Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചിൽ നാല് സംസ്ഥാനത്തും ചുവടുറപ്പിച്ച് ബിജെപി; താമരത്തേരിൽ വിശ്വാസം അർപ്പിച്ചത് യുപിയും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും; കോൺഗ്രസിനെ മലർത്തിയടിച്ച് പഞ്ചാബിൽ ആം ആദ്മി; നിലതെറ്റി ബി എസ് പിയും അകാലിദളും; പൊതു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ഇങ്ങനെ

അഞ്ചിൽ നാല് സംസ്ഥാനത്തും ചുവടുറപ്പിച്ച് ബിജെപി; താമരത്തേരിൽ വിശ്വാസം അർപ്പിച്ചത് യുപിയും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും; കോൺഗ്രസിനെ മലർത്തിയടിച്ച് പഞ്ചാബിൽ ആം ആദ്മി; നിലതെറ്റി ബി എസ് പിയും അകാലിദളും; പൊതു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന് ആവേശം പകർന്ന് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നപ്പോൾ അഞ്ചിൽ നാലിടത്തും ഭരണം ഉറപ്പിച്ച് ബിജെപിയുടെ മുന്നേറ്റം. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് ഭരണത്തുടർച്ചയിലേക്ക് മുന്നേറിയപ്പോൾ മണിപ്പൂരിലും ഗോവയിലും സർക്കാർ രൂപീകരണത്തിനുള്ള കരുത്തറിയിച്ചാണ് ബിജെപി മുന്നേറിയത്. 2024 ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര വിജയത്തെ വിശേഷിപ്പിച്ചത്.

അതേ സമയം പഞ്ചാബിൽ ഭരണപക്ഷത്തിരുന്ന കോൺഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയത്തിൽ കരുത്ത് തെളിയിച്ചു. ഡൽഹിക്ക് അപ്പുറത്തേക്കും ആം ആദ്മി പാർട്ടിക്ക് ചുവടുവയ്ക്കാനായി എന്നതും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി ആം ആദ്മി പാർട്ടി പ്രവർത്തകർ തുടരുന്ന നിശബ്ദ പ്രവർത്തനത്തിന്റെ ഫലം പഞ്ചാബിൽ ദൃശ്യമായി. അഞ്ച് സംസ്ഥാനങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഉത്തർപ്രദേശിൽ ഒറ്റ അക്കത്തിൽ തന്നെ തുടരുന്ന ബി എസ് പിയും പഞ്ചാബിൽ നാല് സീറ്റിലേക്ക് ചുരുങ്ങിയ ശിരോമണി അകാലിദളും ഭരണത്തിലിരുന്ന സംസ്ഥാനത്ത് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുന്നതിനും ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

യോഗിയുടെ തേരിലേറി യുപിയിൽ ബിജെപിക്ക് ഭരണത്തുടർച്ച

യോഗി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നിലയോടെയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ചു. 274 സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. കോൺഗ്രസ്, കർഷക സമര ശക്തികേന്ദ്രങ്ങളും ഇതിൽപ്പെടും. മുഖ്യമന്ത്രി യോഗി ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പ്രമുഖരും വിജയിച്ചു.

ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി സഖ്യം 274 സീറ്റുകളാണു നേടിയത്. ശക്തമായ മത്സരം കാഴ്ചവച്ച സമാജ്വാദി പാർട്ടി (എസ്‌പി) 124 സീറ്റ് നേടി. കഴിഞ്ഞ തവണത്തേതിൽനിന്ന് 18 സീറ്റ് നഷ്ടപ്പെട്ട് ബിഎസ്‌പി ഒരു സീറ്റിലൊതുങ്ങി. 5 സീറ്റുകൾ കൈമോശം വന്ന കോൺഗ്രസിന്റെ സമ്പാദ്യം 2 സീറ്റാണ്.

ഉത്തർപ്രദേശിൽ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വർഷം അധികാരത്തിലിരുന്ന ശേഷം തുടർഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് യോഗി ആദിത്യനാഥ്.

ഉത്തർപ്രദേശിൽ മുൻപ് നാല് മുഖ്യമന്ത്രിമാർ രണ്ടാംവട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാൽ അവരാരും അഞ്ച് വർഷം അധികാരത്തിൽ തുടർന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ സവിശേഷമാക്കുന്നത്. 37 വർഷത്തിനു ശേഷമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നത്.

1985ൽ കോൺഗ്രസിന്റെ നാരായൺ ദത്ത് തിവാരി ആണ് ഉത്തർപ്രദേശിൽ തുടർ ഭരണത്തിലെത്തിയ അവസാനത്തെ മുഖ്യമന്ത്രി. കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന സമ്പൂർണാനന്ദ് (1957), ചന്ദ്രഭാനു ഗുപ്ത (1962), എച്ച്. എൻ ബഹുഗുണ (1974) എന്നിവരാണ് രണ്ടുവട്ടം അധികാരത്തിലെത്തിയ മറ്റുള്ളവർ.

രണ്ടാംവട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. അഞ്ച് വർഷ കാലാവധി പൂർത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയാണ് അദ്ദേഹം. ബഹുജൻ സമാജ് പാർട്ടി മുഖ്യമന്ത്രി മായാവതി (2007 12), സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവ് (2012 17) എന്നിവരാണ് മറ്റു രണ്ടുപേർ.

പഞ്ചാബിൽ ചരിത്രം തിരുത്തി ആം ആദ്മി പാർട്ടി

പഞ്ചാബിൽ കോൺഗ്രസ് വൻ തകർച്ചയാണ് ഇത്തവണ ഏറ്റുവാങ്ങിയത്. ഡൽഹിയിലെ ഭരണനേട്ടങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പഞ്ചാബിലേക്കും പടരാനുള്ള ആം ആദ്മി പാർട്ടിയുടെ കരുതലോടെയുള്ള മുന്നൊരുക്കങ്ങൾ പഞ്ചാബിൽ ഫലം കണ്ടു. ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിന് മുന്നിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ ബിജെപിയുടെയും ശിരോമണി അകാലി ദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. മത്സരിച്ച രണ്ട് സീറ്റിലും നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ദയനീയമായി പരാജയപ്പെട്ടു.

കടുത്ത മത്സരം നടന്ന പഞ്ചാബിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ചായിരുന്നു എഎപി മുന്നേറ്റം. ആകെയുള്ള 117 സീറ്റുകളിൽ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരം പിടിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് 18 സീറ്റിലൊതുങ്ങി; കഴിഞ്ഞ തവണത്തേതിൽനിന്നു നഷ്ടമായത് 59 സീറ്റ്. 11 സീറ്റ് നഷ്ടപ്പെട്ട് ശിരോമണി അകാലിദൾ 4 സീറ്റിലും ഒരു സീറ്റ് നഷ്ടപ്പെട്ട ബിജെപി സഖ്യം 2 സീറ്റിലുമാണു ജയിച്ചത്.

മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. എഎപിയുടെ അജിത്ത് പാൽ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും പരാജയപ്പെട്ടു. സിദ്ദു രണ്ടാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. 34257 വോട്ടുകളുമായി എഎപിയുടെ ജീവൻ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്.

മുഖ്യമന്ത്രി തോറ്റിട്ടും ഉത്തരാഖണ്ഡിൽ ചരിത്ര ജയവുമായി ബിജെപി

എക്സിറ്റ് പോൾ ഫലങ്ങൾ ആശങ്ക ഉയർത്തിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ മുതൽ നേടിയ മുൻതൂക്കത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണം ഉറപ്പിച്ചു. എന്നാൽ ഖാത്തിമയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോട് 6,932 വോട്ടിനു തോറ്റത് ആഘോഷത്തിനിടെയും ബിജെപിക്ക് തിരിച്ചടിയായി.

ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പം പോരാടിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ മറികടന്നത്. 70 അംഗ നിയമസഭയിൽ നിലവിൽ 48 സീറ്റുകളിൽ ബിജെപി സ്വന്തമാക്കി. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് കേവലം 18 സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ളവർ നാല് സീറ്റുകൾ നേടി. ആം ആദ്മി പാർട്ടിക്ക് ഉത്തരാഖണ്ഡിൽ അക്കൗണ്ട് തുറക്കാനായില്ല. സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണെന്നിരിക്കെ, സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ബിജെപി തുടങ്ങിക്കഴിഞ്ഞതായായി മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചു.

നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്കൊപ്പം കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ഇതു തിരിച്ചടിയുടെ തിരഞ്ഞെടുപ്പായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. സിറ്റിങ് സീറ്റായ ഖാത്തിമയിൽ ധാമിയും ലാൽഖുവ മണ്ഡലത്തിൽ ഹരീഷ് റാവത്തും തോറ്റു.

അതേസമയം, പുഷ്‌കർ സിങ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന സംസ്ഥാനത്തിന്റെ ചുമതയലുള്ള ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ വോട്ടെണ്ണലിനിടെയുള്ള പ്രഖ്യാപനം ബിജെപിയിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിരുന്നു. ഖാത്തിമയിൽ ജയിക്കാനായില്ലെങ്കിലും ധാമി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

59. 51 ശതമാനമായിരുന്നു തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. മോദി തരംഗം ആഞ്ഞടിച്ച 2017ലെ തിരഞ്ഞെടുപ്പിൽ, 57 സീറ്റുകൾ നേടിയാണ് സംസ്ഥാനത്തു ബിജെപി അധികാരത്തിലേറിയത്. അന്നു കോൺഗ്രസ് വെറും 11 സീറ്റിലൊതുങ്ങിിയുരുന്നു.

ഭരണവിരുദ്ധ വികാരം വിധി നിർണയത്തിൽ സ്വാധീനിക്കാറുള്ള ഉത്തരാഖണ്ഡിൽ, 2000ലെ സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ ഒരു മുന്നണിക്കും തുടർഭരണം ലഭിച്ചിട്ടില്ല. തുടർഭരണത്തിന് കളമൊരുങ്ങുന്നതോടെ, ദേശീയതലത്തിൽതന്നെ ബിജെപിയുടെ പ്രവർത്തനത്തിന് ഊർജ്ജം പകരും.

മണിപ്പൂർ നിലനിർത്തി ബിജെപി

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ 29 സീറ്റിൽ വിജയിക്കുകയും മൂന്നു സീറ്റിൽ മുന്നിട്ടുനിൽക്കുകയും ചെയ്യുന്ന ബിജെപി ഏറ്റവുംവലിയ ഒറ്റകക്ഷിയായി. ആറു സീറ്റുകൾ വിജയിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ നാഗാ പീപ്പിൾസ് ഫ്രൻഡും (എൻപിഎഫ്) കോൺഗ്രസും അഞ്ചു സീറ്റുമായി മൂന്നാംസ്ഥാനം പങ്കിടുന്നു. ജനതാദൾ യു ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾ 11 സീറ്റ് നേടിക്കഴിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പുപോലെ എൻപിപിയുടേയോ എൻപിഎഫിന്റേയോ പിന്തുണ ഇത്തവണ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ വേണ്ടിവരില്ല. മുഖ്യമന്ത്രി ബിരേൻ സിങ്, വിദ്യാഭ്യാസ മന്ത്രി രാധേശ്യാം, പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജിത്ത്, കോൺഗ്രസിലെ മുതിർന്ന നേതാവ് ഒക്രം ഇബോബി സിങ് തുടങ്ങിയ താര സ്ഥാനാർത്ഥികളെല്ലാം വിജയം നേടി.

രണ്ടക്കം പോലും കാണാതെ കോൺഗ്രസ്

കഴിഞ്ഞ തവണ 28 സീറ്റു നേടിയ കോൺഗ്രസിന് ഇത്തവണ രണ്ടക്കം കാണാൻ പോലുമായില്ല. ഉയർത്തിക്കാണിക്കാൻ പഴയ പടക്കുതിരയായ ഒക്രാം ഇബോബി സിങ്ങ് മാത്രമുള്ള കോൺഗ്രസ് മത്സരത്തിന് മുൻപ് തന്നെ ക്ഷീണിതരായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് അനായസജയമാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോൾ ഫലങ്ങളും കൽപ്പിച്ചുനൽകിയതും. എതിരാളികളെക്കാൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ചതാകട്ടെ ഉൾപ്പാർട്ടി പോരുകളായിരുന്നു.

ഒരു കാലത്ത് കോൺഗ്രസിന്റെ പവർ ഹൗസ് സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി അധികാരത്തിലെത്തി. കോൺഗ്രസ് വിട്ടുവന്ന ബീരേൻ സിങ് മുഖ്യമന്ത്രിയായി. അടർത്തിയെടുക്കൽ എന്ന ബിജെപി തന്ത്രം വടക്കുകിഴക്കൻ സംസ്ഥാനത്തിൽ അന്ന് ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ വിജയകരമായി നടപ്പിലാക്കി. അഞ്ച് വർഷങ്ങൾക്കപ്പുറം അതല്ല മണിപ്പൂരിലെ രാഷ്ട്രീയ ചിത്രം.

മുൻ പിസിസി അധ്യക്ഷനുൾപ്പെടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. നിരവധി എംഎൽഎമാരും പ്രമുഖ നേതാക്കളും അഞ്ച് വർഷം കൊണ്ട് കോൺഗ്രസിനോട് സലാം പറഞ്ഞ് ബിജെപിയിൽ എത്തി. നേതാക്കളുടെ അതിപ്രസരം പാർട്ടിക്ക് 2022ൽ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വെല്ലുവിളിയുയർത്തി. നിരവധി മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള രണ്ടും മൂന്നും സ്ഥാനാർത്ഥികളുണ്ടായിരുന്നു ബിജെപിക്ക്. സീറ്റ് മോഹിച്ച് ഒന്നിലധികം നേതാക്കൾ നിരവധി മണ്ഡലത്തിൽ രംഗത്തുവന്നത് പ്രശ്‌നങ്ങൾക്ക് തുടക്കമായി.

60 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ബിജെപി കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും പാർട്ടിയിലെത്തിയ പത്ത് നേതാക്കൾക്ക് സീറ്റ് നൽകി. സ്വാഭാവികമായും കാലങ്ങളായി ബിജെപിക്കൊപ്പം നിന്നവർ തഴയപ്പെട്ടു. അസംതൃപ്തർ പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാനത്തിന് വലിയ വെല്ലുവിളിയുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്രസേനയെ രംഗത്തിറക്കി സുരക്ഷ ശക്തമാക്കിയെങ്കിലും കാര്യമുണ്ടായില്ല.

സീറ്റ് ലഭിക്കാത്ത നേതാക്കളുടെ അണികൾ പാർട്ടിക്കെതിരെ തിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റേയും കോലം കത്തിക്കുന്നതിലേക്കും പാർട്ടി ഓഫീസുകൾ നശിപ്പിക്കുന്നതിലേക്കും കാര്യങ്ങളെത്തി. എന്നാൽ അതിലൊന്നും കുലുങ്ങാതെ സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങളോട് പറഞ്ഞ് വോട്ട് ചോദിക്കാനാണ് പാർട്ടി തീരുമാനിച്ചത്. പാർട്ടി വിട്ട് നേതാക്കളിലൂടെ നഷ്ടമാകുന്ന വോട്ടുകൾ കോൺഗ്രസിൽ നിന്ന് എത്തിയ നേതാക്കളുടെ വരവ് നികത്തും എന്ന ശുഭപ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. ഇത് തന്നെയാണ് അവരെ തുണച്ചതും.

ഗോവയിൽ ബിജെപി തുടരും

കൂറുമാറ്റ രാഷ്ട്രീയം അധികാരം നിർണയിക്കുന്ന ഗോവയിൽ ഇക്കുറി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേക്ക്. നിലവിൽ 20 സീറ്റുകളിൽ മുന്നേറുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റുകൂടി മതി. ഇതിനായി സ്വതന്ത്രരേയും ചെറുകക്ഷികളേയും കൂട്ടുപിടിച്ച് അധികാരം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാമ്പ്.

ഏറ്റവും വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും കഴിഞ്ഞതവണ കോൺഗ്രസിനെ കാഴ്ചക്കാരാക്കി ഭരണം പിടിച്ചെടുത്ത ബിജെപി ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 2017-ൽ വെറും 13 സീറ്റുകൾ മാത്രം നേടിയാണ് ബിജെപി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷം തികച്ച് അധികാരത്തിലെത്തിയത്. ഗോവയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം കൃത്യമായി വീക്ഷിച്ച് തന്ത്രങ്ങൾ പയറ്റാൻ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെറുകക്ഷികളുമായും വിജയിച്ച സ്വതന്ത്രരുമായും ബിജെപി ചർച്ചകൾ സജീവമാക്കിയതായാണ് വിവരം.

കഴിഞ്ഞ തവണ 17 സീറ്റുകളിൽ ജയിച്ച കോൺഗ്രസ് ഇത്തവണ 12 സീറ്റുകളിലേക്ക് ചുരുങ്ങി. രണ്ടു സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് സഖ്യവും വിജയിച്ചപ്പോൾ ആറിടങ്ങളിൽ മറ്റു സ്ഥാനാർത്ഥികൾ വിജയിച്ചു.

മുമ്പ് ഗോവയിൽ ബിജെപി എന്നാൽ മനോഹർ പരീക്കറായിരുന്നു. എന്നാൽ ഇത്തവണ പരീക്കറില്ലാതെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി, 2017ലേതിനെക്കാൾ നില മെച്ചപ്പെടുത്തുകയും ചെയ്തു. തുടർച്ചയായ മൂന്നാംതവണയാണ് ബിജെപി ഗോവയിൽ അധികാരത്തിലേക്കെത്തുന്നത്. ഗോവയിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ സാധിക്കാതിരുന്നതാണ് കോൺഗ്രസിന് തിരിച്ചടിയായത്.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷണമുള്ള ഈ തിരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്ക് വലിയ കരുത്തും ആത്മവിശ്വാസമാണു പകരുന്നത്. പ്രവർത്തനരീതി അടിമുടി മാറ്റിയാലേ രക്ഷയുള്ളൂവെന്നതാണു കോൺഗ്രസ് ബി എസ് പി എന്നിവയടക്കം തിരിച്ചടി നേരിട്ട രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രതിസന്ധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP