Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഠോക്ക് ദോ' അഥവാ തട്ടിക്കളഞ്ഞേക്കൽ പോളിസി വഴി ഗുണ്ടകളെ വെടിവെച്ചിട്ടു; ആന്റിറോമിയോ സ്‌ക്വാഡുകൾ ഉണ്ടാക്കി പൂവാലന്മാരെ വരെ ഒതുക്കി; പശു, ചാണകം, രാമൻ, അയോധ്യ; യോഗി യു.പിയിൽ വീണ്ടും കാവിക്കൊടി പാറിച്ചത് ഇങ്ങനെ

'ഠോക്ക് ദോ' അഥവാ തട്ടിക്കളഞ്ഞേക്കൽ പോളിസി വഴി ഗുണ്ടകളെ വെടിവെച്ചിട്ടു; ആന്റിറോമിയോ സ്‌ക്വാഡുകൾ ഉണ്ടാക്കി പൂവാലന്മാരെ വരെ ഒതുക്കി; പശു, ചാണകം, രാമൻ, അയോധ്യ; യോഗി യു.പിയിൽ വീണ്ടും കാവിക്കൊടി പാറിച്ചത് ഇങ്ങനെ

എം റിജു

'പശൂ, ചാണകം, രാമൻ, അയോധ്യ, ഒപ്പം മുസ്ലിം വിരുദ്ധതയും...''- അഖിലേഷ് യാദവ് ഉയർത്തിയ വലിയ വെല്ലുവിളികൾക്ക് ഇടയിലും, എന്തുകൊണ്ട് യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിന് തുടർഭരണം ഉണ്ടായി എന്ന ചോദ്യത്തിന്, പ്രശ്സത മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്ത മുറുപടി പറയുന്നത് അങ്ങനെയാണ്.

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഉണ്ടാക്കിയെടുത്തതുപോലുള്ള ഗുജറാത്ത് മോഡൽ വികസനം എന്നതുപോലുള്ള ഒരു പരികൽപ്പന ഒന്നും ഉണ്ടാക്കിയെടുക്കാൻ യോഗിക്ക് ആയിട്ടില്ല. മാത്രമല്ല കോവിഡ് കാലത്ത് കുംഭമേള നടത്തിയതും, ഗംഗയിലും യമുനയിലും ശവങ്ങൾ ഒഴുകി നടന്നതും, കർഷകസമരവും, ഹത്രാസ് സംഭവവും അടക്കം യുപി സർക്കാർ വല്ലാതെ പ്രതിക്കൂട്ടിലായ കാലമാണ് കടന്നുപോയത്. വികസനകാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, പല ഏജൻസികളുടെയും സർവേയും മറ്റും അടക്കം നോക്കുമ്പോൾ, യുപി ഇന്നും പിന്നാക്കം തന്നെയാണ്. എന്നിട്ടും യോഗി ആദിത്യനാഥ് എന്ന, ഗൊരഖ്പൂർ മഠത്തിലെ സന്യാസിക്ക് എല്ലാവിധ ഭരണവരുദ്ധ വികാരവും മറികടന്ന്, ഒരു ടേം കൂടി ഭരണം കിട്ടുന്നു.

ഇതിനുപിന്നിൽ പ്രവർത്തിച്ചത് രാഷീട്രീയമോ മതമോ എന്ന ചോദ്യത്തിന് എഴുത്തുകാരൻ രാമചന്ദ്രഗുഹ മറുപടി പറയുന്നത്, കൃത്യമായ സാമുദായിക ധ്രുവീകരണം എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഒരു പൊതുയോഗത്തിൽ പറഞ്ഞത് ഇത് 80-20 മത്സരമാണെന്നാണ്. അതായത് 80 ശതമാനം വരുന്ന ഹിന്ദുക്കളും 20 ശതമാനം വരുന്ന മുസ്ലീങ്ങളും തമ്മിലെന്ന് അർഥം. യോഗി ആദിത്യനാഥ് ആകട്ടെ നിരന്തരമായ മുസ്ലീ വിരുദ്ധ പ്രസ്താവനകൾ നടത്തി ധ്രുവീകരണത്തിന് ആഴം കൂട്ടി. ഇതോടൊപ്പം അർധഫാസിസ്റ്റ് രീതിയിലുള്ള ക്രമസമാധാനപാലനവും യോഗിയുടെ വോട്ട് വർധിപ്പിക്കയാണ് ചെയ്തത്.

ഗുണ്ടകളെ വെടിവെച്ച് കൊല്ലുന്നു

2017 ൽ യോഗി അധികാരത്തിൽ ഏറുമ്പോൾ ആദ്യം ജനങ്ങൾക്ക് കൊടുത്ത ഉറപ്പായിരുന്നു, ജംഗിൾ രാജ് എന്നും ഗുണ്ടാ രാജ് എന്നും പരിഹസിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തുമെന്ന്. അതിന് അവർ കണ്ടെത്തിയ പോംവഴി ക്രിമിനലുകളെ വെടിവെച്ച് കൊല്ലുക എന്നതായിരുന്നു. ഗുണ്ടകളെ കണ്ടിടത്ത് വെച്ച് വെടിവെച്ച് കൊല്ലാൻ മുഖ്യമന്ത്രി യോഗി തന്നെ രഹസ്യ നിർദ്ദേശം കൊടുത്തിരുന്നതായാണ് റിപ്പോർട്ട്.

2017 നു ശേഷം സംസ്ഥാനത്ത് എൻകൗണ്ടർ കൊലപാതകങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട് എന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. യോഗിയുടെ അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ 7,760 പൊലീസ് ഏറ്റുമുട്ടലുകളിൽ 135 കുറ്റവാളികൾ കൊല്ലപ്പെട്ടുവെന്നാണ് മൊത്തം കണക്ക്. 10 പൊലീസുകാരും മരിച്ചു. ഈ ഏറ്റുമുട്ടലുകുളുടെ ഭാഗമായി മൊത്തം 16,592 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിൽ 3,028 ക്രിമിനലുകൾക്കും 1,086 പൊലീസുകാർക്കും പരിക്കേറ്റു. ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം 36,990 കുറ്റവാളികളെ സർക്കാർ അറസ്റ്റ് ചെയ്തു.

ഇങ്ങനെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കാൻ മിനക്കെടാതെ കുറ്റവാളികളെ ചുട്ടുതള്ളുന്ന നയം പൊലീസ് അധികാര കേന്ദ്രങ്ങളിൽ അറിയപ്പെട്ടിരുന്നത് 'ഠോക്ക് ദോ' പോളിസി ( തട്ടിക്കളഞ്ഞേക്ക്...) എന്നാണ്. കുറ്റവാളികളുടെ കാലിൽ വെടിവെച്ച് പരിക്കേൽപ്പിക്കുന്ന 'ഹാഫ് എൻകൗണ്ടർ' എന്ന പതിവും ഉത്തർപ്രദേശ് പൊലീസിൽ നിലവിലുണ്ട്. പല സ്റ്റേഷനുകളിലും ഇങ്ങനെ എൻകൗണ്ടർ/ഹാഫ് എൻകൗണ്ടറുകൾക്ക് മാസാമാസം ടാർഗെറ്റുകളും നൽകാറുണ്ട് എന്നും അഭ്യൂഹങ്ങളുണ്ട്.

പിടിക്കപ്പെടുന്ന ചില ക്രിമിനലുകൾ അവർക്ക് രാഷ്ട്രീയ നേതാക്കളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ തെളിവുകൾ വെളിപ്പെടുത്തും എന്ന് തോന്നുമ്പോൾ യുപി പൊലീസ് അവർക്ക് വളഞ്ഞ വഴിക്ക് ജാമ്യം നൽകി ജയിലിനു പുറത്തെത്തിക്കുകയും, പിന്നീട് എൻകൗണ്ടറിൽ അവർ കൊല്ലപ്പെടുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പല പൊലീസ് ഓഫീസർമാരും ക്രിമിനലുകളോട് 'എൻകൗണ്ടറിൽ തീർത്തുകളയും' എന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്. പല പൊലീസുകാരും ഇങ്ങനെ ക്വട്ടേഷൻ എടുക്കുന്നതായും പരാതി ഉയർന്നു.

എന്നാൽ പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന ചിലർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാറില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, സത്താരയിലെ ജയ്ഹിന്ദ് യാദവ്, മുകേഷ് രാജ്ഭർ തുടങ്ങിയ യുവാക്കളെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം എൻകൗണ്ടറിൽ വധിച്ചത് വൻ വിവാദമായിരുന്നു. തങ്ങളെ ആക്രമിക്കാൻ നോക്കിയപ്പോൾ പ്രാണരക്ഷാർത്ഥം പ്രത്യാക്രമണം നടത്തി എന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഈ മരണങ്ങളിലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനീതിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി പോയി. മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇവർ നിരപരാധികളാണെന്നാണ് കണ്ടെത്തിയത്. പക്ഷേ ഈ കണ്ണിൽ ചോരയില്ലാത്ത പ്രവർത്തനങ്ങൾ കൊണ്ട് മറ്റൊരു ഗുണമുണ്ടായി. ജീവൻ പോകുമെന്ന് പേടിച്ച് ഗൂണ്ടാ പ്രവർത്തനങ്ങൾ കുറഞ്ഞു. ജംഗിൾ രാജ് എന്ന ആരോപണവും കുറഞ്ഞു.

യുപിയിൽ 523 പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മാഫിയകളും കുറ്റവാളികളും കൈവശം വച്ചിരിക്കുന്ന 1000 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ നശീകരണത്തിനും പൊതു സ്വത്ത് നശിപ്പിക്കുന്നതിനും ബന്ധപ്പെട്ട കലാപകാരികളിൽ നിന്ന് സർക്കാർ പിഴ ഈടാക്കി.

പൂവാലന്മാരെപ്പോലും യോഗിയുടെ സർക്കാർ വെറുതെ വിട്ടില്ല. ആന്റി ഗുണ്ടാ സ്‌ക്വാഡിന് ഒപ്പം ഓരോ പൊലീസ് സ്റ്റേഷനിലും ആന്റി റോമിയോ സ്‌ക്വാഡുകളും തുടങ്ങി. പൊലീസ് സദാചാര പൊലീസ് ആയി. പാർക്കുകളിലും ബീച്ചുകളിലും ഇരിക്കുന്ന കമിതാക്കളെ പിടിച്ച് രക്ഷിതാക്കൾക്ക് മുന്നിൽ ഹാജരാക്കി, മഹത്തായ ഭാരതീയ പൈതൃകം കാത്തു. ഇതുകൊണ്ട് മറ്റൊരു ഗുണം ഉണ്ടായി. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വല്ലാതെ കുറഞ്ഞു.

അറവുശാലകൾ പൂട്ടി ഗോശാലകൾ തുടങ്ങി

പശുവും ചാണകവും വിട്ടുള്ള യാതൊരു കളിയും യോഗിക്ക് ഇല്ല. അധികാരത്തിൽ ഏറിയപ്പോൾ ആദ്യം തന്നെ യോഗി കൊടുത്ത വാഗ്ദാനം ഇതായിരുന്നു അനധികൃത അറവുശാലകളെ നിരോധിക്കുമെന്ന്. ക്രമേണ അതിൽ അനധികൃതം ഇല്ലാതായി. മൊത്തം അറവുശാലകളും ഇല്ലാതായി. ഗോഹത്യക്ക് ജനം തല്ലിക്കൊല്ലുമെന്ന അവസ്ഥയുണ്ടായി. ഇന്ന് ഒരു മനുഷ്യൻ മരിക്കുന്നതിനേക്കാൾ പേടിയാണ് യു.പിയിൽ ഒരു പശു ചത്താൽ എന്നാണ്, ഈ മേഖലയിൽനിന്ന് ധാരാളം പഠനങ്ങൾ നടത്തിയ, മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ എല്ലാ ജില്ലകളിലും യോഗി ഗോശാലകൾ സ്ഥാപിച്ചു. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവിടുന്നത്. പക്ഷേ എന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയുന്നില്ല. പല ഗോശാലകളിലും പശുക്കളുടെ എണ്ണം നിറഞ്ഞു കവിഞ്ഞ് ആകെ ബുദ്ധിമുട്ടായി കിടക്കുന്ന അവസ്ഥയാണ്. കോവിഡ് പ്രതിരോധത്തിനുപോലും പണം തികയാത്ത നാട്ടിൽ, ലക്ഷങ്ങൾ ചെലവിട്ട് ഗോശാലകൾ നിർമ്മിക്കുന്നതും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി.

അതുപോലെ ചാണകത്തിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും സർക്കാർ പണം അനുവദിച്ചു. ചാണകത്തിൽനിന്നും ഗോമൂത്രത്തിൽനിന്നും ഔഷധങ്ങൾ ഉണ്ടാക്കാനുള്ള ഗവേഷണത്തിനും യുപി സർക്കാർ ഫണ്ട് നൽകി. എന്തിനധികം ചാണകകേക്കുകൾ ഉണ്ടാക്കി വിൽപ്പന നടത്തിയെന്ന് മാത്രമല്ല, മന്ത്രിമാർ വരെ അതിന്റെ പ്രചാരകരുമായി! പക്ഷേ ഇതുകൊണ്ടൊന്നും ജനത്തിന് യാതൊരു ഗുണവും ഇല്ലായിരുന്നെങ്കിലും, പശു രാഷ്ട്രീയം വഴി ബിജെപിയുടെ വോട്ട് ബാങ്ക് ശക്തിപ്പെട്ടു.

അയോധ്യയിൽ കോടികളുടെ തീർത്ഥാടന ടൂറിസം

അതുപോലെ യോഗിക്ക് ആയോധ്യയും രാമനും വിട്ട് ഒരു കളിയുമില്ല. എവിടെപ്പോയാലും അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയതിന്റെ ക്രെഡിറ്റ് ബിജെപിക്കാണെന്ന് പറഞ്ഞ്, ശ്രീരാമന്റെ നാമത്തിലാണ് യോഗി പ്രസംഗം തുടങ്ങുക. ഒരവേള യോഗി അയോധ്യയിൽ മത്സരിക്കണമെന്നുവരെ ആവശ്യം ഉയർന്നിരുന്നു. വൻ തോതിലുള്ള വികസനമാണ് യോഗി- മോദി സർക്കാർ അയോധ്യയിൽ കൊണ്ടുവരുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തെത്തന്നെ മാറ്റി മറിച്ചതാണ് രാമജന്മഭൂമി പ്രക്ഷോഭം. ഇതിനു പിന്നാലെ, രണ്ടു സീറ്റുകളുമായി ഒതുങ്ങിയിരുന്ന ബിജെപി വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ചു. ക്ഷേത്രനിർമ്മാണ പ്രക്ഷോഭം നയിച്ച പലരും കടന്നുപോയപ്പോൾ, അന്നു സമരത്തിൽ പങ്കെടുത്തിരുന്ന നരേന്ദ്ര മോദി എതിരാളികളെ നിഷ്പ്രഭരാക്കി പ്രധാനമന്ത്രിയായി. സമരം നയിച്ച യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി. 'ഡബിൾ എൻജിൻ സർക്കാർ' എന്ന് ഇരുവരും വിശേഷിപ്പിക്കുന്ന യുപി സർക്കാർ ഇപ്പോൾ അയോധ്യയെ രാജ്യാന്തര തീർത്ഥാടന പദ്ധതിയാക്കാനുള്ള വൻ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.

വിവിധ പദ്ധതികൾക്കായി 1100 ഏക്കർ ഭൂമിയാണ് അയോധ്യയിൽ യുപി സർക്കാർ ഏറ്റെടുക്കുന്നത്. മര്യാദാ പുരുഷോത്തം ശ്രീറാം രാജ്യാന്തര എയർപോർട്ടും അയോധ്യ റെയിൽവേസ്റ്റേഷൻ വികസനവുമൊക്കെ ഇതിലുൾപ്പെടും. നിലവിൽ അയോധ്യയിലെ എയർ സ്ട്രിപ്പുള്ള ഇടത്താണ് പുതിയ വിമാനത്താവളം വരുന്നത്. ഇതിനു മാത്രം 550 ഏക്കറാണ് ഏറ്റെടുക്കുന്നത്. നിലവിലെ എയർസ്ട്രിപ്പും ടെർമിനലും ഉള്ള 182 ഏക്കറും ഇതിലുൾപ്പെടും. കേന്ദ്രസർക്കാർ 250 കോടിയും യുപി 325 കോടിയും വിമാനത്താവള നിർമ്മാണത്തിനു നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ 1001.77 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിലും 101 കോടി വകയിരുത്തി.

നിലവിലെ അയോധ്യ ഫൈസാബാദ് റോഡുകളും അയോധ്യ നഗരത്തിനുള്ളിലെ റോഡുകളും നാലുവരിയാക്കി വീതി കൂട്ടും. ഇതിനായി ഒരു ഗ്രാമം തന്നെ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. നഗരത്തിലെ മിക്ക കെട്ടിടങ്ങളും കയ്യേറ്റമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇവയെല്ലാം ഒഴിപ്പിച്ചെടുക്കും. രേഖകൾ ഉള്ളവർക്ക് നഷ്ടപരിഹാരം നൽകും. പകരം കെട്ടിടമോ സ്ഥലമോ നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണ്. യുപി സർക്കാർ രൂപീകരിച്ച അയോധ്യ ഡവലപ്മെന്റ് അഥോറിറ്റിയാണ് ജോലികൾക്കു മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ മാസവും പുരോഗതി വിലയിരുത്തുന്നുണ്ട്.

രാമക്ഷേത്രത്തിന്റെ തറയുടെ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് മാർച്ചോടെ പൂർത്തീകരിക്കുമെന്നാണ് രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അധികൃതർ പറയുന്നത്. രണ്ടാം ഘട്ടമാണിത്. 40 അടിയോളം കുഴിയെടുത്ത് മണലും ചെളിയും നീക്കം ചെയ്ത് ഒരടി കനത്തിൽ 47 കോൺക്രീറ്റ് പാളികൾ പാകിയാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്. 2023ൽ ഭക്തർക്ക് ദർശനം നടത്താനാവുന്ന വിധത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. യുപിയിൽ ഇത്തവണയും പ്രധാന തെരഞ്ഞെടുപ്പ് വിഷയം രാമക്ഷേത്രം തന്നെയായിരന്നു. തങ്ങളില്ലായിരുന്നെങ്കിൽ ക്ഷേത്രമുണ്ടാകില്ലായിരുന്നുവെന്ന് ബിജെപിയും സുപ്രീംകോടതിയാണ് അതിന് വഴിയൊരുക്കിയതെന്ന് പ്രതിപക്ഷവും പറയുന്നു.

എന്നിരുന്നാലും അയോധ്യയിലെ തിരഞ്ഞെടുപ്പിൽ ഇത്തവണയും പുകഞ്ഞു നിന്നത് ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. പുരാതനമായ ഹനുമാൻ ഗഡി ക്ഷേത്രത്തിനും താൽക്കാലിക ക്ഷേത്രമുള്ള സ്ഥലത്തിനുമിടെ നൂറുകണക്കിന് വീടുകളും കടകളുമാണുള്ളത്. കാശി ക്ഷേത്രസമുച്ചയ നിർമ്മാണത്തിനായി കടകളൊഴിപ്പിച്ചപ്പോൾ തന്ത്രപൂർവം ഇടപെട്ട യുപി സർക്കാരിന് ഇവിടെ കച്ചവടക്കാരെ വിശ്വാസത്തിലെടുക്കാനായിട്ടില്ല. നഗരം വികസിക്കുമ്പോൾ തങ്ങളൊക്കെ അയോധ്യയ്ക്കു പുറത്തായിപ്പോകുമോ എന്നതാണ് അവരുടെ ആശങ്ക. ഇങ്ങനെ പ്രദേശവാസികളുടെ പ്രതിഷേധം ഉള്ളതുകൊണ്ടാണ് യോഗി അയോധ്യയിൽ മത്സരിക്കാത്തത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എക്സ്‌പ്രസ് വേകൾ അടക്കം വൻ പദ്ധതികൾ

രാമക്ഷേത്രത്തെ വലിയൊരു തീർത്ഥാടന ടൂറിസം പ്രൊജക്റ്റായി മാറ്റുന്ന പോലെ, യുപിയുടെ അവികസിത അവസ്ഥ മാറ്റിയെടുക്കുന്നതിനായി ഒരുപാട് പദ്ധതികളാണ് സംസ്ഥാന- കേന്ദ്ര സർക്കാറുകൾ കൊണ്ടുവരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേ. റോഡുകൾക്കാണ് യോഗി സർക്കാർ ഏറെ പ്രാധാന്യം നൽകിയത്. അതിൽ അവർ ഏറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 21 നിക്ഷേപ സൗഹൃദ പദ്ധതികളാണ് നടപ്പാവുന്നത്. കരിമ്പ് ഉൽപാദനം, ടോയ്ലറ്റ് നിർമ്മാണം, പുതിയ മെഡിക്കൽ കോളേജുകളുടെ നിർമ്മാണം എന്നിവയിൽ സംസ്ഥാനം മുന്നിലാണ്. കഴിഞ്ഞ 4 വർഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ 10.90 ലക്ഷം കോടിയിൽ നിന്ന് 21.73 ലക്ഷം കോടിയായി ഉയർന്നു.

സംസ്ഥാനത്തെ ആളോഹരി വരുമാനം ഇരട്ടിയായതായും തൊഴിലില്ലായ്മ നിരക്ക് 2017 ൽ 17.5 ശതമാനത്തിൽ നിന്ന് 2021 ഫെബ്രുവരിയിൽ 4.1 ശതമാനമായി കുറഞ്ഞതും വലിയ നേട്ടമായി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം ഫെബ്രുവരി 28 ന് 4.1 ശതമാനമായി കുറഞ്ഞു. 2017 ൽ ഇത് 17.5 ശതമാനമായിരുന്നു. 'റോഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിങ്ങനെ യുപിയുടെ അടിസ്ഥാന വികസനത്തിന് യോഗി ശ്രദ്ധിച്ചിട്ടുണ്ട്.

മോദിക്ക് പകരം യോഗിയോ?

പക്ഷ ഈ വികസനം ഒന്നുമല്ല വോട്ടായത്. വോട്ട് വീണത് കൃത്യമായ മതധ്രുവീകരണത്തിന്റെ അടിസ്ഥാനത്തലാണ്. നമ്മൾ അവർ എന്ന രീതിയിൽ ഒരു സംസ്ഥാനത്തെ മാറ്റിയെടുക്കാൻ സംഘ്പരിവാറിന് കഴിഞ്ഞു. കടുത്ത മുസ്ലിം വിരുദ്ധ പ്രസ്താവനയാണ് യോഗി ആദിത്യനാഥ് പലപ്പോഴും നടത്താറുള്ളത്. 'ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ നൂറ് മുസ്ലീങ്ങളെ കൊല്ലണം' അടക്കമുള്ള വിവാദ പ്രസംഗങ്ങൾ യോഗിയുടെ ഭാഗത്ത്നിന്ന് പലതവണ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ, കേരളത്തെപ്പോലും വിവാദത്തിലേക്ക് വലിച്ചിട്ടതെല്ലാം ഈ വിഭജന പൊളിറ്റിക്സിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പിൽ മോദിയെ മുൻ നിർത്തിയായിരുന്നു ബിജെപി വോട്ട് പിടിച്ചത്. അന്ന് യോഗി ചിത്രത്തിലില്ലായിരുന്നു. ഇന്ന് യോഗിക്കുവേണ്ടി മോദി വോട്ടുചോദിക്കുന്നു. ഇത് കൃത്യമായ ഒരു രാഷ്ട്രീയ സൂചന ആയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കാരണം ഭാവിയിൽ മോദിക്ക് പകരം അമിത്ഷാ പ്രധാനമന്ത്രിയാവുമെന്നായിരുന്ന ബിജെപിയിലെ പൊതു കണക്കൂകൂട്ടൽ തെറ്റിച്ചുകൊണ്ട് യോഗി, അധികാരത്തിലേറുമെന്നാണ് കരുതുന്നത്. കാരണം, മോദിയെക്കാൾ നന്നായി ഹിന്ദുത്വരാഷ്ട്രീയം കളിക്കാൻ തനിക്ക് അറിയാമെന്ന് യോഗി തെളിയിക്കുന്നു.

2024 ൽ യോഗി ആദിത്യനാഥിനെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കണക്കാക്കി ന്യൂയോർക്ക് ടൈംസ് എഴുതി. അത് യാഥാർഥ്യമാവുമോ എന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP