Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്

സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതൽ കാണാതായ മുപ്പതുകാരനായ യുവാവിനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കാട്ടാക്കട വീരണകാവ് തോട്ടംപാറ മുറി കുഴലാർ രഞ്ജിത് ഭവനിൽ ഹരികുമാറിന്റെ മകൻ രഞ്ജിത്തിനെ (30) ആണ് കാണാതായത്. പഠനം കഴിഞ്ഞ് ജോലി തേടുന്നതിനൊപ്പം ജ്യേഷ്ഠ സഹോദരൻ രാഹുലിനൊപ്പം കാട്ടാക്കടയിൽ ബേക്കറി നടത്തുകയായിരുന്നു രഞ്ജിത്ത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി ബുധനാഴ്ച ഉച്ചയോടെയാണ് രഞ്ജിത്തിനെ കാണാതാവുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറിയതായി വിവരമുണ്ട്. പക്ഷേ, പിന്നീട് എവിടെ പോയെന്നോ എന്തിനു പോയെന്നോ ഒന്നും ആർക്കും പിടിയില്ല.

പഠിക്കാൻ സാമാന്യം മിടുക്കനായിരുന്നു രഞ്ജിത് എന്നും പിഎസ്.സി പരീക്ഷകൾക്കായി പഠിക്കുന്നുണ്ടായിരുന്നു എന്നും സഹോദരൻ രാഹുൽ മറുനാടനോട് പറഞ്ഞു. ചില റാങ്കുലിസ്റ്റുകളിൽ മുന്നിൽ തന്നെ ഉണ്ടായിരുന്ന രഞ്ജിത്തിന് അടുത്തുതന്നെ സർക്കാർ നിയമനം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ്വസ്ഥനായിരുന്നു രഞ്ജിത്. കുറച്ചുപേരിൽ നിന്നായി ഏതാണ്ട് എട്ടുലക്ഷത്തോളം രൂപ കടംവാങ്ങിയതായി ഇപ്പോൾ മനസ്സിലായിട്ടുണ്ട്. എന്നാൽ ഈ പണം എന്തിന് ഉപയോഗിച്ചെന്നോ ആർക്ക് നൽകിയെന്നോ ഒരു വിവരവും ഇല്ലെന്ന് വീട്ടുകാർ പറയുന്നു.

കാട്ടാക്കടയിലെ ലോലിപോപ്പ് ബേക്കറി നടത്താൻ സഹോദരൻ രാഹുലിനെ സഹായിച്ചുവരികയായിരുന്നു രഞ്ജിത്. ഇക്കഴിഞ്ഞ ബുധനാഴ്ചയും പതിവുപോലെ രണ്ടുപേരും ബേക്കറിയിൽ പോയി. കുറച്ചു സമയം കഴഞ്ഞ് ഒരു ഫോൺ വന്നശേഷം ആകെ അസ്വസ്ഥനായിരുന്നു ഇയാൾ. പിന്നീട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തുപോയ രഞ്ജിത് പിന്നെ തിരികെ വന്നില്ല. കാണാതാകുന്നതിന് മുമ്പുള്ള രണ്ടുമൂന്ന് ദിവസങ്ങളിൽ ശരിയായി ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും അസ്വസ്ഥനായിരുന്നു ഈ ചെറുപ്പക്കാരൻ എന്ന് സഹോദരൻ രാഹുൽ പറഞ്ഞു. ബേക്കറിയിൽ നിന്ന് പോയശേഷം ഒരു സുഹൃത്തിനൊപ്പം കാട്ടാക്കട ബസ്് സ്റ്റാന്റിൽ എത്തി അവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ്സിലാണ് രഞ്ജിത് പോയതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇയാളുടെ ഫോൺ കാണാതായതിന് ശേഷം സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ മൊബൈൽ ട്രാക്കിംഗിലൂടെ കണ്ടെത്താനാവാത്ത സ്ഥിതിയാണിപ്പോൾ. ബസ്സിൽ കയറിയതിന് ശേഷം എങ്ങോട്ടാണ് പോയതെന്ന കാര്യം പോലും വ്യക്തമല്ല.

കാട്ടാക്കടയിൽ അച്ഛൻ ഹരികുമാർ, അമ്മ ഗിരിജ എന്നിവർക്കൊപ്പമാണ് രജ്ഞിത് താമസിച്ചിരുന്നത്. സഹോദരൻ രാഹുലും കുടുംബവും ഇവർക്കൊപ്പം തന്നെയാണ് താമസം. കടംവാങ്ങിയ പണം ആർക്കോ നൽകിയതാണെന്നാണ് കരുതുന്നതെന്നും ഇത് തിരികെ നൽകാൻ ആവാത്ത സാഹചര്യം വന്നതോടെയാണ് ഇയാൾ സ്ഥലംവിട്ടതെന്നുമാണ് വീട്ടുകാരുടെ നിഗമനം. രഞ്ജിത്തിൽ നിന്ന് പണം കടംവാങ്ങിയ ആൾക്ക് ഇയാളുടെ തിരോധാനവുമായി ബന്ധമുണ്ടെന്നാണ് വീട്ടുകാരുടേയും ബന്ധുക്കളുടേയും സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തകാലത്ത് രഞജ്ത്തിന് വന്ന ഫോൺകോളുകളെ കുറിച്ചും ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

പണം പലരിൽ നിന്നും രഞ്ജിത് കടം വാങ്ങിയ വിവരം വീട്ടുകാർ അറിയുന്നത് ഇയാളെ കാണാതായതിന് ശേഷമാണ്. പണം കൊടുത്ത പലരും വീട്ടിൽ അന്വേഷിച്ച് വന്നതോടെയാണ് ഏതാണ്ട് എട്ടുലക്ഷം രൂപയോളം കടംവാങ്ങിയിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്. കാണാതായതിന് പിന്നാലെ മൊബൈൽ ഫോണിൽ പലപ്പോഴും വിളിക്കാൻ ശ്രമിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് എ.ടി.എം കാർഡ് ഉപയോഗിച്ചോ മറ്റേതെങ്കിലും രൂപത്തിലോ പണം എടുത്തിട്ടുമില്ല. അതിനാൽ തന്നെ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഈ വഴി സാധ്യമാകാത്ത അവസ്ഥയിലാണുള്ളത്. പിഎസ് സി കോച്ചിങ് സെന്ററിലും മറ്റുമായി ഏതാണ്ട് പതിനഞ്ചോളം പേരാണ് സുഹൃത്തുക്കൾ. ഇതിൽ മോശം കൂട്ടുകെട്ടുകളൊന്നും ഇല്ലെന്ന് വീട്ടുകാരും പറയുന്നു.

ഇവരിൽ നിന്നും മറ്റും വിവരം ശേഖരിച്ചെങ്കിലും ആർക്കും രഞ്ജിത്ത് എങ്ങോട്ടാണ് പോയതെന്ന ഒരു സൂചനയുമില്ല. ഉണ്ണി എന്നൊരു സുഹൃത്തിന്റെ ബൈക്കിലാണ് രഞ്ജിത് കാട്ടാക്കട ബസ് സ്റ്റാൻഡിൽ എത്തിയതെന്ന സൂചനയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. സുഹൃത്തുക്കളെ ബന്ധപ്പെട്ടും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എട്ടുലക്ഷത്തോളം രൂപ രഞ്ജിത്ത് എന്തിന് പലരിൽ നിന്നായി കടംവാങ്ങിയെന്നതിലാണ് ഒരു വ്യക്തതയും ഇല്ലാത്തത്. ഇത് ആർക്കെങ്കിലും നൽകാനായി വാങ്ങിയതാണോ എന്ന സംശയമാണ് വീട്ടുകാർ ഉയർത്തുന്നത്. ദുശ്ശീലങ്ങളൊന്നും ഇല്ലാതിരുന്ന രഞ്ജിത്തിന് അത്തരത്തിലുള്ള സുഹൃത് വലയങ്ങളും ഇല്ലായിരുന്നു. പിഎസ്‌സി കോച്ചിങ് സെന്റുമായും അതുമായി ബന്ധപ്പെട്ടും ഉള്ള സുഹൃത്തുക്കളായിരുന്നു കൂടുതലും. അടുത്തകാലത്ത് ഇയാൾ നടത്തിയ ഫോൺ സംഭാഷണങ്ങൾ കേന്ദ്രീകരിച്ചും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ് എന്ന് കാട്ടാക്കട എസ്ഐ സാജു മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP