Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളത്ത് ഏകീകൃത കുർബാനക്രമം നടപ്പാക്കണം; അന്ത്യശാസനവുമായി വത്തിക്കാൻ; ഇളവ് നൽകിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആർച് ബിഷപ് മാർ ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശം; ഇളവ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് അതിരൂപതാ സമിതിയും

എറണാകുളത്ത് ഏകീകൃത കുർബാനക്രമം നടപ്പാക്കണം; അന്ത്യശാസനവുമായി വത്തിക്കാൻ; ഇളവ് നൽകിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആർച് ബിഷപ് മാർ ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശം; ഇളവ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് അതിരൂപതാ സമിതിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദങ്ങൾക്കിടെ, എറണാകുളം -അങ്കമാലി അതിരൂപതയിൽ സിറോ മലബാർ സഭയുടെ ഏകീകൃത കുർബാനക്രമം നടപ്പാക്കണമെന്ന് വത്തിക്കാൻ അന്ത്യശാസനം. ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിന് ഇളവ് നൽകിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് മെത്രാപ്പൊലീത്തൻ വികാരി ആർച് ബിഷപ് മാർ ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘം കർശന നിർദ്ദേശം നൽകി. ഏകീകൃത ബലിയർപ്പണ രീതി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. സിനഡ് അംഗീകരിച്ച രീതി പിന്തുടരാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.

വൈദികകടമകൾക്ക് ഒരുനിലക്കും അനുയോജ്യമല്ലാത്ത പ്രതിഷേധ പ്രകടനങ്ങളിൽനിന്നും ആക്ടിവിസത്തിൽനിന്നും മെത്രാന്മാർ അകലം പാലിക്കണം. ആരാധനക്രമത്തിന്റെ അർപ്പണരീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഭകൾക്കുള്ളിൽ മറ്റൊരുതരം വിഭജനങ്ങൾ ദൃശ്യമാക്കുന്ന പ്രാദേശികവാദങ്ങൾ ഒഴിവാക്കി സഭാസുന്നഹദോസുകൾ തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയതുമായ കാര്യങ്ങളാണ് നടപ്പാക്കേണ്ടത്. ദൗർഭാഗ്യവശാൽ അടുത്തിടെ ഉണ്ടായതുപോലെ ഇളവുകൾ നൽകിയാൽ നടപ്പാക്കുന്നത് പിശാചിന്റെ ഇംഗിതങ്ങളാകുമെന്നും പൗരസ്ത്യ തിരുസംഘത്തിന്റെ കത്തിൽ പറയുന്നു.

ആർച് ബിഷപ് ആന്റണി കരിയിൽ അനിശ്ചിതകാലത്തേക്ക് അതിരൂപത മുഴുവനുമായി തെറ്റായി നൽകിയ ഒഴിവ് നിർബന്ധമായും പിൻവലിക്കണം. സുന്നഹദോസ് തീരുമാനങ്ങളെ ലംഘിക്കാൻ ആന്റണി കരിയിലിന് സാധിക്കില്ല. മേജർ ആർച് ബിഷപ് ജോർജ് ആലഞ്ചേരിയുടെ അംഗീകാരത്തോടെ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാവൂവെന്നും പ്രീഫെക്ട് ലെയണാർദോ കാർദി സാന്ദ്രി, ആർച് ബിഷപ് സെക്രട്ടറി ജോർജിയോ ദെമത്രിയോ ഗലാറോ എന്നിവർ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശപ്രകാരം പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രേ, ആർച്ച് ബിഷപ്പ് സെക്രട്ടറി ജോർജിയോ ദെമത്രിയോ ഗലാറോ എന്നിവരാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സിനഡ് തീരുമാനങ്ങളെ ലംഘിക്കാൻ ആന്റണി കരിയിലിന് സാധിക്കില്ല. അതിരൂപതയ്ക്കുള്ളിൽ പ്രത്യേക കാരണത്താൽ ഒഴിവിനായി അപേക്ഷ നൽകുന്നുവെങ്കിൽ അത് മേജർ ആർച്ച് ബിഷപ്പിന്റെ അംഗീകാരത്തോടെയേ ആകാവൂ.

സിനഡ് പാസാക്കിയ ആരാധനാക്രമ നിയമങ്ങൾക്ക് ലോകത്താകമാനം പ്രാബല്യമുണ്ടെന്നും പൗരസ്ത്യ കാനൻ നിയമം അനുശാസിക്കും വിധം മെത്രാൻ സിനഡിലെ അംഗങ്ങൾ അവ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സിനഡ് തീരുമാനങ്ങൾ പാലിക്കുന്നതിൽ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം. നടപ്പിലാക്കാൻ ഏതാനും മാസങ്ങൾ കൂടി ആവശ്യമായി വന്നേക്കാം.

ഇളവ് പിൻവലിക്കാൻ അനുവദിക്കില്ല

അതേസമയം എറണാകുളം അതിരൂപതയ്ക്ക് മാർപാപ്പയുടെ നിർദ്ദേശം അനുസരിച്ച് മാർ ആന്റണി കരിയിൽ നൽകിയ ഇളവ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി വ്യക്തമാക്കി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാർ ആന്റണി കരിയിലിന് അദ്ദേഹം നൽകിയ നിർദ്ദേശം അനുസരിച്ചാണ് സ്വന്തം അതിരൂപതയിൽ ഇളവ് നൽകിയത്. കർദിനാൾ സാന്ദ്രേ തന്നെയാണ് ഇതു സംബന്ധിച്ച സർക്കുലർ മാർ ആന്റണി കരിയിലിന് നൽകിയത്. എറണാകുളം അതിരൂപതയ്ക്ക് നിലവിൽ ലഭിച്ചിട്ടുള്ള ഇളവ് വത്തിക്കാൻ നിയമം മൂലം സ്ഥിരപ്പെടുത്തണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

അതിരൂപത ഭൂമിവില്പനയിൽ ഉണ്ടായ നഷ്ടം നികത്തിക്കൊടുക്കണം എന്നുള്ള വത്തിക്കാൻ കല്പന അനുസരിക്കാൻ കൂട്ടാക്കാത്ത കർദിനാൾ ആലഞ്ചേരിയും സിനഡുമാണ് ഇപ്പോൾ എറണാകുളം അതിരൂപതയോട് വത്തിക്കാൻ നിർദ്ദേശം അനുസരിക്കാൻ ആവശ്യപ്പെടുന്നതെന്നും അല്മായ മുന്നേറ്റം കുറ്റപ്പെടുത്തി.

പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമത്തിൽ പറയുന്ന 'ഒഴിവാക്കലുകൾ' എന്ന വകുപ്പുകളിൽ ഒഴിവുനൽകൽ അധികാരം രൂപതാധ്യക്ഷനാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി വ്യക്തമാക്കി. അതിരൂപതയുടെ രൂപതാധ്യക്ഷന്റെ അധികാരമെല്ലാം മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനാണ് മാർപാപ്പ നൽകിയിരിക്കുന്നത്. അതിനാൽ ഒഴിവുനൽകൽ പ്രക്രിയയിൽ മെത്രാപ്പൊലീത്തൻ വികാരിക്ക് മേജർ ആർച്ച് ബിഷപ്പിന്റെ അംഗീകാരം വേണമെന്നുള്ള പൗരസ്ത്യ കാര്യാലയത്തിന്റെ കല്പന കാനോനിക നിയമങ്ങളുടെ ലംഘനമാണ്. ഇതിനെതിരേ കത്തോലിക്കാ സഭയുടെ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാൻ വകുപ്പുണ്ടെന്നും സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ ചൂണ്ടിക്കാട്ടി.

ആരാധനക്രമ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സഭയുടെ സിനഡാണെന്നും പൗരസ്ത്യ കാര്യാലയം അതിൽ കൈ കടത്തുന്നത് ദൂരവ്യാപക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അതിരൂപത സംരക്ഷണ സമിതി പി.ആർ.ഒ. ഫാ. ജോസ് വയലിക്കോടത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP