Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി റഷ്യയുടെ ആക്രമണ രീതി മാറും; അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിൻ യുക്രൈനിലെത്തി: യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ മധ്യസ്ഥം വഹിക്കണമെന്ന് അഭ്യർത്ഥിച്ച് സെലൻസ്‌കി

ഇനി റഷ്യയുടെ ആക്രമണ രീതി മാറും; അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിൻ യുക്രൈനിലെത്തി: യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ മധ്യസ്ഥം വഹിക്കണമെന്ന് അഭ്യർത്ഥിച്ച് സെലൻസ്‌കി

സ്വന്തം ലേഖകൻ

യുദ്ധത്തിൽ യുക്രൈൻ വാടിത്തളരുമ്പോൾ ആക്രമണ രീതിയിൽ മാറ്റം വരുത്താൻ റഷ്യ. അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിൻ യുക്രൈനിലെത്തി. ഇതോടെ ആക്രമണം മുൻപത്തേക്കാൾ ശക്തമാകുമെന്നാണ് കരുതുന്നത്. ക്രീമിയയിൽ നിന്നാണ് റഷ്യ ഈ സായുധ ട്രെയിൻ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിനുകളിലൊന്ന് യുക്രൈനിൽ എത്തിയതിന്റെ വിഡിയോ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. തെക്കൻ യുക്രെയ്ൻ നഗരമായ മെലിറ്റോപോളിൽ വച്ചാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതേസമയം എങ്ങനെ എങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന്റെ സഹായം തേടിയിരിക്കുകയാണ് യുക്രൈൻ. യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്ന് ഇസ്രയേലിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. എന്നാൽ അത്യാധുനിക ആയുധങ്ങൾ യുക്രൈനിലേക്ക് എത്തിയതോടെ യുദ്ധത്തിന്റെ രീതി മാറ്റിപ്പിടിക്കാനാണ് റഷ്യ ഒരുങ്ങുന്നത്.

രണ്ട് ഡീസൽ ലോക്കോമോട്ടീവുകളും എട്ട് വ്യത്യസ്തമായ റെയിൽകാറുകളുമാണ് ഈ റഷ്യൻ സായുധ ട്രെയിനിലുള്ളത്. താഴ്ന്ന് പറക്കുന്ന പോർവിമാനങ്ങൾക്കെതിരെ പോലും പ്രയോഗിക്കാൻ സാധിക്കുന്ന രണ്ട് ദഡ23 ബാരൽ 23 എംഎം വെടിക്കോപ്പുകൾക്കിടയിലാണ് മുന്നിലെ ഡീസൽ ലോക്കോമോട്ടീവ് ഉള്ളത്. മൂന്നാമത്തെ റെയിൽ കാറിൽ എന്താണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല. എന്നാൽ യുദ്ധ മേഖലയിൽ ഉപയോഗിക്കാവുന്ന പ്രതിരോധ വാഹനങ്ങളാകാമെന്നാണ് സൂചന.

ഒരു കൊട്ടിയടച്ച ബോഗി, ഒരു പാസഞ്ചർ ബോഗി, ഫ്ളാറ്റ് ബെഡ് ആയ ഒരു ബോഗി, രണ്ട് സായുധ ബോഗികൾ, രണ്ട് ലോക്കോമോട്ടീവുകൾ, അവസാനമായി മറ്റൊരു ഫ്ളാറ്റ്ബെഡ് ബോഗി എന്നിങ്ങനെയാണ് ഈ സായുധ ട്രെയിനിൽ ഉള്ളത്. ഇതിൽ ഫ്ളാറ്റ് ബെഡ് ബോഗികളിൽ ആദ്യത്തേതിലെ സാധനങ്ങൾ മൂടിയിട്ട നിലയിലാണുള്ളത്. ഏറ്റവും പിന്നിലെ ഫ്ളാറ്റ് ബെഡ് ബോഗിയാവട്ടെ ശൂന്യമായ നിലയിലുമായിരുന്നു.

റഷ്യക്ക് ഇത്തരം നാല് സായുധ ട്രെയിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ചെച്നിയയിലേയും ജോർജിയയിലേയും സംഘർഷങ്ങളിൽ ഈ റഷ്യൻ ട്രെയിനുകൾ നിർണായക നീക്കങ്ങൾ നടത്തിയിരുന്നു. കാലാവസ്ഥ വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന റഷ്യയിലേയും സമീപത്തേയും ഭൂപ്രദേശങ്ങളിൽ സായുധ ട്രെയിനുകൾക്ക് പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യമാണുള്ളത്. ബൈക്കൽ, അമൂർ എന്നിങ്ങനെ പേരുള്ള രണ്ട് സായുധ ട്രെയിനുകൾ 2016ൽ ക്രീമിയയിലേക്ക് എത്തിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ റഷ്യൻ നീക്കം. 15 വർഷത്തിന് ശേഷമായിരുന്നു അന്ന് റഷ്യൻ സായുധ ട്രെയിനുകൾ സൈനികാഭ്യാസത്തിൽ പങ്കെടുത്തത്.

യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കുന്ന റഷ്യൻ സൈനിക വാഹനങ്ങളും മറ്റും തിരിച്ചറിയാൻ ഉപയോഗിക്കുന്ന കോഡുകളിലൊന്നായ Z എന്ന അക്ഷരം ഈ സായുധ ട്രെയിനിലും എഴുതി ചേർത്തിട്ടുണ്ട്. എങ്കിലും എന്നാണ് ഈ ട്രെയിനിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നോ എപ്പോഴാണ് പകർത്തിയതെന്നോ വ്യക്തതയില്ല. യുക്രെയ്നിലേക്കുള്ള റഷ്യൻ ആക്രമണത്തിൽ പങ്കെടുക്കുന്ന യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള റഷ്യൻ അനുകൂല സൈനിക വാഹനങ്ങളെ സൂചിപ്പിക്കാനാണ് 'Z' എന്ന അക്ഷരം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സായുധ ട്രെയിൻ വിഡിയോ യുക്രെയ്ൻ റഷ്യ യുദ്ധത്തിനിടെ തന്നെ എടുത്തതാണെന്ന് കരുതാനുമാകും.

യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ മധ്യസ്ഥം വഹിക്കണം; സെലൻസ്‌കി
കീവ്: റഷ്യയും യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കാൻ ഇസ്രയേലിനോട് അഭ്യർത്ഥിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി.

'ഈ യുദ്ധം അവസാനിക്കാൻ ഇസ്രയേൽ മധ്യസ്ഥത വഹിക്കണം. റഷ്യയുമായി കൂടിക്കാഴ്ച നടത്താൻ, സംസാരിക്കാൻ അവസരം ഉണ്ടാവണം. അതിനായി ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി ജറുസലേമിൽ കൂടിക്കാഴ്ചയാവാം.' യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് യുക്രെയ്‌നിന്റെ 1300 സൈനികരാണ്. റഷ്യയിലെ അമ്മമാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. യുദ്ധത്തിൽ പങ്കെടുക്കുന്ന നിങ്ങളുടെ മക്കളെ തിരികെ വിളിക്കുക, അവരുമൊത്ത് നല്ല നിമിഷങ്ങൾ ചെലവഴിക്കുക. അവരെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കുക.'- സെലെൻസ്‌കി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP