Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റാർട്ടിങ് വിസിൽ മുതൽ നിരന്തരം ആക്രമണം; മുന്നിലെത്തിച്ചത് നായകൻ അഡ്രിയാൻ ലൂണ; പ്രണോയ് ഹാൽദറിലൂടെ ഒപ്പമെത്തി ജംഷേദ്പുരും; ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം; ആറ് വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

സ്റ്റാർട്ടിങ് വിസിൽ മുതൽ നിരന്തരം ആക്രമണം; മുന്നിലെത്തിച്ചത് നായകൻ അഡ്രിയാൻ ലൂണ; പ്രണോയ് ഹാൽദറിലൂടെ ഒപ്പമെത്തി ജംഷേദ്പുരും; ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം; ആറ് വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ്  ഫൈനലിൽ

സ്പോർട്സ് ഡെസ്ക്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. സെമി ഫൈനൽ രണ്ടാംപാദത്തിൽ കരുത്തരായ ജംഷഡ്പൂർ എഫ്സിയെ സമനിലയിൽ കുരുക്കിയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനിൽ രണ്ടാം പാദ സെമി ഫൈനലിൽ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോൾ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം. ഇന്ന് അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. പ്രണോയ് ഹാൾഡറാണ് ജംഷഡ്പൂരിന്റെ ഗോൾ നേടിയത്.

സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇവാൻ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു. സെമിയിലെത്തിയാൽ ഫൈനൽ കളിക്കണമെന്ന 'നിർബന്ധം' ആറു വർഷങ്ങൾക്കിപ്പുറവും ബ്ലാസ്റ്റേഴ്‌സ് ചേർത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുർ എഫ്‌സിയെ വീഴ്‌ത്തിയാണ് മഞ്ഞപ്പട ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയിൽ ജംഷഡ്പുരിനെ സമനിലയിൽ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം.

പുറത്തുപോവേണ്ടിവന്നതിന്റെ നിരാശയിലായിരുന്നു കളി തുടങ്ങിയപ്പോൾ ആരാധകർ. താരത്തിന്റെ അഭാവത്തിലും ആദ്യ പകുതിൽ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്സ്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം ലഭിച്ചു. പെരേര ഡയസിന്റെ പാസിൽ നിന്ന് ഗോളിലേക്ക് ലഭിച്ച സുവർണാവസരം ആൽവാരോ വാസ്‌ക്വസ് ഗോളി മാത്രം മുന്നിൽ നിൽക്കെ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയത് അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടത്.

 

പത്താം മിനിറ്റിൽ പേരേര ഡയസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടിൽ വാസ്‌ക്വസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. എന്നാൽ 18-ാ മിനിറ്റിൽ ലൂണയുടെ ഗോളെത്തി. 

ഇടതുവിങ്ങിൽനിന്ന് അൽവാരോ വാസ്‌ക്വസ് ഫ്‌ളിക് ചെയ്ത് നൽകിയ പന്തിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച അഡ്രിയൻ ലൂണ സ്വതസിദ്ധമായ ശൈലിയിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജംഷഡ്പുർ ബോക്‌സിലേക്ക് മുന്നേറി. ബോക്‌സിനു തൊട്ടുമുന്നിൽനിന്ന് ഗോൾകീപ്പറിന്റെ സ്ഥാനം കണക്കാക്കി വലതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്തു.

വലംകാലനടി ജംഷഡ്പൂരിന്റെ മലയാളി ഗോൾ കീപ്പർ ടി പി രഹ്നേഷിന് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ മൂലയിൽ തട്ടി വലയിൽ കയറിയപ്പോൾ ആരാധകർ ആവേശത്തേരിലേറി. സ്‌കോർ 1 - 0.

 

പിന്നീട് തുടർച്ചയായ ആക്രമണങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂർ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ 36-ാം മിനിറ്റിൽ ബോക്നിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കിൽ നിന്ന് ഡാനിയേൽ ചീമ ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചു. ആദ്യം ഗോൾ അനുവദിച്ച റഫറി അത് ഓഫ് സൈഡാണെന്ന് കണ്ട് തിരുത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി

രണ്ടാംപാതി ആരംഭിച്ച് അഞ്ച് മിനിറ്റുകൾക്കകം ജംഷഡ്പൂർ ഒപ്പമെത്തി. ഗ്രേഗ് സ്റ്റിവാർട്ടിന്റെ കോർണർ കിക്കിൽ നിന്നുണ്ടായ കൂട്ടപൊരിച്ചിലിലാണ് ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിയത്. ഗോൾമുഖത്തുണ്ടായിരുന്നു ഹാൾഡർക്ക് അനായാസം ഗോൾകീപ്പറെ കീഴ്പ്പെടുത്താൻ കഴിഞ്ഞു.

ഗോൾവീണതിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രണം കടുപ്പിച്ചു. തൊട്ടടുത്ത മിനിറ്റിൽ വാസ്‌ക്വെസിന്റെ ഗോൾശ്രമം ജംഷഡ്പൂർ കീപ്പർ ടി പി രഹനേഷ് തട്ടിയിട്ടു. എന്നാൽ പ്രതിരോധതാരത്തിന്റെ കാലിൽതട്ടി പോസ്റ്റിലേക്ക് വന്നെങ്കിലും ഗോൾവരയിൽ വച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 55-ാം ലെസ്‌കോവിച്ചിന്റെ ബുള്ളറ്റ് ഹെഡ്ഡർ പുറത്തേക്ക്.

ബ്ലാസ്റ്റേഴ്സിന്റെ പെട്ടന്നുള്ള ആക്രമണത്തിൽ ജംഷഡ്പൂർ ചെറുതായൊന്നും വിറച്ചെങ്കിലും പതിയെ താളം വീണ്ടെടുത്തു. 66-ാം മിനിറ്റിൽ സ്റ്റിവാർട്ടിന്റെ ഫ്രീകിക്ക് ബ്ലാസേറ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി. പിന്നാലെ പെരേര ഡയസിന്റെ ഗോൾലൈൻ സേവ്. 79-ാം മിനിറ്റിൽ ഇഷാൻ പണ്ഡിതയുടെ ഹെഡ്ഡർ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി.

നേരത്തെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ പരുക്കേറ്റ് മലയാളി താരം സഹൽ അബ്ദുൽ സമദ് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP