ്ണും നട്ട് മുതിർന്ന നേതാക്കൾ അടക്കം ഡൽഹിയിൽ തമ്പടിച്ചിരുന്നു. അത്തരത്തിലൊരു നേതാവിനോട് ഇന്നലെ ഹൈക്കമാണ്ടിലെ ഉന്നതൻ ശ്രീനിവാസാകും സ്ഥാനാർത്ഥിയെന്ന സൂചന നൽകിയത്രേ. ഇതോടെയാണ് ശ്രീനിവാസനാണ് ഹൈക്കമാണ്ട് മുൻഗണനയെന്ന വാർത്ത പുറത്തായത്. കോൺഗ്രസ് ഹൈക്കമാണ്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ പേര് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ സജീവ ചർച്ചയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ വിശ്വസ്തനാണ് ശ്രീനിവാസൻ.

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സെക്രട്ടറിയായിരുന്നു ശ്രീനിവാസൻ കൃഷ്ണൻ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം അഖിലേന്ത്യാ പ്രഫഷനൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. ഈ പദവിയിൽ നിന്നാണ് എഐസിസി സെക്രട്ടറിയായി മാറിയത്. ഇതിന് ശേഷം തെലുങ്കാനയിൽ കോൺഗ്രസിന്റെ അടിത്തറ ഇളകിയെന്നതാണ് വസ്തുത. ഈ നേതാവിനെ രാജ്യസഭാ സ്ഥാനാർത്ഥിയായാൽ എതിർക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം. ജി 23 നേതാക്കളുടെ കൂട്ടായ്മയിലേക്ക് കൂടുതൽ കേരള നേതാക്കളെത്തുന്നതും ഈ സാഹചര്യത്തിലാണ്.

തൃശൂരുകാരനായ ശ്രീനിവാസ് കൃഷ്ണൻ 1995ൽ കരുണാകരൻ കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ പേഴ്സണൽ അസിസ്റ്റന്റായിരുന്നു. ദൂരദർശനിലെ ജോലി ഉപേക്ഷിച്ച് 1999 മുതൽ സോണിയാ ഗാന്ധിയുടെ ടീമിൽ അംഗമായി. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായ മാധവന്റെ പിന്തുണയിലാണ് അന്ന് ശ്രീനിവാസ് സോണിയയുടെ വിശ്വസ്തരുടെ ടീമിലെത്തിയത്. സോണിയയുടെ മരുമകനായ വാദ്രയുടെ അടുത്ത സുഹൃത്തായ സിസി തമ്പിയുമായും ശ്രീനിവാസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വാദ്രയുടെ ചില കമ്പനികളിൽ ശ്രീനിവാസ് ഡയറക്ടറായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ബ്ലൂ ബ്രീസ് ട്രെഡിങ് എന്ന കമ്പനിയിൽ നിന്നും പ്രിയങ്ക ഒഴിഞ്ഞപ്പോൾ പകരം ഡയറക്ടറായി എത്തിയത് ശ്രീനിവാസ് ആയിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വാദ്രയ്ക്ക് പങ്കാളിത്തമുള്ള നിരവധി കമ്പനികളുമായി ഇയാൾക്ക് അടുപ്പമുണ്ടെന്ന വാർത്തകളും എഐസിസി സെക്രട്ടറിയായി നിയമിക്കപ്പെട്ടപ്പോൾ ചർച്ചയായി. ഇൻഫർമേഷൻ സർവ്വീസിലെ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് പിന്നിൽ വാദ്ര ബന്ധമാണെന്നാണ് ഡൽഹിയിലെ എക്കാലത്തേയും സംസാരം.

2018ൽ എഐസിസി സെക്രട്ടറിയായുള്ള ശ്രീനിവാസന്റേതു പിൻവാതിൽ നിയമനമെന്നു വിമർശിച്ച സുധീരൻ നടപടിയോടുള്ള വിയോജിപ്പ് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചതായും വ്യക്തമാക്കി. രൂക്ഷ വിമർശനമാണ് അന്ന് ഫെയ്സ് ബുക്കിൽ സുധീരൻ ഉന്നയിച്ചത്.

2018ൽ വി എം സുധീരൻ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

'കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ.കെ.ആന്റണി നിലകൊള്ളുന്നു എന്നതു നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽജിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി കെ.സി.വേണുഗോപാലും പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏൽപിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാൽ ഇപ്പോൾ ഒരു ശ്രീനിവാസൻ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്.

കോൺഗ്രസ് പ്രവർത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്' സുധീരൻ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP