Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃത്തികെട്ട കാഫറുകളുടെയും മുനാഫിഖുകളുടെയും കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്‌റ പോയെന്ന് ഉമ്മയെ അറിയിച്ച മകൻ; ഐഎസ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് പൊന്മളക്കാരനായ എംടെക് വിദ്യാർത്ഥി; ജെഎൻയുവുമായി ബന്ധമില്ല; നജീബ് അൽഹിന്ദിയുടെ കഥ

വൃത്തികെട്ട കാഫറുകളുടെയും മുനാഫിഖുകളുടെയും കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്‌റ പോയെന്ന് ഉമ്മയെ അറിയിച്ച മകൻ; ഐഎസ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് പൊന്മളക്കാരനായ എംടെക് വിദ്യാർത്ഥി; ജെഎൻയുവുമായി ബന്ധമില്ല; നജീബ് അൽഹിന്ദിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അൽഹിന്ദിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പുതിയ തലത്തിലേക്ക്. കൊല്ലപ്പെട്ടത് പൊന്മളയിൽനിന്ന് 5 വർഷം മുൻപ് കാണാതായ എംടെക് വിദ്യാർത്ഥിയാണെന്നാണ് ഒരു സംശയം. ഐസിസുകാരനായി പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു.

പൊന്മള സ്വദേശി നജീബിനെ കാണാനില്ലെന്നു കാണിച്ച് 2017ൽ മാതാവ് മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെല്ലൂർ കോളജിൽ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിന് കാണാതാകുമ്പോൾ 23 വയസ്സായിരുന്നു പ്രായം. കോളജിൽനിന്ന് കാണാതായെന്നായിരുന്നു പരാതി. എന്നാൽ, ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുവെന്നറിഞ്ഞതിനെത്തുടർന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഇയാൾ ഐഎസിൽ ചേർന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോൾ വീണ്ടും ഐഎസ് മുഖപത്രത്തിൽ വന്നതെന്നാണ് നിഗമനം.

2017ൽ ഹൈദരാബാദ് വിമാനത്താവളം വഴിയാണ് മലപ്പുറം പൊന്മള സ്വദേശിയായ 23വയസ്സുകാരൻ നജീബ് യുഎഇയിലേക്ക് വിമാനം കയറിയത്. തുടർന്ന് യുഎഇയിൽ നിന്ന് ഇറാനിലേക്ക് കടന്നു. ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ നജീബ് യുഎഇയിൽ തന്നെയാണ് പഠിച്ച് വളർന്നത്. പിതാവും ഈ സമയത്ത് യുഎഇയിൽ തന്നെയായിരുന്നു. ഏറെ വർഷം ഗൾഫിൽ ജീവിച്ചതുകൊണ്ടു തന്നെ നജീബിന് നാട്ടിൽ ബന്ധങ്ങൾ കുറവാണ്. തുടർന്നാണ് മറ്റു കുടുംബാംഗങ്ങളോടൊപ്പം നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നത്. 2018 മേയിൽ നജീബ് ഉൾപ്പടെ നാല് മലയാളികൾ കൂടി അഫ്ഗാനിലെ ഖുറാസാൻ, സിറിയ, ഇറാഖിലെ മൊസൂൾ എന്നിവിടങ്ങളിൽ നടന്ന യുദ്ധത്തിൽ മരണപ്പെട്ടതായി ഐ.എസിലെ മറ്റു മലയാളികൾ വഴി ടെലഗ്രാമിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് നാട്ടിലേക്ക് സന്ദേശം വന്നു. ഇതാണ് ഭീകര സംഘടന ഇപ്പോൾ സ്ഥിരീകരിക്കുന്നത്.

തമിഴ്‌നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായിരിക്കെയാണ് നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയില്ല. തുടർന്ന് ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് ഫോൺ വിളിച്ചു. താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇതനുസരിച്ച് നജീബ് ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങൾ അയച്ചുതുടങ്ങി.

ഐ.എസിലെത്തുന്നവർ അബൂ എന്ന് തുടങ്ങുന്ന പേര് സ്വീകരിക്കുന്നതാണ് പതിവ്. അബൂ ബാസിർ എന്നാണ് തന്റെ പുതിയ നാമമെന്നും നജീബ് പറഞ്ഞു. എന്നാൽ വേഗം തിരികെ വരണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. താൻ ഹിജ്റക്ക് പോയതാണ്. തന്നെ ഇനി അന്വേഷിക്കുകയോ പൊലീസിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. സന്ദേശത്തിൽ വീട്ടുകാരോട് ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ഹിജ്റ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തെ വിസ കാലാവധിയിലായിരുന്നപ്പോഴാണ് നജീബ് രാജ്യം വിട്ടത്. വിസ കാലാവധി കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ നജീബ് ഐ.എസിൽ എത്തിയെന്ന സംശയം അന്വേഷണ ഏജൻസികൾക്കും ബലപ്പെടുകയായിരുന്നു.

താൻ ലക്ഷ്യസ്ഥാനത്തേക്ക് ഹിജ്റക്ക് വന്നെന്നും ഞങ്ങൾ മരണം വരിക്കാനായി കാത്തിരിക്കുന്നുവെന്നും നജീബ് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. നജീബിന്റെ ഫോട്ടോയും മാതാവിനയച്ച സന്ദേശങ്ങളും പിന്നീട് പൊലീസിന് ലഭിച്ചു. വൃത്തികെട്ട കുഫ്ഫാറുകളുടെയും (അവിശ്വാസികൾ), മുനാഫിഖുകളുടെയും (കപട വിശ്വാസികൾ) കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്റ പോകണമെന്നുമാണ് നജീബ് ഈ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ ഹിജ്റ പോകാൻ ക്ഷണിച്ച മകനോട് ഞങ്ങൾ ഇന്ത്യക്കാരാണ്, ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിക്കണമെന്നുമായിരുന്നു മാതാവിന്റെ മറുപടി. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്നും മാതാവിന്റെ കാൽ പാദത്തിന് അടിയിലാണ് സ്വർഗമെന്നുമാണ് തീവ്രവാദത്തിലേക്ക് പോയ മകന് ഉമ്മ ഖമറുന്നിസ മറുപടി കൊടുത്തത്. തുടർന്ന് മാതാവ് ഖമറുന്നിസ തന്നെയാണ് മലപ്പുറം പൊലീസിൽ പരാതി നൽകിയതും.

പൊലീസ് പരാതി ലഭിച്ചതിനെ തുടർന്ന് ഇറാൻ എംബസിയുമായി ബന്ധപ്പെടുകയും നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് കൈമാറുകയും ചെയ്തിരുന്നു. കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നതായി കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. അതോടൊപ്പം നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദേശത്തും മറ്റുമുള്ള ചില ബന്ധങ്ങൾ വഴി ഓൺലൈൻ ക്ലാസുകൾ വഴിയാണ് നജീബ് ഐ.എസിൽ ആകൃഷ്ടനായതെന്നാണ് തുടരന്വേഷണത്തിൽ പൊലീസിന് കിട്ടിയ വിവരം. ഈ നജീബാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

എന്നാൽ ഇപ്പോൾ ചില വ്യാജ പ്രചരണവും നടക്കുന്നുണ്ട്. 2016ൽ ജെഎൻയുവിൽനിന്ന് കാണാതായ നജീബ് എന്ന മറ്റൊരാൾക്കുവേണ്ടി വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ പൊന്മള സ്വദേശിക്കു വേണ്ടിയായുള്ള പ്രക്ഷോഭമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണവുമുണ്ട്. ബയോടെക്‌നോളജി ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ ഇയാളെ ക്യാംപസിൽ എബിവിപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തെത്തുടർന്ന് കാണാതായത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇയാളല്ല കൊല്ലപ്പെട്ടത് എന്ന് വ്യക്തമാണ്.

ഐഎസ് അംഗമായ മലയാളി മരിച്ച വാർത്ത മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് -ഖൊറേസാൻ പ്രവശ്യയുടെ (ഐഎസ്‌കെപി) പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസൻ റിപ്പോർട്ട് അധികരിച്ചാണ് വാർത്ത നൽകിയത് എന്ന് വ്യക്തമാക്കുന്നു. ഇതുപ്രകാരം 23 കാരനായ മലയാളി എഞ്ചിനിയറിങ് വിദ്യാർത്ഥി നജീബ് അൽ-ഹിന്ദി(നജീബ് കുണ്ടുവയിൽ) ആണ് കൊല്ലപ്പെട്ടയാൾ എന്നാണ് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കാത്ത വിവരം. 2017 ഓഗസ്റ്റ് 15നാണ് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കാണാതായതെന്നതാണ് വസ്തുത.

2018ൽ അഫ്ഗാനിസ്ഥാനിൽ നടന്ന പോരാട്ടത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു എന്നാണ്. കെ.പി നജീബ് എന്ന നജീബ് അൽ ഹിന്ദിയാണ് കൊല്ലപ്പെട്ടയാൾ. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നടന്ന ആക്രമണത്തിലാണ് നജീബ് കൊല്ലപ്പെട്ടത്. ഇക്കാര്യം അഫ്ഗാനിസ്ഥാനിലെ നജീബിന്റെ കൂട്ടാളികൾ 2018 ൽ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു, എന്നാൽ ഐഎസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നത് ഇപ്പോഴാണ്.

അതുകൊണ്ട് തന്നെ മലയാളിയായ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വ്യക്തമാണ്. 2016 ഒക്ടോബറിലാണ് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംഎസ് സി ബയോടെക് വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത്. എബിവിപി പ്രവർത്തകരായ ചിലരുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് നജീബ് അപ്രത്യക്ഷനാകുന്നത്. ഇതോടെ നജീബിന്റെ തിരോധാനത്തിന് രാഷ്ട്രീയമാനം കൈവരികയും സുഹൃത്തുക്കളും ബന്ധുക്കളും നജീബിനെ കണ്ടെത്താനായി സമരം നടത്തുകയും ചെയ്തു.

ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് നൽകിയത് നജീബിന്റെ ഉമ്മ ഫാത്തിമ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ ശേഷമാണ്. ഈ വാർത്തകൾ മാധ്യമങ്ങൾ വിശദമായി നൽകിയിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താനുള്ള ഒരു സൂചനയും ലഭിച്ചില്ല. അഞ്ച് വർഷങ്ങൾക്കിപ്പുറവും തെളിയാതെ കിടക്കുന്ന കേസാണ് നജീബ് അഹമ്മദ് എന്ന 27 കാരനായ ഉത്തർപ്രദേശ് സ്വദേശിയുടേത്.

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന കെ.പി നജീബിന്റേയും ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെയും ചിത്രങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അൽ-ഹിന്ദി മലയാളിയാണെന്നും ഇയാൾക്ക് ജെഎൻയുവിൽ നിന്ന് കാണാതായ യുപി സ്വദേശി നജീബ് അഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP