Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിൽവർ ലൈൻ വരേണ്യ വർഗത്തിനു വേണ്ടിയെന്ന് വി ഡി സതീശൻ; അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഷംസീറിന് മുനീറിന്റെ മറുപടിയും; പദ്ധതി ഇല്ലാതാക്കാനാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി

സിൽവർ ലൈൻ വരേണ്യ വർഗത്തിനു വേണ്ടിയെന്ന് വി ഡി സതീശൻ; അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഷംസീറിന് മുനീറിന്റെ മറുപടിയും; പദ്ധതി ഇല്ലാതാക്കാനാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ചർച്ചയിലൂടെ പ്രതിപക്ഷത്തിന്റെ നീക്കം തുറന്നു കാണിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇല്ലാതാക്കാമെന്നാണ് ചിലരുടെ മനോനില. ഏതു വിധേനയും പദ്ധതി ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യം. പൗരപ്രമുഖരുമായി സംവദിച്ചത് തെറ്റായി വ്യാഖ്യാനിക്കുന്നു. സർക്കാർ പറയുന്നത് കേട്ട് പൊടിയും തട്ടിപ്പോകുന്നവരല്ല ചർച്ചയിൽ പങ്കെടുത്തതെന്നും, നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതിയെക്കുറിച്ച് ഒരു ആശങ്കയുമില്ല. എത്രയും വേഗം പദ്ധതി പൂർത്തിയാക്കണമെന്ന വികാരമാണ് പൊതുവേയുള്ളത്. വൈകുംതോറും പദ്ധതിയുടെ ചെലവ് കൂടും. ഒന്നും പറയാനില്ലാതെ പാപ്പരായ അവസ്ഥയിലാണ് പ്രതിപക്ഷം. ഏതു കാലം തൊട്ടാണ് നിങ്ങൾക്ക് പദ്ധതിയോട് വിയോജിപ്പ് ഉണ്ടായത്?. ഏതു ഘട്ടത്തിലാണിതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫിന് സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ സമരത്തിനെതിരെ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ല. എല്ലായിടത്തും ശാന്തമായാണ് പൊലീസ് സമരത്തെ നേരിട്ടത്. സമരക്കാർ നാശനഷ്ടം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് അടിയന്തര പ്രമേയ അവതാരകനും പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നു മുതലാണ് കേരളത്തിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതെന്ന് ഓർക്കണമെന്ന്, യുഡിഎഫിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിൽ പദ്ധതി ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇത്തരമൊരു ബൃഹദ് പദ്ധതി നടപ്പാക്കാൻ പണം റവന്യൂ വരുമാനത്തിൽ നിന്നും കണ്ടെത്താൻ പ്രയാസമാണ്. ഒരിടത്തും ഇത് സാധാരണ ഗതിയിൽ കഴിയില്ല. ഇത്തരം പദ്ധതി നടപ്പാക്കാൻ വായ്പയെടുക്കുന്നത് സ്വാഭാവിക രീതിയാണ്. ഇതിൽ അസ്വാഭാവികതയൊന്നുമില്ല. നേരിട്ടുള്ള കടമെടുപ്പല്ല, സ്പെഷൽ പർപ്പസ് വെഹിക്കിൾ വഴിയാണ് കടമെടുക്കുന്നത്. ഇതിനുള്ള ഗാരണ്ടിയാണ് സർക്കാർ നൽകുന്നത്. ഇതിന്റെ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ, പദ്ധതിയെ ശക്തമായി എതിർത്താണ് പ്രതിപക്ഷം രംഗത്തെത്തിയത്. സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയിൽ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിൽ നിന്നുൾപ്പെടെ 14 പേരാണ് ചർച്ചയിൽ പങ്കെടുത്തത്.

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരെ കുട്ടികളുടെ മുന്നിൽവച്ച് പൊലീസ് വലിച്ചിഴക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. പൊലീസ് ഉൾപ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സാമൂഹിക അതിക്രമമാണ് നടക്കുന്നത്. അടുക്കളയിൽവരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നർക്കായി മാത്രമുള്ളതാണ്. മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.

നിയസഭയിലെ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പദ്ധതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായി എതിർത്തു. സിൽവർ ലൈൻ കേരളത്തെ തകർക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും വിഡി സതീശൻ ആരോപിച്ചു.

വരേണ്യ വർഗത്തിനു വേണ്ടിയാണ് പദ്ധതി. കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സിൽവർലൈൻ നടപ്പാക്കുന്നു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണ്.

മുഖ്യമന്ത്രി സഭയിൽ പറഞ്ഞതല്ല ഡിപിആർ എംബാഗ്മെന്റ് കണക്ക്. പദ്ധതി ലാഭകരമെന്ന് വരുത്തിത്തീർക്കാൻ കണക്കുകളിൽ കൃത്രിമം നടത്തുന്നു. എതിർക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിർക്കുന്നവരെ അടിച്ചമർത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാൻ അനുവദിക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

എന്തുവിലകൊടുത്തും കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകാൻ കേരളം മാർക്‌സിസ്റ്റ് പാർട്ടിയുടെ പാർട്ടി ഗ്രാമമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ പ്രതികരിച്ചു. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കുറ്റി പറിച്ചാൽ ഇനിയും തല്ല് കിട്ടുമെന്ന സിപിഎം എംഎൽഎ എ.എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു എം.കെ മുനീർ. തല്ലിയാൽ ഇനിയും കൈയും കെട്ടി നോക്കി നിൽക്കില്ല. കെ റെയിലിലെ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുനീർ.

സിപിഎമ്മിന് വോട്ട് ചെയ്തവരും പദ്ധതിയെ എതിർക്കുന്നുണ്ട്. പല സ്ഥലങ്ങളിലും സിപിഐ പ്രവർത്തകർ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഡിപിആറിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഇതുവരെ ഭരണകക്ഷി ഉന്നയിച്ച പല വാദങ്ങൾക്കും ഘടകവിരുദ്ധമാണ്. സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്. അതിവേഗത്തിൽ പോകണമെന്ന് പറയുന്നതിനോടുള്ള മറുപടി കെ റെയിൽ അല്ല കേരളം ആണ് പ്രധാനമെന്നും മുനീർ പറഞ്ഞു.

അതേസമയം അതിവേഗ റെയിൽ പദ്ധതി യുഡിഎഫും ആവശ്യപ്പെട്ടിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത കെ.ടി ജലീൽ അഭിപ്രായപ്പെട്ടു. സാധ്യതാ പഠനത്തിനായി 21 കോടി രൂപ ചെലവിട്ടവരാണ് ഇപ്പോൾ പദ്ധതിയെ എതിർക്കുന്നതെന്നും ജലീൽ കുറ്റപ്പെടുത്തി. കെ റെയിൽ കേരളത്തിന്റെ സ്വന്തം പദ്ധതിയാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള യുഡിഎഫ് നയം വിലപ്പോകില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനാണ് കോൺഗ്രസ് ആദ്യം ശ്രമിച്ചതെന്നും എന്നാൽ അക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

എന്നാൽ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ടപ്പോൾ യുഡിഎഫ് അത് ഉപേക്ഷിച്ചുവെന്ന് ജലീലിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. എന്നാൽ കെ റെയിൽ പദ്ധതി എൽഡിഎഫിന്റേയോ യുഡിഎഫിന്റേയോ അല്ലെന്നും മറിച്ച് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ജലീൽ മറുപടി നൽകി. ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി ന്യായവില നൽകുമെന്നും സർക്കാരും മുഖ്യമന്ത്രിയും ആവർത്തിച്ച് ഉറപ്പ് നൽകിയതാണെന്നും ജലീൽ ആവർത്തിച്ചു.

രമേശ് ചെന്നിത്തല
സിൽവർ ലൈൻ പദ്ധതിക്ക് എതിരെയുള്ള ശക്തമായ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേഗത്തിൽ സഞ്ചരിക്കാൻ ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളുണ്ട്. ട്രാക്കിലെ വളവും സിഗ്‌നൽ സംവിധാനവും ശരിയാക്കിയാൽ നാലോ അഞ്ചോ മണിക്കൂർ കൊണ്ട് കാസർകോട് എത്താം. ഈ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്ന് സർക്കാർ ആലോചിക്കണം. പദ്ധതിയുടെ ചെലവിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇത്രയും വലിയ പണച്ചെലവുള്ള പദ്ധതി നടപ്പിലാക്കേണ്ട ആവശ്യം എന്താണ്. പ്രതിപക്ഷം വികസനത്തിന് എതിരല്ല. സംസ്ഥാനത്തെ വൻകിട പദ്ധതികൾ നടപ്പിലാക്കിയത് യുഡിഎഫാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

സമരങ്ങളോട് എന്നു മുതലാണ് നിങ്ങൾക്ക് പുച്ഛം തുടങ്ങിയതെന്ന് എ.എൻ ഷംസീറിനോട് രമേശ് ചെന്നിത്തല ചോദിച്ചു. സിൽവർലൈൻ ഇടത് പരിസ്ഥിതി വാദികളും സംഘടനകളും എതിർക്കുന്ന പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ കൈയൊപ്പ് ഓരോ വികസനപദ്ധതിക്ക് പുറകിലും ഉണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ട തുകയെക്കുറിച്ച് ഇപ്പോഴും സംശയം. ജൈക്കക്ക് വേണ്ടാത്ത ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനാണ് ആർക്കും വേണ്ടാത്ത പദ്ധതി. ഗുരുതരമായ അഴിമതിയും കമ്മിഷനുമാണ് ഇതിന് പിന്നിൽ. അഹങ്കാരവും ധിക്കാരവുമാണ് നിങ്ങളെ ബംഗാളിൽ ഇല്ലാതാക്കിയതെന്നും ചെന്നിത്തല തുറന്നടിച്ചു.

പി.ജെ.ജോസഫ് (കേരള കോൺഗ്രസ് (ജോസഫ്)
വന്ദേഭാരത് ട്രെയിനുകളുടെ സാധ്യത സർക്കാർ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. ട്രാക്കിലെ വളവുകൾ നികത്തിയാൽ അതിനു കഴിയും. കേരളത്തിൽ യാത്ര ഇപ്പോൾ ദുഷ്‌ക്കരം. എക്സ്‌പ്രസ് ഹൈവേ വന്നാൽ ഇത്രയും ചെലവില്ല. എക്സ്‌പ്രസ് ഹൈവേയുടെ സാധ്യതകളും സർക്കാർ പരിഗണിക്കണം.

അനൂപ് ജേക്കബ് (കേരള കോൺഗ്രസ് (ജേക്കബ്)
സിൽവർ ലൈൻ പദ്ധതിക്കു പകരം മറ്റു പദ്ധതികളെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. കേരളത്തെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി ജ്യോഗ്രഫിക്കൽ ബോംബാണ്. പദ്ധതിയുമായി മുന്നോട്ടു പോകരുത്.

എന്നാൽ സിൽവർലൈൻ വിഷയം സംബന്ധിച്ച നിയമസഭയിലെ അടിയന്തപ്രമേയ ചർച്ചയിൽ പദ്ധതിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമാണ് എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തിയത്. ഭരണകക്ഷിയിൽനിന്ന് സിപിഎം എംഎൽഎ എ.എൻ.ഷംസീറാണ് ആദ്യം സംസാരിച്ചത്. പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥിനു പിന്നാലെയാണ് ഷംസീർ സംസാരിച്ചത്.

എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് ഷംസീർ പറഞ്ഞു. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമാണെന്നും ഷംസീർ പറഞ്ഞു.

പി.എസ്.സുപാൽ (സിപിഐ), ജോബ് മൈക്കിൾ (കേരള കോൺഗ്രസ് (എം)), കെ.പി.മോഹനൻ (എൽജെഡി), വി.ജോയ് (സിപിഎം), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് (എസ്)), തോമസ് കെ.തോമസ് (എൻസിപി), കെ.ടി.ജലീൽ (സിപിഎം സ്വത) എന്നിവരാണ് എൽഡിഎഫിൽനിന്ന് സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചു സംസാരിച്ച മറ്റുള്ളവർ.

എ.എൻ.ഷംസീർ:
പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ എതിർത്താലും നടപ്പിലാക്കും. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമാണ്. പരിസ്ഥിതിക്ക് പദ്ധതി കാരണം പ്രശ്‌നമുണ്ടാകില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ട്. സിപിഎമ്മിന് വോട്ടു ചെയ്തവർക്കു മാത്രമല്ല കെറെയിൽ. എല്ലാപേർക്കും സഞ്ചരിക്കാനാണ്. പ്രതിപക്ഷം നിലപാട് തിരുത്തണം.

പി.എസ്.സുപാൽ:
കെറെയിൽ ഭാവി തലമുറക്കു വേണ്ടിയുള്ളതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. പരിസ്ഥിതി സൗഹൃദമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതിയാണ് കെറെയിൽ. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കേന്ദ്ര നിലപാടും ഇതാണ്. ഈ കാര്യത്തിൽ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണ്. ഇതു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

കെ.ടി.ജലീൽ:
യുഡിഎഫ് സർക്കാരിന്റെ കാലത്തും അതിവേഗ റെയിൽ പദ്ധതി ആലോചിച്ചിട്ടുണ്ടെന്നും അതിനായി 21 കോടിരൂപ ചെലവാക്കിയെന്നും കെ.ടി.ജലീൽ. പദ്ധതിക്ക് ജപ്പാൻ ഏജൻസിയുടെ അനുമതി ലഭിച്ചതായി അന്ന് സർക്കാർ പറഞ്ഞിരുന്നു. 2011 ലെ യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ അതിവേഗ റെയിൽ പദ്ധതിയുടെ കാര്യം ഇപ്പോൾ യുഡിഎഫ് എതിർക്കുന്നത് എന്തിനാണെന്നും കെ.ടി.ജലീൽ ചോദിച്ചു.

അതിവേഗ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചതാണെന്ന് മുൻ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി മറുപടി നൽകി. ഒരിക്കലും നടക്കാത്ത പദ്ധതിയെന്ന് പ്രതിപക്ഷം പറയുന്ന പദ്ധതിക്കായാണ് യുഡിഎഫ് സർക്കാർ 21 കോടി ചെലവാക്കിയതെന്നു ജലീൽ പരിഹസിച്ചു. അതിവേഗ റെയിൽ പദ്ധതി എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ പദ്ധതിയല്ല കേരളത്തിന്റെതാണ്. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കും എന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കെ.ടി.ജലീൽ പറഞ്ഞു.

ജോബ് മൈക്കിൾ:
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെറെയിൽ. അടുത്ത തലമുറയ്ക്കുവേണ്ടിയാണ് ഈ പദ്ധതി. പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകണം.

കെ.പി.മോഹനൻ:
പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവരെ പഴയ വീടുകൾക്ക് അടുത്തുതന്നെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കണം. പ്രതിപക്ഷം മാത്രമാണ് പദ്ധതിയെ എതിർക്കുന്നത്. പ്രതിപക്ഷവും പദ്ധതിയുമായി സഹകരിക്കണം.

വി.ജോയ്:
കേരളത്തിന്റെ റെയിൽവേ വികസനത്തിനായി യുപിഎ സർക്കാർ ഒന്നും ചെയ്തില്ല. യുപിഎ ഭരണസമയത്താണ് കോച്ച് ഫാക്ടറി പാലക്കാടുനിന്ന് റായ്ബറേലിയിലേക്കു കൊണ്ടുപോയത്. സിൽവർലൈനു പകരം വന്ദേഭാരത് ട്രെയിനുകൾ കൊണ്ടുവരണമെന്ന് പറഞ്ഞവരിൽ രണ്ടുപേർ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമാണ്.

രണ്ടുപേർക്കും ഒരേ അഭിപ്രായം. ഇരുവരും രാഷ്ട്രീയ ഇരട്ടകളാണ്. കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ വേണമെന്ന് ആവശ്യമുയർത്തി ഡൽഹിയിൽ വർഷങ്ങൾക്ക് മുൻപ് പി.ജെ.ജോസഫ് സമരം നടത്തിയ കാര്യവും വി.ജോയ് ചൂണ്ടിക്കാട്ടി.

രാമചന്ദ്രൻ കടന്നപ്പള്ളി:
സിൽവർലൈൻ പദ്ധതി വികസന ചക്രവാളത്തിലെ രജതരേഖ. പദ്ധതി നടപ്പിലാക്കണമെന്നത് ജനങ്ങളുടെ ആഗ്രഹം.

തോമസ് കെ.തോമസ്:
എന്തിനെയും എതിർക്കുക എന്നതാണ് പ്രതിപക്ഷ നിലപാട്. ജനങ്ങളുടെ പൂർണ പിന്തുണ സർക്കാരിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP