Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐപാഡിൽ കടലാസു രഹിത അവതരണം; ജി എസ് ടിയിൽ ഐസക്കിന്റെ വാദങ്ങളെ തള്ളി പറഞ്ഞ കമ്യൂണിസ്റ്റ് ചിന്ത സമ്പൂർണ്ണ ബജറ്റിൽ നിറച്ചതും പ്രായോഗികത; ബാങ്ക് ജോലി ഉപേക്ഷിച്ച കോമേഴ്സുകാരൻ ഉയർത്തി പിടിച്ചത് ഫെഡറലിസം; കലഞ്ഞൂരുകാരന് കൈയടിച്ച് പിണറായിയും; യുദ്ധകാല സമാധാനവുമായി ബാലഗോപാൽ താരമാകുമ്പോൾ

ഐപാഡിൽ കടലാസു രഹിത അവതരണം; ജി എസ് ടിയിൽ ഐസക്കിന്റെ വാദങ്ങളെ തള്ളി പറഞ്ഞ കമ്യൂണിസ്റ്റ് ചിന്ത സമ്പൂർണ്ണ ബജറ്റിൽ നിറച്ചതും പ്രായോഗികത; ബാങ്ക് ജോലി ഉപേക്ഷിച്ച കോമേഴ്സുകാരൻ ഉയർത്തി പിടിച്ചത് ഫെഡറലിസം; കലഞ്ഞൂരുകാരന് കൈയടിച്ച് പിണറായിയും; യുദ്ധകാല സമാധാനവുമായി ബാലഗോപാൽ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎൻ ബാലഗോപാൽ സാമ്പത്തിക വിദഗ്ധനൊന്നുമല്ല. പക്ഷേ സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകൾ അറിയാവുന്ന സാമ്പത്തിക വിദഗ്ധൻ. ഇതു തന്നെയാണ് കേരളാ ബജറ്റിലും പ്രതിഫലിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ഇതെല്ലാം നടക്കുമോ എന്നത് ആർക്കും ഉറപ്പില്ല. എന്തായാലും കോവിഡ് പ്രതിസന്ധിയെ മറികടക്കുന്ന സമയത്ത് എത്തുന്ന യുദ്ധ വെല്ലുവിളി ഉൾപ്പെടെ തിരിച്ചറിഞ്ഞുള്ള സമ്പൂർണ്ണ ബജറ്റാണ് കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്.

സമീപനത്തിന്റെ സമഗ്രതയിലുടെ അടുത്ത കാൽനൂറ്റാണ്ടിൽ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം യാഥാർത്ഥ്യമാക്കാനുള്ള്ള സുപ്രധാന കാൽവെയ്‌പ്പുകൾ ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. പ്രതികൂല സാഹര്യങ്ങൾ മിറകടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റിൽ ഉണ്ട്. യുദ്ധ കാലത്തെ സമാധാന കൺവെൻഷൻ എന്ന ബജറ്റ് പ്രഖ്യാപനവും കേരളത്തെ ആഗോള ചർച്ചാ വിഷയമാക്കും.

കേരളം ജിഎസ്ടിയെ പിന്തുണച്ചത് തോമസ് ഐസകിന്റെ വാക്കു കേട്ടാണ്. എന്നാൽ ബാലഗോപാലിന് മറ്റൊരു ചിന്തയാണുണ്ടായിരുന്നത്. ജി എസ് ടി നടപ്പിലായി വർഷങ്ങൾ കഴിയുമ്പോൾ ബാലഗോപാലാണ് ശരിയെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിനുള്ള അംഗീകാരമാണ് ബാലഗോപാലിനുള്ള ധനമന്ത്രി സ്ഥാനം. വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ ഇനി ധനമന്ത്രി. എം. കോം, എൽ എൽ എം ബിരുദധാരിയാണ് ബാലഗോപാൽ. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലെ അറിവ് 2022ലെ ബജറ്റിൽ ഉടനീളം പ്രതിഫലിക്കുന്നുണ്ട്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. അപ്പോഴും കോവിഡിനെ അതിജീവിച്ച കേരളം അതെല്ലാം മറികടക്കുമെന്ന സന്ദേശമാണ് ബജറ്റ് പ്രസംഗത്തിലൂടെ ബാലഗോപാൽ നടത്തിയത്. കൈത്തറിയെ കുറിച്ചു നടത്തിയ പരാമർശം ഒഴിച്ചാൽ രണ്ട് മണിക്കൂർ 15 മിനിറ്റ് നീണ്ട പ്രസംഗമത്രയും കാര്യമാത്ര പ്രസക്തമുള്ളതായിരുന്നു. ബജറ്റുമായി ബന്ധപ്പെടാത്ത ഒരു വാക്കും എഴുതിയില്ല.

ആമുഖത്തിൽ കവിത. അവസാനം ഉപദേശം. ഇങ്ങനെയുള്ള രീതികളേയും മാറ്റി മറിച്ചു. അനാവശ്യമായതെല്ലാം വായിക്കുന്നില്ലെന്ന് പ്രസംഗത്തിനിടെയിൽ പറയുകയും ചെയ്തു. കോവിഡിന് ശേഷം മാസ്‌ക് ഊരി ബാലാഗോപാൽ നടത്തിയ പ്രസംഗത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ നിറയുന്നത് ക്ഷേമ പെൻഷൻ വർദ്ധനവുണ്ടായില്ലെന്നിടത്തു മാത്രമാണ്.

പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ പരിമിതികൾ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തുന്നത് ബാലാഗോപാലിനുള്ള അംഗീകരമാണ്. ഫെഡറൽ ഘടനയിലെ പരിമിതമായ അധികാരങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു.

തൊഴിൽ, വിജ്ഞാന മേഖലയിൽ പുതിയ ദിശാബോധം, ആരോഗ്യ മേഖലയ്ക്കും പശ്ചാത്തല സൗകര്യ വികസനത്തിനും കാലാനുസൃതമായ പരിഗണന എന്നിവ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം പിടിച്ചുനിർത്താനും പ്രത്യേക പരിഗണന നൽകി. അതിനായി 2000 കോടി രൂപ നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസം ഗുണമേന്മയുള്ളതാക്കാനും വിജ്ഞാന മേഖലയെ ഉൽപ്പാദന രംഗവുമായി ബന്ധപ്പെടുത്താനുമുള്ള നിർദ്ദേശം വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ അത് മറികടക്കാനുള്ള ഇഛാശക്തി ബജററിൽ പ്രകടമാണ്. ദീർഘവീക്ഷണവും യാഥാർത്ഥ്യ ബോധവും വികസനോന്മുഖ കാഴ്ചപ്പാടും ബജറ്റിൽ തെളിഞ്ഞുകാണാം. കാർഷിക മേഖലയിൽ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനുള്ള

എന്നും പിണറായിയുടെ വിശ്വസ്തൻ

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാൽ. എൻ എസ് എസുമായി ചേർന്നു നിൽക്കുന്ന കുടുംബ പശ്ചാത്തലവും ബാലഗോപാലിനുണ്ട്. രണ്ടാം മന്ത്രിസഭയിൽ പിണറായി പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തന്റെ പിൻഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ തട്ടുന്നത്.

തോമസ് ഐസക് തന്റെ പിൻഗാമിയി കണ്ട വ്യക്തിയെ ധനവകുപ്പിൽ നിന്ന് ഒഴിവാക്കി. ജി എസ് ടിയിലെ ഐസക്കിന്റെ വിമർശകൻ ജനാധിപത്യത്തിന്റെ അടിസ്ഥാന സത്തയായ ഫെഡറലിസത്തെയാണ് തന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലും ഉയർത്തിക്കാട്ടുന്നത്. ചരക്കുസേവന നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ വിയോജിപ്പ് ഉയർത്തി. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശത്തിന്മേൽ കൈ കടത്താനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ വാദങ്ങൾ ദേശീയമാധ്യമങ്ങൾ വരെ വലിയ വാർത്തയാക്കി. ജി.എസ്.ടി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ബാലഗോപാൽ മുന്നോട്ടു വച്ച നിർദ്ദേശം ദേശിയ മാധ്യമങ്ങൾ പോലും വാർത്തയാക്കി. എന്നാൽ ഇതൊന്നും ഐസക് ആദ്യം അംഗീകരിച്ചില്ല. പിന്നീട് ബാലഗോപാലായിരുന്നു ശരിയെന്ന് തമ്മതിക്കേണ്ട അവസ്ഥയും വന്നു.

ബാലഗോപാൽ പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർത്ഥി നേതാവാണ്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനടജാഥയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇങ്ങനെ നടന്ന ആദ്യത്തെ വിദ്യാർത്ഥി കാൽ നട ജാഥയുടെ ക്യാപ്റ്റനാണ് ബാലഗോപാൽ.

പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകൻ. എം. കോം, എൽ എൽ എം ബിരുദധാരി. ഭാര്യ: കോളജ് അദ്ധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ: വിദ്യാർത്ഥികളായ കല്യാണി, ശ്രീഹരി. പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് തുടക്കം. പുനലൂർ എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ പുനലൂർ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു.

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തിൽ വലിയ ഇടപെടലുകൾ നടത്തി. ജില്ല നേരിടുന്ന കടുത്ത വരൾച്ചയെ നേരിടാൻ ആവിഷ്‌കരിച്ച മഴക്കൊയ്ത്ത് പദ്ധതി വൻവിജയമായി. 2010 മുതൽ 16 വരെയാണ് കെ എൻ ബാലഗോപാൽ രാജ്യസഭാംഗമായി പ്രവർത്തിച്ചത്. 2016 ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സൻസദ് രത്ന പുരസ്‌കാരം ലഭിച്ചു. ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് ഇക്കാലത്ത് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP