Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെറ്റലും ടാറും എത്ര അനുപാതത്തിൽ ചേർക്കണം എന്നുള്ള ബോർഡ് കാഴ്ച; പണിയിൽ നടക്കുന്നത് തട്ടിപ്പും; ഉദ്യോഗസ്ഥർ കണ്ണടയ്ക്കുമ്പോൾ കോള് കോൺട്രാക്ടർക്ക്; കാലിക്കണ്ടി-ഏറ്റുപാറയിലേത് തൊട്ടാൽ പൊളിയും റോഡ്; മോദിയും മുഖ്യമന്ത്രിയും ചേർന്ന് നിർമ്മിച്ച കണ്ണൂരിലെ റോഡിന്റെ കഥ

മെറ്റലും ടാറും എത്ര അനുപാതത്തിൽ ചേർക്കണം എന്നുള്ള ബോർഡ് കാഴ്ച; പണിയിൽ നടക്കുന്നത് തട്ടിപ്പും; ഉദ്യോഗസ്ഥർ കണ്ണടയ്ക്കുമ്പോൾ കോള് കോൺട്രാക്ടർക്ക്; കാലിക്കണ്ടി-ഏറ്റുപാറയിലേത് തൊട്ടാൽ പൊളിയും റോഡ്; മോദിയും മുഖ്യമന്ത്രിയും ചേർന്ന് നിർമ്മിച്ച കണ്ണൂരിലെ റോഡിന്റെ കഥ

വൈഷ്ണവ് സി

കണ്ണൂർ : കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിന് ഒടുവിൽ പണിത റോഡ് പൊളിഞ്ഞു വരുന്ന നിലയിൽ. പപയ്യാവൂർ പഞ്ചായത്തിലെ കാലികണ്ടി ഏറ്റുപാറ റോഡ് തൊട്ടാൽ പൊളിഞ്ഞു വരുന്ന നിലയിലായി തീർന്നിരിക്കുകയാണ്. ഈ റോഡിന്റെ ഭാഗമായി കാലിക്കണ്ടി ഏറ്റുപാറ പാലവും ഉണ്ട്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന എന്നത് പ്രധാനമന്ത്രി മോദിയുടെ സ്വപ്‌ന പദ്ധതിയാണ്. സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതി. ഈ പദ്ധതിയിലെ റോഡ് പണിയാണ് അട്ടിമറിയായി മാറുന്നത്.

ഏഴു വർഷങ്ങൾക്കു മുമ്പ് ഉമ്മൻ ചാണ്ടി സർക്കാറിന് കീഴിൽ പാസായതാണ് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായ കാലിക്കണ്ടി ഏറ്റുപാറ റോഡ്. ഈ റോഡിന്റെ പദ്ധതിയെ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പ്രത്യക്ഷത്തിൽ തന്നെ വൻ അഴിമതിയാണ് ഈ റോഡ് കണ്ടാൽ ബോധ്യമാവുന്നത്. കൈകൊണ്ട് തൊട്ടാൽ തന്നെ ഈ റോഡ് ഇളകി വരുന്ന നിലയിലാണ് ഇപ്പോൾ. ഒരു ഗണനിലവാരവും ഉറപ്പാക്കാത്ത പണി.

2019 ഒക്ടോബറിൽ തുടങ്ങിയ റോഡ് പണി 2020 ഒക്ടോബർ ആവുമ്പോഴേക്കും തീർത്തു. സാധാരണ ഇത്തരത്തിൽ ഗ്രാമ സഡക്ക് യോജനയിൽ റോഡുകൾ പണിയുമ്പോൾ കാര്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ മാനദണ്ഡങ്ങൾ മുഴുവനും കാറ്റിൽപറത്തിയാണ് റോഡ് നിർമ്മാണം നടന്നിട്ടുള്ളത് എന്ന് റോഡ് കാണുമ്പോൾ തന്നെ വ്യക്തമാണ്.

നാട്ടുകാരുടെ എങ്ങനെയെങ്കിലും ഈ പ്രദേശത്ത് ഒരു റോഡ് വന്നാൽ മതി എന്നുള്ള ആവശ്യമാണ് ഇവിടെ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളത്. 2200 മീറ്ററോളം നീളം വരുന്ന റോഡ് പണിതിട്ടുള്ളത് ഒന്നേമുക്കാൽ കോടിയോളം രൂപ വകയിരുത്തിയാണ്. കാലിക്കണ്ടി ഏറ്റുപാറ
പാലം രണ്ടേകാൽ കോടിയോളം രൂപ ചെലവിട്ടാണ് പണിതിട്ടുള്ളത് ഈ പാലത്തിന്റെ പണി 2019ൽ തുടങ്ങി 2021ൽ അവസാനിച്ചു.

കാസർകോട് സ്വദേശിയായ എം ടി അബ്ദുൾ നസീറിന് ആണ് ഈറോഡ് പണിയാനുള്ള കോൺടാക്ട് നൽകിയത്. റോഡ് എന്നതുമാത്രമായിരുന്നു നാട്ടുകാരുടെ ആവശ്യം എന്നതിനാൽ നാട്ടുകാർക്ക് കാര്യമായി പരാതിയില്ല കാരണം അവർ പറയുന്നത് ഒന്നുമില്ലാത്ത അതിനേക്കാൾ ഭേദം ആണല്ലോ എന്തെങ്കിലും ഉള്ളത് എന്നാണ്. സംഭവത്തിൽ അരുൺ തോമസ് എന്ന വ്യക്തി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.

ഇത് പകൽ കൊള്ള!

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള യൂണിറ്റിനാണ് ഈ റോഡിന്റെ നിർമ്മാണ ദൗത്യം. ഇതിനായി ഫണ്ട് നൽകിയത് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിലെ ഗ്രാമവികസന സർക്കാരും ഒന്നിച്ച് ചേർന്നാണ്. 30 മീറ്റർ നീളം വരുന്ന കാലി കണ്ടി ഏറ്റുപാറ പാലത്തിന്റെ പ്രവർത്തി നടത്തിപ്പ് അവകാശം സംസ്ഥാന സർക്കാരിന് കീഴിലെ ഗ്രാമവികസന വകുപ്പിനാണ്. ഇതാണ് ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.

കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് കേരളത്തിൽ ഒരുതരത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അഴിമതി നടക്കില്ല എന്നുപറയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വൻ അഴിമതി പ്രത്യക്ഷത്തിൽ തന്നെ ബോധ്യമാവുന്നത്. ഈ റോഡ് പണിയുന്നതിന്റെ ഭാഗമായി കോൺട്രാക്ട് ഏറ്റെടുത്ത് കോൺട്രാക്ടർ എം ടി അബ്ദുൾ നസീറിനെ ഭാഗത്തുനിന്നും വൻവീഴ്ച സംഭവിച്ചിട്ടുണ്ട്. പണി യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടവർ കണ്ണടയ്ക്കുകയും ചെയ്തു.

പൊതുമരാമത്ത് റോഡുകളിലെ നിലവാരം ഉറപ്പാക്കാൻ നിരവധി മാർഗ്ഗരേഖകളുണ്ട്. മന്ത്രി റിയാസ് തന്നെ ഇതിൽ ഇടപെടുന്നു. എന്നാൽ ജില്ലാ പഞ്ചായത്തുകളും മറ്റും ഇതൊന്നും പരിശോധിക്കുന്നില്ല. കോൺട്രാക്ടർമാരുടെ തോന്ന്യവാസത്തിന് വിടുന്നു. അതുകൊണ്ടാണ് പണിയിലെ അട്ടിമറി സംഭവിക്കുന്നത്. കൈക്കൂലിയായി കിട്ടുന്നത് വീതം വച്ചു വാങ്ങുന്ന ഉദ്യോഗസ്ഥ കൊള്ളയും റോഡുകളെ പരിതാപകരമായ അവസ്ഥയിലാക്കുന്നു.

പ്രധാനമന്ത്രി സഡക് യോജനയിലെ റോഡ് എങ്ങനെ എന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. അത് കൃത്യമായി എഴുതിയുള്ള ബോർഡ് ഇരുവശവും സ്ഥാപിച്ചിട്ടുണ്ട് ഗ്രാനുലർ സബ് ബേസും ഫിലിംഗും മെറ്റലും ടാറും എന്നുവേണ്ട റോഡിന് ആവശ്യമായ എല്ലാ കാര്യങ്ങളും എത്ര അനുപാതത്തിൽ ചേർക്കണം എന്നുള്ള ബോർഡ് റോഡിന്റെ വശത്തു തന്നെ തെളിഞ്ഞുകാണാം. എന്നിട്ടും ഇതൊന്നും ഈ റോഡ് നിർമ്മാണത്തിനും പാലം നിർമ്മാണത്തിലും കൃത്യമായ അനുപാതത്തിൽ ചേർക്കപെട്ടിട്ടില്ല എന്നത് ഏതൊരു സാധാരണക്കാരനും വ്യക്തമാകുന്ന കാര്യം മാത്രമാണ്.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്നുള്ളത് പകൽ പോലെ വ്യക്തം. അഴിമതി വച്ചുപൊറുപ്പിക്കില്ല എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അഴിമതി കഥകൾ കേരളത്തിൽ പെരുകുകയാണ്. അത്തരത്തിൽ അഴിമതിയുടെ പുതിയ ഒരു അദ്ധ്യായം മാത്രമാണ് ഈ കാലി-കണ്ടി ഏറ്റുപാററോഡ്. സാധാരണക്കാരായ ജനങ്ങളുടെ റോഡ് എന്ന ആവശ്യം മുതലെടുക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.

കേരള സർക്കാരും കേന്ദ്രസർക്കാരും ഒന്നിച്ച് റോഡ് എന്ന ഒരു നാടിന്റെ സ്വപ്നം നടത്താൻ തീരുമാനിച്ചപ്പോൾ അതിലും കയ്യിട്ടുവാരാൻ കാണിക്കുന്ന ചിലരുടെ ആക്രാന്തതിന് ഈ കല്ലിക്കണ്ടി ഏറ്റുപാറ റോഡിലും മികച്ച ഉദാഹരണം വേറെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP