Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവധിയും ഇടവേളകളും ഇല്ലാത്ത ജീവിതം; നാല് സംസ്ഥാനങ്ങളിലെ തകർപ്പൻ വിജയത്തിന് തൊട്ടുപിന്നാലെ ഒരുനിമിഷം പാഴാക്കാതെ ഗുജറാത്തിൽ; നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി ഒരുമുഴം മുമ്പേ എറിയുമ്പോൾ അമരക്കാരനായി നാട്ടുകാരൻ നരേന്ദ്ര ദാമോദർ ദാസ് മോദി

അവധിയും ഇടവേളകളും ഇല്ലാത്ത ജീവിതം; നാല് സംസ്ഥാനങ്ങളിലെ തകർപ്പൻ വിജയത്തിന് തൊട്ടുപിന്നാലെ ഒരുനിമിഷം പാഴാക്കാതെ ഗുജറാത്തിൽ; നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി ഒരുമുഴം മുമ്പേ എറിയുമ്പോൾ അമരക്കാരനായി നാട്ടുകാരൻ നരേന്ദ്ര ദാമോദർ ദാസ് മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അവധി എന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിക്ഷ്ണറിയിൽ ഇല്ല എന്ന് മിക്കവർക്കും അറിയാം. അതുകൊണ്ട് തന്നെ, നാല് സംസ്ഥാനങ്ങളിലെ തകർപ്പൻ വിജയത്തിന് പിന്നാലെ അടുത്ത ദൗത്യത്തിന് അദ്ദേഹം ഇറങ്ങിയതിൽ അദ്ഭുതത്തിന് വകയില്ല. കാരണം, നിരന്തരമായ പരിശ്രമം, കഠിനാദ്ധ്വാനം, ഒരുമികച്ച നേതാവിന് വേണ്ടതെല്ലാം ഇണങ്ങിയ വൃക്തിത്വം.

നാല് സംസ്ഥാനങ്ങളിൽ അധികാരമുറപ്പിച്ചതിനു തൊട്ടടുത്ത ദിവസംതന്നെ ഗുജറാത്തിൽ മോദിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു. നൂറുകണക്കിന് ആളുകൾ അണിനിരന്ന പരിപാടിയിൽ കാവിത്തൊപ്പി ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ഈ വർഷം അവസാനമാണു ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി നേരത്തേ പ്രചാരണം തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗറിലെ ബിജെപിയുടെ സംസ്ഥാന ഓഫീസ് വരെയായിരുന്നു ആദ്യദിവസം റോഡ് ഷോ.

രണ്ടാം ദിവസവും റോഡ്‌ഷോ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എല്ലാ മാസവും സംസ്ഥാനത്ത് സമാനമായ പരിപാടികൾ പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ ഗാന്ധിനഗറിലെ ലാവഡ് ഗ്രാമത്തിൽ രാഷ്ട്രീയരക്ഷാ സർവകലാശാലയുടെ ബിരുദദാനസമ്മേളനത്തിലാണ് മുഖ്യാതിഥിയായി മോദി എത്തിയത്. ദെഹഗാം പട്ടണം മുതൽ സർവകലാശാല വരെയുള്ള 12 കിലോമീറ്റർ റോഡിനിരുവശത്തും ജനങ്ങളെ അണിനിരത്തി വൻ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് നൽകിയത്.

ദേശസുരക്ഷ സംബന്ധിച്ച കോഴ്സുകൾ പരിശീലിപ്പിക്കുന്ന സർവകലാശാലയിലെ പ്രസംഗത്തിൽ സ്വാതന്ത്ര്യാനന്തര സർക്കാരുകളെ വിമർശിക്കാനും അദ്ദേഹം മടിച്ചില്ല. നമ്മുടെ രാജ്യത്തിന് ആവശ്യമായ പ്രതിരോധസാമഗ്രികൾ യഥാസമയം നവീകരിച്ചില്ല എന്നായിരുന്നു മോദിയുടെ ആരോപണം. വൈകിട്ട് അഹമ്മദാബാദിലെ സർദാർ പട്ടേൽ ഓഡിറ്റോറിയത്തിൽ ഖേൽ മഹാകുംഭ് കായികമേളയുടെ ഉദ്ഘാടനത്തിനുള്ള യാത്രയും റോഡ് ഷോ ആയിമാറി.

വിശ്രമം ഇല്ലാത്ത ജീവിതം

2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന 50കാരൻ ചുമതലയേൽക്കുമ്പോൾ അത് ഇന്ത്യയുടെ ഭാവി ഭാഗധേയം തീരുമാനിക്കുന്ന ഒരു നടപടിയാണെന്ന് ബിജെപിക്കാർ പോലും കരുതിയിരുന്നില്ല.തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ തലവനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മോദി വിശ്രമവും ഇടവേളയുമില്ലാതെ ജോലിചെയ്യുന്നു. രാജ്യത്ത് പകരക്കാരനില്ലാത്ത അമരക്കാരനായി പ്രധാനമന്ത്രി പദത്തിലും വൻ ഭൂരിപക്ഷത്തിന് അദ്ദേഹം തുടർച്ച നേടുന്നു. ബിജെപിയെന്ന പാർട്ടിപോലും ഇപ്പോൾ മോദിയെന്ന ഒറ്റ മനുഷ്യനിൽ ഒതുങ്ങുന്നു.

അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് അദ്ദേഹം രാജ്യത്തിന് വേണ്ടിയും പാർട്ടിക്ക് വേണ്ടിയും പണിയെടുക്കുന്നത്. 2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടർന്നുവരവെയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിച്ച് പ്രധാനമന്ത്രിയായത്. 2019ലെ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അധികാരം നിലനിർത്തി. 2024 ലും ബിജെപിയുടേത് ആയിരിക്കുമെന്നാണ് മോദിയുടെ ആത്മവിശ്വാസം.

ഗുജറാത്തിൽ തുടങ്ങിയ പടയോട്ടം

2001ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി വരുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. ഗുജറാത്തിനെ മുച്ചൂടും തകർത്ത ഭൂകമ്പത്തിലടക്കം സർക്കാറിന്റെ പ്രകടനം മോശമായിരുന്നു. ഗ്രൂപ്പിസവും അന്തച്ഛിദ്രങ്ങളും ഇതിന് പുറമേ. ഉപതെരഞ്ഞെടുപ്പിലും ബിജെപി തോൽക്കുന്നു. ഈ അവസ്ഥയിൽനിന്ന് തുടങ്ങിയ മോദി കാവിക്കൊടി ഗുജാറാത്തിൽ വാനം മുട്ടെ ഉയർത്തി എന്ന് മാത്രമല്ല, ഇന്ദ്രപ്രസ്ഥത്തിലും അത് ഉയർത്തുകയും ചെയ്തു.

കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങിയത്. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പ കെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദിയും തള്ളി. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. അതുതന്നെയാണ് നിർണ്ണായകം ആയതും.

2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. മോദി അധികാരമേറ്റ വളരെ പെട്ടന്നുതന്നെ ഗുജറാത്തിന്റെ ഭരണ രാഷ്ട്രീയം രംഗം മാറാൻ തുടങ്ങി. സർക്കാർ ഇടപെടലുകൾ അതിവേഗത്തിലായി.ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ പുനർ നിർമ്മിച്ചതിൽ പുതിയ സർക്കാർ സുപ്രധാന പങ്കു വഹിച്ചു. പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന മേഖലകളെ മോദിയുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചു. മന്ത്രിമാരുടെ പ്രകടനം മുഖ്യമന്ത്രി നേരിട്ട് പിരിശോധിക്കുന്ന അവസ്ഥവന്നു. വിമർശകർക്കുപോലും സർക്കാറിന്റെ കാര്യക്ഷമതയെ പ്രകീർത്തിക്കേണ്ടി വന്നു.

2022 ൽ ഗുജറാത്തിൽ സംഭവിക്കുന്നത്

കോവിഡ് മഹമാരിയുടെ താണ്ഡവത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുന്നത്. പ്രർത്തകരെ ഉത്തേജിപ്പിക്കാൻ ഈ സന്ദർശനത്തിന് ആവുമെന്ന കാര്യത്തിൽ സംശയമില്ല. മിഷൻ ഗംഗ വിജയകരമായി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് മോദിയുടെ വരവ്. ജന്മനാട്ടിലേക്കുള്ള പ്രദാനമന്ത്രിയുടെ വരവ് ആളുകളെ ഉത്സാഹഭരിതരാക്കുമെന്ന് ഗുജറാത്ത് ബിജെപി വക്താവ് യമൽ വ്യാസ് പറയുന്നു. ഗുജറാത്ത് കോവിഡ്് മഹാമാരിയെ കൈകാര്യം ചെയ്തതിൽ വിമർശനങ്ങൾ ഇല്ലാതില്ല. എനന്നാൽ, യുപിയിൽ യോഗി രണ്ടാം തരംഗത്തെ നേരിടുന്നതിൽ വീഴ്ച വരുത്തിയപ്പോൾ, അതിന്റെ ആഘാതം കുറച്ചത് പോലുള്ള നടപടികൾ ഗുജറാത്തിലും ഉണ്ടായേക്കും. ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയും ഗുജറാത്തിൽ ചേരുന്നുവെന്നതും സവിശേഷതയാണ്. 1988 ലാണ് ഇതിന് മുമ്പ് എബിപിഎസ് അഹമ്മദാബാദിൽ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP