Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റോ ജോസഫിനെ ലാൽ വിളിച്ചത് നിർണ്ണായകമായി; ഗൗരവം മനസ്സിലാക്കി പിടിയെ ഒപ്പം കൂട്ടി; നടി പറഞ്ഞത് കേട്ടി ഞെട്ടിയ എംഎൽഎ ഐജിയെ വിവരങ്ങൾ ധരിപ്പിച്ചു; ഫോൺ നടിക്ക് കൈമാറി; ആ ഇടപെടൽ കണ്ണീരോടെ ഓർത്തെടുത്ത് നന്ദി പറഞ്ഞ് അക്രമത്തിന് ഇരയായ നടി; പിടി തോമസിന്റെ ആ ഇടപടെൽ വീണ്ടും ചർച്ചയിൽ

ആന്റോ ജോസഫിനെ ലാൽ വിളിച്ചത് നിർണ്ണായകമായി; ഗൗരവം മനസ്സിലാക്കി പിടിയെ ഒപ്പം കൂട്ടി; നടി പറഞ്ഞത് കേട്ടി ഞെട്ടിയ എംഎൽഎ ഐജിയെ വിവരങ്ങൾ ധരിപ്പിച്ചു; ഫോൺ നടിക്ക് കൈമാറി; ആ ഇടപെടൽ കണ്ണീരോടെ ഓർത്തെടുത്ത് നന്ദി പറഞ്ഞ് അക്രമത്തിന് ഇരയായ നടി; പിടി തോമസിന്റെ ആ ഇടപടെൽ വീണ്ടും ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പലതും നമ്മളൊന്നും അറിയാറില്ല. അങ്ങനെ പലതും സമൂഹത്തിന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞ നേതാവാണ് പിടി തോമസ്. എതിർ ഭാഗത്ത് നിൽക്കുന്നവരുടെ പണവും സ്ഥാനമാനങ്ങളിലെ വലുപ്പുവുമൊന്നും പിടിയെ ഒരിക്കലും ബാധിച്ചില്ല. എല്ലാ അർത്ഥത്തിലും ഒതുക്കി തീർക്കുമായിരുന്ന ഒരു കേസും ഈ രാഷ്ട്രീയക്കാരന്റെ സാന്നിധ്യം കൊണ്ട് കേരളീയർ അറിഞ്ഞു. മലയാളത്തിലെ ജനപ്രിയ നടനായി വലസിയ ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയ ആ കേസ്. നടിയെ ആക്രമിച്ച സംഭവം കേസായതു പോലും പിടിയുടെ നിശ്ചയദാർഡ്യം കൊണ്ടായിരുന്നു. അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയിൽ പിടി എത്തിയതാണ് ആ കേസിൽ നിർണ്ണായകമായത്. ഈ സാഹചര്യത്തിലാണ് ആക്രമത്തിന് ഇരയായ നടിയുടെ മനസ്സു തുറക്കൽ ചർച്ചയാകുന്നത്.

അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.ടി തോമസിനെ കുറിച്ച് പറഞ്ഞ് ആക്രമത്തിന് ഇരയായ നടി പറഞ്ഞത് വൈറലാകുന്നു. ന്യൂസ് മിനുറ്റ് എഡിറ്റർ ധന്യ രാജേന്ദ്രന് നൽകിയ അഭിമുഖത്തിലാണ് തന്നെ പിന്തുണച്ചവരെ കുറിച്ച് നടി പറഞ്ഞത്. 'സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് ചോദ്യമെങ്കിലും, എന്നെ പിന്തുണച്ചവരെ കുറിച്ച് ചോദിക്കുമ്പോൾ, ഞാൻ നന്ദിയോടെ ഓർക്കുന്ന ഒരാൾ മുൻ പാർലമെന്റ് അംഗ പി.ടി തോമസിന്റേതാണ്. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം അറിഞ്ഞവരിൽ ഒരാളാണ് അദ്ദേഹം. ഞാൻ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു', പി.ടി തോമസിനെ കുറിച്ച് നടി പറഞ്ഞതിങ്ങനെയാണ്.

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് വലിയ ജനപിന്തുണ ഉണ്ടായെന്നും നടി പറഞ്ഞു. വർഷങ്ങളായി തന്നോട് മിണ്ടരുത് എന്ന് പലരും പറഞ്ഞിരുന്നു. ചില കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് കേസിന് തടസ്സമാകുമോ എന്നും ഭയന്നിരുന്നു. അപ്പോഴാണ് അദ്ദേഹം വന്നത് എന്ന് നടി പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്ര കുമാർ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.

'വിചാരണ ആരംഭിച്ചപ്പോൾ, ഇതൊരു ഇൻകാമറ വിചാരണ ആണെന്ന് എനിക്കറിയാമായിരുന്നു. എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് ഉറപ്പിലായിരുന്നു. എന്നാൽ 2021 ഡിസംബറിൽ ഒരാൾ ചില വെളിപ്പെടുത്തലുകളുമായെത്തി (സംവിധായകൻ ബാലചന്ദ്രകുമാർ). വർഷങ്ങളായി എന്നോട് മിണ്ടരുത് പറഞ്ഞിരുന്ന പലരും ഉണ്ടായിരുന്നു. ചില കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് എന്റെ കേസിന് തടസ്സമാകുമോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ ഈ മനുഷ്യൻ വന്നപ്പോൾ വീണ്ടും ജനപിന്തുണയുടെ കുത്തൊഴുക്കുണ്ടായി. ഒരുപക്ഷേ ഈ കേസ് അവസാനിച്ചുവെന്നും ഒത്തുതീർപ്പാക്കിയെന്നും പലരും കരുതിയിരിക്കാം. ഡിസംബർ മുതൽ ജനങ്ങളിൽ നിന്നും വലിയ തോതിലുള്ള സ്നേഹവും പിന്തുണയും ലഭിച്ചു. എത്രത്തോളം ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് പറയണമെന്ന് തോന്നി. അതുകൊണ്ടാണ് പിന്തുണകൾക്കുള്ള പ്രതികരണമായി ഞാൻ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇടുന്നത്, നടി പറഞ്ഞു.

വാഹനത്തിനുള്ളിൽ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പൾസർ സുനി അവരെ കൊണ്ടിറക്കിയത് നടൻ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയിൽ നിർമ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാൽ കാര്യമറിയിച്ചു. ഗൗരവം പിടി കിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പിടി തോമസിനെ ആ രാത്രി വിളിച്ചുണർത്തി വണ്ടിയിൽ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎൽഎ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു. ഒരു പക്ഷേ സിനിമയിലെ വമ്പൻ തോക്കുകൾ ഇടെപട്ട് ഒതുക്കി തീർക്കാൻ സാധ്യതയുണ്ടായിരുന്ന കേസിൽ പിടി തോമസ് ഇടപെട്ടു. ഐജിയായിരുന്ന വിജയനെ ഫോണിൽ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎൽഎ ഇടപെട്ട കേസിൽ എഫ് ഐ ആർ എടുത്തില്ലെങ്കിൽ ഉണ്ടാകുമായിരുന്ന പുലിവാലുകൾ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയിൽ നടിക്ക് ആത്മവിശ്വാസം പകർന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ പൾസർ സുനി അകത്തായി. പിന്നാലെ ദീലീപും. ഇതായിരുന്നു വസ്തുത.

വിചാരണയിൽ കോടതിയിൽ എത്തി സാക്ഷി മൊഴിയും പിടി തോമസ് നൽകി. യാതൊരു വിധ സമ്മർദ്ദത്തിനും വഴങ്ങാത്ത മൊഴി. കേസിന്റെ അന്തിമ വിധിയിൽ ഇത് നിർണ്ണായകമായി മാറും. അന്ന് രാത്രി ആ കേസിന് പിന്നിൽ പൾസർ സുനിയാണെന്ന് നടി പറഞ്ഞത് പിടിയും കോടതിയിലെ രഹസ്യ വിചാരണയിൽ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ താര സംഘടനയായ അമ്മയെ പോലും പരസ്യമായി വിമർശിച്ച് പിടി രംഗത്തു വന്നിരുന്നു. സിനിമയിലെ കൊള്ളരുതായ്മകൾക്കെതിരെ സിനിമാ സംഘടനകളുടെ കണ്ണു തുറപ്പിച്ചതും പിടിയുടെ ആ വെളിപ്പെടുത്തലുകളായിരുന്നു.

ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് എംഎൽഎ. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നുവെന്നും പിടി തോമസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നത്. നിർണായകമായ ഒരു കേസും ബി. സന്ധ്യ അന്വേഷിച്ചു തെളിഞ്ഞിട്ടില്ല. എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ കേസിൽ സർക്കാർ അവരെ നിയോഗിച്ചതെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു. വിചാരണയ്ക്കൊടുവിലെ വിധിയിൽ പിടി തോമസിന്റെ ഈ ആരോപണം ശരിയാണോ എന്ന് തെളിയും. ആ വിധി കേൾക്കാൻ കാത്തു നിൽക്കാതെയാണ് പിടി തോമസിന്റെ വിടവാങ്ങൽ.

പൾസറിന്റെയും സംഘത്തിന്റെയും ആക്രമണത്തിനും അപമാനത്തിനും ഇരയായ നടി ഫെബ്രുവരി 17-ന് രാത്രി പത്തരയോടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലാലിന്റെ കൊച്ചിയിലെ പടമുകളിലെ വീട്ടിൽ അഭയം തേടിയത്. ആക്രമിക്കപ്പെട്ട വിവരം കാറിൽവച്ചുതന്നെ നടി ലാലിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ലാൽ തന്റെ ഏറ്റവും അടുത്ത ഏതാനും സുഹൃത്തുക്കളെയും ഇക്കാര്യമറിയിച്ചു. പതിനൊന്നു മണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ലാലിന്റെ വീട്ടിലെത്തി. പിന്നാലെ നിർമ്മാതാവ് ആന്റോജോസഫും സ്ഥലം എംഎൽഎ പിടി തോമസുമെത്തി. അപ്രതീക്ഷിതമായാണ് പിടി തോമസ് സ്ഥലത്തെത്തിയതെങ്കിലും അദ്ദേഹത്തിന്റെ നിർണായകമായ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്.

ലാൽ ആന്റോ ജോസഫിനെ മാത്രമാണ് വിളിച്ചറിയിച്ചത്. ആന്റോയാണ് പിടി തോമസിനെ ഒപ്പം കൂട്ടിയതും. ലാലിന്റെ വീട്ടിലെത്തിയ പിടി തോമസ് നടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഐജിയെ തന്റെ മൊബൈലിൽനിന്ന് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഫോൺ നടിക്ക് കൈമാറുകയും ചെയ്തു. ട്രെയിൻ യാത്രയിലായിരുന്ന ഐജിയോട് നടിയും വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് എംഎൽഎ വിളിച്ചറിയിച്ചതനുസരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും പന്ത്രണ്ടരയോടെ ലാലിന്റെ വീട്ടിലെത്തി.

ഇതിനിടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ മാർട്ടിൻ നടന്നതെന്തെന്ന് പൊലീസിനോടും എംഎൽഎയോടും വിശദീകരിച്ചു. ഇതിനിടെ സംഭവത്തിൽ പന്തികേടുണ്ടെന്നു മനസിലാക്കിയി പിടി തോമസ് അസി. പൊലീസ് കമ്മിഷണറെ മാറ്റി നിർത്തി ഡ്രൈവർ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പോകാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനും സംശയമായി. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പുലർച്ചെ രണ്ടു മണിയോടെ വീണ്ടും പൊലീസ് സംഘം ലാലിന്റെ വീട്ടിലെത്തി കാർ പരിശോധിച്ച് മടങ്ങി.

ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവും സ്ഥലത്തെത്തി. പുലർച്ചെ നാലിനു പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി നടിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. രാവിലെ മാത്രമാണ് ലാലിന്റെ വീടിന് തൊട്ടടുത്തുണ്ടായിരുന്നവർ പോലും വിവരമറിയുന്നത്. ഇതിനിടെ അന്വേഷണം ഇഴയുന്ന ഘട്ടം വന്നപ്പോഴൊക്കെ പിടി തോമസ് വിഷയത്തിൽ ഫലപ്രദമായി ഇടപെടുകും ചെയ്തു. ഇതിനിടെ വിഷയം നിയമസഭയിലും എത്തിച്ചു. പിടി തോമസ് കൊച്ചിയിൽ നിരാഹരസസമരം നടത്തുകയും ചെയ്തു. എന്നാൽ നടനുമായി അടുത്തബന്ധമുണ്ടായിരുന്നു കൊച്ചിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തായാറായില്ല.

കേസുമായി ബന്ധപ്പെട്ട് പിടി തോമസിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്താൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമമുണ്ടാകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഇടപെടലാണ് ഒതുക്കിത്തീർക്കപ്പെട്ടേക്കാവുന്ന ഒരു കേസ് പൊലീസിന്റെ കൈകളിലേക്ക് എത്തിച്ചതെന്നതിൽ സംശയമില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP