Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ അവൾ ഒരു അമ്മയായി; സിസേറിയനിലൂടെ ഇന്ന് ജന്മം നൽകിയത് പെൺകുഞ്ഞിന്; പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആ പത്തുവയസുകാരി യാഥാർത്ഥ്യം എങ്ങനെ ഉൾക്കൊള്ളും; അതിജീവനം വെല്ലുവിളിയാകുന്നത് രണ്ട് കുരുന്നുകൾക്ക്

പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ അവൾ ഒരു അമ്മയായി; സിസേറിയനിലൂടെ ഇന്ന് ജന്മം നൽകിയത് പെൺകുഞ്ഞിന്; പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആ പത്തുവയസുകാരി യാഥാർത്ഥ്യം എങ്ങനെ ഉൾക്കൊള്ളും; അതിജീവനം വെല്ലുവിളിയാകുന്നത് രണ്ട് കുരുന്നുകൾക്ക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി ഇന്നൊരു പെൺകുഞ്ഞിന് ജന്മം നൽകി. മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ കളിച്ചുനടക്കേണ്ട പ്രായത്തിൽ താൻ ഒരു അമ്മയായി എന്ന് അവൾ തിരിച്ചറിഞ്ഞിട്ടില്ല. യാഥാർത്ഥ്യം ആ കുരുന്ന് എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയുണ്ട്.

പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഈ മാസം ഏഴിന് ഒരു ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യം ഗൗരവത്തോടെ കണ്ട ഹൈക്കോടതി പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപംനൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പെൺകുട്ടിയെ പരിശോധിച്ച് രണ്ട് ദിവസത്തിനകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.

ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഉചിതമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ ബോർഡിന് അനുമതി നൽകിക്കൊണ്ട് മാർച്ച് പത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്.

പിതാവിന്റെ ക്രൂരതയ്ക്കിരയായ ആ പത്തുവയസ്സുകാരിയുടെ 31 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകയായ കബനി ദിനേശ് എം. മുഖേനെ പെൺകുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. എങ്ങനെയാണ് ഈ കേസിലേക്ക് എത്തിച്ചേർന്നതെന്ന് അഡ്വ. കബനി ദിനേശ് മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പാനൽ കൗൺസിലറാണ് അഡ്വ. കബനി ദിനേശ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി എല്ലാവർക്കും അനുവദിക്കാറില്ല. അതിനാൽ തന്നെ ഇത്തരമൊരു സംഭവം കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോൾ ഏറ്റെടുക്കാമോയെന്ന് കമ്മറ്റി ചോദിച്ചു. ഇതൊരു ഡെലിക്കേറ്റായ വിഷയമാണല്ലോ. അതിനാൽ തന്നെ ഏറ്റെടുക്കാമെന്ന് അറിയിച്ചു. അങ്ങനെയാണ് ഈ മാൻഡമസ് റിട്ട് പെറ്റീഷൻ സമർപ്പിക്കുന്നതെന്ന് അഡ്വ. കബനി ദിനേശ് പറയുന്നു.

പത്തുവയസ്സുകാരി സ്വന്തം പിതാവിനാൽ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ വിഷയം ദൗർഭാഗ്യകരമാണെന്നും ഇത് സത്യമാണെങ്കിൽ സമൂഹം മുഴുവൻ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവരുമെന്നും വിധിന്യായം പ്രസ്താവിക്കുന്ന വേളയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ആ വ്യക്തി കുറ്റവാളിയാണെങ്കിൽ നിയമപരമായി ശിക്ഷയുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അഡ്വ. കബനി ദിനേശ് പറയുന്നു
പത്ത് വയസ്സുകാരിയുടെ അമ്മയും പൊലീസ് ഉദ്യോഗസ്ഥയുമാണ് വന്നത്. അമ്മയോട് ഞാൻ ഒന്നും സംസാരിച്ചില്ല. സംസാരിക്കാൻ പറ്റുന്ന ഒരു അവസ്ഥയായിരുന്നില്ലല്ലോ അത്. കാര്യങ്ങൾ എല്ലാം വിശദമാക്കിയത് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമേ എനിക്ക് മുന്നോട്ടുപോകേണ്ടിയിരുന്നുള്ളൂ. ഗർഭമലസിപ്പിക്കാൻ പറ്റുമോ ഇല്ലയോ എന്നതായിരുന്നു നമ്മുടെ മുൻപിലുണ്ടായിരുന്ന ചോദ്യം. അതിനാൽ തന്നെ ഗർഭമലസിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു.

പക്ഷേ, ഇക്കാര്യത്തിൽ റിസ്‌ക്ക് ഉണ്ടായിരുന്നു. ഈ പെൺകുട്ടിയുടെ പ്രായം പത്ത് വയസ്സാണ്. 31 ആഴ്ചയായിരുന്നു ഭ്രൂണത്തിന്റെ പ്രായം. 28 ആഴ്ചയായപ്പോൾ മാത്രമാണ് ഇവർ ഇക്കാര്യം അറിഞ്ഞതെന്നാണ് മെഡിക്കൽ റെക്കോർഡ്സിൽ നിന്ന് എനിക്ക് മനസ്സിലായത്. നിലവിലെ നിയമപ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ അബോർഷൻ അനുവദിക്കാനാവില്ല. 2021-ൽ ഭേദഗതി ചെയ്ത ഗർഭച്ഛിദ്രത്തെ സംബന്ധിച്ച നിയമപ്രകാരം 24 ആഴ്ച വരെയായ ഗർഭം അലസിപ്പിക്കാനേ അനുവാദം നൽകാനാകൂ. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭഛിദ്രത്തിന് അസാധാരണ സാഹചര്യങ്ങളിൽ അനുമതി നൽകാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. സമാനമായ ഒരു സംഭവത്തിൽ ബോംബെ ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധി ഞാൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു കൂടി കോടതി പരിഗണിച്ചു.

മാർച്ച് അഞ്ച് വെള്ളിയാഴ്ചയാണ് ഞാൻ ഈ വിഷയത്തിൽ ഇടപെട്ടത്. ഏഴാം തിയതി തിങ്കളാഴ്ച തന്നെ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അന്നുതന്നെ കേസ് പരിഗണിച്ച ഹൈക്കോടതി കുട്ടിയുടെ ആരോഗ്യവും മറ്റും പരിശോധിക്കാൻ ഉടൻതന്നെ മെഡിക്കൽ ബോർഡിന് രൂപംനൽകിക്കൊണ്ട് ഇടക്കാല ഉത്തരവും നൽകി. രണ്ടുദിവസത്തിനകം തന്നെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

അവർ നൽകിയ റിപ്പോർട്ട് ഇപ്രകാരമായിരുന്നു: പത്തുവയസ്സുകാരി പെൺകുട്ടി 30 ആഴ്ചയും ആറ് ദിവസവും ഗർഭിണിയാണ്. സിസേറിയൻ ഡെലിവറി മാത്രമേ നടത്താനാകൂ. ഇതിന് അനസ്തീസ്യയുടെയും ശസ്ത്രക്രിയയുടെയും അപകടസാധ്യതകളുണ്ട്. 1.557 കിലോഗ്രാമാണ് ഗർഭസ്ഥ ശിശുവിന്റെ തൂക്കം. കുഞ്ഞിനെ പുറത്തെടുത്താൽ ആ കുഞ്ഞ് രക്ഷപ്പെടാൻ 80 ശതമാനത്തോളം സാധ്യതയുണ്ട്. അതൊടൊപ്പം തന്നെ നവജാതശിശു വൈകല്യങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ തന്നെ നിയോനേറ്റൽ ഐ.സി.യു. പരിചരണം ആവശ്യമാണ്. നവജാതശിശുവിന് ന്യൂറോളജിക്കൽ തകരാറുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. സൈക്യാട്രിക് കൺസൾട്ടേഷനും ആവശ്യമായി വന്നേക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

ഇതിനെത്തുടർന്ന്, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ വേണ്ട കാര്യങ്ങൾ ചെയ്യാൻ മെഡിക്കൽ ബോർഡിന് കോടതി നിർദ്ദേശം നൽകി. കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് നിർദേശവും നൽകി. കുഞ്ഞ് ജീവനോടെ ജനിച്ചാൽ നവജാതശിശുവിന്റെ പൂർണ ആരോഗ്യത്തിന് ആവശ്യമായ വൈദ്യസഹായങ്ങളെല്ലാം നിയമപ്രകാരം നടത്താനും കോടതി നിർദേശിച്ചു. ജനിക്കുന്ന കുഞ്ഞിനും ഉണ്ടല്ലോ ഭരണഘടനാപരമായ അവകാശങ്ങൾ.

ബോംബെ ഹൈക്കോടതി വിധിയുടെ മാർഗനിർദേശങ്ങൾ തന്നെയാണ് ഇവിടെയും സ്വീകരിച്ചത്. കാരണം, ഗർഭിണിയായത് ഒരു പത്തുവയസ്സുകാരിയാണല്ലോ. ആ കുട്ടിക്ക് എന്ത് ഉത്തരവാദിത്വമാണ് ഈ പ്രായത്തിൽ ഏറ്റെടുക്കാനാവുക? ആ മാർഗനിർദേശങ്ങൾ തന്നെ സ്വീകരിക്കാം എന്നതായിരുന്നു ഞാനും കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെ കോടതിയും പിന്തുണച്ചു. മാർഗനിർദേശങ്ങൾ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമാക്കേണ്ട സാഹചര്യം വന്നത് കേരള ഹൈക്കോടതിക്ക് ആയിരുന്നു.

ഇപ്പോൾ ആ പത്തുവയസ്സുകാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ഇരുവരും സുഖമായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കുഞ്ഞിനും അമ്മയ്ക്കും മികച്ച ചികിത്സയും പരിചരണവും നൽകും. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ നിലവിൽ ഇല്ല എന്ന് കേട്ടപ്പോൾ ഒരു സമാധാനം. മാതൃ-ശിശു ബന്ധത്തിനൊന്നും ഈ കേസിൽ പ്രസക്തിയില്ല. തനിക്ക് എന്ത് സംഭവിച്ചുവെന്ന് പോലും ആ പത്തുവയസ്സുകാരിക്ക് മനസ്സിലായിട്ടില്ല.

ആ കുട്ടിയുടെ ഭാവി ഇനി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ട്. വിദേശത്ത് ഇങ്ങനെ ചില കേസുകൾ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ, അത്തരമൊരു സമൂഹമല്ലല്ലോ നമ്മുടെ നാട്ടിലുള്ളത്. ആ പത്തുവയസ്സുകാരി ഭാവിയിൽ ഇക്കാര്യങ്ങൾ എങ്ങനെ ഉൾക്കൊള്ളും, സമൂഹം എങ്ങനെ പ്രതികരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് മുൻപിലുണ്ട്. ഇനിയാണ് അവരുടെ യഥാർഥ അതിജീവനം തുടങ്ങേണ്ടത്. പത്തുവയസ്സുകാരിക്ക് സൈക്കോളജിക്കൽ സപ്പോർട്ട് ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകേണ്ടിവരും. അത്തരം കാര്യങ്ങളിലൊക്കെ ഇനിയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.

കോടതി ഉത്തരവ് ഉള്ളതിനാൽ നവജാത ശിശുവിന്റെ സംരക്ഷണവും ചുമതലയും ഇനി സർക്കാരിന്റെ ഏജൻസി ഏറ്റെടുക്കാനാണ് സാധ്യത. ചൈൽഡ് കെയർ ഹോം പോലുള്ള നിരവധി സൗകര്യങ്ങൾ ഉള്ളതിനാൽ അത്തരം സംവിധാനങ്ങളായിരിക്കും ഇനി പരിഗണിക്കുക. ദത്ത് നൽകലും പരിഗണിച്ചേക്കും. ഇത്തരം കാര്യങ്ങൾ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യങ്ങൾ പിന്നീടായിരിക്കും തീരുമാനിക്കുക.

ഭരണസംവിധാനവും നീതിപീഠവും ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് വളരെ പെട്ടെന്നുണ്ടായ ഈ വിധി. ഈ വിഷയത്തിൽ എല്ലാവരും മനസ്സ് അർപ്പിച്ചാണ് പ്രവർത്തിച്ചത്. വലിയൊരു സംതൃപ്തിയാണ് ഇത് നൽകിയതെന്നും അഡ്വ. കബനി ദിനേശ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP