Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു; മിഥ്യധാരണകളും സംശയങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു; ബാക്കിയും നീങ്ങും; പോരാട്ടം തുടരും'; ജനങ്ങൾക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

'ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു; മിഥ്യധാരണകളും സംശയങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു; ബാക്കിയും നീങ്ങും; പോരാട്ടം തുടരും'; ജനങ്ങൾക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

ന്യൂസ് ഡെസ്‌ക്‌

ലഖ്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് കുറയ്ക്കാനായത് നേട്ടമെന്ന് വിശദീകരിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടര മടങ്ങ് വർധിപ്പിച്ചതിനും വോട്ട് വിഹിതം ഒന്നര മടങ്ങ് വർധിപ്പിച്ചതിനും തങ്ങൾ ജനങ്ങളോട് നന്ദിയുള്ളവരാണെന്നും അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു. ഫലം വന്നതിന് ശേഷം ആദ്യമായാണ് അഖിലേഷ് പ്രതികരിച്ചത്.

'ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചു. അവരുടെ സീറ്റുകളുടെ എണ്ണം കുറക്കുന്നത് ഞങ്ങൾ തുടരും.സമാജ്വാദി പാർട്ടിയെ പിന്തുണച്ചതിന് ജനങ്ങളോട് നന്ദി പറയുകയാണ്. പകുതിയിൽ അധികം മിഥ്യധാരണകളും സംശയങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു, ബാക്കിയും നീങ്ങും . ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും.' എന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

രണ്ടാമത്തെ ട്വീറ്റിൽ എസ്‌പി സഖ്യത്തിൽ നിന്നും വിജയിച്ച എല്ലാ എംഎൽഎമാർക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് അഖിലേഷ് പറയുന്നു. ജനങ്ങളെ സഹായിക്കാനും, അവരെ സേവിക്കാനുമുള്ള ഉത്തരവാദിത്വം നൂറുശതമാനം പാലിക്കാൻ സാധിക്കണം. ഞങ്ങളിൽ വിശ്വാസം അർപ്പിച്ച വിദ്യാർത്ഥികൾ, യുവാക്കൾ, ടീച്ചർമാർ, സ്ത്രീകൾ, പെൻഷൻ ജനത, തൊഴിലാളികൾ, കർഷകർ എല്ലാവർക്കും നന്ദി - അഖിലേഷ് ട്വീറ്റ് ചെയ്യുന്നു.

ഇന്നലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ വന്നപ്പോൾ പരീക്ഷയുടെ ഫലം ഇതുവരെ അന്തിമം ആയില്ലെന്നും. പ്രചാരണ സമയത്ത് രാവും പകലും ഇല്ലാതെ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നു എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു.

അതേ സമയം 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്. സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു.

ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിന്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.

രണ്ടാം കോവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പൊലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിന്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP