Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കാൻ സഹായ ഹസ്തവുമായി ഇന്ത്യ; ഡിസ്‌കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും; ഉയുരുന്ന ഇന്ധന വിലയെ മറികടക്കാൻ വേറെ വഴിയില്ലെന്ന് ഇന്ത്യ; ഇന്ത്യയുടേത് വൻ ചതിയെന്ന് വിശേഷിപ്പിച്ച് പാശ്ചാത്യ മാധ്യമങ്ങൾ

റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കാൻ സഹായ ഹസ്തവുമായി ഇന്ത്യ; ഡിസ്‌കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും; ഉയുരുന്ന ഇന്ധന വിലയെ മറികടക്കാൻ വേറെ വഴിയില്ലെന്ന് ഇന്ത്യ; ഇന്ത്യയുടേത് വൻ ചതിയെന്ന് വിശേഷിപ്പിച്ച് പാശ്ചാത്യ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയെ ഒറ്റപ്പെടുത്തിയപ്പോൾ സഹായ ഹസ്തവുമായി എത്തുകയാണ് ഇന്ത്യ. റഷ്യ വാഗ്ദാനം ചെയ്ത കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിലും മറ്റും ഇന്ത്യ വാങ്ങിയേക്കും. ഇന്ത്യയിൽ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതിൽ കേവലം 1 ശതമാനം മാത്രമായിരുന്നു റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ എണ്ണവില 40 ശതമാനം വരെ ഉയർന്ന സാഹചര്യത്തിൽ, ഊർജ്ജ ബില്ലുകൾ ഉയരാതെ നോക്കാൻ ഇന്ത്യയ്ക്ക് മുൻപിലുള്ള ഏക വഴി പുടിൻ നൽകിയ വാഗ്ദാനം സ്വീകരിക്കുക എന്നതാണ്.

ആകർഷകമായ കിഴിവോടെ റഷ്യ ക്രൂഡോയിലും മറ്റും വാഗ്ദാനം ചെയ്യുമ്പോൾ അത് എടുക്കുന്ന കാര്യത്തിൽ സന്തോഷമേയുള്ളു എന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ചില വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇത്തരത്തിൽ ഒരു വ്യാപാരം യാഥാർത്ഥ്യമാകുന്നതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. ഇൻഷുറൻസ്, ട്രാൻസ്പോർട്ടേഷൻ അതുപോലെ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ശുദ്ധി ഉറപ്പുവരുത്തുക തുടങ്ങിയവയ്ക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതിനു ശേഷം മാത്രമായിരിക്കും ഈ ഇടപാട് യാഥാർത്ഥ്യമാവുക എന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഇറാഖാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത്. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനം ഇറാഖിൽ നിന്നായിരുന്നു. സൗദി അറേബ്യയിൽ നിന്നും 16 ശതമാനം ഇറക്കുമതി ചെയ്തപ്പോൾ 11 ശതമാനവുമായി യു എ ഇ മൂന്നാം സ്ഥാനത്തായിരുന്നു. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങൾ.

അമേരിക്കയും നാറ്റോ സഖ്യവും പ്രഖ്യാപിച്ച ഉപരോധത്തിൽ നിന്നും റഷ്യയെ രക്ഷിക്കാൻ ഇതിനു മുൻപ് ചൈന ഇറങ്ങിയിരുന്നു. റഷ്യയിൽ നിന്നുള്ള ഗോതമ്പിന്റെ ഇറക്കുമതിക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ ചൈന എടുത്തുകളഞ്ഞു. ഇത് ചൈനീസ് കർഷകരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയായിട്ടുകൂടി ചൈന ഇത്തരത്തിലൊരു തീരുമാനമെടുത്തത്, റഷ്യയെ സഹായിക്കുക എന്നതിനുപരി പാശ്ചാത്യ ശക്തികളെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഇതിനോട് സമാനമായ നടപടിയായാണ് അവർ ഇന്ത്യയുടെ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തേയും കാണുന്നത്. ഇരു രാഷ്ട്രങ്ങളും റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ അപലപിച്ചിട്ടില്ല എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, റഷ്യൻ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയിൽ വോട്ടിനിട്ടപ്പോൾ ഇരു രാഷ്ട്രങ്ങളും വോട്ടിംഗിൽ നിന്നും മാറിനിന്ന കാര്യവും പാശ്ചാത്യ മാധ്യമങ്ങൾ അടിവരയിട്ടു പറയുന്നു. റഷ്യയുമായുള്ള ബന്ധം തകരാതിരിക്കാൻ ഇരു രാജ്യങ്ങളും ഞാണിന്മേൽ കളി നടത്തുകയാണെന്നു വരെ പാശ്ചാത്യ മാധ്യമങ്ങൾ പരിഹസിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യ റഷ്യയോട് അകലം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആയുധങ്ങൾക്കും മറ്റ് പടക്കോപ്പുകൾക്കുമെല്ലാം ഇന്ത്യ ഇന്നും റഷ്യയേയാണ് ആശ്രയിക്കുന്നത് എന്ന വസ്തുത അമേരിക്ക അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധം അത്ര നല്ല രീതിയിൽ അല്ലാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്കായി ഒരു റുപ്പീ-റൂബിൾ കൈമാറ്റ സംവിധാനം ഏർപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

എണ്ണയ്ക്ക് പുറമെ റഷ്യയിൽ നിന്നും, സഖ്യരാജ്യമായ ബെലാറസിൽ നിന്നും കുറഞ്ഞ വിലയ്ക്കുള്ള രാസവളങ്ങളും ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നു. പാശ്ചത്യ ലോകത്ത് വിമർശനം നടക്കുമ്പോഴും ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം എളുപ്പത്തിൽ ഉപേക്ഷിക്കാവുന്ന ഒന്നല്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ പ്രതിരോധ ഇറക്കുമതിയിലെ 60 ശതമാനത്തോളം ഇപ്പോഴും റഷ്യയിൽ നിന്നുതന്നെയാണ്. 2018- ൽ ഒപ്പുവെച്ച 5.5 ബില്യൺ ഡോളറിന്റെ കരാർ പ്രകാരം ഇന്ത്യയ്ക്ക് 400 മിസൈൽ സിസ്റ്റങ്ങൾ ഇനിയും റഷ്യയിൽ നിന്നും വരാനുണ്ട്. അത് ഇപ്പോൾ ഇന്ത്യ സ്വീകരിച്ചാൽ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമോ എന്ന കാര്യം അമേരിക്കയും വ്യക്തമാക്കുന്നില്ല.

റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക് ഒരുങ്ങുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് നിലനിൽക്കെത്തന്നെയാണ് കഴിഞ്ഞ വർഷം അവസാനം മുതൽ ഈ കരാറിന്റെ ഭാഗമായ മിസൈൽ സംവിധാനങ്ങൾ ഇന്ത്യയിലെത്താൻ തുടങ്ങിയത്. വളരെ സങ്കീർണ്ണമായ ചരിത്രവും ബന്ധവുമാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെന്നും, എന്നാൽ, ഇപ്പോൾ ഇന്ത്യ പ്രതിരോധ ഇറക്കുമതികൾക്കായി കൂടുതൽ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രാകരിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം അമേരിക്ക അസിസ്റ്റന്റ് ഡിഫൻസ് സെക്രട്ടറി പറഞ്ഞിരുന്നു.

നിലവിൽ, ഇന്ത്യ സൈനികാവശ്യത്തിനുള്ള ആയുധങ്ങളും മറ്റു ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നത്. പ്രതിരോധ മേഖലയിൽ നിർമ്മാണ വ്യവസായങ്ങൾ കൂടുതലായി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇക്കാര്യത്തിൽ ഇന്ത്യയെ സഹായിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്ക് റഷ്യയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കാൻ ബ്രിട്ടനും ഇക്കാര്യത്തിൽ ഇന്ത്യയെ സഹായിക്കുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞിരുന്നു. 2011 മുതൽ റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ ഇന്ത്യ 53 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

അതേസമയം, റഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡണ്ടുമായി കഴിഞ്ഞ വെള്ളിയാഴ്‌ച്ച നടത്തിയ ഫോൺ സംഭാഷണത്തിനിടയിലായിരുന്നു ഇത്. അന്താരാഷ്ട്ര സമുദ്രപാതകൾ ഉപയോഗിക്കുന്നതിൽ നിന്നും റഷ്യയെ വിലക്കണമെന്നും അതുവഴി റഷ്യയുടെ അന്താരാഷ്ട്ര വ്യാപാരങ്ങൾക്ക് തടയിടണമെന്നുമാണ് സെലെൻസ്‌കി ആവശ്യപ്പെട്ടത് എന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP