Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക തട്ടിപ്പുകളിൽ ഇനി ഇ.ഡി വലവിരിക്കും മുമ്പ് കേരളാ അന്വേഷണ ഏജൻസിയും പൊക്കും; എൻഫോഴ്‌സ്‌മെന്റ് മാതൃകയിൽ കേരളത്തിനും അന്വേഷണ ഏജൻസി; ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തനം; ലക്ഷ്യം വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണം

സാമ്പത്തിക തട്ടിപ്പുകളിൽ ഇനി ഇ.ഡി വലവിരിക്കും മുമ്പ് കേരളാ അന്വേഷണ ഏജൻസിയും പൊക്കും; എൻഫോഴ്‌സ്‌മെന്റ് മാതൃകയിൽ കേരളത്തിനും അന്വേഷണ ഏജൻസി; ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തനം; ലക്ഷ്യം വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമാണ് കേരളം. സാധാരണ ചിട്ടി തട്ടിപ്പു മുതൽ പോപ്പുലർ ഫിനാൻസ് പോലുള്ള വൻകിട തട്ടിപ്പുകളും കേരളത്തിൽ നടക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ മോറിസ് കോയിൻ പോലുള്ള തട്ടിപ്പുകൾ മറുവശത്തും നടക്കുന്നു. ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ നാൾക്കുനാൾ വർധിച്ചു വരുന്ന സാചര്യത്തിൽ കേരളത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പുതിയ സംവിധാനം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ.

കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് സമാനമായി കേരളത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് പുതിയ ഏജൻസി വരുന്നത്. ഇ.ഡിയേപ്പോലെ സംസ്ഥാനത്തിനകത്ത് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും അന്വേഷിക്കാനും നടപടിയെടുക്കാനുമായാണ് അന്വേഷണ ഏജൻസി രൂപീകരിക്കുന്നത്. ഇക്കണോമിക് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ഇൻവസ്റ്റിഗേഷൻ വിങ് എന്നാണ് പുതിയ അന്വേഷണ ഏജൻസിയുടെ പേര്. പുതിയ അന്വേഷണ ഏജൻസി രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നൽകി. ഇനി ലഭിക്കേണ്ടത് മന്ത്രിസഭയുടെ അംഗീകാരം മാത്രം.

ഇ.ഡിയും കസ്റ്റംസും സംസ്ഥാനത്ത് വലവിരിച്ചുതുടങ്ങിയ ഘട്ടത്തിലാണ് സംസ്ഥാനം സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം എന്ന ആലോചന തുടങ്ങിയത്. സംസ്ഥാന പൊലീസ് നൽകിയ ശുപാർശ വിവിധ ഘട്ടങ്ങളിലുള്ള ചർച്ചകൾക്ക് ശേഷം അന്തിമരൂപത്തിൽ എത്തി. ധനകാര്യവകുപ്പ് പച്ചക്കൊടി കാട്ടി ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരുൾപ്പെടുന്നതാണ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക നിയമ നിർവ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവയാണ് ഇ.ഡിയുടെ ചുമതല.

എന്നാൽ കേന്ദ്രത്തിലേതിൽനിന്ന് വ്യത്യസ്തമായി റവന്യു വകുപ്പും ധനകാര്യ വകുപ്പും സ്വതന്ത്ര മന്ത്രാലയങ്ങളാണ് കേരളത്തിൽ. അതിനാൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിൽ വരുന്ന അന്വേഷണ ഏജൻസിയായിട്ടാകും കേരളത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവർത്തിക്കുക. ക്രൈംബ്രാഞ്ചിന് കീഴിലാണ് തത്കാലം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവർത്തിക്കുക. പിന്നീട് ഇത് സ്വതന്ത്ര വിഭാഗമാകും. ജില്ലാ തലങ്ങളിൽ ഡി.വൈ.എസ്‌പിമാരുടെ ചുമതലയിൽ സെല്ലുകൾ. റേഞ്ച് അടിസ്ഥാനത്തിൽ എസ്‌പിമാർക്കാകും ചുമതല. പൊലീസ് ആസ്ഥാനത്ത് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടമുണ്ടാകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കീഴിലാണ് പുതിയ അന്വേഷണ ഏജൻസി പ്രവർത്തിക്കുക സംസ്ഥാനത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് അനേഷിക്കുക. അന്തർ സംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും അന്വേഷിക്കും.

മന്ത്രിസഭാ അനുമതി ലഭിക്കുന്നതോടെ വരുന്ന സാമ്പത്തിക വർഷം അന്വേഷണ ഏജൻസി പ്രവർത്തിച്ചു തുടങ്ങുമെന്ന് കരുതുന്നു. സംസ്ഥാനത്ത് ഇ.ഡി ലക്ഷ്യമിട്ടേക്കാവുന്ന കേസുകളിലും പുതിയ വിഭാഗത്തിന് അന്വേഷിക്കാം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൂടി സഹായമാകും വിധമാണ് ക്രൈംബ്രാഞ്ചിൽ നിയമോപദേശകരെ നിയമിക്കാനുള്ള ശുപാർശ സർക്കാരിന് നൽകിയിട്ടുള്ളത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്.

കേന്ദ്രത്തിന്റെ കീഴിലുള്ള ഇ.ഡിക്ക് ബദലായി കൊണ്ടുവരുന്നതല്ലെങ്കിലും, അവർക്ക് അന്വേഷിക്കാനാവുന്ന കേസുകളിലും അന്വേഷണം നടത്താൻ കേരളത്തിന്റെ പുതിയ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിക്ക് സാധിക്കും. എന്നാൽ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ കടന്ന് ഇടപെടാൻ കഴിയില്ല. കേന്ദ്ര ഏജൻസിയായ ഇ.ഡിക്ക് വിശാലമായ അധികാരങ്ങളാണ് ഉള്ളത്. 1999-ലെ വിദേശ വിനിമയ ചട്ടം, 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്യാനാകുന്നത്. ഇത്തരം കേസുകളിലെ വിചാരണ നടപടികൾക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക കോടതികളുമുണ്ടാകും. വിദേശ വിനിമയ ചട്ടം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ എന്നിവ കേന്ദ്ര നിയമമാണ്. ഇതിന്റെ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം നടത്താൻ ഇഡിക്ക് സാധിക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ച് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥമാണ്.

1908-ലെ സിവിൽ പ്രൊസീജിയർ കോഡ്പ്രകാരം സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങൾ ഇ.ഡി. ഡയറക്ടർക്ക് ഉണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 193, സെക്ഷൻ 228 അനുസരിച്ച് തെളിവ് ശേഖരിക്കുക, രേഖകൾ വിളിച്ചു വരുത്തുക, ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുക തുടങ്ങിയവ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ഈ അധികാരങ്ങൾ ഇഡിക്കുമുണ്ട്.

ഇത്തരം അധികാരങ്ങളൊന്നും കേരളത്തിന്റെ ഇക്കണോമിക് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ഇൻവസ്റ്റിഗേഷൻ വിങ്ങിനുണ്ടാകില്ല. അത്തരം അധികാരങ്ങൾ ലഭിക്കുന്ന ഏജൻസി രൂപീകരിക്കാൻ പ്രത്യേക നിയമനിർമ്മാണവും അതിന് കേന്ദ്രത്തിന്റെ അനുവാദവും വേണ്ടിവരും. കേരളം സ്വന്തമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്വേഷണ ഏജൻസിയെ കൊണ്ടുവരുന്നത് തന്ത്രപരമായ നീക്കമായാണ് കാണുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന ആയുധമായാണ് ഇ.ഡിയെ പ്രതിപക്ഷ കക്ഷികൾ വിശേഷിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇ.ഡി. അന്വേഷിച്ചേക്കാവുന്ന കേസുകൾ അന്വേഷിക്കാൻ പുതിയ അന്വേഷണ വിഭാഗത്തിന് സാധിക്കുമെന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുക്കുന്നത് പിന്നീട് ഇ.ഡി. അന്വേഷണം ഇഴയാൻ ഇടയാക്കും. കേരളം സ്വന്തമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഏജൻസി രൂപീകരിക്കുമ്പോൾ അവർക്ക് അന്വേഷിക്കാൻ പറ്റുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ടാകേണ്ടതുണ്ട്. നോട്ടീസ് നൽകി വിളിച്ചുവരുത്തുക, സെർച്ച് മെമോ നൽകി റെയ്ഡ് നടത്തുക, റെയ്ഡ് നടത്തി കണ്ടെത്തുന്ന വസ്തുക്കൾ കണ്ടുകെട്ടുക, വ്യക്തികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ അധികാരങ്ങളുള്ള അന്വേഷണ ഏജൻസിയാകും സംസ്ഥാനത്തും വരാൻപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP