Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ലൈബ്രറികൾ തുടങ്ങാൻ സർക്കാരിനോട് ബാലാവകാശ കമ്മിഷൻ; ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുന്നതും ചുമതലയെന്ന് സർക്കാരിന് ഓർമ്മപ്പെടുത്തൽ; ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് വർഷങ്ങളായി പൂഴ്‌ത്തിവച്ച പിണറായി സർക്കാരിന് സ്വന്തം കമ്മിഷനിൽ നിന്നും തിരിച്ചടി

എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ലൈബ്രറികൾ തുടങ്ങാൻ സർക്കാരിനോട് ബാലാവകാശ കമ്മിഷൻ; ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുന്നതും ചുമതലയെന്ന് സർക്കാരിന് ഓർമ്മപ്പെടുത്തൽ; ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് വർഷങ്ങളായി പൂഴ്‌ത്തിവച്ച പിണറായി സർക്കാരിന് സ്വന്തം കമ്മിഷനിൽ നിന്നും തിരിച്ചടി

കെ എം വിനോദ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളകളിൽ നല്ലൊരു ലൈബ്രറി സ്ഥാപിക്കാനും ലൈബ്രറിയുടെ പ്രവർത്തനം സുഗമമാക്കാൻ വിദഗ്ധ പരിശീലനം ലഭിച്ച ഒരു ലൈബ്രേറിയനെ നിയമിക്കാനും സർക്കാരിന് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. അധിക സാമ്പത്തിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ ലൈബ്രറികൾ തുടങ്ങുന്നതും ലൈബ്രേറിയന്മാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാർ മുട്ടാപ്പോക്കുപറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിക്കേണ്ടിവരുമെന്നത് വലിയ ബാധ്യതയാകുമെന്നാണ് സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാട്.

ഉടൻ ലൈബ്രറികൾ ആരംഭിക്കണമെന്ന് ഹൈക്കോടതി വിധിയും അതിനെതിരെ അപ്പീൽപോയ സർക്കാരിന്റെ വാദങ്ങൾ തള്ളിയുള്ള സുപ്രീംകോടതി വിധിയും നിലവിലുണ്ട്. ഈ വിധികൾ നടപ്പാക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാർ കോടതിയലക്ഷ്യ നടപടി നേരിടേണ്ട സാഹചര്യവും വരികയാണ്. അതിനിടെയാണ് ലൈബ്രറികൾ സ്ഥാപിക്കാതിരിക്കുന്നത് കുട്ടികളുടെ ബാലാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ട് ഉടൻ ലൈബ്രറി സ്ഥാപിക്കാൻ നിർദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഹയർസെക്കൻഡറി പഠനകാലത്ത് കുട്ടികൾ പല പ്രൊജക്ടുകളും ചെയ്യുന്ന രീതി ആരംഭിച്ചിരിക്കുന്നതിനാൽ എല്ലാ സ്‌കൂളുകളിലും നല്ല ഒരു ലൈബ്രറിയും കുട്ടികളെ വായനാശീലത്തിലേക്ക് നയിക്കുന്നതിനും അവരുടെ പഠനത്തിന് ആവശ്യമായ പുസ്തങ്ങൾ കണ്ടെത്തി നൽകുന്നതിനും ലൈബ്രറി മാനേജ്മെന്റിൽ പരിജ്ഞാനമുള്ള ഒരു മുഴുവൻ സമയ ലൈബ്രേറിയന്റെ ആവശ്യകത ഉണ്ടെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കുട്ടികൾക്ക് അറിവ് ലഭിക്കാൻ അവസരമൊരുക്കുന്നതിനൊപ്പം ലൈബ്രറി സയൻസ് പാസായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക എന്നതും ഒരു സർക്കാരിന്റെ ചുമതലയാണെന്നും ചൂണ്ടിക്കാട്ടുന്ന കമ്മിഷൻ സർക്കാർ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുമ്പോൾ മുൻഗണന ആവശ്യമുള്ള പദ്ധതികളാണ് ആദ്യം നടപ്പിൽ വരുത്തേണ്ടതെന്നും ഉത്തരവിൽ ഓർമിപ്പിക്കുന്നുണ്ട്.

ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നത് ഇപ്രകാരം

ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കുന്നതിന് 2015ൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ ആവശ്യം നടപ്പിലാക്കുന്നതിന് അനുകൂലമായി ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആ ഉത്തരവുകൾ നടപ്പിലാക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സർക്കാർ തടസ്സമായി കാണുന്നത്. കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതിയിലും, പഠനക്രമത്തിലുമെല്ലാം മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രിന്റഡ് രൂപത്തിലുള്ളതും ഇ-സംവിധാനത്തിലും ധാരാളം ബുക്കുകൾ നിലവിലുള്ള ഈ കാലത്ത് കുട്ടികളുടെ അറിവുകളും സാങ്കേതിക പരിജ്ഞാനവും വർദ്ധിപ്പിക്കുന്നതിന് ലൈബ്രറികളുടെ പങ്ക് വളരെ വലുതാണ്.

ഹയർസെക്കൻഡറി പഠനകാലത്ത് കുട്ടികൾ പല പ്രൊജക്ടുകളും ചെയ്യുന്ന രീതി ആരംഭിച്ചിരിക്കുന്നതിനാൽ എല്ലാ സ്‌കൂളുകളിലും നല്ല ഒരു ലൈബ്രറിയും കുട്ടികളെ വായനാശീലത്തിലേക്ക് നയിക്കുന്നതിനും അവരുടെ പഠനത്തിന് ആവശ്യമായ പുസ്തങ്ങൾ കണ്ടെത്തി നൽകുന്നതിനും ലൈബ്രറി മാനേജ്മെന്റിൽ പരിജ്ഞാനമുള്ള ഒരു മുഴുവൻ സമയ ലൈബ്രേറിയന്റെ ആവശ്യകത ഉള്ളതായും കമ്മിഷൻ കരുതുന്നു. നിലവിൽ ലൈബ്രറി സയൻസ് കോഴ്സ് പാസായ നിരവധി ഉദ്യോഗാർത്ഥികൾ ഉള്ളതായും വെളിവാകുന്നു. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക എന്നതും ഒരു സർക്കാരിന്റെ ചുമതലയാണ് - കമ്മിഷൻ ഉത്തരവിൽ ഓർമ്മിപ്പിക്കുന്നു.

സർക്കാർ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുമ്പോൾ മുൻഗണന ആവശ്യമുള്ള പദ്ധതികളാണ് ആദ്യം നടപ്പിൽ വരുത്തേണ്ടത്. അറിവിന്റേയും കഴിവിന്റേയും മേഖലകളിൽ നമ്മുടെ കുട്ടികളെ കൂടുതൽ ഉതന്നതിയിലേക്ക് നയിക്കുന്നതിൽ ലൈബ്രറികൾക്ക് വലിയൊരു പങ്കുണ്ട്. ആയതിനാൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നല്ല ഒരു ലൈബ്രറി സ്ഥാപിക്കാനും പ്രവർത്തനം സുഗമമാക്കാൻ വിദഗ്ധ പരിശീലനം ലഭിച്ച ലൈബ്രേറിയനേ നിയമനിക്കാനും സർക്കാർ തീരുമാനമെടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് നടപ്പാക്കാതെ പിണറായി സർക്കാർ

ലൈബ്രേറിയന്മാരുടെ നിയമനക്കാര്യത്തിലും സംസ്ഥാനത്തെ ഹയർസെക്കന്ററി സ്‌കൂളുകളിലെല്ലാം മികച്ച ലൈബ്രറികൾ തുടങ്ങുന്ന കാര്യത്തിലും 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നതിന് പിന്നാലെവന്ന ഒന്നാം പിണറായി സർക്കാരും ഇപ്പോഴത്ത ഇടതുസർക്കാരും വൈമുഖ്യം കാണിക്കുകയായിരുന്നു എന്ന് ലൈബ്രറി സയൻസ് പാസായ ഉദ്യോഗാർത്ഥികളും പ്ളസ് ടു വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ലൈബ്രറിയന്മാരുടെ ഒഴിവുകൾ രണ്ടായിരത്തിൽപ്പരം ഉണ്ടെന്നാണ് കണക്കുകൾ. പക്ഷേ നിയമിക്കാൻ ചട്ടമില്ല എന്ന മുട്ടാപ്പോക്കു പറഞ്ഞാണ് സർക്കാർ ഇത്രയും കാലം ഉരുണ്ടുകളിച്ചത്.

തൊഴിൽ കിട്ടാനുള്ള വഴിയടഞ്ഞതോടെ സംസ്ഥാനത്ത് ലൈബ്രറി സയൻസ് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ പെരുവഴിയിലായി. പലതവണ നിവേദനം നൽകിയും കോടതിയിൽ പോയും രക്ഷിതാക്കളും ഉദ്യോഗാർത്ഥികളും പോരാട്ടം തുടർന്നു. ഉടൻ നിയമനം നടത്തണമെന്നും സ്‌കൂകളുകളിൽ ലൈബ്രറി സ്ഥാപിക്കണമെന്നും ഹൈക്കോടതി വിധി പുറത്തുവന്നു. എന്നാൽ ഇതിനെതിരെ സർക്കാർ തന്നെ സുപ്രീംകോടതിയിൽ അപ്പീൽ പോയി. പക്ഷേ, ഹൈക്കോടതി വിധി നടപ്പാക്കാനായിരുന്നു സുപ്രീംകോടതിയുടേയും നിർദ്ദേശം. എന്നി്ട്ടും പല തൊടുന്യായങ്ങളും പറഞ്ഞ് ഇതുവരെ ഒന്നും ചെയ്യാതെ ഉടൻ ചട്ടമുണ്ടാക്കുമെന്നും മറ്റും പറഞ്ഞ് സർക്കാർ ഉരുണ്ടുകളിക്കുകയാണെന്ന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും പറയുന്നു.

ചട്ടമുണ്ടാക്കി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സർക്കാരിന്റെയും മന്ത്രിയുടേയും മുന്നിൽ നിരവധി തവണ അപേക്ഷയുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല. സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീംകോടതി വിധി വന്നതോടെ നിയമനം നടത്താൻ സർക്കാർ നിർബന്ധിതമായെങ്കിലും, സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞ് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയം മാറ്റിവയ്ക്കുകയായിരുന്നു. സ്‌കൂളുകൾ മികച്ച നിലവാരത്തിലാക്കുമെന്നും മറ്റും അടിക്കടി അവകാശവാദം ഉന്നയിക്കുമ്പോഴും കുട്ടികൾക്ക് ലൈബ്രറി പോലും അനുവദിക്കുന്ന കാര്യത്തിൽ വർഷങ്ങളായി വലിയ വീഴ്ചയാണ് ഇടതുസർക്കാർ വരുത്തുന്നത്. ഇത് അറിവ് നേടുന്നതിനുള്ള കുട്ടികളുടെ അവകാശം തടയുന്നതാണെന്ന് ഉത്തമ ബോധ്യം വന്നതോടെയാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ സർക്കാരിനോട് ഉടൻ നടപടി ആവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

ഏതായാലും സർക്കാർ കോടതിവിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുമുണ്ട് ഉദ്യോഗാർത്ഥികൾ. ഇതിൽ വിധിവരും മുമ്പേ സർക്കാർ ലൈബ്രറികൾ തുടങ്ങാനും ലൈബ്രേറിയൻ നിയമനത്തിനും നടപടിയെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രത്യേകിച്ചും പിണറായി സർക്കാർ തന്നെ നിയമിച്ച ബാലാവകാശ കമ്മിഷനും ഇത്തരമൊരു വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ. കേരള ഹയർസെക്കൻഡറി സ്പെഷ്യൽ റൂൾസിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലൈബ്രേറിയൻ തസ്തികയുണ്ട്. എന്നാൽ നിയമനം നടത്തണമെങ്കിൽ സർക്കാർ വകുപ്പും ചട്ടവുമുണ്ടാക്കി നിയമനയോഗ്യതയും ശമ്പളവും സേവന വ്യവസ്ഥകളും നിർണ്ണയിച്ച് പി.എസ്.സി.ക്ക് നിയമന ശുപാർശ നൽകണം.

വർഷം തോറും നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ലൈബ്രേറിയൻ കോഴ്സ് പഠിച്ചിറങ്ങുന്നതെങ്കിലും സംസ്ഥാനത്ത് ജോലി കിട്ടാനുള്ള സാധ്യത ഇല്ലാതാവുകയാണ് സർക്കാരിന്റെ ഈ നടപടിമൂലം. മാത്രമല്ല, ഹയർസെക്കന്ററിയിൽ ചേരുന്ന ഓരോ വിദ്യാർത്ഥിയിൽ നിന്നും വർഷംതോറും ലൈബ്രറി ഫീസ് പിരിക്കുന്ന സർക്കാരാണ് അവർക്ക് ലൈബ്രറി നിഷേധിക്കുന്നതെന്നതാണ് മറ്റൊരു രസകരമായ വസ്തുത. സംസ്ഥാനത്തിന് പുറത്ത് ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിയമനം കിട്ടുന്നുണ്ടെങ്കിലും കുറഞ്ഞ ശമ്പളം മൂലം പലരും പ്രതിസന്ധിയിലാണെന്ന് ഉദ്യോഗാർത്ഥികൾ മറുനാടനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP