Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ ആ അജ്ഞാത 'ദേവി'യെ കണ്ടെത്തി; താലിമാല പോയ സങ്കടത്തിൽ കണ്ണീരുമായി പാട്ടാഴി ക്ഷേത്രത്തിൽ നിന്ന സുഭദ്രയ്ക്ക് സ്വർണ വള ഊരി നൽകിയത് മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത; താൻ ചെയ്തത് മഹത്തായ കാര്യമല്ല, ഒരാളുടെ വേദന കണ്ടപ്പോൾ സഹായിച്ചത് മാത്രമെന്ന് ശ്രീലത

ഒടുവിൽ ആ അജ്ഞാത 'ദേവി'യെ കണ്ടെത്തി; താലിമാല പോയ സങ്കടത്തിൽ കണ്ണീരുമായി പാട്ടാഴി ക്ഷേത്രത്തിൽ നിന്ന സുഭദ്രയ്ക്ക് സ്വർണ വള ഊരി നൽകിയത് മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത; താൻ ചെയ്തത് മഹത്തായ കാര്യമല്ല, ഒരാളുടെ വേദന കണ്ടപ്പോൾ സഹായിച്ചത് മാത്രമെന്ന് ശ്രീലത

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഒടുവിൽ കേരളം അന്വേഷിച്ച നന്മയുടെ നിറകുടമായ ആ 'ദേവി'യെ കണ്ടെത്തി. താലിമാല പോയ സങ്കടത്തിൽ പട്ടാഴി ക്ഷേത്രാങ്കണത്തിൽ നിന്നു കണ്ണീരോടെ പ്രാർത്ഥിച്ച സുഭദ്രക്ക് സ്വന്തം കൈയിൽ കിടന്ന വള ഊരി നൽകിയത് ആലപ്പുഴ ചേർത്തലക്കാരിയാണ്. കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തിൽ തന്റെ സ്വർണമാല മോഷണം പോയപ്പോൾ കരഞ്ഞുനിലവിളിച്ച മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്ക്കു സ്വന്തം സ്വർണവളകൾ ഊരിനൽകിയ 'അജ്ഞാത സ്ത്രീ' ആരെന്ന് തിരക്കിയപ്പോഴാണ് അവർ അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയാണെന്ന് വ്യക്തമായത്. ചേർത്തല മരുത്തോർവട്ടം സ്വദേശിനി ശ്രീലതയാണ് ആ നന്മയുടെ നിറകുടമായ വ്യക്തി.

മലയാള മനോരമയാണ് ശ്രീലതയാണ് ആ നല്ല മനസ്സിന് ഉടമയെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്. മാധ്യമങ്ങൾക്കു മുൻപിൽ വരാൻ വിസമ്മതിച്ച ശ്രീലത ഏറെ നിർബന്ധിച്ചതിനു ശേഷമാണ് അൽപമെങ്കിലും സംസാരിക്കാൻ തയാറായത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തിൽ പോയത്. താൻ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നു മാത്രമെന്നു അവർ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ട് പവൻ മാല നഷ്ടപ്പെട്ടതും സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ട് വളകൾ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാർത്ഥിച്ച ശേഷം കഴുത്തിലിടണമെന്നു പറഞ്ഞു മടങ്ങിയ ശ്രീലതയെ പിന്നീട് കണ്ടെത്താനായില്ല.

മാല നഷ്ടപ്പെട്ട സുഭദ്രയ്ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രയ്ക്കു വളകൾ നൽകിയത് താനാണെന്നു ചിലർക്ക് മനസ്സിലായെന്ന് വ്യക്തമായതോടെ ശ്രീലത കൊട്ടാരക്കരയിൽനിന്നു ചേർത്തലയിലേക്കു മടങ്ങുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്കു വള വിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തിയിരുന്നു. എങ്ങുനിന്നോയെത്തി രണ്ടു വളകൾ നൽകിപ്പോയ സ്ത്രീ ഇനിയെങ്കിലും തന്റെ മുന്നിൽ വരണമെന്ന പ്രാർത്ഥനയോടെയാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്. ആ പ്രാർത്ഥന ഉടൻ സഫലമാകുമെന്നാണ് പ്രതീക്ഷ.

സുഭദ്രാമ്മ ഇന്നലെ രണ്ടുപവന്റെ വളകൾ സ്വർണക്കടയിൽ കൊടുത്തിട്ട് രണ്ടുപവന്റെ മാല വാങ്ങി. വൈകിട്ട് പട്ടാഴി ദേവി ക്ഷേത്രത്തിൽ എത്തി ദർശനത്തിന് ശേഷം മാല കഴുത്തിൽ അണിഞ്ഞു. സുഭദ്ര മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്: 'താലി മാല തിരികെ കിട്ടിയാൽ, താലി ഊരി എടുത്ത ശേഷം ആ മാല പട്ടാഴി അമ്മയ്ക്ക് സമർപ്പിക്കും. അത് അമ്മയ്ക്ക് അവകാശപ്പെട്ടത് തന്നെയാണ്. സ്വർണ വളകൾ നൽകിയത് പട്ടാഴി അമ്മ തന്നെയെന്നാണ് വിശ്വസിക്കാനാണ് ഇഷ്ടം. എവിടെ മറഞ്ഞിരിക്കുകയാണെങ്കിലും, മനുഷ്യസ്ത്രീ ആണെങ്കിൽ, ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നു നേരിട്ട് കാണണമെന്നാണ് ആഗ്രഹം. എവിടെയാണെങ്കിലും എന്റെ മുന്നിലേക്കൊന്ന് വരണമെന്നാണ് അഭ്യർത്ഥന'.

ഇതിന് പുറമേ സുഭദ്ര പട്ടാഴി ക്ഷത്രത്തിൽ സ്വർണകുമിള കൂടി വഴിപാടായി സമർപ്പിച്ചു. കുടുംബസമേതം വൈകിട്ട് േേഅഞ്ചാടെയാണ് ക്ഷേത്രത്തിൽ എത്തിയത്. കുംഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുമ്പ് ഇന്ന് ക്ഷേത്രഭാരവാഹികളുടെ ക്ഷണപ്രകാരമാണ് സുഭദ്ര എത്തിയത്. ഭാരവാഹികൾ കാറും വിട്ടുനൽകിയിരുന്നു. വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയെ കണ്ടെത്താൻ ക്ഷേത്ര ഭാരവാഹികളും ഭക്തരും രണ്ടുദിവസമായി അന്വേഷണം ടത്തിയിരുന്നു.

ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വലംവച്ച് തൊഴുന്നതിനിടെയാണ് രണ്ടു പവന്റെ മാല നഷ്ടപ്പെട്ടത്. ഈ സമയം സമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മാല കഴുത്തിൽ ഇല്ലെന്ന് മനസിലായതോടെ തകർന്നുപോയ സുഭദ്ര അലമുറയിട്ട് കരഞ്ഞ് നിലത്തു വീണുരുളാൻ തുടങ്ങി. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ ഭക്തർ തരിച്ചു നിന്നു. കശു അണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ നാളത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാണ് മാല വാങ്ങിയത്. കരയുന്നതിനിടെ ഇതും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മറ്റൊരു സ്ത്രീയുടെ കൈയും പിടിച്ച് പ്രായം തോന്നിക്കുന്ന കണ്ണട വച്ച ഒരു സ്ത്രീ പെട്ടെന്ന് അവിടെയെത്തിയത്. കരഞ്ഞുകൊണ്ടിരുന്ന സുഭദ്രയെ അവർ സമാധാനിപ്പിച്ചു.

പിന്നാലെ തന്റെ കൈയിൽ കിടന്ന രണ്ടുവളകൾ ഊരി വീട്ടമ്മയ്ക്ക് സമ്മാനിച്ചത്. ഇതുവിറ്റ് മാല വാങ്ങണമെന്നും ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചശേഷം ധരിക്കണമെന്നും ആവശ്യപ്പെട്ടശേഷം വന്നപോലെ വേഗത്തിൽ തന്നെ മടങ്ങി. സുഭദ്രയും സമീപത്തുണ്ടായിരുന്നവരും അവിടെയൊക്കെ തിരഞ്ഞെങ്കിലും സ്ത്രീയെയോ ഒപ്പമുണ്ടായിരുന്ന ആളെയോ കണ്ടെത്താൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP