Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ മാറോടു ചേർന്ന് കുഞ്ഞു റയാന്റെ അന്ത്യയാത്ര; നൊമ്പരമായി കുഞ്ഞു പാവയുടെ കാഴ്‌ച്ചയും; ഉറ്റവരെയെല്ലാം നഷ്ടമായി വിലപിക്കാൻ പോലുമാകാതെ രാഹുൽ; പ്രതാപനും കുടുംബവും മടങ്ങുമ്പോഴും ബാക്കിയായി നാടിന്റെ വിങ്ങൽ

അമ്മയുടെ മാറോടു ചേർന്ന് കുഞ്ഞു റയാന്റെ അന്ത്യയാത്ര; നൊമ്പരമായി കുഞ്ഞു പാവയുടെ കാഴ്‌ച്ചയും; ഉറ്റവരെയെല്ലാം നഷ്ടമായി വിലപിക്കാൻ പോലുമാകാതെ രാഹുൽ; പ്രതാപനും കുടുംബവും മടങ്ങുമ്പോഴും ബാക്കിയായി നാടിന്റെ വിങ്ങൽ

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: വർക്കലയിലെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാരിയിട്ടില്ല. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ദുരന്തത്തിൽ പെട്ടു യാത്രയായത്. ശനിയാഴ്‌ച്ചയായിരുന്നു ഇവരുടെ സംസ്‌ക്കാര ചടങ്ങുകൾനടന്നത്. എട്ടുമാസം പ്രായമായ കുഞ്ഞു റയാൻ തന്നെയായിരുന്നു സ്‌നേഹതീരത്ത് അന്ത്യോപചാരം അർപ്പിക്കാനെത്തിയ ജനങ്ങളുടെ കരളലിയിച്ചത്.

അപകടം നടന്ന ദിവസം മുതൽ അഭിരാമിയുടെയും കുഞ്ഞിന്റെയും വിധിയോർത്ത് കേഴുകയായിരുന്നു ഏവരും. അപകടസമയത്ത് അഭിരാമി കുഞ്ഞുമായി കുളിമുറിയിൽ കയറി രക്ഷപ്പെടാൻ നടത്തിയ ശ്രമവും പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയവരുടെ മുന്നിൽ അമ്മയുടെ നെഞ്ചിലണഞ്ഞു മരിച്ചു കിടന്ന റയാന്റെയും ദാരുണമായ കാഴ്ചയും മാഞ്ഞിട്ടില്ല.

അപകടവേളയിൽ അമ്മയും കുഞ്ഞും വീട്ടിലുണ്ട് ഉടൻ രക്ഷിക്കണമെന്നു അഗ്‌നിരക്ഷാ സേനാംഗങ്ങളോട് നാട്ടുകാർ നടത്തിയ ദീനരോദനം വിഫലമാവുകയായിരുന്നു. പൊതുദർശനത്തിന് എത്തിച്ചപ്പോൾ റയാന്റെ ശവപേടകത്തിലെ കുഞ്ഞു പാവയുടെ കാഴ്ചനൊമ്പരമായി മാറി. വക്കത്തെ കുടുംബവീട്ടിൽ പൊതുദർശനം കഴിഞ്ഞ വേളയിലാണ് കൂട്ടായിരുന്ന കുഞ്ഞുപാവയെ റയാനൊപ്പം കിടത്തിയത്. ഉച്ചയ്ക്കു കുടുംബവീട്ടിൽ നടന്ന സംസ്‌കാര ചടങ്ങിൽ ആദ്യം അഭിരാമിയേയും കുഞ്ഞിനെയുമായി അടക്കി. ശവപേടകത്തിൽ അമ്മയുടെ നെഞ്ചോട് ചേർന്നു കമിഴ്ന്നു കിടന്നായിരുന്നു റയാന്റെ മടക്കം. യാത്രയിൽ പാവയും ഒപ്പം ചേർന്നു.

ചൊവ്വാഴ്ച പുലർച്ചെ നടന്ന തീപിടിത്തത്തിൽ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ പതനൊന്നോടെ വിലാപയാത്രയായാണ് പ്രതാപന്റെ മൂത്ത മകൻ രാഹുലിന്റെ വീട്ടിൽ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവിടെ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. പ്രതാപൻ, ഭാര്യ ഷെർലി, ഇളയമകൻ അഹിൽ, രണ്ടാമത്തെ മകന്റെ ഭാര്യ അഭിരാമി, ഇവരുടെ കുഞ്ഞ് റയാൻ എന്നിങ്ങനെ അവർ അടുത്തടുത്ത് കിടന്നു.

വലിയ ശവമഞ്ചത്തിന്റെ അറ്റത്ത് റയാന്റെ കുഞ്ഞുശരീരം. പ്രിയപ്പെട്ട പാവക്കുട്ടി ശവമഞ്ചത്തിലും അവനൊപ്പമുണ്ടായിരുന്നു. ആ മുറ്റത്ത് മിഴിനനയാത്ത ആരുമുണ്ടായിരുന്നില്ല. കാവൽനിന്ന പൊലീസുകാർപോലും മിഴി തുടയ്ക്കുന്നതു കാണാമായിരുന്നു. പ്രതാപന്റെ മൂത്തമകൻ രാഹുലിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും വേദനയോടെ നിന്നു. പലരും കരച്ചിലടക്കാൻ പാടുപെട്ടപ്പോൾ ചിലർ ദുഃഖം അടക്കാനാകാതെ നിലവിളിച്ചു.

അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം ജന്മസ്ഥലമായ വക്കത്തെ മുണ്ടയിൽവിളാകം സദ്ധിഭവനത്തിൽ പൊതുദർശനത്തിനു വെച്ചശേഷമാണ് ഇവിടേയ്ക്ക് എത്തിച്ചത്. അവിടെയും നാടുമുഴുവൻ അന്ത്യാഞ്ജലിയുമായെത്തിയിരുന്നു. പന്തുവിളയിലേക്ക് അഭിരാമിയുടെ അച്ഛൻ സൈൻ നടേശനും അമ്മ സോഫിയയും സഹോദരൻ ആദിത്യനും കണ്ണീരോടെ മൃതദേഹത്തെ അനുഗമിച്ചു. രാഹുൽ, മകൻ ആദിദേവ്, അഭിരാമിയുടെ അപ്പച്ചിയുടെ മകൻ അരുൺ, മകൻ അദ്വൈത് എന്നിവരാണ് അന്ത്യകർമങ്ങൾ ചെയ്തത്.

തുടർന്ന് അപകടം നടന്ന കുടുംബവീടായ രാഹുൽ നിവാസിന്റെ തെക്കേത്തൊടിയിൽ സംസ്‌കാരം. പട്ടുസാരി പുതച്ചുകിടന്ന അഭിരാമിയുടെ മാറിലേക്ക് കുഞ്ഞു റയാനെ ചേർത്തുകിടത്തിയപ്പോൾ കണ്ടുനിന്നവർ കണ്ണുകളടച്ചു. എല്ലാ മിഴികളിലും കണ്ണുനീർ മാത്രം. ഇവരെ അടക്കം ചെയ്തശേഷം മറ്റുള്ള മൃതദേഹങ്ങൾ ചിതയിലേക്കെടുത്തു. നട്ടുനനച്ച പൂന്തോട്ടത്തിനരികിലെ മണ്ണിലേക്ക് അവർ അഞ്ചാളും ഒരുമിച്ചു മടങ്ങി.

ഉറ്റവരെല്ലാം നഷ്ടപ്പെട്ട് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾക്കരികെ വിലപിക്കാൻ പോലുമാകാതെ ഇരുന്ന പ്രതാപന്റെ മൂത്തമകൻ രാഹുലിനെ താങ്ങി ബന്ധുക്കളും ദുഃഖം കടിച്ചമർത്തി നിന്നു. അഞ്ചു പേരെയും അവസാനമായി കാണാൻ നാടെങ്ങു നിന്നും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി.ജോയി, ഒ.എസ്.അംബിക തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.തുടർന്നു ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ശങ്കരാനന്ദ എന്നിവർ നേതൃത്വം നൽകി.

മൂന്നു മണിയോടെയാണ് കുടുംബ വീടിനോട് ചേർന്ന സ്ഥലത്ത് സംസ്‌കാര ചടങ്ങുകൾ തുടങ്ങിയത്.വിറങ്ങലിച്ചു പോയ നാട്. അതൊന്നാകെ സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. മരണം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും ജനങ്ങളിൽ തുടരുന്ന നടുക്കം വിട്ടുമാറിയിരുന്നില്ല. അപകടദിവസം പുക ശ്വസിച്ച് അവശനായ പ്രതാപന്റെ രണ്ടാമത്തെ മകൻ നിഹുൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP