Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാതെ 'ഓപ്പറേഷൻ ഗംഗ'; പദ്ധതിയുടെ ഭാഗമായവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാതെ 'ഓപ്പറേഷൻ ഗംഗ'; പദ്ധതിയുടെ ഭാഗമായവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ച ഓപ്പറേഷൻ ഗംഗം പദ്ധതിയുടെ ഭാഗമായവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയിൽ ഏർപ്പെട്ടിരുന്ന എംബസി ഉദ്യോഗസ്ഥരുമായി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.

ഓൺലൈനായി നടത്തിയ യോഗത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമമന്ത്രി കിരൺ റിജിജു, പെട്രോളിയംമന്ത്രി ഹർദീപ് സിങ് പുരി, വ്യോമയാന സഹമന്ത്രി ജനറൽ വി.കെ സിങ് എന്നിവരും പങ്കെടുത്തു. എംബസി ഉദ്യോഗസ്ഥർക്ക് പുറമെ, രാജ്യത്തെ സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായും പ്രധാനമന്ത്രി ചർച്ച നടത്തി.

സർക്കാർ ഉദ്യോഗസ്ഥർ മുതൽ വൊളന്റീയർമാർ വരെയുള്ളവരെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. രക്ഷാദൗത്യത്തിൽ പങ്കെടുത്തവരുടെ ദേശസ്‌നേഹം, സാമൂഹിക സേവനത്തിനുള്ള സന്നദ്ധത, ടീം സ്പിരിറ്റ് എന്നിവയെ അദ്ദേഹം പ്രകീർത്തിച്ചു.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയ്ന്റെ അതിർത്തി രാജ്യങ്ങളിലേയ്ക്ക് അയച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ റൊമാനിയയിലേയ്ക്കും, കിരൺ റിജിജുവിനെ സ്ലോവാക് റിപ്പബ്ലിക്കിലേയ്ക്കും, ഹർദീപ് സിങ് പുരിയെ ഹംഗറിയിലേയ്ക്കും, വി.കെ സിംഗിനെ പോളണ്ടിലേയ്ക്കുമാണ് അയച്ചത്. അങ്ങേയറ്റം സങ്കീർണമായ അവസ്ഥയിലും, ഇന്ത്യൻ പൗരന്മാരെ കൈവിടാതെ അവരുടെ രക്ഷാദൗത്യത്തിനായി നേരിട്ട് ഇറങ്ങിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ, റഷ്യൻ പ്രസിഡന്റുമായും യുക്രെയ്ൻ പ്രസിഡന്റുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർച്ചകളും, വ്യക്തിപരമായ ഇടപെടലുകളും ശ്രദ്ധേയമാണെന്നും എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, രാജ്യസഭിൽ യുക്രൈൻ സാഹചര്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും, സുമിയിൽ നിന്നും മറ്റ് സംഘർഷഭരിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രൈനിൽ കുടുങ്ങിയ 22,500 ഇന്ത്യക്കാരെ 80ലധികം വിമാനങ്ങളിലായി തിരികെ എത്തിച്ചു. കൂടാതെ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലെ പൗരന്മാർക്കും ഇന്ത്യ രക്ഷകരായി. കഴിഞ്ഞ വർഷം അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ ദേവി ശക്തിയെക്കാൾ സങ്കീർണമായിരുന്നു ഓപ്പറേഷൻ ഗംഗ എന്നും എസ്.ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP