Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അടിമകേരളം: ഒരു ഭാവഭൂപടം

അടിമകേരളം: ഒരു ഭാവഭൂപടം

ഷാജി ജേക്കബ്‌

പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ വിമോചകമൂല്യങ്ങൾ കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയമണ്ഡലത്തിൽ സൃഷ്ടിച്ച ഇടിമുഴക്കങ്ങളിലൂടെയാണ് ബ്രാഹ്മണ്യമുഷ്‌ക്കിന്റെയും ജാതിഭോഷ്‌കിന്റെയും കുഴിമാടങ്ങളിൽനിന്ന് കേരളീയ അടിമജാതികളുടെ ഉയിർത്തെഴുന്നേല്പ് സാധ്യമായത്. ഈ ഉയിർത്തെഴുന്നേല്പിന്റെ ഭാവചരിത്രങ്ങളായെഴുതപ്പെട്ടതാണ് മലയാളനോവലിലെ ആദ്യരചന തൊട്ടുള്ള ഒരു വിഭാഗം കൃതികൾ. മിസിസ് കൊളിൻസിന്റെ ഘാതകവധം (Slayer slain, 1859) മുതൽ രാജു കെ. വാസുവിന്റെ പോളപ്പതം (2021) വരെ നീളുന്ന മലയാളനോവലിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും സാമൂഹ്യനിഷ്ഠവും ജീവിതബദ്ധവും ഭാവസമ്പന്നവുമായ രചനകളുടെ ഒരു ധാര ഈ ഉയിർത്തെഴുല്പിന്റെ ജൈവരാഷ്ട്രീയമാണ് കഥാവൽക്കരിച്ചത്. ഒരു ദശകം മുൻപ്, 2011ൽ രാജു എഴുതിയ 'ചാവുതുള്ളൽ' അന്നോളമെഴുതപ്പെട്ട മലയാള ദലിത് നോവലിലെ ഏറ്റവും മികച്ച രചനയായിരുന്നു. 2021ൽ പ്രസിദ്ധീകൃതമായ 'പോളപ്പത'മാകട്ടെ, 'ചാവുതുള്ളലി'ന്റെ ചരിത്രപരമായ തുടർച്ചയും ഭാവുകത്വപരമായ പടർച്ചയും ആഖ്യാനപരമായ വിടർച്ചയും ഒരേസമയം സാധ്യമാക്കുന്ന അസാധാരണമായ ഒരു നോവലാകുന്നു. ചരിത്രവും മിത്തും രാഷ്ട്രീയവും പ്രണയവും ദേശവും ഭാഷയും ജാതിയും മതവും ഊടും പാവും നെയ്ത ദലിത് ജീവിതങ്ങളുടെ സാംസ്‌കാരിക ഭൂപടത്തിൽ മലയാളഭാവനയ്ക്കു കൈവന്ന ഏറ്റവും മികച്ച ഉപലബ്ധികളിലൊന്ന്.

          1880 കൾ മുതൽ 1920 കൾ വരെയായിരുന്നു ചാവുതുള്ളലിന്റെ കഥാകാലപശ്ചാത്തലം. കിഴക്കൻ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളും കാഞ്ഞിരപ്പള്ളി-മുണ്ടക്കയം ഭാഗങ്ങളിലെ തോട്ടം തൊഴിലാളികളുമായിരുന്ന പുലയരുടെ അടിമഗാഥയായെഴുതപ്പെട്ട ആ നോവൽ, ചരിത്രത്തെയെന്നപോലെ മിത്തുകളെയും രാഷ്ട്രീയത്തെയെന്നപോലെ ഭാവനകളെയും ചിറകുവിടർത്തി പടർത്തിയെടുത്ത കൃതിയായിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയെ കാലത്തിന്റെയും ആഖ്യാനത്തിന്റെയും അച്ചുതണ്ടാക്കി മാറ്റി, പുലയരുടെ ആത്മീയജീവിതങ്ങളെ ചരിത്രവൽക്കരിച്ച രചന. കൊളോണിയൽ ആധുനികത റബ്ബർ തോട്ടങ്ങളുടെ നിർമ്മിതിയിലൂടെ കേരളത്തിന്റെ കാർഷിക, സമ്പദ്ഭൂപടത്തെ മാറ്റിവരച്ചതിന്റെയും ആ ഭൂപടനിർമ്മിതിക്കു പിന്നിൽ ഇറ്റുവീണ പുലയർ ഉൾപ്പെടെയുള്ള ദലിതരുടെ ചോരയുടെയും ചരിത്രഗാഥ.

          'പോളപ്പത'ത്തിന്റെ ചരിത്രകാലവും ഇതുതന്നെയാണ്. ഭാവനാഭൂപടം മുഖ്യമായും കാഞ്ഞിരപ്പള്ളിയും. കഥാലോകമാകട്ടെ തികച്ചും ഭിന്നം. അയ്യങ്കാളിയും വില്ലുവണ്ടിസമരവും മാത്രമല്ല പെരിനാട് ലഹളയുൾപ്പെടെ തിരുവിതാംകൂറിൽ നടന്ന സവർണരുടെ ജാത്യതിക്രമങ്ങൾ പലതിന്റെയും പ്രത്യക്ഷ സൂചനകളും 'പോളപ്പത'ത്തിലുണ്ട്. ഒരു പടികൂടി കടന്ന്, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കവും ഒക്ടോബർവിപ്ലവത്തിന്റെ രാഷ്ട്രീയവും 'പോളപ്പതം' നോവലിന്റെ കാലപടങ്ങളാക്കി മാറ്റുന്നു. കാഞ്ഞിരപ്പള്ളി പ്രദേശത്തെ റബ്ബർ തോട്ടങ്ങളുടെ രൂപീകരണം വനജീവികളുടെ ആവാസവ്യവസ്ഥ മുതൽ അടിമജാതികളുടെ ഭക്ഷ്യവ്യവസ്ഥ വരെയുള്ളവയെ തകിടം മറിച്ചതിന്റെ സൂക്ഷ്മചിത്രങ്ങൾ 'പോളപ്പത'ത്തിലുണ്ട്. സി.എം.എസ്. മിഷനറിമാർ മധ്യകേരളത്തിലെ പുലയരും പറയരും മലയരയരും  കുറവരും മറവരുമുൾപ്പെടുന്ന ദലിത് ജാതിവിഭാഗങ്ങളെ മനുഷ്യാന്തസ്സിലേക്കു കൈപിടിച്ചുയർത്തിയതിന്റെ അസാധാരണമായ ഡോക്യുമെന്റേഷനാണ് 'പോളപ്പതം' എന്നുപോലും പറയാം. സവർണ ഹിന്ദുക്കൾക്കൊപ്പം സുറിയാനി ക്രിസ്ത്യാനികളും പുലർത്തിപ്പോന്ന ജാതിവെറിയുടെ നെറികേടുകളാണ് 'പോളപ്പത'ത്തിന്റെ രാഷ്ട്രീയ ഭൂമിക. പറയരും പുലയരും തമ്മിൽ നിലനിന്ന ജാതിവൈരത്തിന്റെയും അയിത്താചാരങ്ങളുടെയും സംഘർഷങ്ങളും പോളപ്പതത്തിലുണ്ട്. ചരിത്രമില്ലാത്ത ജനതകളുടെ ഭൂതകാലങ്ങൾ മിത്തുകൾകൊണ്ടു പൂരിപ്പിക്കുന്ന ആഖ്യാനകലയും മാജിക്കൽ റിയലിസത്തിന്റെ മായികഭാവനയും മിഷനറിചരിതങ്ങളുടെ മൂലത്തെ വെല്ലുന്ന പകർപ്പുകളും പറയ, പുലയ ഭാഷാസമ്പത്തിന്റെ നൂറുകണക്കിന് രൂപമാതൃകകളും പോളപ്പതത്തെ വേറിട്ടുനിർത്തുന്നു. ഘാതകവധം തൊട്ടുള്ള മിഷനറി നോവലുകളും വർത്തമാനപത്രങ്ങളും പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസ്റ്റ് പ്രസ്ഥാനങ്ങളും ഒരുപോലെ ഏറ്റെടുത്ത ദലിതരുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ വൈജ്ഞാനികപാഠങ്ങൾ തിരുവിതാംകൂറിന്റെ സ്ഥൂലപശ്ചാത്തലത്തിലും കാഞ്ഞിരപ്പള്ളിയുടെ സൂക്ഷ്മ പശ്ചാത്തലത്തിലും പോളപ്പതം പുനഃസൃഷ്ടിക്കുന്നു. എത്രയെത്ര നൂറ്റാണ്ടുകളായി വനവാസികളും പിന്നീട് അടിമജാതികളുമായി ജീവിച്ച പറയരും പുലയരും ഉൾപ്പെടെയുള്ള കീഴാളരുടെ ആധുനികീകരണത്തിന്റെ ബാഹ്യവും ആന്തരവുമായ സംഘർഷങ്ങളുടെ നോവൽപാഠമാണ് പോളപ്പതം. ഭൗതികവും ആത്മീയവുമായ ജീവിതമണ്ഡലങ്ങളിൽ അവർ കുടിവച്ചുപോന്ന അനുഭവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സൂക്ഷ്മചരിത്രപാഠവും. നിസംശയം പറയാം, അടിമകേരളത്തിന്റെയും ജാതികേരളത്തിന്റെയും ഭാവഭൂപടങ്ങളെന്ന നിലയിൽ എഴുതപ്പെട്ടിട്ടുള്ള ദലിത് നോവലുകളുടെ മലയാളവഴിയിൽ രൂപംകൊണ്ട ഏറ്റവും മൗലികമായ രചനകളിലൊന്നാണ് പോളപ്പതം. ടി.കെ.സി. വടുതലക്കും സി. അയ്യപ്പനും നാരായനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയനായ ദലിത് എഴുത്തുകാരൻ രാജു കെ. വാസുവാകുന്നു.

അയൽവാസികളും കുടികിടപ്പുകാരും തോട്ടം പണിക്കാരുമായ രണ്ട് അടിമകുടുംബങ്ങളുടെ കഥയാണ് സാമാന്യമായി പറഞ്ഞാൽ പോളപ്പതം. ചരിത്രപരമായി അടിമത്തം നിരോധിക്കപ്പെട്ടിരുന്നു, അക്കാലമാകുമ്പോഴേക്കും എന്നത് വസ്തുതയാണ്. പക്ഷെ അനുഭവപരമായി അതൊരു മൂർത്തയാഥാർഥ്യം തന്നെയായിരുന്നു. പുലയജാതിയിൽപെട്ട ഉലകിയും ഭർത്താവ് ചെമ്പനും മക്കൾ കടുത്തയും മൈലിയും കുട്ടായിയും. പറയജാതിയിൽപെട്ട ചിന്നായിയും ഭർത്താവ് മകരനും മകൾ അണിമയും. ജാതിവ്യത്യാസങ്ങൾമൂലം സാമാന്യമായ അയിത്തങ്ങൾ പലതും പരസ്പരം നിലനിർത്തിപ്പോന്നിരുന്നു അവർ. ഉലകിയിലും ചിന്നായിയിലുമാണ് നോവൽ ആരംഭിക്കുന്നത്. എന്നുമാത്രവുമല്ല, ആഖ്യാനത്തിൽ ആണുങ്ങളെക്കാൾ ജീവിതത്തെളിമയും ലൗകികാർജ്ജവവും മുറ്റിനിൽക്കുന്ന കർതൃപദവി നോവലിലുടനീളം ദൃശ്യമാകുന്നതും പെണ്ണുങ്ങൾക്കാണ്. ഉലകിയിലും ചിന്നായിയിലും മൈലിയിലും അണിമയിലും സൂസനിലും മാത്രമല്ല പോളപ്പതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉപകഥയായി വികസിക്കുന്ന കോതയുടെ കാര്യത്തിലും ഇതിങ്ങനെതന്നെയാണ്.

ആണുങ്ങൾ തോട്ടങ്ങളിൽ കൂലിപ്പണിക്കു പോകും. പെണ്ണുങ്ങൾ വീട്ടിലിരുന്ന് കുട്ടയും മുറവും പായും നെയ്യുകയും വീട്ടുജോലികൾ എടുക്കുകയും ചെയ്യും. രണ്ടു കുടുംബങ്ങൾക്കും നോവൽ കല്പിച്ചുനൽകുന്ന ചില ഭൂതകാലങ്ങളുണ്ട്. അതീതങ്ങളുടെ കനംപേറുന്ന ഗോത്രായനങ്ങൾ. കാലദേശങ്ങളിലൂടെ സംഭവിച്ച പുറപ്പാടുകളിൽ പുഴയും കായലും കടന്ന് കാടും മേടും കയറി കാഞ്ഞിരപ്പള്ളിയിലെത്തിയവരുടെ കുടുംബപുരാണങ്ങൾ. കൊച്ചീരാജാവിന്റെ അടിമയായിരുന്നു കതിരൻ. നാടുവിട്ട് കൊടും വനത്തിലെത്തി ആനകളുടെ ഉറ്റതോഴനായി മാറിയ കതിരന് പെനതയിലുണ്ടായ മകളാണ് ഉലകി. കാടുതെളിക്കാൻ കൂട്ടുനിന്ന കതിരനെ കാട്ടാനകൾ തന്നെ ചവിട്ടിക്കൊന്നു.

'ചാക്കോയുടെ കൂടെ പാലായിലെത്തിയ കതിരൻ ഒരു സത്യം കണ്ടെത്തി. ദേഹത്തെ ചെമ്മീൻ തോടുകൾ പൊളിഞ്ഞുപൊക്കൊണ്ടിരിക്കുന്നു. ആളുകൾക്ക് അവനെ കാണുന്നതുതന്നെ പേടിയായി. ആളുകളിൽ നിന്ന് അകന്ന് അവൻ കാടുകയറി. അതിനിടയിൽ ഒഴുക്കിൽ പെട്ട ഒരു കാട്ടാനക്കുട്ടിയെ നിസ്സഹായരായി നോക്കിനിന്ന കാട്ടാനക്കൂട്ടങ്ങൾക്കു മുമ്പിൽവെച്ചു കതിരൻ രക്ഷിച്ചു. ആനകൾ പോയികഴിഞ്ഞപ്പോൾ കരയ്ക്കു കയറി ഒരു പാറപ്പുറത്തു ക്ഷീണംകൊണ്ട് ഉറങ്ങി. എന്തോ ദേഹത്തു മുട്ടിയതറിഞ്ഞ് ഉണർന്ന കതിരൻ കണ്ടത് ഒരു വാഴയാണ് അതിന്റെ അറ്റത്തു പഴുക്കാൻ തുടങ്ങിയ കുലയും. അതവിടെ വെച്ചിട്ട് ആനകൾ പിന്തിരിഞ്ഞു നടന്നു. പിന്നെ അവൻ എവിടെ പോയാലും അവനു ചുറ്റും ആനകളുണ്ടായിരുന്നു. അങ്ങനെ ആനകൾക്കിടയിലൂടെ പേടിയില്ലാതെ നടന്നു. കതിരന്റെ ദേഹത്തെ തോടുകൾ നിശ്ശേഷം പോയി. ഇനി ആളുകൾക്കിടയിലേക്കു ചെല്ലാം എന്നൊരു ധൈര്യം അവനുണ്ടായി. പക്ഷേ, എന്തു പറഞ്ഞു ചെല്ലും.

ആനകൾതന്നെ അതിനും വഴിയുണ്ടാക്കി. കൈതോല വെട്ടാൻ പോയ പെനതയെ ആനകൾ ചിന്നം വിളിച്ചു പേടിപ്പിച്ചു. ഓട്ടത്തിനിടയിൽ കല്ലിൽ തടഞ്ഞുവീണ് ഓടാൻ കഴിയാതായപ്പോൾ ദൈവദൂതനെപ്പോലെ കതിരൻ അവളെ പിടിച്ചുയർത്തി. കണ്ണുയർത്തി നോക്കിയപ്പോൾ ആനകൾ അവർക്കു ചുറ്റും. അവൾ ബോധം കെട്ടു പോയി. അവളെയുമെടുത്ത് ഒരുപാടു നോക്കിയറിഞ്ഞുവെച്ച വഴികളിലൂടെ കതിരൻ ആളുകൾക്കിടയിലെത്തി. പിന്നെ ചരിത്രം കതിരനെ ആ നാട്ടുകാരനായി കണ്ടു. ആനക്കതിരൻ എന്നു പേരും കൊടുത്തു.

കാടു തെളിക്കാൻ കൂട്ടു നിന്ന കതിരനെ ആനകൾ കൈവിട്ടു. കോതയുടെ മരണം അവന്റെ  സമനില തെറ്റിച്ചു. അടുത്ത രണ്ടു ദിവസം അയാൾ പണിക്കിറങ്ങിയില്ല. പാറയുടെ താഴെ കോതയുടെ ശരീരം തിരഞ്ഞു നടക്കുകയായിരുന്നു. എവിടെയെങ്കിലും കുഴിച്ചിട്ട് കർമ്മം ചെയ്തില്ലെങ്കിൽ അവളുടെ ചാവ് അലഞ്ഞു തിരിഞ്ഞു നടക്കില്ലേ. അയാൾക്ക് ഒരു പൊടിപോലും കണ്ടെത്താനായില്ല. കിട്ടുന്ന പണിക്കാശു മുഴുവൻ മന്നത്തു തീർത്തിട്ട് അയാൾ അലഞ്ഞു തിരിഞ്ഞു നടന്നു. വല്ലപ്പോഴുമാണ് കുടിയിൽ എത്തിയിരുന്നത്. കുടിയിലെത്തിയാൽ ഉലകിയെ തലോടിക്കൊണ്ടിരിക്കും. അവസാനം പൊട്ടിക്കരഞ്ഞു കിടന്നുറങ്ങും. വേലത്താന്മാർ പലരും പഠിച്ച വേലയെല്ലാം ചെയ്തിട്ടും  കതിരനിൽ യാതൊരു മാറ്റവും ഉണ്ടായില്ല. അവസാനം കുറുമ്പനായ ഒരൊറ്റയാനാണ് കള്ളുകുടിച്ചു വഴിതെറ്റി വന്ന കതിരനെ ചവിട്ടി കൊന്നത്. ആളുകൾ വരുന്നതുവരെ കതിരനു ചുറ്റും മറ്റ് ആനകൾ ചിന്നം വിളിച്ചു കരഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു.'.

          

പറയരുടെ കാണപ്പെട്ട ദൈവമായിരുന്ന കൊലവമ്മൂപ്പന്റെ കൊച്ചുമകനാണ് മകരൻ. കാടരുമായി ചങ്ങാത്തം കൂടി വൈദ്യത്തിലും മന്ത്രവാദത്തിലും മഹാസിദ്ധികൾ സ്വന്തമാക്കിയ മൂപ്പന് ഒരിക്കൽ ഒരപകടം പിണഞ്ഞു. അന്നയാളെ കാത്തതും രക്ഷിച്ചതും കാടരുമ്മൂപ്പനാണ്. മേഘമലക്കാട്ടിലെ ഊരുമൂപ്പന്റെ മകനായിരുന്ന മാരിമുത്തുവാണത്. തിരുവിതാംകൂർ ശബരിമല കയ്യടക്കുംവരെ കൊടും കാട്ടിൽ തിരുവിള വിളക്കു കത്തിച്ചിരുന്ന ഗോത്രത്തിലെ അംഗം. ഈ വിളക്കു കത്തിക്കലാണ് ശബരിമലയിലെ വരുമാനം കൂട്ടാനായി നാട്ടുസർക്കാർ മകരവിളക്കാക്കി മാറ്റിയത്. ഈ ചരിത്രസംഭവത്തെ മാരിമുത്തുവിന്റെ അസാമാന്യമായ ജീവിതകഥയോടിണക്കി പുനരാവിഷ്‌ക്കരിക്കുന്നു, നോവൽ. രാജകൊട്ടാരത്തിലെ ഇളമുറക്കാരനെ കൊടും വനത്തിൽ പുലികളിലും കടുവയിലും നിന്നു കാത്തുരക്ഷിച്ച മാരിമുത്തുവിനെ നാട്ടിൽ കൊണ്ടുപോയി ഉന്നതസ്ഥാനത്തു നിയമിക്കാൻ തമ്പുരാൻ തീരുമാനിക്കുന്നതോടെ അസൂയപെരുത്ത കാര്യക്കാരൻ മാരിമുത്തുവിനെ അച്ചൻകോവിലാറ്റിലെ കൊടും കയത്തിൽ കല്ലുകെട്ടിത്താഴ്‌ത്തി. പക്ഷെ അവിടെ നിന്നും രക്ഷപെട്ട മാരിമുത്തു മരണം വരെ അജ്ഞാതവാസം നയിക്കുകയും കാടരുമൂപ്പനായി മാറുകയും ചെയ്തു. കൊലവമ്മൂപ്പന് മാത്രമറിയാമായിരുന്ന ആ രഹസ്യം അയാൾ ഒരിക്കലും പുറത്തുപറഞ്ഞില്ല.

''വെടിവെക്കരുത്. ആരെങ്കിലും കേട്ടറിഞ്ഞ് ഇളമുറക്കാരന്റെ ചെവിയിലെത്തും. പിന്നൊരു കാര്യം വെള്ളം നനഞ്ഞാൽ അവന്റെ ശക്തി പോകും അതുകൊണ്ട് കൊന്നു പുഴയിലെറിയുക'.

അയാൾ തിരിഞ്ഞു നടന്നു. തോക്ക് ഉപയോഗിക്കാൻ കഴിയാത്തതിൽ കാര്യക്കാരനു നിരാശതോന്നി. പക്ഷേ, ഗുരുസ്വാമി പറഞ്ഞതു നന്നായി. തിരിയെ ചെല്ലുമ്പോൾ ആളും വാളും കണക്കുകൊടുക്കേണ്ടതാണ്. അവർ മാരിമുത്തുവിനേയും കൂട്ടി കാട്ടിലേക്കു പോയി. അച്ചൻകോവിലാറിന്റെ തീരത്ത് ഇല്ലിക്കാടുകൾ തിങ്ങിവളരുന്ന ഭാഗത്ത് ഒരു പാറപ്പുറത്ത് അവർ എത്തി, കാര്യക്കാരൻ ആറ്റിലേക്കു നോക്കി. ഏതാണ്ടു നാലാൾ താഴ്ചയിൽ ഒരു കയമാണ്. മറുകരയിൽ ആരുമില്ല എന്നുറപ്പു വരുത്തിയിട്ട് അവനോടു പറഞ്ഞു:

          

'നീയിപ്പോത് ക്ഷത്രിയൻ താൻ. ആനാൽ ഉനക്ക് എവ്വളവ് ധൈര്യമിറുക്ക് എന്ന ശോധനൈ ചെയ്യ വേണ്ടും'.

          'എതുക്ക്'.

          'ഇളവരചനക്ക് ഉന്നെ നല്ലാ പുടിച്ചിറക്ക്'.

          കാര്യക്കാരൻ ഭാണ്ഡത്തിൽനിന്ന് ഒരു കയറെടുത്ത് വാൾക്കാർക്കു കൊടുത്തു. അവർ അവന്റെ കൈകൾ ശരീരത്തോടു ചേർത്തു കെട്ടി. ഒരു കാറ്റ് ഇല്ലിക്കാടുകളിൽ കലമ്പലുണ്ടാക്കി. പിന്നെ അത് ശക്തി പ്രാപിച്ചു. ഇല്ലിമുളകൾ വളഞ്ഞു നിലത്തു കുത്തി ഇളകിയാടി. അവർ ആകാശത്തു നോക്കി മഴയുടെ ലക്ഷണം ഒന്നും കാണുന്നില്ല. കാര്യക്കാരൻ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ ഒരു വാൾക്കാരന്റെ വാളു വാങ്ങി. കാറ്റിന്റെ ഹുങ്കാരം ഭയാനകമാകും വിധം വർദ്ധിച്ചു. വാൾക്കാർ വാളകലത്തിൽ മാറിനിന്നു. കാര്യക്കാരൻ കുതിരയെ ഇടത്തേക്കു തിരിച്ചു നിർത്തി. വാളുയർത്തി മാരിമുത്തുവിന്റെ കഴുത്തിനു നേരേ വീശി. കാറ്റിന്റെ ശക്തിയിൽ നിലം മുട്ടിയ ഒരു ഇല്ലിമുള പെട്ടെന്നു ദിശതെറ്റി ഉയർന്നുവന്നു കാര്യക്കാരന്റെ കൈയിലെ വാളു തട്ടിത്തെറിപ്പിച്ച് കുറച്ചകലെ നിൽക്കുന്ന മുള്ളിലവിന്റെ മണ്ടയിലെത്തിച്ചു. വാളുപോയ വാൾക്കാരൻ നിലവിളിച്ചുപോയി. മറ്റുള്ളവർ വാളിൽ കൈവെച്ചു. പൊള്ളലേറ്റവർ ഞെട്ടി. ശിക്ഷകളിനിയും കാര്യക്കാരന്റെ പക്കൽ ബാക്കിയുണ്ട്. തോക്കെടുത്തു മാരിമുത്തുവിനു നേരേ ചൂണ്ടി അനങ്ങിപ്പോകരുതെന്ന് ആജ്ഞാപിച്ചിട്ട് വാൾക്കാരോടു രണ്ടു മൂന്നു കല്ലുകൾ തുണിയിൽ പൊതിഞ്ഞ് മാരിമുത്തുവിന്റെ കഴുത്തിൽ കെട്ടിത്തൂക്കാൻ പറഞ്ഞു. പേടിയുണ്ടെങ്കിലും കാര്യക്കാരൻ പറഞ്ഞാൽ ചെയ്തില്ലെങ്കിൽ രാജ്യദ്രോഹമാകും. അതുകഴിഞ്ഞപ്പോൾ കാര്യക്കാരൻ മാരിമുത്തുവിനോട് പറഞ്ഞു:

 'നീയേ കുതിക്കിതാ അല്ലതു നാങ്കളെ തള്ളി പോടണമാ'.

'നാനേ കുതിക്കിറേൻ. ആനാൽ തലയിലേ ഒരു തുണി പോട്. പയമാവുതു'.

അപ്പോൾ പേടിച്ചിട്ടെന്നപോലെ കാറ്റ് നിലച്ചു.

കാര്യക്കാരൻ ഭാണ്ഡത്തിൽ തപ്പി. കമ്പിളിപ്പുതപ്പ് രാത്രിയിൽ ആവശ്യമുണ്ട്. തപ്പിത്തപ്പി ഒരു ചുവന്ന പട്ടുതുണിയെടുത്തു. ഒരു നല്ല കാര്യത്തിനല്ലേ. പോകട്ടെ. ഒരു വാൾക്കാരൻ അതു മാരിമുത്തുവിന്റെ തലയിൽ ഇട്ടു. കെട്ടാൻ തുടങ്ങിയപ്പോൾ മാരിമുത്തു പറഞ്ഞു പോതും.

എല്ലാവരും നോക്കിനിൽക്കെ മാരിമുത്തു കയത്തിലേക്കു ചാടി. കല്ലുകളുടെ ഭാരംകൊണ്ട് തലകുത്തി വെള്ളത്തിൽ പതിച്ചു. തലയിൽനിന്നു വേർപെട്ട തുണി പറന്നിറങ്ങി വലിയൊരു ചുകപ്പൻ കുമിളപോലെ വെള്ളത്തിൽ പൊങ്ങിക്കിടന്നു. വെള്ളത്തിനടിയിൽ നിന്നു പൊങ്ങിവന്ന കുമിളകൾ അവസാനിച്ചു. അവർ കുറേനേരം കൂടി കാത്തു. വലിയ കല്ലുകൾ വലിച്ചെറിഞ്ഞു നോക്കി. അനക്കമൊന്നുമില്ല. കല്ലുകൾ വീണ ഓളത്തിൽ ചുകപ്പൻ കുമിള ഒഴുകിപ്പോയി. കാര്യക്കാരൻ പൊട്ടിച്ചിരിച്ചു. മറ്റുള്ളവർ ചിരിച്ചെന്നു വരുത്തി. പിന്നെ അവർ മുള്ളിലവിൽ തങ്ങിനിൽക്കുന്ന വാള് എറിഞ്ഞുവീഴ്‌ത്താൻ നോക്കി. കൊഴി വെട്ടിയെറിഞ്ഞു. വാള് അനങ്ങുന്നില്ല. ഒരു നാഴിക കഴിഞ്ഞപ്പോൾ അവരുടെ ആശയറ്റു. കാര്യക്കാരൻ ചുറ്റും നോക്കി. കാട് കരിമ്പടം പുതച്ചുകഴിഞ്ഞു.

 

'വാ. പോകാം. ഇരുട്ടായി. വാള് അവൻ കൊണ്ടുപോയെന്നു പറയാം'.

മടങ്ങുന്ന വഴിയിൽ കുതിര വേഗമെടുത്തു. കാര്യമെന്തെന്നറിയാതെ കാര്യക്കാരൻ കടിഞ്ഞാണിൽ അള്ളിപ്പിടിച്ചിരുന്നു. കാര്യക്കാരനെ കാണാതെ തിരഞ്ഞുവന്ന കുതിരക്കാർ പാഞ്ഞുവരുന് കുതിരയുടെ കുളമ്പടികൾക്കു പിന്നിൽ കാടിന്റെ വന്യതയിലേക്ക് അലിഞ്ഞുപോകുന്ന നിലവിളികൾ കേട്ടു.

സമയം തെറ്റി വിളക്കേറ്റിയതിന്റെ പിറ്റേന്നു മുതൽ സൂര്യൻ കത്തിജ്വലിച്ചു. കാട്ടുതീ പടർന്നു. കാട്ടുമൃഗങ്ങൾ ചത്തു. ഭൂമിയിലെ വെള്ളം വാർന്നു വറ്റി. പുല്ലും ചെടികളും മരങ്ങളും കരിഞ്ഞുണങ്ങി. പിന്നത്തെ മഴയ്ക്കു കട്ടി കുറഞ്ഞു. മൂപ്പനും കൂട്ടരും ഊരുവിട്ടു പോയി. പക്ഷേ, പിന്നെയും ഭക്തജനങ്ങൾ ശബരിമല സന്നിധാനത്തിൽ നിന്ന് മകരജ്യോതി കണ്ടു സായൂജ്യമടഞ്ഞു മലയിറങ്ങിക്കൊണ്ടിരുന്നു.

കൊലവനു പക്ഷേ, അതായിരുന്നില്ല രഹസ്യമായി സൂക്ഷിക്കേണ്ടത്. രാജകിങ്കരന്മാരുടെ കണ്ണിൽപെടാതെ, കേൾവിവട്ടത്തിൽ പെടാതെ കാത്തുരക്ഷിക്കേമ്ടുന്ന രഹസ്യം മധുര പക്കത്തിലെ കൊടും കാട്ടിലെ ഊരുമൂപ്പൻ മാരിമുത്തു ആണെന്ന കാര്യമാണ്.

 കരിമലയിലെ ആനച്ചാലുകൾ വഴി കരിമ്പാറകൾക്കു മുകളിൽ കയറി നിന്ന് മൗനശിലകളിലുറങ്ങുന്ന മഹായാനങ്ങളെ വല്യമ്മനും അമ്മനും ശേഷം തുടികൊട്ടി ഉണർത്തി കൊലവൻ. മരിച്ചുപോയ പിതാക്കന്മാരുടെ ചാവുകൾ കണ്ണുതുറന്ന് കോടമഞ്ഞിന്റെ ചിറകുകളിൽ കൊലവനു ചുറ്റും നൃത്തം ചെയ്തു'.

          ഉലകിയുടെയും ചിന്നായിയുടെയും കുടുംബക്കാർ തമ്മിലടുത്തു. അമ്മമാരെന്നപോലെ പെൺമക്കളും ഉറ്റ കൂട്ടുകാരായി. അണിമയെ കടുത്ത പ്രണയിക്കുന്നു. സി.എം.എസ്. മിഷനറിമാർ ക്രിസ്തുമതത്തിൽ ചേർത്തു പഠിപ്പിച്ച തോമസ് സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനായി വന്നതോടെ കാഞ്ഞിരപ്പള്ളിയിലെ പുലയരുടെയും പറയരുടെയും ജീവിതം ഗതിമാറിയൊഴുകാൻ തുടങ്ങി. പള്ളിക്കൂടങ്ങളിൽ അടിമജാതി വിദ്യാർത്ഥികളോടുള്ള സവർണജാതി അദ്ധ്യാപകരുടെ വിവേചനപരമായ പെരുമാറ്റത്തിനെതിരെ തോമസ് മാഷ് ശബ്ദിക്കുന്നു. സവർണ ഹിന്ദുക്കളും സുറിയാനി ക്രിസ്ത്യാനികളും മാഷിനെതിരായിരാകുന്നു. കോട്ടയത്തുപോയി ഇംഗ്ലീഷ് പഠിക്കുന്ന മാഷ് കടുത്തയെ ഒപ്പം കൂട്ടുകയും അവന്റെ വീട്ടിൽ താമസിക്കാനെത്തുകയും മൈലിയെയും അണിമയെയും കീഴാളക്കോന്തകളിലെ മറ്റു കുട്ടികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കൊപ്പം നടക്കുന്ന മറ്റൊരു സാമൂഹിക മാറ്റം ക്രിസ്തുമതസ്വീകാരത്തിന്റേതാണ്. സി.എം.എസ്. മിഷനറിമാരും ബ്രിട്ടീഷുകാരായ തോട്ടമുടമകളും ഇക്കാര്യത്തിൽ അടിമജാതികൾക്കൊപ്പമായിരുന്നുവെങ്കിലും ഭൂവുടമകളും നാട്ടുകാരുമായ സുറിയാനി ക്രിസ്ത്യാനികൾ പുലയരെയും പറയരെയും തങ്ങൾക്കു തുല്യരായി പരിഗണിക്കാൻ തയ്യാറായില്ല. അവർ നെടിയ പാരമ്പര്യത്തിന്റെയും നായന്മാരെക്കാൾ മേലെയാണ് തങ്ങൾ എന്ന ജാതിപദവിയുടെയും കഥകൾ പറഞ്ഞുനടന്നു. മത്തായി തമ്പ്രാന്റെ കഥ പ്രത്യക്ഷോദാഹരണമാണ്.

'മത്തായിയുടെ പൂർവികർ എവിടെനിന്നു വന്നെന്നോ എന്നാണ് എങ്ങനെയാണ് ക്രിസ്ത്യാനി ആയതെന്നോ ആർക്കും നിശ്ചയമില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിലക്കൽ വക്രപ്പുലി പെരുമ്പാറ്റയുടെ ആക്രമണത്തിൽ ഉമ്മയുടെ തിരുരൂപവും ചുമന്നുകൊണ്ട് ഓടിയ കൂട്ടത്തിൽ മത്തായിയുടെ കുടുംബത്തെ കണ്ടവരാരുമില്ല. സകല കുടുംബചരിത്രങ്ങളിലും ഇങ്ങനെയൊരു കുടുംബത്തെക്കുറിച്ച് പറയുന്നുമില്ല. അടുത്ത കാലത്ത് മത്തായിയുടെ കുടുംബക്കാരും കുടുംബചരിത്രം എഴുതാൻ തുടങ്ങിയിരിക്കുന്നു. അവരുടെ അപ്പനപ്പൂപ്പന്മാരെല്ലാം പരിശ്രമശാലികളും പള്ളിവക ഭണ്ഡാരത്തിൽ ചാക്കു കണക്കിനു ബ്രിട്ടീഷ് രൂപ നിക്ഷേപിച്ചവരുമാണ്. പള്ളിമുറ്റത്തെ കുരിശിന്റെ ചുവട്ടിൽ വീണ ചാണകം സ്വന്തം കൈകൊണ്ടു വാരിക്കളയുന്നവരുമാണ്. അവരുടെ സകല അമ്മമാരും അമ്മൂമ്മമാരും ഗുണവതികളും സ്‌നേഹ സമ്പന്നകളുമാണ്. കാഞ്ഞിരപ്പള്ളി കച്ചയിൽ അരിപ്രാവിന്റെ തൂവലുകൾ പോലെ അടുക്കിട്ടുടുത്ത് ചട്ടയും തലയിൽ നേര്യതും പുതച്ച് എല്ലാ ഞായറാഴ്ചയും കടമുള്ള തിരുനാളുകളിലും പള്ളിയിൽ പോയി മുട്ടുകുത്തിയിരുന്നു സുറിയാനി കുർബ്ബാന കേട്ട് ഒന്നും മനസ്സിലാകാതെ ഉറങ്ങുന്നവരും അപ്പവും വീഞ്ഞും വാഴ്‌ത്തുന്നതിനു തൊട്ടു മുമ്പുള്ള ഉണർത്തുമണികേട്ടു മടികൂടാതെ ഉണർന്ന് ആമേൻ പറയുകയും കുർബ്ബാന സ്വീകരിക്കുകയും ചെയ്യുന്നവരായിരുന്നു. അവരുടെ ആൺമക്കൾ പിതാക്കന്മാരെ പോലെ പരിശ്രമശാലികളും ദിവസവും കള്ളിന്റെകൂടെ കാളയുടെ ഒരു കൊറകുതന്നെ അകത്താക്കുന്നവരുമായിരുന്നു. കടമുള്ള തിരുനാളുകളിൽ പള്ളിയിൽ പോകുകയും കുമ്പസാരിച്ചു കുർബ്ബാന കൈകൊള്ളുകയും ചെയ്യുന്നവരാണ്. അവരുടെ പെങ്കുട്ടികൾ സുന്ദരികളും സുശീലകളും പൊട്ടു കുത്താത്തവരുമായിരുന്നു. 52-ൽ തോമാശ്ലീഹാ നേരിട്ട് ആനാം വെള്ളം തളിച്ചു ക്രിസ്ത്യാനിയാക്കിയവരാണ് ബ്രാഹ്മണ്യത്തിന്റെ അദൃശ്യപ്രഭാവം അവകാശപ്പെട്ടിരുന്നില്ല. കണ്ടാലൊട്ടു പറയുകയുമില്ല.

മത്തായിയുടെ തറവാട്ടിൽ മറ്റ് ആഢ്യന്മാരെപ്പോലെ കാഞ്ഞിരപ്പള്ളി ഇടത്തിൽനിന്നു മഹാരാജാവ് കനിഞ്ഞുനൽകിയിട്ടുള്ള സ്ഥാനം വഹിച്ചവരും (മിക്കതും താവഴിയായി) ഉണ്ടായിരുന്നു. അതിപ്പം എല്ലാ ക്രിസ്ത്യാനികളും ഏറ്റെടുക്കുകയോ പരസ്പരം ചാർത്തി കൊടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവരും ഇപ്പോൾ മഹാപിള്ളമാരായി മാപ്പിളമാരായി. മാപ്പിളമാരെല്ലാം ക്രിസ്ത്യാനികളാണെങ്കിലും ക്രിസ്ത്യാനികളെല്ലാം മാപ്പിളമാരല്ല. ബ്രാഹ്മണ്യം വിളമ്പുന്ന മാപ്പിളമാരായ ക്രിസ്ത്യാനികളെ തിരിച്ചറിയാൻ അവർ ഹിന്ദു മഹാപിള്ളമാരെപ്പോലെ തലമുടി നീട്ടി വളർത്തി കൊണ്ടകെട്ടുകയും അതിൽ സ്വർണ്ണക്കുരിശുരൂപം കൊളുത്തിവെക്കുകയും കാഞ്ഞിരപ്പള്ളി കച്ചയുടുത്ത് എടത്താളം കെട്ടി ഉടവാളില്ലാത്തവൻ ഒരു കൊച്ചു പിച്ചാത്തിയെങ്കിലും എളിയിൽ തിരുകി നടക്കും.

കുടുംബചരിത്രങ്ങളുടെ ഏടുകളിൽപോലും അന്നാട്ടിലെ പെലേരേം പറേരേം കയറ്റിയില്ല. അതൊക്കെ വായിച്ചാൽ കാഞ്ഞിരപ്പള്ളി കരയിൽ അഭയം തേടിയെത്തിയ ക്രിസ്ത്യാനികൾപോലും കഠിനാദ്ധ്വാനം ചെയ്യുമ്പോൾ പെലേരും പറേരുമൊക്കെ കാണാമറയത്ത് സസന്തോഷം വാഴുകയായിരുന്നു എന്നു തോന്നും. മാർത്താണ്ഡവർമ്മയുടെ പടയോട്ടങ്ങൾക്കൊടുവിൽ തെക്കുംകൂറിനെ തിരുവിതാംകൂറിൽ ചേർത്തപ്പോൾ അതുവരെ ചങ്ങനാശ്ശേരി മണ്ഡപത്തിൻ വാതുക്കൽ കാഴ്ചകളും കരം പിരിഞ്ഞതിന്റെ ബാക്കിയുമായി കാത്തുകിടന്നവർ ചുവടുമാറ്റി ചവിട്ടി. ഇടത്തിപറമ്പും മഠത്തിപറമ്പും ഇടിച്ചുനിരത്തി അതിന്റെ നെഞ്ചത്തൂടെ മൂന്നടി വഴിവെട്ടി കാളയെയും കഴുതയെയും പൊതിമാടുകളെയും നടത്തിച്ചപ്പോൾ തരകന്മാരും മഹാപിള്ളമാരും തരകന്മാരും മഹാപിള്ളമാരുമായി തുടർന്നു. അവരെ തൊടുന്നതും കാണുന്നതും കാണില്ലെങ്കിലും പുസ്തകങ്ങളിൽ എഴുതുന്നതുപോലും തീണ്ടലായിരുന്നു.

          പക്ഷേ, പുലയരാദി പുറംജാതികളുടെ ചരിത്രം ചാളകളിൽ, നാലും കൂട്ടിയ മുറുക്കിത്തുപ്പലുകൾക്കിടയിൽ തലമുറ കൈമാറിക്കൊണ്ടിരുന്നു. മന്നത്തെ പെലചെരട്ടകളിൽ നുരഞ്ഞുപൊന്തിക്കൊണ്ടിരുന്നു. അവരുടെ ശരീരത്തിലെ ഉപ്പു വീണ ഭൂമിയിൽ മുളച്ച പുല്ലുപോലും ചരിത്രസത്യങ്ങൾ നിഗൂഹനം ചെയ്യപ്പെട്ട പാട്ടുകൾ കേട്ടു തലയാട്ടി. മിഴിതുറന്ന താരങ്ങളും വിജൃംഭിച്ച ചന്ദ്രനും തഴുകി തലോടി കടന്നുപോയ കാറ്റും അതേറ്റു പാടി. ചേക്കേറിയ പക്ഷികൾ അതു കേട്ടുപഠിച്ച് മനപ്പാഠമാക്കി. നാളത്തെ പുലരിയിൽ പാടാൻ'.

          തോമസ് മാഷിനെപ്പോലുള്ളവർ അയ്യങ്കാളിയെയും പൊയ്കയിൽ യോഹന്നാനെയും മാതൃകയാക്കി പ്രധാനമായും നാല് സാമൂഹിക ഇടപെടലുകൾക്കായാണ് തങ്ങളുടെ ജീവിതം വിനിയോഗിക്കുന്നത്. പറയരും പുലയരും തമ്മിലുള്ള ആന്തര അയിത്തം അവസാനിപ്പിക്കുക, അവരുടെ പെണ്ണുങ്ങൾക്ക് മാറുമറയ്ക്കാൻ അവകാശം നൽകുക, മുഴുവൻ കീഴാള, അടിമ ജാതികൾക്കും ആധുനിക വിദ്യാഭ്യാസം നൽകുക, ക്രിസ്തുമതത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക എന്നിങ്ങനെ. പോളപ്പതത്തിന്റെ ചരിത്രരാഷ്ട്രീയം ഈ നാല് സമീപനങ്ങളെയും ഏകീകരിക്കുന്നത്, അതിന്റെ നിർവാഹകത്വം പൂർത്തീകരിക്കുന്നത് തോമസ് മാഷിലൂടെയാണ്. സവർണ ഹിന്ദുക്കളുടെ അഭാവം മൂലം കാഞ്ഞിരപ്പള്ളിയിൽ ജാതിഹിന്ദുത്വം അത്രമേൽ ദൃശ്യവും പ്രകടവുമായിരുന്നില്ല. ആ വിടവ് സുറിയാനി ക്രിസ്ത്യാനികൾ നികത്തി!

മേല്പറഞ്ഞ ഓരോ സാമൂഹ്യമാറ്റത്തിന്റെയും സാമാന്യമായ സാക്ഷാത്കാരം നോവലിൽ സാധ്യമാകുന്നു. അണിമയും മൈലിയുമൊക്കെ മേൽക്കുപ്പായം ധരിച്ച് പുറത്തിറങ്ങിത്തുടങ്ങുന്നു.  കടുത്തയുടെയും അണിമയുടെയും കല്യാണം നടക്കുന്നു. സവർണ ക്രിസ്ത്യാനികളുടെ ജാതിമനസ് നവീകരിക്കാൻ കാര്യമായി കഴിയാത്തതിനാൽ പുലയർക്കും പറയർക്കുമായി വേറെ പള്ളികളും പള്ളിക്കൂടങ്ങളും വരുന്നു. അവർ പള്ളിക്കൂടങ്ങളിൽ സധൈര്യം വന്നു തുടങ്ങുന്നു. പൊയ്കയിൽ യോഹന്നാന്റെ ആശയമാതൃകയിലാണ് തോമസ് മാഷിന്റെയും കുഞ്ഞൂട്ടിയുടെയും ക്രിയാത്മക ജീവിതം നോവൽ രൂപപ്പെടുത്തുന്നത്. കാഞ്ഞിരപ്പള്ളിയിൽ സ്‌കൂളധ്യാപകനായിരുന്ന മന്നത്തു പത്മനാഭനെ ഓർമ്മയിലെത്തിക്കുന്നു, പിള്ളമാഷ്. തിരുവിതാംകൂറിലെ 'നായർമേധാവിത്തത്തിന്റെ പതനകാല'ത്തെയും. സി.എം.എസ്. മിഷനറിമാരായിരുന്ന തോമസ് നോർട്ടൺ, ബഞ്ചമിൻ ബെയ്‌ലി, ജോസഫ് ഫെൻ, ചാൾസ് മീഡ്, ജോൺ കോക്‌സ് തുടങ്ങിയവർ ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും മറ്റും നടത്തിയ മിഷനറി-അച്ചടി-വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ച് രാജു രൂപപ്പെടുത്തുന്ന റോബർട്ടോ ടി. എജെർട്ടൺന്റെ കഥയാണ് 'പോളപ്പാത'ത്തിലെ ഏറ്റവും ദീർഘമായ ഉപകഥ. ചരിത്രം മിത്തായി മാറുന്നതിന്റെ മികച്ച മാതൃക.

 പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇംഗ്ലണ്ടിന്റെ സാമ്പത്തികമാറ്റങ്ങൾ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സംഭവിച്ച ഒന്നാം ലോകമഹായുദ്ധം വരെയുള്ള യൂറോപ്യൻ ചരിത്രം മുൻനിർത്തി എജെർട്ടൻ കുടുംബത്തിന്റെ കഥ പറയുന്നു, പോളപ്പതം. ഒപ്പം, കോത എന്ന പുലയിയുമായി സായിപ്പിനുണ്ടായ പ്രണയത്തിന്റെ അസാധാരമമായ പരിണാമങ്ങളും. നാടകീയമായ സംഭവപരിണാമങ്ങൾക്കൊടുവിൽ എജെർട്ടൺന്റെ അപകടമരണം താങ്ങാനാവാതെ കോത കൊടും വനത്തിലെ ഒരു പാറയിൽ നിന്ന് താഴേക്ക് ചാടി മരിക്കുന്നു. കോതചാടിപ്പാറയുടെ കഥ ഉലകിയാണ് മക്കൾക്കു പറഞ്ഞുകൊടുക്കുന്നത്.

പരസ്പരം ഇഴപാകിനിൽക്കുന്ന നിരവധി ആഖ്യാനധാരകൾ 'പോളപ്പത'ത്തിനുണ്ട്. ഒന്ന്, കാഞ്ഞിരപ്പള്ളി-മുണ്ടക്കയം മേഖലയിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്ന കീഴാള ജാതിവിഭാഗങ്ങളുടെ ജീവിതമണ്ഡലങ്ങളുടെ സൂക്ഷ്മവും യഥാതഥവുമായ അനുഭവകഥനങ്ങൾ. മലയാളത്തിൽ മറ്റാരും തന്നെ ഭാവന ചെയ്യാത്ത ഒരു ഭൂമിശാസ്ത്രമാണിത്. (ജനപ്രിയസിനിമ മിത്തീകരിച്ച 'കാഞ്ഞിരപ്പള്ളി അച്ചായൻ'മാരുടെ ഭൂതകാലത്തിന്റെ അധോചരിത്രമാണ് യഥാർഥത്തിൽ ഇത്.)

രണ്ട്, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ സി.എം.എസ്. മിഷനറിമാരും ബ്രിട്ടീഷ് തോട്ടമുടകളും പലനിലകളിൽ നടത്തിയ മത-ജാതി ഇടപെടലുകളും അവ പറയരും പുലയരും മലയരയരുമുൾപ്പെടെയുള്ള വിഭാഗങ്ങളുടെ ചരിത്രത്തെ വഴിമാറ്റിവിട്ടതിന്റെ കഥകളും. നിശിതമായ ചരിത്രാവബോധം ഈ ആഖ്യാനധാരയെ രാഷ്ട്രീയവൽക്കരിക്കുന്നു. 

രണ്ട്, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ സി.എം.എസ്. മിഷനറിമാരും ബ്രിട്ടീഷ് തോട്ടമുടകളും പലനിലകളിൽ നടത്തിയ മത-ജാതി ഇടപെടലുകളും അവ പറയരും പുലയരും മലയരയരുമുൾപ്പെടെയുള്ള വിഭാഗങ്ങളുടെ ചരിത്രത്തെ വഴിമാറ്റിവിട്ടതിന്റെ കഥകളും. നിശിതമായ ചരിത്രാവബോധം ഈ ആഖ്യാനധാരയെ രാഷ്ട്രീയവൽക്കരിക്കുന്നു.

          മൂന്ന്, പുലയരും പറയരും മലയരുമുൾപ്പെടെയുള്ളവരുടെ ആത്മീയജീവിതത്തിന്റെ അനുപമമായ അകംപുറങ്ങൾ. 'പോളപ്പതം' മുതൽ 'തിരുവിള വിളക്കു'വരെ. 'ചാവുതുള്ളൽ', പുലയരുടെ അതീതാനുഭവങ്ങലുടെ സാമൂഹികവൽക്കരണത്തിലൂന്നിയതിനു സമാന്തരമായി 'പോളപ്പതം' ഈ ആത്മീയാനുഭൂതികളുടെ രാഷ്ട്രീയപരിണാമം ആദ്യന്തം പിന്തുടരുന്നു.

          നാല്, കൊളോണിയൽ ആധുനികതയുടെ അധിനിവേശപരമെന്നതിനെക്കാൾ വിമോചനപരങ്ങളായ സാമൂഹിക, രാഷ്ട്രീയ മൂല്യങ്ങൾ കീഴാളരുടെ ജീവചരിത്രവും ചരിത്രജീവിതവും പുനർവിഭാവനം ചെയ്തതിന്റെ അടയാളങ്ങൾ. ഒരുപക്ഷെ കൊളോണിയലിസത്തെയും ദേശീയതയെയും മുൻനിർത്തി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ കോളനിയനന്തര ദലിത് സംവാദങ്ങളിലൊന്ന് ഇതാണല്ലോ. 'പോളപ്പതം', സംശയലേശമെന്യേ, ഈ വിഷയത്തിൽ കൊളോണിയലിസത്തിന്റെ വിമോചനരാഷ്ട്രീയത്തെ അടിമകേരളത്തിന്റെ ജാതിചരിത്രവുമായി കൂട്ടിയിണക്കുന്നു. കാഞ്ഞിരപ്പള്ളിയിലെത്തുന്ന സായിപ്പന്മാരും മിഷനറിമാരും പുലയരുടെയും പറയരുടെയും വിയർത്തുനാറുന്ന കറുത്ത  ഉടലുകൾ മാറോടുചേർക്കുന്ന സന്ദർഭങ്ങൾ നോവൽ പ്രത്യക്ഷീകരിക്കുന്നു.

          അഞ്ച്, ഒരു പ്രണയബന്ധവും അതു മുൻനിർത്തി നടക്കുന്ന നോവലിലെ അടിസ്ഥാന സാമൂഹികപരിണാമങ്ങളിലൊന്നിന്റെ സൂചനകളും. ദലിതർക്കിടയിലെ ആന്തരവൈരുധ്യങ്ങളുടെ നരവംശശാസ്ത്രപരവും ചരിത്രപരവും സാമൂഹികവുമായ അപനിർമ്മിതിയാണ് ഈ സമീപനം വെളിപ്പെടുത്തുന്നത്.

ആറ്, പറയരുടെയും പുലയരുടെയും ഭാഷാജീവിതങ്ങളുടെയും സ്വത്വങ്ങളുടെയും അതിസൂക്ഷ്മമായ അവതരണം. 'ചാവുതുള്ളലി'ന്റേതെന്നപോലെ 'പോളപ്പത'ത്തിന്റെയും നോവൽകലയെ ലാവണ്യാത്മകവും ജൈവികവുമാക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം ഈ ഭാഷാ-ഭാഷണലോകങ്ങളുടെ പുനർനിർമ്മിതിയാണ്. അടിമകേരളത്തിന്റെ ജാതിസംസ്‌കൃതികളുടെ കാലാന്തര പാഠരൂപമെന്ന നിലയിൽ 'പോളപ്പത'ത്തിനു കൈവരുന്ന കലാപദ്ധതിയുടെ അടിസ്ഥാന സമവാക്യവും ഇതുതന്നെ.

          ഏഴ്, കഥകളും ഉപകഥകളും ചേർന്നു നിർമ്മിക്കുന്ന ദേശങ്ങളുടെയും സമുദായങ്ങളുടെയും ഭൂതവർത്താനങ്ങളുടെ ഭാവനാഭൂപടം. കോട്ടയത്തിന്റെ കിഴക്കൻ മലകളാണ് മുഖ്യ ഭൂമികയെങ്കിലും ആലപ്പുഴയും കൊല്ലവും നോവലിന്റെ സ്ഥലപുരാണങ്ങൾ പൂരിപ്പിക്കുന്നു.

 ഇനിയുമുണ്ട്, നിരവധി രൂപ-ഭാവ ബന്ധങ്ങൾ.

 പ്രാക്തനവും പ്രാകൃതികവും പ്രാപഞ്ചികവുമായ ജൈവചോദനകളുടെ ഭാഗധേയം പിൻപറ്റുന്ന ഒരു വംശമായി പറയരുടെ ഗോത്രപാരമ്പര്യത്തെ കൊലുവമ്മൂപ്പനിലൂടെ നോവൽ ചിത്രീകരിക്കുന്നു. വായിക്കൂ:

 'കൂട്ടക്കാരുടെ ജനനം മുതൽ മരണം വരെ രക്ഷകനായി എന്നും കൂടെയുള്ളവൻ കൊലവമ്മൂപ്പൻ. ഏതു രോഗത്തിനും പ്രതിവിധി ഉണ്ടാക്കുന്നവൻ. പറവാതകളെ കുടിയിരുത്തി പറചാവുകൾക്കു തൊയിരം കൊടുക്കുന്നവൻ. മറുപാവിയരുടെ അന്തകൻ. ഇട്ടക്കാരുടെ തോഴൻ. പറയകുലത്തിന്റെ നേരും നെറിയും കാക്കുന്നവൻ. മൊറേം ചെറേം പഠിപ്പിക്കുന്നവൻ. അടിമുതൽ മുടിവരെ ഓരോ അണുവിടയിലും പറയത്വം കാത്തുസൂക്ഷിക്കുന്നവൻ.

 എല്ലാ കൊല്ലവും വശ്ചികക്കുളിരു ചൂടി പച്ചമരുന്നു തേടിയിറങ്ങും. കരത്തമ്പുരാൻ കൊടുത്ത അവകാശ പേശയുടുത്ത് ചുവന്ന പട്ടിന്റെ ഇടത്താളം ചുറ്റി അതിനു മുകളിൽ അരമണി കെട്ടി. തോളിലൊരു ഭാണ്ഡക്കെട്ട്. അത്യാവശ്യം വേണ്ട ഇരുമ്പും പണിയായുധങ്ങളും. വലതുകൈയിൽ വടിയെടുത്ത് ഇടതുകൈയിൽ തുടിയേന്തി. കുടിക്കാരും കൂട്ടക്കാരും നോക്കിനിൽക്കെ പടകാരം താണ്ടി, വെളവാരം കേറി തിരിഞ്ഞുനോക്കാതെ നടന്നു. പോകുന്ന പോക്കിൽ താപ്പുറത്തു നിന്ന് എത്തിനോക്കിയ മത്തപ്പൂവിനെ നോക്കി ചിരിച്ചു. തലയാട്ടി നിന്ന നടുതലകളെ തലോടി, പാലമരത്തിൽ തട്ടി പറഞ്ഞു പോയി വരാം. ആകാശത്തു വട്ടം ചുറ്റി പറന്ന പരുന്തിനോടു വിളിച്ചു പറഞ്ഞു. വരുംവരെ കാത്തോളണം. മേപ്പുറത്തെ ആനിമരത്തോട്, കാഞ്ഞിരമരത്തോട്, യാത്ര പറഞ്ഞു. പടർന്നു പന്തലിച്ച ആലിൻ ചില്ലകളിൽ തൂങ്ങിയുറങ്ങുന്ന കടവാവലുകളെ ഉണർത്താതെ ഓതിപ്പറഞ്ഞു. 'നല്ലോണക്കൊറങ്ങിക്കോ. രാത്രി കാവലാ. ഉറച്ച ചുവടുകൾ പിന്നെയും മുന്നോട്ട്'. കാടിന്റെ വന്യതകളിലേക്ക്. പൂർവ്വികർ ഉറങ്ങുന്ന മണ്ണിലേക്ക്.

ആനയും പുലിയും കടുവയും കാട്ടുപോത്തും തമ്പിച്ചുനിൽക്കും. പാമ്പും പടകാരീം വഴിമാറി കൊടുക്കും. കല്ലും മുള്ളും വെള്ളംപോലലിഞ്ഞുപോകും. വിശക്കുമ്പോൾ എവിടെയെങ്കിലും ഒരു പാറപ്പുറത്ത് കണ്ണടച്ചിരിക്കും. ഒരു വഴി തെളിയും കണ്ണുതുറക്കാതെതന്നെ നടക്കും. മണ്ണിൽനിന്നുയരുന്ന മണം. കണ്ണുതുറക്കുമ്പോൾ നാണിച്ചിളകുന്ന നറുനീണ്ടി. വടക്കും തെക്കും നോക്കും കിഴക്കും പടിഞ്ഞാറും നോക്കും. കണ്ണകൾ അളന്നെടുക്കുന്ന ദൂരത്തിൽ കുഴിക്കും. സമൃദ്ധമായ കിഴങ്ങിന്റെ അറ്റം. മൂടിപ്പുതച്ചിട്ടിരിക്കുന്ന മണ്ണിന്റെ കൂറ അല്പം മാത്രം, അല്പം മാത്രം മുമ്പോട്ടു മാറ്റും. അല്പം വിശപ്പിന്. ബാക്കി വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടി മണ്ണിട്ടുമൂടും. ചിലപ്പോൾ കണ്ണടച്ചു നടക്കുന്നത് ഏതെങ്കിലും മരത്തിൽ മുട്ടിനിൽക്കും. കണ്ണുതുറക്കാതെതന്നെ കെട്ടിപ്പിടിച്ചു കയറി ഉച്ചാണിത്തുമ്പത്തെത്തി കണ്ണുതുറക്കും. ചിലപ്പോൾ ഇലകൾക്കുള്ളിൽ പൊതിഞ്ഞു വിളഞ്ഞ അത്തിപ്പഴം. ചിലപ്പോൾ നിറഞ്ഞുതൂങ്ങുന്ന തേൻകൂടുകൾ. കൊലുകലേന്നായി എന്നു പരിഭവം പറഞ്ഞു പറക്കുന്ന തേനീച്ചകൾ തേനട്ടികൾ ചുരന്നുകൊടുക്കും. കുറ്റിപ്പാണലിന്റെ തുടുത്ത പഴങ്ങൾ,  കാട്ടുനെല്ലിക്ക,  പനംപഴം,  കൊരണ്ടിപ്പഴം  എല്ലാം വിശക്കുമ്പോൾമാത്രം, വിശപ്പിനുമാത്രം. കാടിരുളുമ്പോൾ വെള്ളാരം കല്ലുകൾ ഉണക്കപ്പുല്ലുകൾക്കുമേൽ ഉരസിയിറങ്ങുന്ന തീപ്പൊരികൾ ചാലിച്ചെടുത്ത് പെരുക്കി ഉണക്കച്ചുള്ളികളിൽ പടർത്തി ഉണക്കത്തടിയിൽ കുടിയിരുത്തി, രാപ്പാടികളുടെ പാട്ടിലുറങ്ങി മണ്ണാത്തി പുള്ളുകളുടെ സംഗീതത്തിലേക്കുണർന്ന് തരുതരുത്ത മഞ്ഞിന്റെ തലോടലേറ്റുവാങ്ങി നടന്നു'.

തിരുവിതാംകൂറിൽ കേണൽ മൺറോ നടപ്പാക്കിയ നിയമങ്ങൾ ക്രിസ്തുമതാദേശം ചെയ്ത അടിമജാതികളുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതിന്റെ ചോരയും കണ്ണീരും പുരണ്ട നിരവധി ചീന്തുകൾ രാജു തന്റെ നോവലിൽ ഉള്ളടക്കം ചെയ്യുന്നുണ്ട്. റോബിൻ ജഫ്രിയും സനൽമോഹനും മറ്റും സൂക്ഷ്മമായി കോറിയിട്ട തിരുവിതാംകൂറിലെ ജാത്യടിമത്തത്തിന്റെ ചരിത്രരേഖകൾ. തകഴിയും മുട്ടത്തുവർക്കിയും സൃഷ്ടിച്ച നോവലെഴുത്തിന്റെ രസതന്ത്രങ്ങൾ 'ചാവുതുള്ളലി'ലെന്നപോലെ 'പോളപ്പത'ത്തിലും രാജു സമർഥമായി പിന്തുടരുന്നുണ്ട്. ഒപ്പം സി. അയ്യപ്പന്റെ അമ്ലരൂക്ഷമായ ആക്ഷേപഹാസ്യത്തിന്റെ പാരമ്പര്യവും.

'അങ്ങനെ1902-ൽ കാഞ്ഞിരപ്പള്ളിയിൽ മരിച്ച സുറിയാനിക്കാരുടെ അന്ത്യകർമ്മം നടത്തുന്ന സെമിത്തേരി പള്ളിയിൽവെച്ച് പുറംജാതിക്കാരായ ഏതാനും കുടുംബക്കാരുടെ ആദ്യകർമ്മം നടന്നു. കല്ലറകളിൽ ഉറങ്ങിക്കിടന്ന സുറിയാനി ആത്മാക്കൾ ചാടിയെഴുന്നേറ്റു അറുപത്തിനാലടി ദൂരെ മാറിനിന്നു കാഴ്ച കണ്ടു. തെമ്മാടിക്കുഴിയിൽ കിടന്നവർമാത്രം ഉറക്കച്ചടവോടെ എഴുന്നേറ്റ് അടുത്ത സിമന്റിട്ടു മിനുക്കിയ കല്ലറയുടെ പുറത്തിരുന്നു ചെവിക്കു പിന്നിൽ തിരുകിവെച്ചിരുന്ന ബീഡിക്കുറ്റിയെടുത്തു ചുറ്റിനും നോക്കി. ആബേൽ കത്തിച്ചുവെച്ച മെഴുകുതിരിയിലേക്കു കുനിഞ്ഞ് ബീഡി കത്തിച്ചു പഴയസ്ഥലത്തുതന്നെ പോയിരുന്നു ചടങ്ങിൽ പങ്കാളികളായി. പുറംജാതിക്കാർ പോയിക്കഴിഞ്ഞ് അക്കരപ്പള്ളിയിലെ കൽതൊട്ടിയിൽനിന്ന് ആനാം വെള്ളം കൊണ്ടുവന്ന് ആത്മാക്കൾതന്നെ അവിടമൊക്കെ പുണ്യാഹം ചെയ്തു. തെമ്മാടിക്കുഴിക്കാരൻ കയറിയിരുന്ന സ്വന്തം ശവക്കല്ലറ മതിയാവോളം ശുദ്ധീകരിക്കാൻ കഴിയാത്ത ആഢ്യൻ പ്രേതം രാത്രിയിൽ ഉറക്കമിളച്ചിരുന്ന് അതും സാധിച്ചിട്ടാണ് അതിലേക്കു കയറിയത്.          

പുളിമാവ് കുന്നേൽ സ്ഥലം വാങ്ങി ചാപ്പലു പണിതു മാസത്തിൽ രണ്ടു തവണ ദിവ്യബലിയിൽ പങ്കുചേർന്ന് കാഞ്ഞിരപ്പള്ളിയിലെ പുറംജാതിക്കാർ സ്വർഗ്ഗത്തിലേക്കുള്ള ഇടുങ്ങിയതും ദുർഘടവുമായ വഴിയൊരുക്കി, നാളിതുവരെ നടക്കാൻ പറ്റാതെ കാടും മേടും ചവിട്ടി നടന്നവർക്കു സ്വർഗ്ഗത്തിലേക്കുള്ള വഴി ഒരു പ്രശ്‌നമായിരുന്നില്ല'.

ജാതിജീവിതത്തിന്റെ അടിയടരുകൾ അതീവ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന ദൈനംദിനത്വത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയമാണ് 'പോളപ്പത'ത്തിന്റേത്. ചിന്നായിയും മകരനും തമ്മിൽ നടക്കുന്ന ഈയൊരു സംഭാഷണവും അതു പിൻപറ്റുന്ന പ്രാണസംഘർഷങ്ങളും ശ്രദ്ധിക്കൂ. പോളപ്പതത്തിന്റെ സൗന്ദര്യരാഷ്ട്രീയം എത്രമേൽ ചരിത്രനിഷ്ഠവും ജാതികേന്ദ്രിതവും മാനവികവും ജീവിതബദ്ധവുമാണെന്ന് തിരിച്ചറിയാം.

          ' 'അടുപ്പേലെന്നതാ?'

          'ച്ചിരെ കാച്ചിലാ. ഉലകിച്ചേടത്തി തന്നിനി'.

          'ആരിക്കാത്തിന്റെ മല്ലോം മേടിക്കാൻ നാണോണ്ടാ'.

          ചിന്നായി ഒന്നും പറഞ്ഞില്ല.

 ഒന്നും ഇല്ലാത്തപ്പം ഉരി അരി കടം മാങ്ങി ക്ടാത്തിക്കും മാലനും കൊടുക്കും. എങ്ങനെയാണെന്നു തിരക്കാതെ അതിയാൻ ചോദിക്കും:

 'ഇതെന്നാണ്ടി അന്റെ പെലോളികഞ്ഞിയാ'.

 ചിന്നായിക്ക് ആകമാനം പെരുത്തുവരും എന്നാലും ഒന്നും മിണ്ടില്ല. എന്തെങ്കിലും കിട്ടിയാൽ പിന്നെ കൊമ്പത്താണ്. മറുപടി പറയാൻ പോയാൽ ഇരിക്കപ്പൊറുതി ഉണ്ടാകില്ല. കാച്ചിലു തവിക്കണകൊണ്ടു കുത്തി നോക്കി. വെന്തില്ല. തീ ഒന്നുകൂടി കൂട്ടിയിട്ടു ചിന്നായി കാന്താരിമുളക് ഉപ്പുകൂട്ടി അരച്ചു, പുളി ചതച്ചെടുത്തു കല്ലിൽവെച്ചുതന്നെ കുഴച്ചു. പിന്നെ കോപ്പച്ചട്ടിയിലേക്കു വടിച്ചെടുത്തു. കാച്ചില് ഊറ്റി. കഷണങ്ങൾ തവിക്കണകൊണ്ടു കുത്തിയെടുത്തു കഞ്ഞൂടിച്ചട്ടിയിലിട്ടു. കൊച്ചുചട്ടിയിൽ ഇരുമ്പിപ്പുളി ചമ്മന്തിയും എടുത്തു മാലനുകൊടുത്തു.

 'കൊച്ചേടെ'. അണിമയെ കാണാതെ വന്നപ്പം മകരൻ ചോദിച്ചു.

 'അവളു ഉലകച്ചേടത്തീടവിടാ. ഇങ്ങോട്ടു കൊണ്ടാരാംന്നു ചേടത്തി പറഞ്ഞു. ആടത്തെ ക്ടാത്തീടൊപ്പരം കളിക്കണ്'.

മകരന് അതിഷ്ടപ്പെട്ടില്ല. അതിന്റെ കാരണം ചിന്നായിക്കറിയാം. മാലൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് പെലേരെ വിശ്വസിക്കാൻ കൊള്ളില്ല, കള്ളമ്മാരാ, തമ്പ്രാന്റെ മെമ്മണിക്കാ കക്കുന്നത് ഈ പെലേരാ, ഇച്ചിരെ പട്ടിണി കിടന്നാലും പറയര് അങ്ങനെ കക്കുകേം മോട്ടിക്കേമില്ല. അവരു കക്കേം മോട്ടിക്കേമല്ല. നല്ലപോണക്കു വേല ചെയ്യുന്നോരാ എന്നു പറഞ്ഞാ അടുത്ത ഞായം തൊടങ്ങും. അവിടെ രണ്ടാളു പണിക്കാരൊണ്ട്. ഉലകിച്ചേട്ടത്തി ഇപ്പം പണിക്കു പോണില്ല, അവർക്ക ഊരയ്ക്കു വെലക്കമാന്നു പറഞ്ഞപ്പോ മകരൻ അടുത്ത വാദം തൊടുക്കും. കടുത്തചെക്കനുണ്ടല്ലോ. രണ്ടാളിന്റെ പണി എടുക്കും. എന്നിട്ടും തമ്പ്രാന്റെ മൊതലു മോട്ടിക്കണ്ട കാര്യമൊണ്ടോ. അതുപോലാണോ ഈടെ. എല്ലാത്തിനും തന്നക്കുംതാനാ എന്നും മറ്റും. കൊച്ചിനെ നോക്കാൻ ആളില്ലാത്തതുകൊണ്ടു ചിന്നായി അളുമ്പരും മൊറോം മട്ടീം നെയ്തിരിക്കുന്നു. മാലൻ അതുംകൊണ്ടു ചന്തേ പോയാ അതിന് ഒരിക്കലും വിലയുണ്ടാകില്ല. കഴിഞ്ഞ കുമ്പത്തിൽ ആദ്യമായി ഉലകിച്ചേടത്തീടെ കൂടെ ചന്തേ പോയപ്പം നല്ല വില കിട്ടിയതാണ്. അതിനുശേഷം ഉലകിച്ചേടത്തീടെകൂടെ പോകുമെന്നു തോന്നിയാൽ എന്നതേലും കോന്ത്രാ കൊള്ളിയൊണ്ടാക്കും.

ഞാമ്പോണു.

വയ്യുമ്പാട് വെക്കം വന്നം.

ചിന്നായിക്കു സന്ധ്യ കഴിഞ്ഞാൽ പേടിയാണ്. വേറേ കോന്തയൊന്നും അടുത്തെങ്ങും ഇല്ല. ഉലകിച്ചേടത്തീടെ കോന്ത അരനാഴിക ദൂരത്താണ്. അന്യതക്കാരാരേലും സന്ധ്യ കഴിഞ്ഞ് ആ വഴിക്കു പോയാ ചിന്നായീടെകൂടെ അണിമയും ഒരു കൊച്ചു പിച്ചാത്തിയും ഉണ്ടാകും. പിശാചിനെയും പ്രേതത്തെയുമൊന്നും ചിന്നായിക്കു പേടിയില്ല. അതുകൊണ്ടാണ് നേരത്തേ വരണമെന്നു പറയുന്നത്. കോന്നൻ തമരു കേറിപ്പിടിച്ചതിനുശേഷമാണ് കൊച്ചു പിച്ചാത്തി എളിയിൽ കരുതുന്നത്. ഇനിയെന്തെങ്കിലും ഉണ്ടായാൽ അവന്റെ മുണ്ടങ്കോലു ചെത്തിക്കളയും. എന്നാലും ചിന്നായിക്കു പേടിയാണ്. മകരന് ഇക്കാര്യം ഒന്നുമറിയില്ല. അനുമ്പുകടേ മറ്റു അനുമ്പീക്കമ്മാരുടെ കൂടെയിരുന്നു തന്നതിന്ന പറഞ്ഞു വ്‌ളാഞ്ചി വ്‌ളാഞ്ചി അന്തിക്കുണ്ണൻ ചേക്കേറുന്ന നേരത്തു വന്നുകേറും.

ഇതൊക്കെയാണെങ്കിലും മകരനെ അവൾ വെറുക്കുന്നില്ല. മകരന്റെ അമ്മൻ കാരണം ഉണ്ടായ കോലാഹലങ്ങളുടെ ഫലമാണിതെല്ലാം. അവകാശവാദങ്ങളുമായി ഒരുപാടാളുകൽ വരുന്നിടത്തു നിന്നു ചിന്നായിയെയും മകളെയും ഓർത്തുമാത്രമാണ് മകരൻ ഇങ്ങോട്ടു താമസം മാറിയത്. കൂട്ടക്കാർക്കു മുമ്പിൽ മകരൻ ഒരു തടസ്സമായിരുന്നു. അതിന്റെ മുറുമുറുപ്പുകൾക്കും പല്ലുകടിക്കുമിടയിൽ ജീവിക്കാൻ മകരന്റെ മനസ്സ് അനുവദിച്ചില്ല. പക്ഷേ, അവിടംവിട്ടിറങ്ങിയപ്പോൾ മുതൽ എല്ലാത്തിനോടും ഉള്ള ഒരു വെറുപ്പ് അയാളിൽ വളർന്നുവന്നു. അതാണ് കള്ളുകുടിയായും അമ്മണം പറച്ചിലായും മാറിയത്'.

നോവലിൽനിന്ന്

'ആദ്യമൊക്കെ അവൾ ഒരു കാഴ്ചവസ്തു ആയിരുന്നെങ്കിലും എവിടെച്ചെന്നാലും കാര്യങ്ങൾ വളരെ പെട്ടെന്നു പഠിച്ചെടുക്കുന്നതുകൊണ്ട് ആർക്കും അവളെ ഒഴിവാക്കാൻ കഴിയില്ല. പാതിരിയുടെ ഭാഷയിൽ മാദാമ്മമാരോടുപോലും അവൾ സംസാരിക്കാൻ തുടങ്ങി. മറ്റു യൂറോപ്യൻ പാതിരിമാർപോലും അതറിഞ്ഞ് അത്ഭുതപ്പെട്ടു. സ്‌നേഹിക്കുന്ന ഹൃദയങ്ങൾക്ക് ഭാഷ ഒരു തടസ്സമല്ല. പുലയരും പറയരും മാത്രമുള്ള പള്ളിയിൽ കോത എല്ലാവരും കണ്ടു പഠിക്കേണ്ട പാഠമായി. അവിടെ അവൾ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ഒരിക്കൽ ആലപ്പുഴ കടൽത്തീരത്തു പോയി കാറ്റുകൊണ്ട് ഇരിക്കുമ്പോഴാണ് അവൾ ആദ്യമായി ഒരാഗ്രഹം പറഞ്ഞത്. ഒരു കുതിര. പാതിരി തന്റെ സമ്പാദ്യങ്ങളൊക്കെ മനസ്സിൽ കൂട്ടിയെടുത്തു. പതിന്നാലു പൗണ്ട് കൈയിലുണ്ട്. സഭയിൽനിന്നു കിട്ടുന്നതുകൊണ്ട് ചെലവു കഴിഞ്ഞുപോകാം. ഒരു കുതിരയുണ്ടായാൽ യാത്ര സുഖകരമാണ്. പക്ഷേ, അതിനെ പോറ്റുന്നതാണ് പ്രശ്‌നം. മുത്തച്ഛന് ഒരു കത്തയച്ചാൽ അതവിടെയെത്താൻ മാസങ്ങൾ പിടിക്കും. ആലപ്പുഴയിൽ ടെലഗ്രാം ഓഫീസ് ഉണ്ടെങ്കിലും മാൻചെസ്റ്ററിലേക്ക് ടെലഗ്രാം അയയ്ക്കാൻ ചെലവു കൂടുതലാണ്. എന്തായാലും പാതിരി കോട്ടയത്തെ പാതിരിക്ക് എഴുതി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരാൾ കുതിരയുമായെത്തി. കാർബിൻ. പാതിരി ഓർത്തു. 1890-ലെ മെൽബോൺ കപ്പ് നേടിയ സ്റ്റാല്ല്യന്റെ അതേ പേര്. ആറു മാസംകൊണ്ട് അറുപത് പൗണ്ടിനു തുല്യമായ ബ്രിട്ടീഷ് രൂപ കുതിരയുടെ വിലയായി കൊടുത്തു തീർത്തു. കോതയുടെ അമ്മനും അമ്മിയും പുല്ലു വെട്ടി കഴുകി വെടിപ്പാക്കി എന്നും കോതയുടെ വീട്ടിലെത്തിക്കും. പള്ളിയിലെ കുറച്ചു ധനവാന്മാർ കച്ചിയും മറ്റും കൊടുത്തു സഹായിച്ചു. ചെലവു കുറയ്ക്കാൻ കുഞ്ഞാനനെ അടൂർ മിഷന്റെ ആസ്ഥാനത്ത് ഒരു ജോലി തരപ്പെടുത്തി കൊടുത്തു. ദിവസവും കള്ളു കുടിക്കാൻ അവിടത്തെ സാഹചര്യം സമ്മതിക്കില്ല എന്നു തിരിച്ചറിഞ്ഞ അയാൾ സ്വന്തം ലാവണമായ കോട്ടയത്തേക്കുതന്നെ മടങ്ങി. അവിടെ ഏതോ കള്ളുകടയിൽ വെപ്പുകാരനായി എന്നു കോട്ടയത്തുനിന്നു വന്ന ഒരു പാതിരി പറഞ്ഞറിഞ്ഞു. അതുകൊണ്ടു നേട്ടം രണ്ടാണല്ലോ.

പാതിരിയുടെ മിഷണറി പ്രവർത്തനം സുഗമമായിരുന്നു. കോത കാർബിന്റെ സവാരി ഏറെ ആസ്വദിച്ചു. അവരൊന്നിച്ചുള്ള യാത്രകളിൽ അവൾതന്നെയാണ് കടിഞ്ഞാൺ നിയന്ത്രിച്ചിരുന്നത്. കാർബിൻ ഉള്ളതുകൊണ്ട് പാതിരിയുടെ മിഷണറി പ്രവർത്തനം ആലപ്പുഴയുടെ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അടുത്ത പ്രദേശങ്ങളിൽ അവർ രണ്ടുപേരും ഒരുമിച്ചാണ് പോകുക. എവിടെ ചെന്നാലും അവൾക്കു ചുറ്റും പുലയരും പറയരും കൂടും. ഋതുക്കൾ ഒന്നു ചുറ്റി കടന്നുപോയത് അവർ അറിഞ്ഞില്ല. എല്ലാം ഇന്നലത്തെ ഓർമ്മകൾമാത്രമായിരുന്നു.

ഒരിക്കൽ മദിരാശിയിലെ കറസ്‌പോണ്ടന്റ് കൊച്ചിയിലെത്തുന്നു എന്നു കത്തു വന്നു. കൊച്ചിയിലേക്കു തലേന്നുതന്നെ പാതിരി പുറപ്പെട്ടു. ആലപ്പുഴയിൽനിന്നുള്ളവരെല്ലാം ഒരു വള്ളത്തിൽ കൊച്ചിയിലേക്കു പോയി, പിറ്റേന്നു വൈകുന്നേരം കൊച്ചിക്കായലിൽനിന്നു മുങ്ങിയെടുത്ത പാതിരിയുടെ മരവിച്ച ജഡം വീട്ടിലെത്തി. കോത ബോധംകെട്ടു വീണു. രണ്ടു ദിവസത്തേക്ക് കോതയെ പുറത്താരും കണ്ടില്ല. അവളുടെ അമ്മനും അമ്മിയും മനസ്സില്ലാമനസ്സോടെ പാതിരിയുടെ വീട്ടിൽ താമസിച്ചു. അവളെ കാണാതെ കാർബിൻ തീറ്റിയും കുടിയും നിർത്തിയതറിഞ്ഞ് മൂന്നാം ദിവസം അവൾ പുറത്തിറങ്ങി. കാർബിനു മുതിരയും കച്ചിയും വെള്ളവും കൊടുത്ത് അതിനെ തടവിക്കൊണ്ട് അടുത്തുനിന്നു. ഓർമ്മകളുടെ വേലിയേറ്റത്തിൽ അവൾ വിതുമ്പുമ്പോൾ കാർബിൻ തീറ്റി നിർത്തി. അവൾ കരച്ചിൽ നിർത്തി അവനോടു സംസാരിക്കുമ്പോൾമാത്രമേ തീറ്റി തുടരുകയുള്ളൂ.

നാലാം ദിവസം കീഴക്ക് ചെക്കലു വിടാൻ മടിക്കുന്ന പുലർച്ചയിൽ കാർബിനെ പുറത്തിറക്കി. ജീനി വെച്ചുകെട്ടി. ആവശ്യത്തിനു മുതിരയും എടുത്തുവെച്ച്. അമ്മനും അമ്മിയും ഉണരുന്നതിനു മുമ്പ് കാർബിന്റെ പുറത്തു കയറി ശബ്ദമുണ്ടാക്കാതെ റോഡിലെത്തി. പിന്നെ കാർബിനു തിന്നാനും കുടിക്കാനും മാത്രമേ അവൾ എവിടെയും നിർത്തിയിട്ടുള്ളൂ. കുട്ടനാടിന്റെ അതിർത്തി കടക്കുമ്പോൾ നേരം നന്നായി വെളുത്തിരുന്നു. സമയം അറിയാൻ അവൾ മേളിലേക്കു നോക്കി. നീലാകാശത്ത് ഒരു മേഘക്കീറു മാത്രം. ചങ്ങനാശ്ശേരി കഴിഞ്ഞ് ആൾത്താമസമില്ലാത്ത സ്ഥലത്തെ ആറിന്റെ തീരത്തു കുതിരയെ വിശ്രമിക്കാൻ വിട്ടു. അതുകഴിഞ്ഞു പിന്നെ പണ്ടു പണിചെയ്ത ദേശത്തെത്തിയാണു നിന്നത്. മുക്കാലി തോട്ടിൽ കാർബിനു മുതിര കൊടുത്തു വെള്ളം കുടിപ്പിച്ചു കുറച്ചു പുല്ലു തിന്നാൻ വിട്ട് നിശ്ശബ്ദയായി അവളിരുന്നു. കുറച്ചുകഴിഞ്ഞ് അവളുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ അവൻ അവളുടെ പിന്നിലെത്തി ചെറുതായി ചിനച്ചു.

'മതിയായോ?' എന്ന ചോദ്യത്തിന് അവൻ തലയാട്ടി.

അവൾ സമയം എത്രയായി എന്നറിയാൻ മുകളിലേക്കു നോക്കി. സൂര്യൻ പടിഞ്ഞാറേക്കു ചുവടുവെച്ചെങ്കിലും കാലത്തു കണ്ട മേഘക്കീറ് അവൾക്കു മുകളിൽതന്നെ. അവൾ കുറച്ചേറെ നേരം നോക്കി നിന്നു. മേഘം തന്നോടെന്തോ പറയുന്നുണ്ട്. കഴുത്തു വേദനിച്ചപ്പോൾ അവൾ തല കുനിച്ചു. വെള്ളത്തിൽ അതേ രൂപം. അതു ചിരിക്കുന്നുണ്ട്. തീർച്ച. അവൾ കാർബിനെ വിളിച്ചു. അവൻ അടുത്തു വന്നു മരുങ്ങി നിന്നു. അവൾ ജീനി വെച്ചുകെട്ടി. മുതിരയുടെ സഞ്ചികൾ രണ്ടു വശത്തുമായി തൂക്കിയിട്ടു. കടിഞ്ഞാൺ വലിക്കുന്നതിനുമുമ്പ് മുകളിലേക്ക് ഒന്നുകൂടി നോക്കി. അത് അവൾക്കു മുമ്പേ നീങ്ങിക്കഴിഞ്ഞിരുന്നു. മുക്കാലി തോട്ടിൽ നിന്ന് കോട്ടയം കുമളി റോഡ് മുറിച്ചുകടന്ന് അഞ്ചെലവിലേക്കുള്ള നടപ്പ വഴിയിലൂടെ പുലിയള്ളും പാറ കഴിഞ്ഞ് തെക്കും തലയും കടന്ന് വലത്തു തിരിഞ്ഞ് ചെറിയ കയറ്റത്തിന്റെ ദുർഘടപാതയിലൂടെ കാർബിൻ കോതയ്ക്ക് വിഷമമുണ്ടാക്കാതെ മുന്നേറി. പിന്നെ ചേരിക്കാലുകൾ താണ്ടി താൻ പണ്ടു പുറപ്പെട്ട സ്ഥലമെത്തി എന്നു മനസ്സിലായി.

ആലപ്പുഴക്കാരു വാങ്ങിക്കൂട്ടിയ കാടുകളിൽ കാര്യമായ പണികളൊന്നും നടക്കുന്നില്ല എന്ന സംസാരം അവളും കേട്ടിരുന്നു. അവർ ജോയിന്റ് സ്റ്റോക്ക് കമ്പനി തുടങ്ങാൻ പോകുന്നെന്നോ മറ്റോ. അതുവരെ തെളിച്ച സ്ഥലങ്ങളൊക്കെ നിലനിർത്താൻ ചേരിക്കൽ കൃഷിക്കു കൊടുക്കുമെന്നും. പക്ഷേ, ആനയും കാട്ടുമൃഗങ്ങളും കൃഷി നശിപ്പിക്കുമെന്നതുകൊണ്ട് ഇപ്പോൾ അതിരുകളിൽ കിടങ്ങു കുഴിക്കുന്ന പണി നടന്നുകൊണ്ടിരിക്കുന്നു. ആനയ്ക്കു കിടങ്ങ് ചാടിക്കടക്കാൻ പേടിയാണ്. പക്ഷേ, അതു കാട്ടുപോത്തുകൾക്കില്ല. അതുകൊണ്ട് കിടങ്ങിനിപ്പുറം ആറടി കയ്യാലയും വേണം. ആലപ്പുഴയിലെ ബാങ്ക് ഓഫ് മഡ്രാസിലെ ഏജന്റിനെ തങ്ങളുടെ കുടുംബമഹിമ ബോധ്യപ്പെടുത്താൻ ശങ്കര സുബ്ബൈയ്യരുടെ ശിപാർശക്കത്തു വേണ്ടിവന്നു. അങ്ങനെ നേടിയെടുത്ത ഓവർഡ്രാഫ്റ്റ് കൊണ്ട് ഇത്രയൊക്കെ ഒപ്പിച്ചു.

കതിരനാണ് ആദ്യം കണ്ടത്. അതു കോതയല്ലേ. അയാൾക്കു സംശയം ഒന്നും ഉണ്ടായിരുന്നില്ല. അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.

ദാണ്ടെ നമ്മ ക്ടാത്തി കോത.

പിന്നെ അയാൾ നിന്നില്ല. കൈയിലെ ഇരുമ്പ് മുറുക്കിപ്പിടിച്ച് അയാൾ മലയിലേക്കോടി. കോതയെന്നു പേരുകേട്ടതോടെ മലയായ മലയെല്ലാം ഇളകി മേലോട്ടൊഴുകി. കയ്യാല കെട്ടിക്കൊണ്ടു നിന്നവരും കിടങ്ങു കുഴിക്കുന്നവരും ചേരിക്കല്ലുകളിൽ പണിയെടുത്തവരും ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം. അവർ കേട്ടറിഞ്ഞ കഥയല്ല കണ്ടറിഞ്ഞ കഥയിലെ രാശാത്തിയെ കാണാൻ.

കാടും മേടും താണ്ടി കാർബിൻ രാജവീഥിപോലെ പരന്നു കിടക്കുന്ന പാറപ്പുറത്തേക്ക് ഓടിക്കയറി. കടിഞ്ഞാണിലെ പിടിവിടാതെ കോത കുതിച്ചു. അതാ ആ മേഘശകലം പാറയിൽ മുട്ടിമുട്ടിയില്ലെന്ന നിലയിൽ നിൽക്കുന്നു. ആവേശത്തോടെ അവൾ കാർബിനെ തെളിച്ചു. കുതിച്ചുചാടിയ കാർബിൻ വെളുത്ത മേഘംമാത്രം കണ്ട് പിൻകാലുകളിൽ പൊങ്ങി പിന്തിരിഞ്ഞു. അപ്പോഴും പിടിവിടാതെ കോത അവനെ തിരിക്കാൻ നോക്കി. ഇടത്തു തിരിഞ്ഞു നിലയുറച്ച കാർബിൻ അവളുടെ വരുതിക്കു വന്നില്ല. കാർബിന്റെ പുറത്തു നിന്ന് ചാടിയിറങ്ങി അവൾ കടിഞ്ഞാണുകളയച്ചു. ജീനി അഴിച്ചുമാറ്റി അവനെ തീറ്റാൻവിട്ടു. പിന്തിരിഞ്ഞുനോക്കുമ്പോൾ കാടിളകി വരുന്ന ആൾക്കൂട്ടം. എല്ലാവരുടേയും തൊണ്ടകളിൽ ഒരു ശബ്ദം മാത്രം. കോത.... കോത.... കോത. കാത്തിരിക്കുന്ന മേഘശകലത്തിനും കുതിച്ചുവരുന്ന സ്‌നേഹസമുദ്രത്തിനും ഇടയിൽ നിന്ന് കാർബിനെ വിട്ട് അവൾ ഓടി.

വിറുങ്ങലിച്ചു നിന്ന കതിരന്റെ മുമ്പിൽ അവൾ സാന്ധ്യസൂര്യനിൽ വിലയംകൊള്ളുന്ന മേഘത്തിലേക്ക് ഒരു പക്ഷിയെപ്പോലെ പറന്നു'. 

പോളപ്പതം
രാജു കെ. വാസു
ഡി.സി. ബുക്‌സ്, 2021, 260 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP