Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിരോധക്കോട്ട തകർത്ത് മഞ്ഞപ്പട; ആദ്യപാദ സെമിയിൽ ജംഷഡ്പൂരിനെ വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; വിജഗോൾ നേടി മലയാളി താരം സഹൽ അബ്ദുൾ സമദ്; രണ്ടാം പാദ മത്സരം ചൊവ്വാഴ്ച

പ്രതിരോധക്കോട്ട തകർത്ത് മഞ്ഞപ്പട; ആദ്യപാദ സെമിയിൽ ജംഷഡ്പൂരിനെ വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; വിജഗോൾ നേടി മലയാളി താരം സഹൽ അബ്ദുൾ സമദ്; രണ്ടാം പാദ മത്സരം  ചൊവ്വാഴ്ച

സ്പോർട്സ് ഡെസ്ക്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കരുത്തരായ ജംഷേദ്പുർ എഫ്.സിയെയാണ് മഞ്ഞപ്പട കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മലയാളി താരം സഹൽ അബ്ദുൾ സമദാണ് മഞ്ഞപ്പടയ്ക്കായി വിജയഗോൾ നേടിയത്. രണ്ടാം പാദ മത്സരം മാർച്ച് 15 ന് നടക്കും. ഈ സീസണിൽ എവേ ഗോൾ നിയമം ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി. അടുത്ത മത്സരത്തിൽ സമനില നേടിയാൽ കേരളത്തിന് ഫൈനലിലേക്ക് കടക്കാം.

ആദ്യപകുതിയിൽ ആക്രമണങ്ങൾ നയിച്ച ജംഷഡ്പൂർ നിരവധി തവണ അവസരത്തിന് അടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. ആദ്യനിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സാണ് ജംഷഡ്പൂരിന്റെ ഗോൾമുഖത്തെത്തിയത്. എന്നാൽ അധികം വൈകാതെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ജംഷഡ്പൂർ പത്താം മിനിറ്റിൽ ഡാനിയേൽ ചീമയിലൂടെ ഗോളിന് തൊട്ടുത്തെത്തി.

ഡങ്കൽ ബോക്സിലേക്ക് ഹെഡ് ചെയ്ത് നൽകിയ പന്തിൽ ചീമ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പതിനേഴാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ട് എടുത്ത ഫ്രീ കിക്കിൽ പീറ്റർ ഹാർട്‌ലിയുടെ ഷോട്ട് പ്രഭ്ശുബാൻ ഗിൽ അനായാസം കൈയിലൊതുക്കി. പിന്നീട് ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിറപ്പിച്ചു. 20ാം മിനിറ്റിലും ചീമ ലക്ഷ്യത്തിലേക്ക് പന്തടിച്ചുവെങ്കിലും വീണ്ടും ലക്ഷ്യം തെറ്റി.

26-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത കോർണറിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ഗോൾ മണത്തത്. ലൂണയുടെ കോർണർ പേരേര ഡയസിന്റെ തലപ്പാകത്തിൽ എത്തിയെങ്കിലും അതിനു മുമ്പെ പീറ്റര്ഡ ഹാർട്‌ലി അപകടം ഒഴിവാക്കി. കൂളിങ് ബ്രേക്കിന് ശേഷം ജംഷഡ്പൂർ വീണ്ടും ഗോളിന് അടുത്തെത്തി. 35-ാം മിനിറ്റിൽ ജംഷേദ്പുർ നിരയിലേക്ക് പകരക്കാരനായി വന്ന മൊബഷിർ റഹ്‌മാന് മികച്ച അവസരം ലഭിച്ചു. സ്റ്റ്യുവർട്ട് നീട്ടിനൽകിയ ഫ്രീകിക്ക് കൃത്യമായി സ്വീകരിച്ചെങ്കിലും മൊബഷിറിന്റെ ഷോട്ട് പുറത്തേക്ക് പോയി.

38-ാം മിനിറ്റിൽ ജംഷേദ്പുരിനെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. മലയാളി താരം സഹൽ അബ്ദുൾ സമദാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ആൽവാരോ വാസ്‌ക്വെസ് നീട്ടിനൽകിയ പാസ് സ്വീകരിച്ച സഹൽ ജംഷേദ്പുർ ഗോൾകീപ്പർ ടി.പി.രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി പന്ത് വലയിലേക്ക് കോരിയിട്ടു.



ജംഷേദ്പുർ പ്രതിരോധതാരം റിക്കിയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. വാസ്‌ക്വെസിന്റെ പന്ത് ഹെഡ്ഡ് ചെയ്തകറ്റാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഈ ഘട്ടത്തിലാണ് സഹൽ പന്ത് റാഞ്ചിയെടുത്ത് വലകുലുക്കിയത്. സഹലിന്റെ സീസണിലെ ആറാം ഗോളാണിത്. വൈകാതെ ആദ്യ പകുതി അവസാനിച്ചു. സീസണിൽ സഹലിന്റെ ആറാം ഗോളാണിത്. ആദ്യ പകുതിയിൽ സമനില ഗോളിനായുള്ള ജംഷഡ്പൂരിന്റെ ശ്രമങ്ങളെ പിന്നീട് ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി പ്രതിരോധിച്ചു

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ജംഷേദ്പുരും ആക്രമണത്തിന് കുറവുവരുത്തിയില്ല. 47-ാം മിനിറ്റിൽ സഹലിന്റെ മനോഹരമായ മുന്നേറ്റത്തിന് മത്സരം സാക്ഷിയായി. പക്ഷേ താരത്തിന്റെ ക്രോസ് ഗോൾകീപ്പർ രഹനേഷ് കൈയിലൊതുക്കി.

58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഓർഗെ ഡയസ് പെരേരയുടെ ദുർബലമായ ഹെഡ്ഡർ രഹനേഷ് അനായാസം കൈയിലൊതുക്കി. 60-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തിയെന്ന് തോന്നിച്ചു. പ്ലേമേക്കർ അഡ്രിയാൻ ലൂണയുടെ അതിമനോഹരമായ ഫ്രീകിക്ക് ജംഷേദ്പുർ പോസ്റ്റിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. രഹനേഷിന്റെ തകർപ്പൻ സേവാണ് ജംഷേദ്പുരിന് തുണയായത്.

രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിപ്പെടുത്താനും മഞ്ഞപ്പട മറന്നില്ല. ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 81-ാം മിനിറ്റിൽ സഹലിന് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ താരത്തെ കോച്ച് വുകോമനോവിച്ച് പിൻവലിച്ചു.

88-ാം മിനിറ്റിൽ പകരക്കാരനായി വന്ന ഇഷാൻ പണ്ഡിത ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഷോട്ട് തലനാരിഴയ്ക്ക് ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിനടുത്തൂടെ കടന്നുപോയി. വൈകാതെ ബ്ലാസറ്റേഴ്സ് നിർണായകമായ വിജയം സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP