Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചാബിനു ശേഷം കെജ്രിവാൾ കണ്ണുവെക്കുന്നത് കർണാടകത്തിൽ; കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാൻ എഎപി; ഡികെയ്ക്ക് ഭീഷണിയായി ആപ്പ്; കോൺഗ്രസിന് ബദലായി വളരാൻ സാധിക്കുന്ന സംസ്ഥാനങ്ങളെ ഉന്നമിട്ട് നീക്കം; ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ആം ആദ്മി പാർട്ടി ഉന്നമിടുന്നത് കോൺഗ്രസ് അനുകൂല വോട്ടുകൾ തന്നെ

പഞ്ചാബിനു ശേഷം കെജ്രിവാൾ കണ്ണുവെക്കുന്നത് കർണാടകത്തിൽ; കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാൻ എഎപി; ഡികെയ്ക്ക് ഭീഷണിയായി ആപ്പ്; കോൺഗ്രസിന് ബദലായി വളരാൻ സാധിക്കുന്ന സംസ്ഥാനങ്ങളെ ഉന്നമിട്ട് നീക്കം; ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ആം ആദ്മി പാർട്ടി ഉന്നമിടുന്നത് കോൺഗ്രസ് അനുകൂല വോട്ടുകൾ തന്നെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഡൽഹിക്ക് ശേഷം പഞ്ചാബ് പിടിച്ചെടുത്ത ആം ആദ്മി പാർട്ടി വീണ്ടും മുന്നോട്ടുപോകാനുള്ള നീക്കങ്ങളിലാണ്. ബിജെപിയെ പരാജയപ്പെടുത്തൽ എളുപ്പമല്ലെന്ന തിരിച്ചറിവിൽ കോൺഗ്രസിന് ബദലായി വളരാനാണ് ആപ്പിന്റെ ലക്ഷ്യം. ഇത് കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കുന്നതും, അതുകൊണ്ട് തന്നെ അടുത്തതായി ആം ആദ്മി പാർട്ടി ലക്ഷ്യം വെക്കുന്നത് കോൺഗ്രസിന് പ്രതീക്ഷയുള്ള കർണാടകത്തിലേക്കാണ്.

അടുത്തവർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാർത്ഥികൾ എല്ലാ വാർഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കർണാടകത്തിലെ ഒട്ടേറെ പ്രമുഖർ എ.എ.പി.യുടെ ഭാഗമാകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി.ക്കും കോൺഗ്രസിനും ജെ.ഡി.എസിനും ബദലായി എ.എ.പി. മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബിൽ ലഭിച്ച തകർപ്പൻ വിജയം പാർട്ടിക്ക് നഗരങ്ങളിലും മെട്രോപൊളിറ്റൻ സിറ്റികളിലും മാത്രമല്ല, കാർഷിക-ഗ്രാമീണമേഖലയിലും കടന്നുകയറാനാകുമെന്നാണ് തെളിയിക്കുന്നതെന്നും പറഞ്ഞു. ബെംഗളൂരുവിൽ നഗരസഭാതിരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും മത്സരത്തിനിറങ്ങാൻ എ.എ.പി. നേരത്തേ തീരുമാനമെടുത്തിരുന്നു.

ഡൽഹിയിൽ ഭരണം പിടിക്കാൻ കഴിഞ്ഞതിന്റെ മാതൃക മെട്രോ നഗരമായ ബെംഗളൂരുവിലും പയറ്റാനാകുമെന്നാണ് അവർ കരുതുന്നത്. ഡൽഹിയിലും പഞ്ചാബിലും പാർട്ടിയുണ്ടാക്കുന്ന മാറ്റങ്ങൾ ബെംഗളൂരുവിലെ വീടുകൾതോറും എത്തിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. വരുന്ന മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലത്തിലേക്കുമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുമെന്ന് നേതാക്കൾ പറയുന്നു.

കർണാടകത്തിന് പുറമേ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ആം ആദ്മി കണ്ണുവെക്കുന്നുണ്ട്. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആപ്പ് മികച്ച നേട്ടവും കൊയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തി ബിജെപിയെ ഞെട്ടിച്ച ഒരു നീക്കം ആം ആദ്മി പാർട്ടിയിൽ നിന്നുണ്ടായി. ഗുജറാത്തിലെ ഹെഡ് ക്ലാർക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആ മാസം 20ന് ഗുജറാത്ത് ആം ആദ്മി പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഗാന്ധിനഗറിലുള്ള ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തേക്ക് ഇടിച്ചുകയറി. ഒരു പക്ഷെ സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് പോലും ധൈര്യപ്പെടാത്ത കാര്യം. അതാണ് ഇന്ന് ആം ആദ്മി പാർട്ടി ഗുജറാത്തിൽ ചെയ്തു കൊണ്ടിരിക്കുന്നതും. തുടക്കത്തിൽ ഭരണം പിടിക്കാനായില്ലെങ്കിൽ പോലും കോൺഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപിയുടെ മുഖ്യപ്രതിപക്ഷമാവുക. പഞ്ചാബ് തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ഡൽഹി എംഎൽഎ ഗുലാബ് സിങ് പറഞ്ഞതും ഇക്കാര്യമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാൻ പോവുകയാണ് ആം ആദ്മി പാർട്ടിയെന്ന് പറഞ്ഞ ഗുലാബ് സിങ്, പാർട്ടിയിൽ അംഗമാകാൻ നിരവധി പേരാണ് മുന്നോട്ടു വരുന്നതെന്നും വ്യക്തമാക്കി. ആം ആദ്മി പാർട്ടിയിൽ ചേരാനുള്ള അംഗത്വ വിതരണവും പാർട്ടി കഴിഞ്ഞ ദിവസം തുടങ്ങി വച്ചു. പഞ്ചാബ് വിജയാഘോഷത്തിന്റെ ഭാഗമായി മാർച്ച് 12 മുതൽ 16 വരെ സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടണങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും 'തിരംഗ യാത്ര' നടത്തുമെന്നും ഗുലാബ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഏപ്രിൽ ആദ്യം കേജ്രിവാളും പഞ്ചാബിൽ പാർട്ടിയെ വിജയത്തിലെത്തിച്ച ഭഗവന്ത് മന്നും ഗുജറാത്തിലെത്തുന്നുമുണ്ട്.

തുടക്കത്തിൽ ബിജെപിയെ അട്ടിമറിക്കാമെന്ന് കരുതുന്നില്ല എന്ന് പറയുമ്പോഴും കോൺഗ്രസിനു പകരം പ്രധാന പ്രതിപക്ഷം തങ്ങളാകുമെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്. അടുത്ത ഒൻപതു മാസം ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അവർ പറയുന്നു. ഒറ്റയടിക്ക് ബിജെപിയെ എതിർക്കാതെ കോൺഗ്രസ് ഇപ്പോൾ കയ്യാളുന്ന സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ് ആപ് തന്ത്രം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന സൂറത്ത് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞടുപ്പാണ് ആം ആദ്മി പാർട്ടിയുടെ വരവ് ആദ്യമായി അറിയിച്ചത്. സാധാരണ ബിജെപിയും കോൺഗ്രസും പങ്കുവയ്ക്കുന്ന സീറ്റുകളിൽ ഭൂരിഭാഗവും ബിജെപി നേടിയപ്പോൾ 27 സീറ്റുകളിൽ വിജയിച്ചു കൊണ്ടാണ് ആപ് രംഗത്തെത്തിയത്. കോൺഗ്രസിന്റെ നേട്ടം പൂജ്യം. ആകെയുള്ള 120 സീറ്റുകളിൽ 93 എണ്ണം നേടിയ ബിജെപിക്ക് പക്ഷേ 2.42 ശതമാനം വോട്ട് കുറഞ്ഞു. ബിജെപി 49.08 ശതമാനവും ആപ് 28.58 ശതമാനവും വോട്ട് നേടിയപ്പോൾ 2015ലേതിനേക്കാൾ 9.23 ശതമാനം വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്.

പ്രബലരായ പട്ടേൽ സമുദായത്തിനിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു എന്നാണ് സൂറത്ത് വിജയത്തോട് ആം ആദ്മി പാർട്ടി പ്രതികരിച്ചത്. സൗരാഷ്ട്ര മേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് പാർട്ടി വളരുന്നു എന്നതിന്റെ സൂചനയായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആറ് കോർപറേറ്റർമാരെ ഇതിനിടെ ആം ആദ്മി പാർട്ടിക്ക് നഷ്ടപ്പെട്ടു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവരൊക്കെ ബിജെപിയിലെത്തുകയും ചെയ്തു. ആം ആദ്മി പാർട്ടി ഗുജറാത്തിൽ ഉയർത്തുന്ന ഭീഷണി ബിജെപി ഗൗരവമായാണ് കാണുന്നതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

കോൺഗ്രസിന്റെ റിബൽ നേതാക്കളാരും ആപ്പിലേക്ക് പോകാതിരിക്കാനും ആപ്പിന്റെ നേതാക്കളെ ബിജെപിയിലേക്ക് 'ആകർഷിക്കാ'നും അവർ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് പറയുന്നത് ബിജെപിയുടെ ബി ടീമായാണ് ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നത് എന്നാണ്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് അതുവഴി. അതുകൊണ്ടു തന്നെ ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ 25 ശതമാനം വരെ വോട്ടു സമാഹരിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞാൽ അത് കോൺഗ്രസിനെ കുഴപ്പത്തിലാക്കും.

ആം ആദ്മി പാർട്ടി ഹിമാചലിൽ ഉയർത്താൻ പോകുന്ന ഭീഷണിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ തന്നെ ആശങ്കപ്പെടുന്നുണ്ട്. പഞ്ചാബുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം അവിടെയും സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല. അതിർത്തി മേഖലയിലെ ചില സീറ്റുകളിൽ തീർച്ചയായും ഭീഷണി നിലനിൽക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ എംഎൽഎമാരടക്കം കൂറു മാറുന്നതിന് സാധ്യതയുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് കോൺഗ്രസ് നേതൃത്വം നടപടികൾ സ്വീകരിച്ചു തുടങ്ങണമെന്നും ഇവർ പറയുന്നു.

അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ്. അടുത്തിടെ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും ഷിംല ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമ്പരപ്പിച്ച് കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തമായ ഗ്രൂപ്പ് പോര് ഈ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനു പുറമെയാണ് ആം ആദ്മി പാർട്ടി പുതിയതായി ഉയർത്തുന്ന ഭീഷണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP