Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അഞ്ചുവർഷം ജനങ്ങൾക്കായി അക്ഷീണം പ്രയ്തനിച്ചു;അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കും'; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; യുപിയിൽ സർക്കാർ രൂപീകരണത്തിനായി ചർച്ച

'അഞ്ചുവർഷം ജനങ്ങൾക്കായി അക്ഷീണം പ്രയ്തനിച്ചു;അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കും'; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; യുപിയിൽ സർക്കാർ രൂപീകരണത്തിനായി ചർച്ച

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിൽ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

ഡൽഹിയിൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരണ ചർച്ചകൾക്കായാണ് യോഗി ആദിത്യനാഥ് ഡൽഹിയിലെത്തിയത്. ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം ഏതൊക്കെ പുതുമുഖങ്ങളെ ഉൾപ്പെടുത്തണം എന്നതിലാണ് പ്രധാന ചർച്ച . ദളിത് പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനാകൂ.

നിലവിൽ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്. ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിൽ ഉള്ളത്. ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നൽകുമോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം.

കുർമി വിഭാഗത്തിൽ നിന്നാണ് സ്വതന്ദ്രദേവ്, ബിഎസ്‌പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ, ബ്രാഹ്‌മിൺ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയിൽ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ മകൻ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്.

അതേസമയം ഉത്തരാഖണ്ഡിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ ഒരാഴ്ചക്കുള്ളിൽ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. ഉത്തരാഖണ്ഡിൽ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചയാകുന്നത്. ഇതിൽ ഒരാഴ്ചക്കുള്ളിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണിപ്പൂരിൽ ബിരേൻ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭ രൂപീകരണ ചർച്ചകൾ ഉടൻ ആരംഭിക്കും.

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ യുപി ഇലക്ഷൻ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്.

37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985 ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017 ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു.

ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിന്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു.

തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു. രണ്ടാം കോവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പൊലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP