Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി എസ് എല്ലിൽ പണം വന്നാൽ ഐപിഎൽ കളിക്കാൻ ആരു പോകും?; ബിസിസിഐയെ 'വെല്ലുവിളിച്ച്' റമീസ് രാജ; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കര കയറ്റാൻ പിഎസ്എല്ലിന് സാധിക്കുമെന്നും പിസിബി ചെയർമാൻ

പി എസ് എല്ലിൽ പണം വന്നാൽ ഐപിഎൽ കളിക്കാൻ ആരു പോകും?; ബിസിസിഐയെ 'വെല്ലുവിളിച്ച്' റമീസ് രാജ; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കര കയറ്റാൻ പിഎസ്എല്ലിന് സാധിക്കുമെന്നും പിസിബി ചെയർമാൻ

സ്പോർട്സ് ഡെസ്ക്

കറാച്ചി: സാമ്പത്തിക തകർച്ചയിൽ നിന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കരകയറ്റാൻ പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) നവീകരിക്കുമെന്ന പ്രഖ്യാപനവുമായി പിസിബി ചെയർമാൻ റമീസ് രാജ. ലോകത്തെ ഏറ്റവും സമ്പന്നമായ ലീഗ് എന്ന നിലയിൽ ഐപിഎല്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മാറ്റങ്ങളാണ് റമീസ് രാജ മുന്നോട്ടുവെയ്ക്കുന്നത്.

പിഎസ്എൽ സാമ്പത്തികപുരോഗതി കൈവരിക്കുന്നതോടെ ഈ ലീഗിനെ തഴഞ്ഞ് ആരാണ് ഐപിഎൽ കളിക്കാൻ പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ വെല്ലുവിളിച്ചു. ഇഎസ്‌പിൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റമീസ്.

കളിക്കാരെ ടീമിലെത്തിക്കാൻ ഐപിഎൽ മാതൃകയിൽ താരലേലം നടത്തുന്നതാണ് പ്രധാനമാറ്റം. നിലവിൽ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെയാണ് പിഎസ്എല്ലിൽ താരങ്ങളെയെടുക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന പിസിബിയെ കര കയറ്റാൻ പിഎസ്എല്ലിന് സാധിക്കുമെന്നാണ് റമീസിന്റെ വിലയിരുത്തൽ. നിലവിൽ ക്രിക്കറ്റ് ബോർഡിന്റെ പ്രധാന വരുമാന മാർഗങ്ങൾ പിഎസ്എല്ലും ഐസിസി ഫണ്ടിങ്ങുമാണ്.

ലോകത്തെ ഏറ്റവും സമ്പന്നമായ ലീഗ് എന്ന നിലയിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽനിന്ന് (ഐപിഎൽ) പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുള്ള മാറ്റങ്ങളാണ് റമീസ് രാജ വിഭാഗവനം ചെയ്യുന്നത്. താരലേലം ഉൾപ്പെടെയുള്ള മാറ്റങ്ങൾ നടപ്പാക്കുന്നതോടെ പിഎസ്എൽ സാമ്പത്തികമായി വളരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എല്ലാം പ്രതീക്ഷയ്‌ക്കൊത്തു നടന്നാൽ, അധികം വൈകാതെ ഐപിഎലിനു ഭീഷണി ഉയർത്തുന്ന ലീഗായി പിഎസ്എൽ മാറുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

വിദേശ താരങ്ങൾ പിഎസ്എലിനേക്കാൾ ഐപിഎലിനു പ്രാധാന്യം മാറുന്ന സ്ഥിതിവിശേഷം മാറ്റാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. 'സാമ്പത്തികമായി മെച്ചപ്പെടാൻ പാക്കിസ്ഥാൻ ബോർഡ് പുതിയ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോർഡിന്റെ പ്രധാന വരുമാന മാർഗങ്ങൾ പിഎസ്എലും ഐസിസി ഫണ്ടിങ്ങുമാണ്. പിഎസ്എസിന്റെ കാര്യത്തിൽ അടുത്ത സീസൺ മുതൽ ചില മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ട്. താരലേലം നടപ്പാക്കുന്നതാണ് പ്രധാനമായും പരിഗണനയിൽ' റമീസ് രാജ വെളിപ്പെടുത്തി.

'ഇപ്പോഴത്തെ സാഹചര്യത്തിൽ മാർക്കറ്റ് സാഹചര്യങ്ങൾ അത്ര നല്ലതല്ല. പക്ഷേ, മാറ്റങ്ങൾ വരുത്തുന്ന കാര്യം ടീം ഉടമകളുമായി ചർച്ച ചെയ്യും. ഇത്തരം ലീഗുകൾ പണത്തിന്റെ കളിയാണ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് മാർക്കറ്റ് വളരുമ്പോൾ നമ്മോടുള്ള മറ്റു ടീമുകളുടെ നിലപാടും മാറും. കൂടുതൽ ആദരവു ലഭിക്കും' റമീസ് രാജ ചൂണ്ടിക്കാട്ടി.

'പാക്കിസ്ഥാന് ബോർഡിനെ രക്ഷപ്പെടുത്താനുള്ള പ്രധാന മാർഗം പിഎസ്എൽ ആണെന്നു ഞാൻ കരുതുന്നു. പിഎസ്എൽ താരലേല മാതൃകയിലേക്കു മാറ്റിയാൽത്തന്നെ കാര്യമായ വ്യത്യാസം സംഭവിക്കും. താരലേലത്തിനായി കൂടുതൽ പണം ചെലവഴിക്കണം. അങ്ങനെ വരുമ്പോൾ പിഎസ്എൽ ഒഴിവാക്കി ആരാണ് ഐപിഎലിനായി പോകുന്നതെന്ന് നമുക്കു കാണാം' റമീസ് രാജ പറഞ്ഞു.

അതേസമയം, കൂടുതൽ പണമിറക്കാനുള്ള റമീസ് രാജയുടെ നിർദ്ദേശത്തോടെ പിഎസ്എൽ ടീമുകളുടെ ഉടമകൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമുകൾ കളിക്കാരെ സ്വന്തമാക്കാൻ ഡ്രാഫ്റ്റ് സംവിധാനമാണ് പിഎസ്എലിൽ ആശ്രയിക്കുന്നത്. അതുവഴി കാര്യമായി പണമില്ലാത്ത ടീമുകൾക്കും മറ്റു ടീമുകളേപ്പോലെ തന്നെ കരുത്തുറ്റ താരനിരയെ സ്വന്തമാക്കാൻ അവസരമുണ്ട്.

ഡ്രാഫ്റ്റ് സിസ്റ്റം തുല്യ ശക്തിയുള്ള ടീമുകൾ രൂപീകരിക്കാൻ അവസരം നൽകുന്നതിനാൽ, ഇതുവരെ നടന്ന ഏഴു സീസണുകൾക്കിടെ ആറ് പിഎസ്എൽ ടീമുകളും ഒരു തവണയെങ്കിലും കിരീടം ചൂടിയിട്ടുണ്ട്. അടുത്ത സീസൺ മുതൽ പിഎസ്എൽ കൂടുതൽ വേദികളിലേക്കു മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. മത്സരങ്ങൾ ഹോം എവേ രീതിയിൽ സംഘടിപ്പിക്കാനാണ് ശ്രമം. അതുവഴി സ്റ്റേഡിയങ്ങളിൽനിന്നുള്ള വരുമാനം കാര്യമായ തോതിൽ വർധിപ്പിക്കാമെന്നാണ് റമീസ് രാജ പങ്കുവയ്ക്കുന്ന പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP