Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇതുവിറ്റ് മാല വാങ്ങണം; ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചശേഷം ധരിക്കണം' എന്നും പറഞ്ഞു; പിന്നാലെ വന്നപോലെ വേഗത്തിൽ മടങ്ങി; സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞ വീട്ടമ്മയ്ക്ക് സ്വർണ്ണവള നൽകിയത് ദേവിയെന്ന് ഭക്തർ; സിസിടിവിയിൽ പതിഞ്ഞെങ്കിലും ഇപ്പോഴും കാണാമറയത്ത്

'ഇതുവിറ്റ് മാല വാങ്ങണം; ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചശേഷം ധരിക്കണം' എന്നും പറഞ്ഞു; പിന്നാലെ വന്നപോലെ വേഗത്തിൽ മടങ്ങി; സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞ വീട്ടമ്മയ്ക്ക് സ്വർണ്ണവള നൽകിയത് ദേവിയെന്ന് ഭക്തർ; സിസിടിവിയിൽ പതിഞ്ഞെങ്കിലും ഇപ്പോഴും കാണാമറയത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊട്ടാരക്കര പട്ടാഴി ദേവീ ക്ഷേത്രനടയിൽ പ്രാർത്ഥനയ്ക്കിടെ സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയെ കണ്ടെത്താൻ ക്ഷേത്ര ഭാരവാഹികളും ഭക്തരും രണ്ടുദിവസമായി അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ ശ്രമം വിജയിച്ചില്ല. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ടുവീട്ടിൽ സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ശനിയാഴ്ച നഷ്ടപ്പെട്ടത്.

ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വലംവച്ച് തൊഴുന്നതിനിടെയാണ് രണ്ടു പവന്റെ മാല നഷ്ടപ്പെട്ടത്. ഈ സമയം സമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മാല കഴുത്തിൽ ഇല്ലെന്ന് മനസിലായതോടെ തകർന്നുപോയ സുഭദ്ര അലമുറയിട്ട് കരഞ്ഞ് നിലത്തു വീണുരുളാൻ തുടങ്ങി. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ ഭക്തർ തരിച്ചു നിന്നു.

കശു അണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ നാളത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാണ് മാല വാങ്ങിയത്. കരയുന്നതിനിടെ ഇതും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മറ്റൊരു സ്ത്രീയുടെ കൈയും പിടിച്ച് പ്രായം തോന്നിക്കുന്ന കണ്ണട വച്ച ഒരു സ്ത്രീ പെട്ടെന്ന് അവിടെയെത്തിയത്. കരഞ്ഞുകൊണ്ടിരുന്ന സുഭദ്രയെ അവർ സമാധാനിപ്പിച്ചു.

പിന്നാലെ തന്റെ കൈയിൽ കിടന്ന രണ്ടുവളകൾ ഊരി വീട്ടമ്മയ്ക്ക് സമ്മാനിച്ചത്. ഇതുവിറ്റ് മാല വാങ്ങണമെന്നും ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചശേഷം ധരിക്കണമെന്നും ആവശ്യപ്പെട്ടശേഷം വന്നപോലെ വേഗത്തിൽ തന്നെ മടങ്ങി. സുഭദ്രയും സമീപത്തുണ്ടായിരുന്നവരും അവിടെയൊക്കെ തിരഞ്ഞെങ്കിലും സ്ത്രീയെയോ ഒപ്പമുണ്ടായിരുന്ന ആളെയോ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനിടെ വിവരമറിഞ്ഞ് ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ദേവസ്വം അധികൃതരും സ്ഥലത്തെത്തി. ക്ഷേത്രത്തിലെ സി സി ടി വിയിൽ ദൃശ്യങ്ങൾ പതിഞ്ഞുവെന്ന് വ്യക്തമായതോടെ അതിന്റെ സഹായത്തോടെ ആളെ കണ്ടെത്താനായി ശ്രമം. പക്ഷേ, കണ്ടെത്താനായില്ല. ദൃശ്യങ്ങൾ പരസ്യപ്പെടുത്തി നടത്തിയ അന്വേഷണത്തിനും ഫലമുണ്ടായില്ല.

വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരി നൽകിയത് വാർത്തയായിരുന്നു. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ തന്റെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ നൽകുന്ന ദൃശ്യങ്ങളാണ് സി സി ടി വി യിൽ പതിഞ്ഞത്.

സംഭവമാറിഞ്ഞു എത്തിയ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വളകൾ വിറ്റ് മാലവാങ്ങിയ സുഭദ്രാമ്മയെ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ വീട്ടിലെത്തി കാണിച്ചു കൊടുത്തു.

രണ്ട് പവൻ തൂക്കം വരുന്ന വളകൾ സമ്മാനിച്ച അജ്ഞാതയെ ക്ഷേത്ര ഭാരവാഹികൾ അന്വഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് സുഭദ്രമ്മ പറയുന്നു. ഇപ്പോൾ വാങ്ങിയ മാല അമ്പലത്തിലെത്തി കഴുത്തിൽ ധരിക്കാനായി ആഗ്രഹമുണ്ടെങ്കിലും വളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താൻ കഴിയാത്തതിൽ സുഭദ്രാമ്മയ്ക്ക് നിരാശയുമുണ്ട്.

കണ്ണടവച്ച ആ അമ്മയുടെ രൂപത്തിൽ എത്തിയത് ദേവിതന്നെയാണെന്നാണ് ഭക്തരിൽ ഏറിയകൂറും ഇപ്പോൾ കരുതുന്നത്.ഇതിനിടെ വളകളുമായി ജുവലറിയിലെത്തിയ സുഭദ്ര അതുവിറ്റ് മാലവാങ്ങി. അതിനൊപ്പം പട്ടാഴിയമ്മയ്ക്ക് സ്വർണപ്പൊട്ടും വാങ്ങിയിട്ടുണ്ട്. ഇന്ന് വൈകിട്ട് കുംഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുമ്പ് ക്ഷേത്രത്തിലെത്തി പൊട്ട് സമർപ്പിച്ചശേഷം അവിടെവച്ച് പുതിയ മാല ധരിക്കാനാണ് സുഭദ്രയുടെ തീരുമാനം. വളകൾ തന്നയാളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും തന്റെ മാല തിരിച്ചുകിട്ടിയാൽ അത് അവർക്കു നൽകുമെന്നും അറുപത്തെട്ടുകാരി സുഭദ്ര പറഞ്ഞു.

തിരുവാതിരദിവസമായ ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നിൽവച്ചായിരുന്നു സുഭദ്രയുടെമാല നഷ്ടപ്പെട്ടത്. വലംവെച്ച് തൊഴുന്നതിനിടെ തിരക്കിൽ സുഭദ്രയുടെ രണ്ടുപവന്റെ മാല നഷ്ടപ്പെട്ടു. വിവരം അറിഞ്ഞതോടെ ഇവർ നിലവിളിയോടെ നിലത്തുവീണുരുണ്ടത് നൊമ്പരക്കാഴ്ചയായി. വളകൾ സമ്മാനിച്ചത് ദേവിതന്നെയോ എന്ന ഹാഷ് ടാഗോടെ സാമൂഹികമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വീഡിയോ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP